സച്ചിന്‍ വാസേ എന്ന പോലീസ് ഉദ്യോഗസ്ഥനിലൂടെ മുംബൈ അധോലോകവും പോലീസും തമ്മിലുള്ള ഗാഢബന്ധം വീണ്ടും ചുരുളഴിഞ്ഞിരിക്കുന്നു. അധോലോകവുമായികൈകോര്‍ത്തായിരുന്നു പലപ്പോഴും മുംബൈ പോലീസിന്റെ സഞ്ചാരം. അധോലോക നായകര്‍ പോലീസിലെ ഉദ്യോഗസ്ഥരെ സ്വന്തം ആവശ്യങ്ങള്‍ക്കായി എക്കാലത്തും ഉപയോഗിച്ചിരുന്നു. അതിഗൂഢമായിരുന്നു പോലീസ്-അധോലോക ബന്ധങ്ങള്‍. മുംബൈ അധോലോകത്തെയും അവരുടെ കുടിപ്പകകളെയും കൊലകളെയും അടുത്തുനിന്ന് കണ്ട്  വര്‍ഷങ്ങളോളം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ ഇവിടെ എഴുതുന്നത് മഹാനഗരത്തിന്റെ മറ്റൊരു മുഖത്തെക്കുറിച്ചാണ്. ആ കാലത്തിന്റെ കറുത്തനിഴലുകള്‍ ഇന്നും ഈ നഗരത്തില്‍നിന്ന് നീങ്ങിയിട്ടില്ലെന്ന് വര്‍ത്തമാനകാല സംഭവങ്ങള്‍ തെളിയിക്കുന്നു....

1986-ലെ ഒരു രാത്രിയിലാണ് അതു സംഭവിച്ചത്. മുംബെയില്‍നിന്ന്  പ്രസിദ്ധീകരിച്ചിരുന്ന ഒരു ഇംഗ്ലീഷ് ദിനപത്രത്തിന്റെ റിപ്പോര്‍ട്ടറായിരുന്നു അന്നു ഞാന്‍. ഇന്ന് ആ പത്രമില്ല. രാത്രി ഷിഫ്റ്റിലായിരുന്നു എന്റെ ജോലി. മുംബൈ സിറ്റി പോലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട ഒരാളില്‍നിന്ന് രാത്രി 10.45-ന് എനിക്കൊരു ഫോണ്‍കോള്‍ വന്നു. സഹാര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (ഇന്ന്  ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം) വെടിവെപ്പ് നടന്ന വിവരം അറിയിക്കാനായിരുന്നു അത്. വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പോലീസുമൊത്ത് ആ വാര്‍ത്തയെ പിന്തുടര്‍ന്നപ്പോള്‍, വെടിവെപ്പില്‍ കൊല്ലപ്പെട്ടത് മെഹ്മൂദ് കാളിയ എന്നയാളാണെന്നു മനസ്സിലായി.

കൊലപാതകം ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പോലീസ് അന്വേഷിക്കുന്ന ഗുണ്ടാനേതാവായിരുന്നു അയാള്‍. ഏറെക്കാലം അപ്രത്യക്ഷനായിരുന്ന കാളിയ അന്നുരാത്രി ദുബായില്‍നിന്ന് എത്തിയതേയുള്ളൂവെന്നാണ് പോലീസ് പറഞ്ഞത്. വിമാനത്താവളത്തില്‍നിന്ന് കാര്‍ പാര്‍ക്കിങ് ഏരിയയിലേക്കു പോകുകയായിരുന്ന അയാളെ തിരിച്ചറിഞ്ഞ എസ്.ഐ. ഇമ്മാനുവല്‍ അമോലിക് കാളിയയോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. പെട്ടെന്നയാള്‍ കൈയില്‍ കരുതിയിരുന്ന തോക്ക്
പുറത്തെടുത്തു. ഉടന്‍തന്നെ എസ്.ഐ. തന്റെ കൈയിലുണ്ടായിരുന്ന സര്‍വീസ് റിവോള്‍വര്‍ എടുത്ത് കാളിയയ്ക്കുനേരെ വെടിയുതിര്‍ത്തു. ഇടതു നെഞ്ചില്‍ വെടിയേറ്റ കാളിയസംഭവസ്ഥലത്തുതന്നെ മരിച്ചുവീണു.

