മാവേലിക്കര: കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ലിജു ഉമ്മന്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ അറസ്റ്റിലായതിന് പിന്നില്‍ പോലീസിന്റെ പിഴവില്ലാത്ത ആസൂത്രണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിക്ക് സമീപം ചേരാനെല്ലൂരില്‍ സഹോദരന്റെ പേരില്‍ വാടകയ്ക്കെടുത്ത ഫ്‌ളാറ്റിലാണു ലിജുഉമ്മന്‍ വനിതാസുഹൃത്തിനൊപ്പം താമസിക്കുന്നതെന്ന് പോലീസിനു വിവരം ലഭിച്ചിരുന്നു. വനിതാസുഹൃത്തിന്റെ ചികിത്സാര്‍ഥമായിരുന്നു ഇവിടുത്തെ താമസം.

ഇവരുടെ ഫോണ്‍രേഖകള്‍ പരിശോധിച്ച പോലീസിന് ഇതേ ആശുപത്രിയിലെ ഒരു നഴ്സിന്റെ ഫോണ്‍ നമ്പര്‍ ലഭിച്ചു. മാവേലിക്കര സ്റ്റേഷനിലെ ഒരു സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാംപ്രകാശ് എന്ന വ്യാജപ്പേരില്‍ നഴ്സുമായി ഫോണില്‍ സൗഹൃദം സ്ഥാപിച്ചു. അങ്ങനെയാണ് ആശുപത്രിയുടെ അഞ്ചാംനിലയിലുള്ള ഒരു വിഭാഗത്തില്‍ വനിതാസുഹൃത്തിന്റെ ചികിത്സയ്ക്കായി ലിജുഉമ്മനും എത്താറുണ്ടെന്ന വിവരം ലഭിച്ചത്.

കഴിഞ്ഞ ശനിയാഴ്ച ഡോക്ടറെ കാണാന്‍ ബുക്ക് ചെയ്തിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നു മാവേലിക്കര പോലീസ് മഫ്ടിയില്‍ ആശുപത്രിയിലെത്തിയെങ്കിലും ലിജുഉമ്മന്‍ വരാതിരുന്നതിനാല്‍ നിരാശരായി മടങ്ങി. ഇതിനിടെ പോലീസ് നിര്‍ദേശത്തെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ തുടര്‍ചികിത്സയ്ക്കു ഭര്‍ത്താവിന്റെ ഒപ്പുവേണമെന്നു വനിതാസുഹൃത്തിനെ അറിയിച്ചു. തിങ്കളാഴ്ച ഇവര്‍ എത്തുമെന്നറിഞ്ഞ് തൃക്കാക്കര, മരട്, മറൈന്‍ ഡ്രൈവ്, കളമശ്ശേരി, ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനുകളില്‍ നിന്നു മുപ്പതിലധികം പോലീസുകാരെ മഫ്ടിയില്‍ ആശുപത്രിയുടെ അഞ്ചാം നിലയില്‍ വിന്യസിച്ചു.

വനിതാസുഹൃത്ത് ലിജു ഉമ്മന്റെ സഹോദരനൊപ്പമാണു രാവിലെ ആശുപത്രിയിലെത്തിയത്. ലിജു ഉമ്മന്‍ പിന്നീട്, ആശുപത്രി കവാടത്തില്‍ എത്തിയെങ്കിലും പോലീസ് ജീപ്പ് കണ്ടതോടെ മടങ്ങി. ഇതെല്ലാം തത്സമയം സി.സി.ടി.വി. ദൃശ്യങ്ങളിലൂടെ മാവേലിക്കര പോലീസ് സ്റ്റേഷനില്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പോലീസ് ജീപ്പ് ആശുപത്രി മുറ്റത്തുനിന്നു മാറ്റിയശേഷം ആശുപത്രിയിലെത്തിയ ലിജുഉമ്മനെ ഇരുപതോളം വരുന്ന പോലീസുകാര്‍ വളഞ്ഞു കീഴടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനിലേക്കു മാറ്റി. ക്രൈംറെക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പി. എസ്. വിദ്യാധരന്‍ അവിടെ ലിജുഉമ്മനെ ചോദ്യം ചെയ്തു.

മാവേലിക്കരയില്‍നിന്ന് രണ്ടു ജീപ്പുകളിലായി നിറതോക്കുകളുടെ അകമ്പടിയോടെ എത്തിയ പോലീസ് സംഘം ലിജുഉമ്മനെ ഏറ്റുവാങ്ങി ഒന്നരമണിക്കൂര്‍ കൊണ്ടു മാവേലിക്കര സ്റ്റേഷനിലെത്തിച്ചു. വിവിധ സ്റ്റേഷന്‍ പരിധികളില്‍ പോലീസ് മറ്റുവാഹനങ്ങളെ നിയന്ത്രിച്ചു മാവേലിക്കര പോലീസിനു തടസ്സമില്ലാത്ത യാത്രയ്ക്കു വഴിയൊരുക്കിയിരുന്നു.

