മാനസിക രോഗിയായ മധുവിനെ വളഞ്ഞിട്ട് തല്ലിക്കൊന്ന മനുഷ്യത്വ ഹീനമായ സംഭവം നമ്മള്‍ മറന്നിട്ടില്ല. രാത്രിയില്‍ സ്വന്തം നാട്ടില്‍  'ആള്‍ക്കൂട്ടത്തില്‍  തനിയെ' പെട്ടുപോയ ഒരച്ഛന്റെയും പെണ്‍മക്കളുടെയും അവസ്ഥയാണ് ഇത്. സ്വന്തം കുട്ടികളോടൊപ്പം രാത്രിയാത്ര ചെയ്ത ഈ അച്ഛന് സദാചാരവാദികളുടെ മുന്നില്‍ വാക്കുകളിലൂടെ തന്റെ പിതൃത്വം തെളിയിക്കേണ്ടി വന്നു. വയനാട്ടിലെ കല്‍പ്പറ്റയില്‍ ഫെബ്രുവരി 28 ന് രാത്രി മുട്ടില്‍ സ്വദേശി സുരേഷ് ബാബുവും പെണ്‍മക്കളും സദാചാരവാദികളായ ഒരുപറ്റം ഓട്ടോഡ്രൈവര്‍മാരുടെ ചോദ്യം ചെയ്യലിനിരയാവുകയായിരുന്നു.  സ്വന്തം പെണ്‍കുഞ്ഞുങ്ങളെയും കൊണ്ട് പുറത്തിറങ്ങാന്‍ നമ്മുടെ നാട്ടില്‍ ഒരച്ഛന് ഇത്രയേറെ കടമ്പകള്‍ കടക്കാനുണ്ടോ? 

ഇത് പെണ്‍മക്കളുള്ള അച്ഛന്റെ അനുഭവം 

"ഞങ്ങള്‍ കല്‍പ്പറ്റ ബസ് സ്റ്റാന്‍ഡിലെ നീളത്തിലുള്ള ബഞ്ചില്‍ ബസ് കാത്തിരിക്കുകയായിരുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഫുട്‌ബോള്‍ മത്സരം കാണാന്‍ ബംഗളൂരുവിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങള്‍. രാത്രി 10.00 മണിക്കാണ് ബസ് വരേണ്ടിയിരുന്നത്. ഞങ്ങള്‍ ഏകദേശം 9.15 ആയപ്പോള്‍ അവിടെയെത്തി. കുറച്ചു കഴിഞ്ഞപ്പോള്‍ സമീപത്തുള്ള ഓട്ടോക്കാര്‍ സംശയദൃഷ്ടിയോടെ നോക്കുന്നുവെന്ന് എന്റെ മൂത്തമകള്‍ പറഞ്ഞു. അവളോട് ഞാന്‍ പേടിക്കാതെയിരിക്കാന്‍ പറഞ്ഞു. പിന്നീട് ഇളയ മകളും ഇതുതന്നെ പറഞ്ഞപ്പോള്‍ എന്റെ മക്കളെ സമാധാനിപ്പിച്ച് തോളില്‍ കൈയിട്ട് അവരെ ചേര്‍ത്തു നിര്‍ത്തി. ഏതാണ്ട് പത്തോ പതിമൂന്നോ ആളുകള്‍ ഞങ്ങളുടെ സമീപത്തെത്തി എന്റെ കൂടെയുള്ളത് ആരാണെന്ന് അന്വേഷിച്ചു.

