നിലമ്പൂർ: യുവതിയുടെയും മൂന്നുമക്കളുടെയും മരണം വരുത്തിയ നടുക്കത്തിൽനിന്ന് പോത്തുകൽ കുട്ടംകുളം ഗ്രാമം ഇതുവരെ മുക്തമായിട്ടില്ല. പതിവുപോലെ ഞായറാഴ്ച രാവിലെയും നിഷ്കളങ്കരായ ആ മൂന്നുമക്കൾ വീട്ടുമുറ്റത്ത് കളിച്ചുനടന്ന കാഴ്ചകണ്ട നാട്ടുകാർക്ക് കൂട്ടമരണത്തിന്റെ വാർത്ത വിശ്വസിക്കാനായില്ല.
ആറുമാസം മുൻപാണ് ഭൂദാനം തുടിമുട്ടിയിലെ സ്വന്തം വീട്ടിൽനിന്ന് ഇവർ കുട്ടംകുളത്തെ വാടകവീട്ടിലത്തെി താമസമാക്കിയത്. വളരെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബമെന്നാണ് നാട്ടുകാർക്ക് പറയാനുള്ളത്. മൂന്നുമക്കളെയും നന്നായി നോക്കിവളർത്തിയ വാത്സല്യനിധിയായ മാതാവ്. കണ്ണൂർ ഇരിക്കൂറിൽനിന്ന് ഇടയ്ക്കിടെ നാട്ടിലെത്തുന്ന പിതാവ്. അയൽപക്കത്തെ കുട്ടികളോടൊപ്പം ഓടിച്ചാടി നടന്നിരുന്ന മൂന്ന് കുരുന്നുകൾ. ഇതാണ് നാട്ടുകാരുടെ മനസ്സിൽ ഈ കുടുംബത്തിന്റെ ചിത്രം.
ഞായറാഴ്ച രാവിലെ പത്തുമണിക്കുപോലും കുട്ടികളായ ആദിത്യൻ, അനന്തു, അർജുൻ എന്നിവരെയും മാതാവ് രഹ്നയെയും അയൽവാസികൾ വീട്ടുമുറ്റത്ത് കണ്ടിരുന്നു. ഇതിനിടയിൽ പതിനൊന്നോടെ രഹ്നയുടെ ഭർത്താവ് ബിനേഷിന്റെ വിളി അയൽവാസിയായ സ്ത്രീയുടെ ഫോണിലത്തെി.
വീട്ടിൽ പോയിനോക്കണമെന്നും വിളിച്ചിട്ട് ഭാര്യ ഫോൺ എടുക്കുന്നില്ലെന്നുമായിരുന്നു സന്ദേശം.
ഇതനുസരിച്ച് പോയിനോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ചകണ്ടത്. പെട്ടെന്നുള്ള കൊടുംകൃത്യത്തിന് കാരണമെന്തെന്ന് അറിയാതെ തരിച്ചിരിക്കുകയാണ് നാട്ടുകാർ.
കുടുംബവഴക്കാകാം കാരണമെന്ന നിഗമനത്തിലാണ് പോലീസ്. രഹ്നയുടെ ഭർത്താവ് നാട്ടിലെത്തിയിട്ടുണ്ട്. മൃതദേഹപരിശോധന അടക്കമുള്ള നടപടിക്രമങ്ങൾക്കുശേഷം കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമേ സംഭവത്തിലെ ദുരൂഹത അവസാനിക്കുകയുള്ളൂ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights:mother and three children found dead at nilambur