കുപ്രസിദ്ധമായ 'ഡി-കമ്പനി'യുടെ തലവനും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിമുമായി ഒരു കൂടിക്കാഴ്ച കഴിഞ്ഞ് മുംബൈയില്‍ തിരിച്ചെത്തിയതായിരുന്നു കാളിയ. ആദ്യം ദാവൂദിന്റെ സംഘത്തിലായിരുന്ന കാളിയ പിന്നീട് ഒരു എതിര്‍ ഗ്രൂപ്പിലേക്കു കൂടുമാറി. പക്ഷേ, ദാവൂദിന് കാളിയയെ
ആവശ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തെറ്റിദ്ധാരണകള്‍ പറഞ്ഞുതീര്‍ക്കാന്‍ അയാളെ ദുബായിലേക്കു വിളിച്ചുവരുത്തിയതായിരുന്നു ദാവൂദ്. പക്ഷേ, വിട്ടുവീഴ്ചയ്ക്കു തയ്യാറാകാതിരുന്ന കാളിയ ദാവൂദുമായി ഒത്തുപോകാനാവില്ലെന്ന് തീര്‍ത്തുപറഞ്ഞു. എസ്.ഐ. അമോലിക് അത്രവേഗം തിരിച്ചു വെടിവെച്ചില്ലായിരുെന്നങ്കില്‍ കാളിയ അയാളെ വെടിവെച്ചു കൊന്നേനെയെന്നായിരുന്നു പോലീസ് വാദം. മുംബൈ പോലീസിനെ സംബന്ധിച്ച്, കുപ്രസിദ്ധനായ ഒരു കുറ്റവാളിയെ ആ രാത്രി ഇല്ലാതാക്കി.

പക്ഷേ, തിരശ്ശീലയ്ക്കു പിന്നില്‍നിന്ന് ആരോപണങ്ങള്‍ തലപൊക്കാന്‍ തുടങ്ങി. വിമാനത്താവളത്തിലായിരുന്നപ്പോള്‍ കാളിയയുടെ കൈയില്‍ തോക്കുണ്ടായിരുന്നില്ലെന്നും അയാളുടെ മരണം എസ്.ഐ. നടത്തിയ ക്രൂരമായ കൊലപാതകമാണെന്നുമായിരുന്നു പ്രധാന ആരോപണം.

പോലീസ് ആ സംഭവത്തെ ഏറ്റുമുട്ടല്‍ കൊലയിലാണ് ഉള്‍പ്പെടുത്തിയത്. കാളിയ ഉപയോഗിച്ചതെന്നുപറഞ്ഞ് അവര്‍ ഒരു തോക്കും ഹാജരാക്കി. പക്ഷേ, 'ചിലര്‍' അത് വ്യാജ ഏറ്റുമുട്ടല്‍ കൊലയാണെന്നു വാദിച്ചു. പോലീസ് ഹാജരാക്കിയ തോക്ക് മുമ്പ് എപ്പോഴോ പിടിച്ചെടുത്തവയിലൊന്നായിരിക്കുമെന്നും അവര്‍ പറഞ്ഞു.

പക്ഷേ, ഈ ആരോപണമുയര്‍ത്തിയ 'ചിലരി'ല്‍ ഭൂരിഭാഗവും ദാവൂദ് ഇബ്രാഹിമിന്റെ എതിര്‍ ചേരിയിലുള്ളവരായിരുന്നു. ദാവൂദിന്റെ കിമ്പളപ്പട്ടികയിലുണ്ടായിരുന്നു ആളായിരുന്നു അമോലിക് എന്നും കാളിയയെ അയാള്‍ വെടിവെച്ചു കൊന്നത് ദാവൂദിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്നുമായിരുന്നു ആരോപണം. ഈ ആരോപണങ്ങള്‍ പിന്‍താങ്ങാന്‍ ആരുമില്ലായിരുന്നുതാനും.

രണ്ടുദിവസത്തിനുശേഷം മുംബൈയിലെ യു.എ.ഇ. കോണ്‍സല്‍ ജനറല്‍ ഓഫീസ് ഈ വിഷയം
ഏറ്റെടുത്തു. കാളിയയ്ക്ക് തോക്കുമായി ദുബായില്‍നിന്ന് വിമാനത്തില്‍ കയറാന്‍ കഴിയില്ലെന്ന് മുംബൈ പോലീസിലെ ബന്ധപ്പെട്ടവരെ അവര്‍ അറിയിച്ചു. കാളിയ തോക്കുമായി വിമാനത്തില്‍ വന്നുവെന്ന വാര്‍ത്ത ദുബായ് വിമാനത്താവളത്തിലെ കര്‍ശന സുരക്ഷാപരിശോധനകളെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്നായിരുന്നു യു.എ.ഇ. കോണ്‍സല്‍ ജനറല്‍ ഓഫീസിന്റെ വാദം. പക്ഷേ, ആരും തുടര്‍നടപടി എടുക്കാതിരുന്നതിനാല്‍ വിവാദം പതിയെ കെട്ടടങ്ങി.