ഞാന്‍ എന്റെ മക്കളാണെന്ന് പറഞ്ഞപ്പോള്‍ 'കണ്ടിട്ട്  അങ്ങനെ തോന്നുന്നില്ലല്ലോ' എന്നായിരുന്നു അവരുടെ കമന്റ്. ' നീ എന്താണ് ഈ പെണ്‍കുട്ടികളോട് ചെയ്തതെന്ന് കണ്ടിട്ടാണ് ഞങ്ങള്‍ വരുന്നത്' എന്നായിരുന്നു ഓട്ടോ ഡ്രൈവര്‍മാരുടെ അടുത്ത ഡയലോഗ്. അവര്‍ എന്തു പറഞ്ഞിട്ടും വിശ്വസിക്കാതെ എന്റെ ദേഹത്തു കൈവെക്കാന്‍ തുടങ്ങിയപ്പോള്‍ എന്റെ മക്കള്‍ രണ്ടുപേരും 'ചേട്ടാ, ഇതെന്റെ അച്ഛനാണ്' എന്ന് ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. എനിക്കാണെങ്കില്‍ എന്താണ് സംഭവിക്കുന്നതെന്നറിയാതെ ആകെ ദേഹം മുഴുവന്‍ വിറയല്‍ ബാധിച്ചതുപോലെയായി. 

എന്റെ മൂത്ത മകള്‍ ഡിഗ്രിക്ക് പഠിക്കുകയാണ്. അവള്‍ ഇതെന്റെ അച്ഛനാണെന്ന് പറഞ്ഞപ്പോള്‍ 'എന്താണ് തെളിവ്' എന്നായി അവരുടെ ചോദ്യം. ഉടനെ ഞാന്‍ ചാടിയെഴുന്നേറ്റ് പോലീസിനെ വിളിക്കാന്‍ ഓട്ടോ ഡ്രൈവര്‍മാരോട് പറഞ്ഞു. ഞാന്‍ തന്നെ 100 എന്ന നമ്പറിലേക്ക് വിളിച്ചു. അപ്പോള്‍ ഇങ്ങനെയൊരു നമ്പര്‍ ഇപ്പോള്‍ നിലവിലില്ലെന്ന് കേട്ടു. എന്റെ മൊബൈലില്‍ നിര്‍ഭയയുടെ നമ്പര്‍ ഉണ്ടായിരുന്നു. അവരെ വിളിച്ച് കാര്യം പറഞ്ഞു. അവര്‍ കാര്യങ്ങള്‍ ഏറ്റെടുത്തോളാമെന്ന് പറഞ്ഞു. ഇങ്ങനെയൊരു അവസ്ഥയിലേക്കെത്തിയപ്പോള്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഞങ്ങള്‍ അച്ഛനും മക്കളും തന്നെയായിരിക്കുമോയെന്ന സംശയം വന്നുകാണണം. ഞങ്ങള്‍ക്ക് പോകാനുള്ള ബസ് വന്നതുകൊണ്ട് അങ്ങോട്ടു പുറപ്പെടാന്‍ തുടങ്ങിയപ്പോള്‍ ഓട്ടോ ഡ്രൈവര്‍മാര്‍ വിളിച്ചു പറഞ്ഞത് ഇതാണ് , ' നിന്നെ ഞങ്ങള്‍ എടുത്തോളാം. നിന്നെ അച്ഛനായിട്ട് ഞങ്ങള്‍ കണക്കാക്കിയിട്ടില്ലെടാ...'

മക്കളുടെ ആഗ്രഹം സാധിച്ചു കൊടുക്കാനുള്ള യാത്ര

3000 രൂപയുടെ ടിക്കറ്റുമായാണ് അച്ഛനും മക്കളും ബാംഗ്‌ളൂരിലേക്ക് യാത്ര പുറപ്പെടാന്‍ തീരുമാനിച്ചത്. സുരേഷ് ബാബുവിന്റെ അനുജന്‍ ബാംഗ്്‌ളൂരില്‍ പീനിയയില്‍ കുടുംബത്തോടൊപ്പം താമസമാണ്. അവരുടെ വളരെ നാളത്തെ ക്ഷണം സ്വീകരിച്ചാണ് ഇവര്‍ യാത്ര പുറപ്പെട്ടത്. 

