മെക്‌സിക്കോ സിറ്റി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനായി കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ തലവന്റെ ആഡംബര വില്ല മെക്‌സിക്കന്‍ സര്‍ക്കാര്‍ ലേലത്തില്‍ വിറ്റു. 1997 ല്‍ മരിച്ച മെക്‌സിക്കോയിലെ വമ്പന്‍ മയക്കുമരുന്ന് വ്യാപാരിയായിരുന്ന അമാഡോ കാരിലോ ഫ്യൂന്റസിന്റെ മെക്‌സിക്കോ സിറ്റിയിലെ വില്ലയാണ് 2.17 മില്യണ്‍ ഡോളറിന്  ലേലത്തില്‍ വിറ്റത്. ഈ പണം മെക്‌സിക്കോ പൊതുജനാരോഗ്യ വിഭാഗം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കടക്കം ഉപയോഗിക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ആകാശത്തിന്റെ അധിപന്‍ എന്ന പേരിലറിയപ്പെട്ടിരുന്ന മെക്‌സിക്കോ കണ്ട ഏറ്റവും കുപ്രസിദ്ധനായ മയക്കുമരുന്ന് വ്യാപാരിയായിരുന്നു കാരിലോ ഫ്യൂന്റസ്. സ്വകാര്യ വിമാനങ്ങള്‍ ഉപയോഗിച്ച് വന്‍ തോതില്‍ കഞ്ചാവും കൊക്കെയ്‌നും കടത്തിയിരുന്നതിനാലാണ് ആ പേര് വീണുകിട്ടിയത്. 1980-90 കാലയളവില്‍ മെക്‌സിക്കന്‍ അധോലോകത്തിലെ പ്രധാനിയായിരുന്നു ഫ്യൂന്റസ്. വിമാനം പറത്താന്‍ പഠിച്ച ഫ്യൂന്റസ് കൊളംബിയയില്‍നിന്ന് മെക്‌സിക്കോ വഴി യുഎസിലേക്കടക്കം നിരവധി തവണയാണ് മയക്കുമരുന്ന് കടത്തിയത്. 

അമ്മാവന്റെ മയക്കുമരുന്ന് സംഘത്തിലൂടെ കള്ളക്കടത്തിലേക്ക് പ്രവേശിച്ച ഫ്യൂന്റസ് പിന്നീട് തന്റേതായ സാമ്രാജ്യം പടുത്തുയര്‍ത്തുകയായിരുന്നു. ഒടുവില്‍ തന്റെ തലവനായിരുന്ന റാഫേല്‍ അഗ്വിലര്‍ ഗൗസാര്‍ഡോയെ വധിച്ച് സുവാരസ് മയക്കുമരുന്ന് സഖ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. അന്നേവരെ തന്റെ ഒരു ഫോട്ടോ പോലും പുറത്തുവരാതെയാണ് ഫ്യൂന്റസ് അധോലോകം നിയന്ത്രിച്ചിരുന്നത്. പക്ഷേ, ഇതിനിടെ 1997 ല്‍ അപ്രതീക്ഷിതമായിട്ടായിരുന്നു ഫ്യൂന്റസിന്റെ മരണം.

കൊഴുപ്പ് നീക്കല്‍ അടക്കമുള്ള ആവശ്യങ്ങളുമായി പ്ലാസ്റ്റിക് സര്‍ജറി ചെയ്യാനായാണ് 1997 ല്‍ ഫ്യൂന്റസ് കള്ളപ്പേരില്‍ ഒരു ആശുപത്രിയില്‍ ചികിത്സ തേടിയത്. എന്നാല്‍ ശസ്ത്രക്രിയയിലെ പിഴവ് കാരണം മരണം സംഭവിക്കുകയായിരുന്നു. ഫ്യൂന്റസിന്റെ മരണശേഷം അദ്ദേഹത്തിന്റെ സഹോദരന്‍ വിസെന്റെ കാരിലോ ഫ്യൂന്റസ് മാഫിയയുടെ നിയന്ത്രണം ഏറ്റെടുത്തു. ഇതിനിടെ ഫ്യൂന്റസിന് ശസ്ത്രക്രിയ നടത്തിയ മൂന്ന് ഡോക്ടര്‍മാര്‍ പിന്നീട് കൊല്ലപ്പെടുകയും ചെയ്തു. 2014 ല്‍ വിസന്റെ അറസ്റ്റിലായതോടെയാണ് വര്‍ഷങ്ങള്‍ നീണ്ട ഇവരുടെ മയക്കുമരുന്ന് മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അവസാനമായത്. നിലവില്‍ മെക്‌സിക്കോയിലെ ജയിലില്‍ ശിക്ഷ കാത്ത് കഴിയുകയാണ് വിസന്റെ. 

കുറ്റവാളികളില്‍നിന്ന് പിടിച്ചെടുത്ത വസ്തുവകള്‍ ജനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ഫ്യൂന്റസിന്റെ ആഡംബര വില്ലയും സര്‍ക്കാര്‍ ലേലം ചെയ്തത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിത 38,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആഡംബര വില്ലയില്‍ സ്വിമ്മിങ് പൂളും വിശാലമായ പൂന്തോട്ടവും മറ്റ് ആഡംബര സൗകര്യങ്ങളെല്ലാമുണ്ട്. 

കഴിഞ്ഞദിവസം നടന്ന ലേലത്തില്‍ ഫ്യൂന്റസിന്റെ ആഡംബര വില്ലയ്ക്ക് പുറമേ 143 മറ്റ് വസ്തുവകളും സര്‍ക്കാര്‍ വില്‍ക്കാന്‍ വെച്ചിരുന്നു. 70 കാറുകള്‍, അഞ്ച് വീടുകള്‍, നൂറിലേറെ ആഭരണങ്ങള്‍, അഞ്ച് ചെറുവിമാനങ്ങള്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും. ഏകദേശം 4.5 മില്യണ്‍ ഡോളറാണ് കഴിഞ്ഞദിവസത്തെ ലേലത്തിലൂടെ സര്‍ക്കാരിന് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. 

Content Highlights: mexican drug lord carrillo fuentes's villa sold in an auction