കൊച്ചി: മരണവാര്‍ത്തയറിഞ്ഞ് എളന്തുരുത്തി വീട്ടില്‍ എത്തിയവരെല്ലാം കണ്ടത്  വീടിന്റെ മുറ്റം നിറയെ ആര്‍ദ്രയും ആരുഷും മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് കളിച്ച് പൊട്ടിച്ച ബലൂണുകളായിരുന്നു. അച്ഛന്‍ മരിച്ച് കൃത്യം 29-ാം ദിവസം അമ്മ തങ്ങളേയും കൂട്ടി അച്ഛന്റെയടുത്തേക്ക് പോകുമെന്ന് ആ കുരുന്നുകളും കരുതിയിട്ടുണ്ടാകില്ല...

ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചക്കാണ് അങ്കമാലി തുറവൂര്‍ എളന്തുരുത്തി വീട്ടില്‍ പരേതനായ അനൂപിന്റെ ഭാര്യ അഞ്ജു (30), മക്കളായ ആര്‍ദ്ര (ഏഴ്), ആരുഷ് (മൂന്നര) എന്നിവര്‍ പൊള്ളലേറ്റ് മരിച്ചത്. അഞ്ജു തന്റെ രണ്ട് മക്കളേയും തീകൊളുത്തി കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ഭര്‍ത്താവ് അനൂപ് മരിച്ച് കൃത്യം 29-ാം ദിവസമായിരുന്നു അഞ്ജുവിന്റെ ഈ കടുംകൈ. 

അഞ്ജുവിന്റെ ഭര്‍തൃമാതാവ് ചെല്ലമ്മ അയല്‍പക്കത്തെ വീട്ടില്‍ സംസാരിച്ചിരിക്കുകയായിരുന്നു. തിരികെ വീട്ടിലെത്തിയപ്പോള്‍ കുട്ടികളെ കാണാതാവുകയും വീടിനുള്ളില്‍ നിന്ന് രൂക്ഷമായ മണ്ണെണ്ണയുടെ ഗന്ധം ഉണ്ടാവുകയും ചെയ്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂവരേയും മുറിക്കുള്ളില്‍ നിന്നും കണ്ടെത്തിയത്. രണ്ടു കുട്ടികളും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടിരുന്നു. അഞ്ജുവിന്റെ നില ഗുരുതരമായ സാഹചര്യത്തില്‍ തുടര്‍ ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ആറു മണിയോടെ അഞ്ജുവും മരിക്കുകയായിരുന്നു. 

ഓട്ടോറിക്ഷാ തൊഴിലാളിയായിരുന്നു അനൂപ്. ഹൃദയസംബന്ധമായ രോഗംമൂലമാണ് അനൂപ് മരിച്ചത്. അനൂപ് മരിക്കുന്ന ദിവസം അഞ്ജുവും മക്കളും അഞ്ജുവിന്റെ വീട്ടിലായിരുന്നു. മരിക്കുന്നതിന് തലേന്ന് അനൂപ് രാത്രി കഴിക്കേണ്ടിയിരുന്ന ഗുളിക കഴിച്ചിരുന്നില്ല. അനൂപിന്റെ മരണവാര്‍ത്ത അറിഞ്ഞ് വീട്ടിലെത്തിയ അഞ്ജു അനൂപ് ഗുളിക കഴിച്ചിട്ടുണ്ടോ എന്നായിരുന്നു ആദ്യം നോക്കിയത്. കഴിച്ചിട്ടില്ലെന്ന് മനസിലാക്കി അഞ്ജു ഗുളികയുടെ ആ സ്ട്രിപ്പ് നെഞ്ചോട് ചേര്‍ത്ത് പിടിച്ചതായി അയല്‍ക്കാര്‍ പറയുന്നു. ഒരു പക്ഷേ അന്ന് താന്‍ വീട്ടില്‍ ഉണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു അത്യാഹിതം അനൂപിന് സംഭവിക്കില്ലായിരുന്നുവെന്ന് അഞ്ജു കരുതിയിരിക്കണം.

ഭര്‍ത്താവ് അനൂപിന്റെ മരണശേഷം ആ മുറിയില്‍ തന്നെ കഴിയുകയായിരുന്നു അഞ്ജു. ആരോടും മിണ്ടാറോ പറയാറോ ഇല്ലായിരുന്നു. അഞ്ജു ബി എ പഠനം പൂര്‍ത്തിയാക്കിയിട്ടില്ല. പൊതുവേ അധികം ആരോടും സംസാരിക്കാത്ത പ്രകൃതം. എന്നാല്‍ അനൂപിന്റെ മരണശേഷം അഞ്ജു ഒന്നുകൂടി ഉള്‍വലിഞ്ഞു. ആ മുറിയില്‍ നിന്ന് പോലും പുറത്തിറങ്ങാത്ത സ്ഥിതിയായിരുന്നു അഞ്ജുവിന്റേത്. 

അവരും ഇതുപോലെ അല്ലേ ചെയ്തത് എന്ന ചിന്ത വേണ്ട 

ആറോ ഏഴോ മാസങ്ങള്‍ക്ക് മുന്‍പ് സമാനമായ ഒരു വാര്‍ത്ത കേട്ടതായി ഓര്‍ക്കുന്നു. ഭര്‍ത്താവിന്റെ മരണം, മക്കളുടെ മരണം, അല്ലെങ്കില്‍ ജീവിതത്തില്‍ പെട്ടെന്ന് എന്തെങ്കിലും നെഗറ്റീവ് ആയ കാര്യങ്ങള്‍ സംഭവിക്കുക എന്നതെല്ലാം ആരുടെ ജീവിതത്തിലും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന കാര്യങ്ങളാണ്. എത്ര സ്ഥിരതയുള്ള ആളായാലും മാനസിക സമ്മര്‍ദ്ദം നേരിടുകയും ആത്മഹത്യപോലുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനുള്ള സാധ്യതകളും ഉണ്ട്. എന്നാല്‍ ഇത്തരം ആത്മഹത്യകളും അതിലേക്ക് എത്തിപ്പെടുന്ന സാഹചര്യങ്ങളും എത്തരത്തില്‍ ഒഴിവാക്കാമെന്ന് ചിന്തിക്കണമെന്ന് പറയുകയാണ് സൈക്യാട്രിസ്റ്റ് ഡോ. എല്‍സി ഉമ്മന്‍. 