"ക്ഷണനേരം കൊണ്ട് ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഓട്ടോ ഡ്രൈവര്‍മാരുടെ ചോദ്യം ചെയ്യലില്‍ എല്ലാവരെയും തെറ്റിദ്ധരിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. എല്ലാവരും കൂടി ഇടപെട്ട് 'അച്ഛനല്ല.....മക്കളല്ല' എന്ന രീതിയിലുള്ള സാഹചര്യം സൃഷ്ടിച്ചതുകൊണ്ട് ബാക്കിയുള്ള ബസ് കാത്തുനില്‍ക്കുന്നവരൊന്നും ഞങ്ങളെ തിരിഞ്ഞു നോക്കിയില്ല. അവരാരും ഈ പ്രശ്‌നത്തില്‍ ഇടപെട്ടില്ല". സദാചാരവാദികളുടെ ഇടപെടല്‍ പലപ്പോഴും മനുഷ്യരെ നിസഹായാവസ്ഥയിലേക്ക് തള്ളിവിടുന്നുവെന്ന ഓര്‍മപ്പെടുത്തലാണ് സുരേഷ് ബാബു തന്റെ അനുഭവത്തിലൂടെ വ്യക്തമാക്കുന്നത്. 

സ്വന്തം മക്കളെയും കൊണ്ട് അച്ഛന് പുറത്തിറങ്ങാന്‍ കഴിയില്ലേ?

രാത്രിയില്‍ പരിചയമില്ലാത്ത സാഹചര്യത്തില്‍ പെണ്‍കുട്ടികളുമായി കാണുമ്പോള്‍ സംശയം തോന്നുന്നതും ചോദ്യം ചെയ്യലും സ്വാഭാവികമാണ്. എന്നാല്‍ ഇവിടെ ഓട്ടോ ഡ്രൈവര്‍മാര്‍ മാന്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചാണ് പെരുമാറിയതെന്ന് സുരേഷ് ബാബു പറയുന്നു. "ഞങ്ങള്‍ വൃത്തികെട്ട വസ്ത്രം ധരിച്ചവരല്ല. അങ്ങനെ മോശമായ ഒരു പെരുമാറ്റം ഞങ്ങളില്‍ നിന്ന് ഉണ്ടായിട്ടുമില്ല. ഏതാണ്ട് ഇരുപത് വര്‍ഷത്തോളം പ്രമുഖമായ ടെക്‌സ്റ്റെല്‍ സ്ഥാപനത്തില്‍ ജോലി ചെയ്ത ആളാണ് ഞാനാണെന്ന് കല്‍പ്പറ്റയിലുള്ളവര്‍ക്ക് അറിയാം. സദാചാരവാദികളുടെ പെരുമാറ്റം അംഗീകരിക്കാന്‍ കഴിയുന്നതല്ല. സ്വന്തം മക്കളെയും കൊണ്ട് അച്ഛന് പുറത്തിറങ്ങാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ അവരെങ്ങനെ സഞ്ചരിക്കും?"

തിരിച്ചു വീട്ടിലെത്തിയ എന്റെ മക്കള്‍ അമ്മയോട് ചോദിച്ച ചോദ്യം ഇതാണ്, "അമ്മേ, ഞങ്ങള്‍ക്ക് സ്ത്രീയായതുകൊണ്ട്‌ അമ്മയുടെ കൂടെ പുറത്തിറങ്ങാന്‍ പറ്റില്ല. ഇപ്പോള്‍ അച്ഛന്റെ കൂടെപ്പോയാലും പ്രശ്‌നം. പിന്നെ ഞങ്ങള്‍ എങ്ങനെ സമാധാനത്തോടെ ജീവിക്കും?" സംഭവത്തിനു ശേഷം ഇളയ മകള്‍ രാത്രി ഉറക്കത്തില്‍ അസ്വസ്ഥകള്‍ പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ആരൊക്കെയോ തല്ലാന്‍ വരുമെന്ന പേടിയാണ് കുട്ടികള്‍ക്കെന്ന് ഈ അച്ഛന്‍ പറയുന്നു.

