ന്യൂയോർക്ക്: ആശുപത്രിയിലെ പാർക്കിങ് ഏരിയയിൽനിന്നുള്ള നിലവിളി ഇപ്പോഴും എനിക്ക് കേൾക്കാം- മെറിൻ ജോയിയുടെ കൊലപാതക വാർത്ത പുറത്തുവന്നതിന് പിന്നാലെ പ്രദേശവാസികളിലൊരാളായ മിഷേൽ റുട്ടേക്കി ഫെയ്സ്ബുക്കിൽ കുറിച്ച വാക്കുകളാണിത്. മിഷേലിനെ പോലെ നിരവധി പേരാണ് മലയാളി നഴ്സിന്റെ ദാരുണ കൊലപാതകത്തിൽ സാമൂഹികമാധ്യമങ്ങളിൽ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തിയിരിക്കുന്നത്.

മിഷേൽ പതിവായി രാവിലെ നടക്കാൻ പോകുന്ന വഴിയിലാണ് മെറിൻ ജോലിചെയ്തിരുന്ന ആശുപത്രി. രാവിലെ ആശുപത്രിക്കടുത്ത് എത്തിയപ്പോൾ നിലവിളി കേട്ടെന്നും മൃതദേഹം നിലത്തുകിടക്കുന്നത് കണ്ടെന്നുമാണ് മിഷേലിന്റെ വാക്കുകൾ. ദിവസവും പോകുന്ന വഴിയിൽ കണ്ട ദാരുണമായ കാഴ്ച മനസിൽനിന്ന് പോകുന്നില്ലെന്നും, ഇനി മറ്റൊരു വഴി തിരഞ്ഞെടുക്കണമെന്നും അവർ കുറിച്ചു.

മെറിന്റെ മരണവാർത്തയറിഞ്ഞ് അവരുടെ പരിചരണത്തിൽ കഴിഞ്ഞിരുന്ന രോഗികളുടെ ബന്ധുക്കളും നടുക്കം രേഖപ്പെടുത്തി. മെറിൻ തന്റെ പിതാവിനെ പരിചരിച്ചത് ഇപ്പോഴും ഓർമയുണ്ടെന്നായിരുന്നു ലാ ബേലു എന്ന യുവതിയുടെ കമന്റ്. പിന്നീടൊരിക്കൽ ഒരു ഗ്യാസ് സ്റ്റേഷനിൽനിന്ന് മെറിനെ കണ്ട ഓർമ്മയും അവർ പങ്കുവെച്ചു. അതിനിടെ, ആശുപത്രിയിൽ നടുക്കുന്ന കാഴ്ച നേരിൽകണ്ടവർക്ക് ഭീതിയകറ്റാൻ കൗൺസിലിങ് നൽകണമെന്നും ചിലർ ആവശ്യപ്പെട്ടിട്ടുണ്ട്.

ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 7.30 ഓടെയാണ് കോട്ടയം മോനിപ്പള്ളി സ്വദേശിയായ മെറിൻ ജോയ് കൊല്ലപ്പെട്ടത്. ആശുപത്രിയിൽനിന്ന് രാത്രി ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ മെറിനെ ഭർത്താവ് ഫിലിപ്പ് മാത്യൂ കത്തി കൊണ്ട് കുത്തിവീഴ്ത്തുകയായിരുന്നു. ഒട്ടേറെ തവണ മെറിനെ കുത്തിയ ഇയാൾ പിന്നാലെ ശരീരത്തിലൂടെ കാർ ഓടിച്ചുകയറ്റുകയും ചെയ്തു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട ഫിലിപ്പ് മാത്യുവിനെ ഒരു ഹോട്ടലിൽനിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഹോട്ടലിൽവെച്ച് ദേഹത്ത് പെട്രോൾ ഒഴിച്ച് ഫിലിപ്പ് ജീവനൊടുക്കാൻ ശ്രമിച്ചതായും ഇത് പരാജയപ്പെട്ടപ്പോൾ കത്തി കൊണ്ട് സ്വയം മുറിവേൽപ്പിച്ചെന്നുമാണ് ദൃക്സാക്ഷികളുടെ വിവരണം. പോലീസും അഗ്നിരക്ഷാസേനയുമെത്തിയാണ് പ്രതിയെ കീഴ്പ്പെടുത്തിയത്.

ദാമ്പത്യജീവിതത്തിലെ അസ്വാരസ്യങ്ങളാണ് മെറിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. മെറിൻ ഗാർഹിക പീഡനത്തിനിരയായെന്നും റിപ്പോർട്ടുകളുണ്ട്. ഏകമകൾ നോറയെ കോട്ടയത്തെ വീട്ടിലാക്കിയ ശേഷം കഴിഞ്ഞ ജനുവരിയിലാണ് മെറിൻ അമേരിക്കയിലേക്ക് മടങ്ങിയത്.

Content Highlights:merin joy malayali nurse killed coralsprings florida facebook comments about the murder