ആലപ്പുഴ അഡീഷണല്‍ എസ്.പി. ഡോ. എ. നസീം, ഡിവൈ.എസ്.പി.മാരായ ഡോ. ആര്‍. ജോസ്, എസ്. വിദ്യാധരന്‍, വള്ളികുന്നം ഇന്‍സ്പെക്ടര്‍ എം.എം. ഇഗ്‌നേഷ്യസ്, എസ്.ഐ.മാരായ പി.എസ്. അംശു, വി. ബിജു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രതാപചന്ദ്രമേനോന്‍, സിനു വര്‍ഗീസ്, മുഹമ്മദ് റിയാസ്, ഷാഡോ പോലീസ് അംഗങ്ങളായ മുഹമ്മദ് ഷഫീക്, അരുണ്‍ഭാസ്‌കര്‍, ആര്‍. രാജേഷ് ഗോപകുമാര്‍ എന്നിവരടങ്ങിയ സംഘമാണു ലിജുഉമ്മനായി അന്വേഷണം നടത്തിയത്.

വ്യാജ ആധാര്‍കാര്‍ഡ് നിര്‍മിച്ചതിനും കേസ്

വ്യാജ ആധാര്‍കാര്‍ഡ് നിര്‍മിച്ചതിനും ലിജു ഉമ്മനെതിരേ മാവേലിക്കര പോലീസ് കേസെടുത്തു. തിങ്കളാഴ്ച പോലീസ് പിടിയിലായ ലിജു ഉമ്മന്റെ പഴ്സില്‍നിന്നു സ്വന്തം ഫോട്ടോ പതിച്ചശേഷം കുടശനാട് മഠത്തില്‍ തറയില്‍ സാബു ജോണ്‍സന്‍ എന്ന വിലാസം രേഖപ്പെടുത്തിയ ആധാര്‍ കാര്‍ഡ് ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണു വ്യാജരേഖ നിര്‍മാണത്തിനു ലിജു ഉമ്മനെതിരേ കേസെടുത്തത്. കായംകുളം സ്വദേശിയാണ് ആധാര്‍ നിര്‍മിച്ചു നല്‍കിയതെന്ന ലിജു ഉമ്മന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലിജു ഉമ്മനു കമ്പത്ത് കഞ്ചാവു കൃഷിയെന്നു സൂചന, അന്വേഷണം തമിഴ്നാട്ടിലേക്ക്

കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പുന്നമ്മൂട് പോനകം എബനേസര്‍ പുത്തന്‍വീട്ടില്‍ ലിജു ഉമ്മ (40)ന് തമിഴ്നാട്ടിലെ കമ്പത്ത് കഞ്ചാവ് കൃഷിയുണ്ടെന്ന് പോലീസിനു സൂചന ലഭിച്ചു. അറസ്റ്റിലായ ലിജു ഉമ്മനെ ചോദ്യം ചെയ്തപ്പോള്‍ കമ്പം സ്വദേശിയാണു കഞ്ചാവു നല്‍കിയതെന്നു മൊഴി നല്‍കി. എന്നാല്‍, കമ്പത്ത് മുരുകേശന്‍ എന്നയാളുമായി ചേര്‍ന്ന് ഇയാള്‍ക്കു പച്ചക്കറിക്കൃഷിയും കഞ്ചാവു കൃഷിയുമുണ്ടെന്നാണ് പോലീസിനു വിവരം ലഭിച്ചത്. പിക്കപ്പ് വാനുകളില്‍ കേരളത്തിലേക്കു പച്ചക്കറി കൊണ്ടുവരുന്നതിന്റെ മറവിലാണു കഞ്ചാവ് എത്തിച്ചിരുന്നത്.

2020 ഡിസംബര്‍ 28-നു മാവേലിക്കര തഴക്കരയിലെ വാടകവീട്ടില്‍നിന്ന് 29 കിലോ കഞ്ചാവു പിടിച്ചതുമായി ബന്ധപ്പെട്ട കേസിലാണു കഴിഞ്ഞദിവസം ലിജു ഉമ്മനെ പോലീസ് അറസ്റ്റുചെയ്തത്. കേസില്‍ ലിജു ഉമ്മന്റെ സുഹൃത്ത് കായംകുളം സ്വദേശി നിമ്മിയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.  ചൊവ്വാഴ്ച മാവേലിക്കര കോടതിയില്‍ ഹാജരാക്കിയ ലിജുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ലിജു ഉമ്മനെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പും കൂടുതല്‍ അന്വേഷണവും നടത്തുന്നതിനായി പോലീസ് അടുത്തദിവസം കോടതിയെ സമീപിക്കും.