കോപ്പിക്യാറ്റ് ആത്മഹത്യ

ഏതെങ്കിലും വിഷമ ഘട്ടത്തിലൂടെ പോകുമ്പോള്‍ സമാന സാഹചര്യത്തിലൂടെ കടന്നുപോയ ഒരാള്‍ എന്താണ് ചെയ്തത് എന്ന അന്വേഷണമാകും ആദ്യം ഉണ്ടാവുക. അടുത്ത ബന്ധുക്കളിലൂടെയോ മാധ്യമങ്ങളിലൂടെയോ അറിയുന്ന സംഭവങ്ങളും സാഹചര്യങ്ങളും തമ്മിലുള്ള താരതമ്യപ്പെടുത്തലാകും ചെയ്യുക. അത്തരത്തില്‍ അവര്‍ എന്താണ് ചെയ്തതെന്ന് ചിന്തിക്കും. സമാന സാഹര്യത്തിലൂടെ പോയ ആള്‍ ആത്മഹത്യ ചെയ്യുകയാണ് ചെയ്തതെങ്കില്‍ താനും അങ്ങനെ ചെയ്യുന്നതാകും നല്ലതെന്ന് ചിന്തിക്കുക്കുന്നവരും ചെയ്യുന്നവരും ഉണ്ട്. ഇത്തരം പ്രവണതയെ കോപ്പി ക്യാറ്റ് ആത്മഹത്യയെന്നാണ് പറയുന്നത്. 

dr elsie oommen
ഡോ. എല്‍സി ഉമ്മന്‍ | Photo: Special Arrangement

റിസ്‌ക് ഫാക്ടേഴ്സ്, മുന്നറിയിപ്പ് സൂചനകള്‍ എന്നിവയെ യഥാസമയം മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ ഒരു പക്ഷേ ഏറ്റവും അടുത്ത പ്രിയപ്പെട്ട ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞേക്കും. ലഹരി ഉപയോഗം, കുടുംബത്തില്‍ ആത്മഹത്യചെയ്ത ആരെങ്കിലും ഉണ്ടെങ്കില്‍, സാമൂഹികമായ ഒറ്റപ്പെടല്‍ എന്നിവയെല്ലാം ആത്മഹത്യാ പ്രവണതകള്‍ വര്‍ധിക്കുന്നതിന് കാരണമാകും. അതുപോലെ കുടുംബത്തിലെ പ്രിയപ്പെട്ട ഒരാളുടെ വേര്‍പാട്, ധന നഷ്ടം, മാനഹാനി, ജോലി നഷ്ടപ്പെടല്‍, മാരക രോഗങ്ങള്‍ തുടങ്ങിയവയൊക്കെ ഇതിനിടയാക്കിയേക്കാം.

പലപ്പോഴും ആത്മഹത്യാ സൂചനകള്‍ പലരും തള്ളിക്കളയാറുണ്ട്. മരണത്തെക്കുറിച്ച് വാക്കുകളിലൂടെ അടുത്തുള്ള ബന്ധുക്കളോട് പറയുക, സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുക, ഉള്‍വലിഞ്ഞ് പോകുക, ഭക്ഷണം കഴിക്കാതെയും ഉറങ്ങാതെയും ഇരിക്കുക, ലഹരി ഉപയോഗം ആരംഭിക്കുക ഇതെല്ലാം മുന്നറിയിപ്പ് സൂചനകളായി കണക്കാക്കാം. റിസ്‌ക് ഫാക്ടേഴ്സും മുന്നറിയിപ്പ് സൂചനകളും മനസിലാക്കി പ്രവര്‍ത്തിക്കണം. 

ആത്മഹത്യയല്ല പരിഹാരം 

ആത്മഹത്യാ വാർത്തകള്‍ മാധ്യമങ്ങള്‍ ഉത്തരവാദിത്വത്തോടെ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. സമൂഹവും ഇതില്‍ ജാഗ്രത പാലിക്കണം. തനിക്ക് അറിയുന്നവരോ സുഹൃത്തുക്കളോ ഇത്തരം സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെങ്കില്‍ അതില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തണം. അതിന് ബോധവത്കരണം വര്‍ധിപ്പിക്കുകയും വേണം. നമുക്ക് ചുറ്റും വിവിധ നിലകളില്‍ ജീവിക്കുന്ന നിരവധി മനുഷ്യരുണ്ട്. ഓരോ ജീവിതത്തിലും ഏറിയും കുറഞ്ഞും കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ഉണ്ടാകും. അതിനെയെല്ലാം തരണംചെയ്ത് മുന്നോട്ടുപോകാന്‍ നമുക്ക് കഴിയണം. അതിന് കഴിയാത്ത സാഹചര്യങ്ങളില്‍ പ്രിയപ്പെട്ടവരുടേയോ സുഹൃത്തുക്കളുടെയോ സഹായം തേടാം. പ്രശ്നങ്ങള്‍ തുറന്ന് സംസാരിക്കാനും അത് കേള്‍ക്കാനും നമുക്ക് കഴിയണം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: mother commits suicide after killing two kids in eranakulam