കൊച്ചി: കോവിഡും ലോക്ഡൗണും പിടിമുറുക്കിയതോടെ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും കണ്ടെത്താനാകാത്ത പ്രതികളാണ് ഇപ്പോള്‍ പോലീസിനു മുന്നില്‍ സ്വമേധയാ കീഴടങ്ങുന്നത്. അഭിമന്യു വധക്കേസിലെ മുഖ്യപ്രതിയും സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമെല്ലാം കീഴടങ്ങിയത് കോവിഡ് പശ്ചാത്തലത്തിലാണെന്നു പോലീസുകാര്‍ പറയുന്നു.

പേടി കോവിഡിനെ

അഭിമന്യു വധക്കേസിലെ പിടികിട്ടാപ്പുള്ളി സഹല്‍ കീഴടങ്ങാനുള്ള കാരണം കോവിഡ് തന്നെയാണെന്ന് പോലീസ് സമ്മതിക്കുന്നു. അഭിമന്യുവിനെ കൊലപ്പെടുത്തിയ ശേഷം കര്‍ണാടകയില്‍ ഒളിവില്‍ കഴിയുമ്പോള്‍ കോവിഡ് പരിശോധന നടത്താനാകില്ല. അതേസമയം, കേരളത്തിലെത്തി കോടതിയില്‍ ഹാജരായാല്‍ ചികിത്സ കിട്ടും. ഇതു മുന്‍കൂട്ടിക്കണ്ടാണ് സഹല്‍ കീഴടങ്ങിയതെന്നാണ് പറയുന്നത്.

എന്നെ അറസ്റ്റ് ചെയ്യൂ

ഇത്തരത്തില്‍ പിടികിട്ടാപ്പുള്ളികള്‍ എത്തുന്നതിനു പിന്നില്‍ പല കാരണങ്ങളുമുണ്ടെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ് കാലമായതിനാല്‍ ജയിലിലേക്കു പോകേണ്ടിവരില്ലെന്ന സാധ്യതയാണ് ഇതില്‍ പ്രധാനം. സാധാരണഗതിയില്‍ അറസ്റ്റിലാകുന്ന പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുന്നത് ജയിലിലേക്കാണ്. നേരിട്ട് കോടതിയില്‍ ഹാജരാകുന്ന പ്രതികള്‍ക്ക് അവിടെനിന്നു ജാമ്യം കിട്ടാന്‍ സാധ്യത ഏറെയാണ്. കോവിഡ് കാലമായതിനാല്‍ ജാമ്യസാധ്യത വര്‍ധിച്ചതായും പറയുന്നു.

നിയമംതന്നെ രക്ഷയാകുന്നു

നിയമംതന്നെ രക്ഷയാക്കുന്നതാണ് പിടികിട്ടാപ്പുള്ളികളുടെ കീഴടങ്ങല്‍ തെളിയുന്ന പ്രധാന കാര്യം. കോവിഡ് പശ്ചാത്തലത്തില്‍ പ്രതികളെ ജയിലിലേക്ക് അയക്കുന്നതിലും പല തടസ്സങ്ങളുണ്ട്. നിലവിലെ സാഹചര്യത്തില്‍ പോലീസ് ഓഫീസര്‍ക്കുതന്നെ പ്രതികള്‍ക്കു ജാമ്യം നല്‍കാമെന്നു സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. ജയിലില്‍ പോകാതെ ജാമ്യംലഭിക്കുന്ന പ്രതികള്‍ക്ക് പുറത്തുനിന്ന് നിയമനടപടികളുമായി മുന്നോട്ടുപോകാനും സാധിക്കും.

-അഡ്വ. ഡി.ബി. ബിനു

Content Highlights: most wanted criminals surrendering by covid threat