മുക്കം: ''രണ്ടു പേരും നല്ല മക്കളായിരുന്നു. അവർക്കിടയിൽ എന്തെങ്കിലും പ്രശ്നമുള്ളതായി അറിയില്ല. ആ സമയം ഓന് എന്താ തോന്നിയതെന്ന് ഓനെ അറിയൂ. പിന്നെ അറിയാവുന്നത് ഓൾക്കാണ്. ഓള് ജീവിച്ചിരിപ്പുമില്ലല്ലോ''. തേങ്ങിക്കരഞ്ഞുകൊണ്ട് അയൽവാസിയായ യുവതി പറഞ്ഞു. ഞെട്ടലോടെയാണ് ചെറുവാടി ഗ്രാമത്തിലുള്ളവർ ചൊവ്വാഴ്ച എഴുന്നേറ്റത്. യുവതിയെ ഭർത്താവ് കുത്തിക്കൊന്ന സംഭവം ഉൾക്കൊള്ളാനാവാതെ അയൽവാസികളും ബന്ധുക്കളും പൊട്ടിക്കരഞ്ഞു.

ഇരുവരും തമ്മിൽ എന്തെങ്കിലും പ്രശ്നമുള്ളതായി നാട്ടുകാർക്കും ബന്ധുക്കൾക്കും അറിയില്ല. കല്യാണശേഷം ഷഹീർ മറ്റുള്ളവരുമായി അത്ര സംസാരിക്കാറില്ലായിരുന്നുവെങ്കിലും മുഹ്സിലയുമായി നല്ല രീതിയിലായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. രണ്ട് ദിവസം മുമ്പാണ് ഇരുവരും മുഹ്സിലയുടെ ബന്ധുവീട്ടിൽ പോയത്. പോയ അന്നുതന്നെ ഷഹീർ നാട്ടിലേക്ക് മടങ്ങിയെത്തി. ഒരു ദിവസം ബന്ധുവീട്ടിൽ താമസിച്ച ശേഷമാണ് മുഹ്സില ഭർത്തൃവീട്ടിലേക്ക് മടങ്ങിയെത്തിയത്. മുഹ്സിലയ്ക്ക് സ്വന്തം വീടിനോളവും വീട്ടുകാരോളവും ഇഷ്ടമായിരുന്നു ഷഹീറിന്റെ വീടിനോടും കുടുംബത്തോടും. ചൊവ്വാഴ്ച രാവിലെ മുഹ്സിലയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ മാതാവ് വരുമെന്ന് അറിയിച്ചിരുന്നതായും ബന്ധു പറഞ്ഞു.

ഗൾഫിൽ ഡ്രൈവറായിരുന്ന ഷഹീർ വിവാഹ ശേഷം ഗൾഫിലേക്ക് പോയില്ല. നാട്ടിൽ ഡ്രൈവറായും കൂലിപ്പണി ചെയ്തുമാണ് കുടുംബം പുലർത്തിയിരുന്നത്. ഷഹീറിന്റെ മൂന്ന് സഹോദരന്മാർ തൊട്ടുപിന്നിലുള്ള വീടുകളിലാണ് താമസിച്ചിരുന്നത്. വിദേശത്തുള്ള ഒരു സഹോദരന്റെ ഭാര്യ ഷഹീറിന്റെ വീട്ടിലായിരുന്നു താമസം. തിങ്കളാഴ്ചയാണ് ഇവർ കുറച്ചുദിവസം സ്വന്തം വീട്ടിൽ താമസിക്കാനായി പോയത്.

ചോരക്കളമായി കിടപ്പുമുറി

പുലർച്ചെ നാലു മണിയോടെ മുഹ്സിലയുടെ നിലവിളി കേട്ടാണ് ഷഹീറിന്റെ മാതാപിതാക്കൾ ഉണർന്നത്. കഴുത്തിന് ഗുരുതരമായി കുത്തേറ്റ മുഹ്സില വാതിലിൽ ശക്തിയായി കൈകൊണ്ട് ഇടിച്ച്, ഉമ്മാ രക്ഷിക്കണമെന്ന് പറഞ്ഞാണ് നിലവിളിച്ചത്. മുഹ്സില കിടന്ന കിടക്കയിലും തലയണയിലും കർട്ടനിലും ചോരക്കറയുണ്ട്. നിലത്താകെ രക്തം തളംകെട്ടി നിൽക്കുന്ന നിലയിലായിരുന്നു.

പൊട്ടിക്കരഞ്ഞ് സഹോദരങ്ങൾ

വലിയ സ്നേഹത്തോടെയാണ് ഷഹീറും മറ്റു സഹോദരങ്ങളും കഴിഞ്ഞിരുന്നത്. ആരുടെ ഏത് ആവശ്യത്തിനും സഹോദരങ്ങൾ ഒറ്റക്കെട്ടായി നിന്നു.

കൊലയ്ക്ക് ശേഷം ഷഹീർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിടികൂടിയത് സഹോദരനായിരുന്നു. പക്ഷേ, വിലങ്ങണിയിച്ച് തെളിവെടുപ്പിനായി ഷഹീറിനെ കൊണ്ടുവന്നപ്പോൾ സഹോദരന്മാർ പൊട്ടിക്കരഞ്ഞു.

പ്രതിയുമായി തെളിവെടുപ്പ് നടത്തി

കൊടിയത്തൂർ പഴംപറമ്പിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ഷഹീറിനെ കൊല നടന്ന വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. താമരശ്ശേരി ഡിവൈ.എസ്.പി. സന്തോഷിന്റെയും മുക്കം പോലീസ് ഇൻസ്പെക്ടർ എസ്. നിസാമിന്റെയും നേതൃത്വത്തിലാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ ഷഹീറിന്റെ പഴംപറമ്പിലെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചത്. വീടിന്റെ അകവും മറ്റും പരിശോധിച്ച പോലീസ്, പ്രതി കാണിച്ചു കൊടുത്തതനുസരിച്ചു തൊട്ടടുത്ത പറമ്പിൽനിന്ന് കൊലയ്ക്കുപയോഗിച്ച കത്തിയും കണ്ടെടുത്തു. നിർവികാരനായാണ് ഷഹീർ തെളിവെടുപ്പിലുടനീളം പെരുമാറിയത്. വിരലടയാള വിദഗ്ധരും ഫൊറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി.

സയന്റിഫിക് ഓഫീസർ എ. ഇസ്ഹാഖ്, കെ.പി. ഹിദായത്ത്, ഫോട്ടോഗ്രാഫർ ഹാരിസ് എന്നിവരടങ്ങുന്ന ആറംഗ ഫൊറൻസിക് സംഘവും ജിജീഷ് പ്രസാദ്, ബിനീഷ്, പ്രബീഷ് എന്നിവരടങ്ങുന്ന വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പു നടത്തി. കൃത്യം നടത്തിയതിനുശേഷം പ്രതി ആത്മഹത്യാശ്രമം നടത്തിയതായും നാട്ടുകാർ പറയുന്നു. ഓട്ടത്തിനിടയിൽ വീണ പ്രതിയുടെ നെറ്റിയിലും തലയ്ക്കും പരിക്കേറ്റിട്ടുമുണ്ട്.

Content Highlights:mukkam pazhamparamb muhsila murder case