മുംബൈ പോലീസിലെ തന്റെ സര്‍വീസ് കാലത്തിനിടയ്ക്ക് അമോലിക് 25 ഏറ്റുമുട്ടല്‍ കൊലകളെങ്കിലും നടത്തിയിട്ടുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. 1991-ല്‍ അമോലിക്കിനെ സര്‍വീസില്‍നിന്ന്
സസ്പെന്‍ഡ് ചെയ്തു. പക്ഷേ, കേസിനുപോയി ജയിച്ചതിനെത്തുടര്‍ന്ന് അയാളെ തിരിച്ചെടുത്തു. 2003-ല്‍ ഗുണ്ടാനേതാവ് ബബ്ബന്‍ കൊയാണ്ടെയെ ഏറ്റുമുട്ടലില്‍ വധിച്ച കേസില്‍ അമോലിക്കിനെ അറസ്റ്റുചെയ്തു. വിരമിച്ച ശേഷം, കെട്ടിട നിര്‍മാതാവ് സുനില്‍ കുമാര്‍ ലൊഹാരിയയുടെ കൊലപാതകവുമായി
ബന്ധപ്പെട്ട് 2013-ല്‍ അമോലിക് വീണ്ടും അറസ്റ്റിലായി. ഇതിനിടയ്ക്ക്, രണ്ടുതവണ രാഷ്ട്രപതിയുടെ പോലീസ് മെഡലിനും അയാള്‍ അര്‍ഹനായി! 'ഏറ്റുമുട്ടല്‍ വിദഗ്ധന്‍' (എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റ്) എന്ന
അപരനാമവും അയാള്‍ സമ്പാദിച്ചു. ഞാന്‍ റിപ്പോര്‍ട്ട് ചെയ്ത മുംബൈ പോലീസിന്റെ ആദ്യ ഏറ്റുമുട്ടല്‍ കൊലയായിരുന്നു കാളിയയുടേത്. പക്ഷേ, ആ മഹാനഗരത്തില്‍ പോലീസ് നടത്തിയ ആദ്യ ഏറ്റുമുട്ടല്‍ കൊലയായിരുന്നില്ല അത്. ഒരുപക്ഷേ, അത് രണ്ടാമത്തേതായിരുന്നു. എന്നാല്‍, ഈ സംഭവത്തോടെ മുംബൈ പോലീസിലെ ഒരുവിഭാഗം നടത്തിവന്ന ഇത്തരം ഏറ്റുമുട്ടല്‍ കൊലകള്‍
വ്യാപകമാവാന്‍ തുടങ്ങി.

കൊലകള്‍, കൊലകള്‍

മുംബൈയില്‍ രേഖപ്പെടുത്തപ്പെട്ട ആദ്യ ഏറ്റുമുട്ടല്‍ കൊല, അഥവാ വ്യാജ ഏറ്റുമുട്ടല്‍ കൊല നടന്നത് 1982 ജനുവരിയിലാണ്. കുപ്രസിദ്ധ കുറ്റവാളി മാന്യ സുര്‍വേയെ വടാലയില്‍ പോലീസ് ഏറ്റുമുട്ടലില്‍ വെടിവെച്ചു കൊന്നു. ഇസാഖ് ബഗ്വാന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനാണ് അതു ചെയ്തത്. ദാവൂദിന്റെ
പ്രേരണയാല്‍ നടന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലയാണിതെന്ന് അന്നും ആരോപണമുണ്ടായിരുന്നു.

ദാവൂദിന്റെ ജ്യേഷ്ഠ സഹോദരന്‍ ഷബീര്‍ ഇബ്രാഹിമിനെ കൊലപ്പെടുത്തിയ കരിം ലാലയുടെ പഠാന്‍ സംഘത്തിനൊപ്പമായിരുന്നു മാന്യസുര്‍വേ. 1981 ഫെബ്രുവരി 12-ന് മുംബൈയിലെ പ്രഭാദേവി എന്ന സ്ഥലത്തുള്ള പെട്രോള്‍പമ്പില്‍ വെച്ചാണ് ഷബീര്‍ കൊല്ലപ്പെടുന്നത്. കൊലക്കുറ്റത്തിനു ശിക്ഷയനുഭവിക്കവേ രത്നഗിരി ജയിലില്‍നിന്ന് 1979 നവംബറില്‍ രക്ഷപ്പെട്ട സുര്‍വേ അന്നുമുതല്‍ ഒളിവിലാണെന്നായിരുന്നു പോലീസിന്റെ വാദം. സുര്‍വേയുടെ അടുത്ത അനുയായി നല്‍കിയ രഹസ്യ വിവരത്തെത്തുടര്‍ന്ന് പോലീസ് അയാളെ പിന്തുടരുകയായിരുന്നു. കീഴടങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ സുര്‍വേ പോലീസിനുനേരെ തോക്കുചൂണ്ടി. അയാള്‍ക്ക് കാഞ്ചി വലിക്കാനാവും മുമ്പ് ഇന്‍സ്പെക്ടര്‍ ബഗ്വാന്‍ അയാള്‍ക്കു നേരെ വെടിയുതിര്‍ക്കുകയും സുര്‍വേ കൊല്ലപ്പെടുകയും ചെയ്തു. സുര്‍വേയുടെ ജീവിതം ആധാരമാക്കി ബോളിവുഡില്‍ രണ്ടു സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. അമിതാഭ് ബച്ചന്‍ നായകനായ അഗ്നീപഥ്
(1990), ജോണ്‍ അബ്രഹാം നായകനായ ഷൂട്ടൗട്ട് അറ്റ് വടാല (2013).