കേരളത്തിന് പുറത്ത് മാന്യമായ പെരുമാറ്റം

"ഞങ്ങള്‍ തിരിച്ചു വരുമ്പോള്‍ മൈസൂരിലേക്കുള്ള ബസില്‍ കയറിയപ്പോള്‍ വളരെ മാന്യമായാണ് അവര്‍ ഞങ്ങളോട് പെരുമാറിയത്. മക്കളുടെ അച്ഛനായതുകൊണ്ടു തന്നെ ഒരു സീറ്റില്‍ ഇരുന്ന് യാത്ര ചെയ്‌തോളാനാണ് അവര്‍ പറഞ്ഞത്. പുലര്‍ച്ചെ നാല് മണിക്കായിരുന്നു കേരളത്തിലേക്കുള്ള ബസ്. അവിടെയുള്ള ഡ്രൈവര്‍മാര്‍ കേരളത്തിലെ ആളുകളില്‍ നിന്ന് നേരെ വിപരീതമായാണ് പെരുമാറിയത്. അവര്‍ ഞങ്ങള്‍ക്ക് കേരളത്തിലേക്കുള്ള ബസ് കിട്ടുന്ന സ്ഥലം  കാണിച്ചു തരികയും പോലീസ് എയ്ഡ് പോസ്റ്റില്‍ ചെന്ന് ഞങ്ങളെ പരിചയപ്പെടുത്തി സഹായം ചെയ്തുകൊടുക്കണമെന്ന് അവരോട്‌ പറയുകയും ചെയ്തു. പരിചയമില്ലാത്ത നാട്ടില്‍ അസമയത്ത് എത്തിയപ്പോള്‍ ഞങ്ങള്‍ക്ക് അച്ഛനും മക്കളുമാണെന്ന ബഹുമാനം ലഭിച്ചു. എന്നാല്‍ സ്വന്തം നാട്ടില്‍ നിന്ന് വേദനിപ്പിക്കുന്ന പെരുമാറ്റവും. ഇത് വളരെ കഷ്ടമാണ്". സ്വന്തം നാടിന്റെ സുരക്ഷിതത്വം എന്ന സങ്കല്‍പ്പമൊന്നും ഇപ്പോഴില്ലെന്നാണ് സുരേഷ് ബാബു വ്യക്തമാക്കുന്നത്. 

കല്‍പ്പറ്റയിലെ ഓട്ടോ ഡ്രൈവര്‍മാരെക്കുറിച്ച് വേറെയും പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് സുരേഷ് ബാബു പറയുന്നു. "രാത്രി ബസ് സ്റ്റാന്‍ഡില്‍ എത്തിയ മറ്റൊരു പെണ്‍കുട്ടിയെ ചുറ്റിപ്പറ്റി നടന്ന ഓട്ടോ ഡ്രൈവര്‍മാരെ നിയന്ത്രിക്കാന്‍ അന്നും ആരുമുണ്ടായിരുന്നില്ല. ഞാന്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. അന്ന് രാത്രി 19 ഓട്ടോ ഡ്രൈവര്‍മാരാണ് കല്‍പ്പറ്റ സ്റ്റാന്‍ഡില്‍ വണ്ടി ഓടിച്ചിരുന്നത്. അവരെ വിളിച്ചു വരുത്തി അന്വേഷിച്ചിട്ടും ഫലമില്ലെങ്കില്‍ തിരിച്ചറിയല്‍ പരേഡ് നടത്താമെന്നാണ് പോലീസ് പറഞ്ഞത്".

പെണ്‍കുട്ടികളുള്ള അച്ഛന്‍മാര്‍ക്ക് സമൂഹത്തില്‍ അഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിച്ച് നടക്കാന്‍ ആരാണ് തടസം നില്‍ക്കുന്നത്? സദാചാരവാദികളുടെ ഇടപെടല്‍ ഗുണത്തേക്കാളേറെ ദോഷമായി മാറുന്ന ഇന്നത്തെ സാഹചര്യത്തില്‍ നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഈ അച്ഛന്‍ ഓര്‍മിപ്പിക്കുന്നു.

Content highlights: Moral policing, Kalpetta, Moral police attack on father