മുംബൈ പോലീസിലെ ഒരുവിഭാഗം ഏറ്റുമുട്ടല്‍ കൊലകള്‍ നടപ്പാക്കിത്തുടങ്ങിയപ്പോള്‍ അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ദാവൂദ് തന്നെയായിരുന്നു. പോലീസിലെ ഒരുവിഭാഗത്തെ ദാവൂദ് വന്‍തോതില്‍ പണംനല്‍കി വശത്താക്കി ഏറ്റുമുട്ടല്‍ കൊലകള്‍ പോലീസിന്റെ ശൈലികളിലൊന്നാക്കി
മാറ്റുകയായിരുന്നുവെന്നു ചില ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ദാവൂദിന് നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷകിട്ടാന്‍ വേണ്ടിയാണ് പോലീസിനെകൊണ്ട് ഈരീതി പിന്തുടര്‍ന്നിരുന്നതെന്നും വാര്‍ത്തകളുണ്ടായിരുന്നു. കുറ്റവാളികളെ ഏറ്റുമുട്ടലില്‍ വധിക്കുന്ന പോലീസുകാര്‍ക്കെതിരേ ഒരു പ്രോസിക്യൂഷന്‍ നടപടികളും ഉണ്ടാവാറില്ല. തന്റെ അനുയായികളെക്കൊണ്ട് ഇത്തരം കൊലകള്‍
ചെയ്യിക്കുന്ന കുറ്റവാളികള്‍ക്ക് തങ്ങളുടെ മേല്‍ കൊലക്കുറ്റം ചുമത്തപ്പെടാതിരിക്കാനുള്ള വഴികൂടിയാണിത്. കുറ്റവാളികളെ ഇല്ലാതാക്കാന്‍ ഉപയോഗിക്കുന്ന രീതികളെക്കുറിച്ച് മുംബൈയിലെ ഭൂരിഭാഗം ജനങ്ങളും അത്ര കാര്യമാക്കാറില്ല. അതുകൊണ്ടുതന്നെ, ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള
ഏറ്റുമുട്ടലിലൂടെയും ഏറ്റുമുട്ടല്‍ കൊലകളിലൂടെയും കുറ്റവാളികളെ കൊന്നുതള്ളിയിരുന്ന രീതി ഏറെക്കാലം വിവാദമായിരുന്നില്ല.

കാളിയയുടേത് കൊലപാതകമാണെന്നുപറഞ്ഞ് ഭാര്യ സപ്ന നിയമപരമായും ഗുണ്ടാസംഘങ്ങളുടെ
സഹായത്താലും ഇതിനെതിരേ നീങ്ങിയപ്പോഴും അത് വിവാദമായില്ല. കൊലയാളിയായി
അവര്‍ സ്വയം പരിശീലനം നേടുകയും ദാവൂദിനെതിരേ നീങ്ങുകയും ചെയ്തു. ഷാര്‍ജ കപ്പ് മത്സരത്തിനിടെ ദാവൂദിനെ വധിക്കാനുള്ള ഒരു പദ്ധതിതന്നെ അവര്‍ തയ്യാറാക്കിയതായി പറയപ്പെടുന്നു. പക്ഷേ, ഒന്നുമുണ്ടായില്ല. 1990 ഫെബ്രുവരിയില്‍ വാടകക്കൊലയാളികളെ ഉപയോഗിച്ച് ദാവൂദ് സപ്നയെ വകവരുത്തി. അതിക്രൂരമായ കൊലപാതകമായിരുന്നു അത്. സപ്നയെ പിടികൂടി അവരുടെ സ്വകാര്യ
ഭാഗങ്ങളില്‍ ഒട്ടേറെത്തവണ കുത്തിക്കീറിയശേഷം വെടിവെച്ചു കൊന്നു.

Content Highlights: mumbai the crime capital part one