സിനിമാ സ്റ്റെലിലാണ് കൊച്ചിയില്‍ മാര്‍ട്ടിന്‍ ജീവിച്ചത്. ആഡംബര വീടുകളിൽ താമസിച്ചും, ആഡംബര വാഹനങ്ങള്‍ മാത്രം ഉപയോഗിച്ചുമായിരുന്നു മാര്‍ട്ടിന്റെ ജീവിതം. ഇതിനായി വേഗത്തില്‍ പണമുണ്ടാക്കാനുള്ള മാര്‍ഗങ്ങളാണ് മാര്‍ട്ടിന്‍ സ്വീകരിച്ചത്. സ്വന്തമായി ഒരു ജോലിയുമില്ലാത്ത മാര്‍ട്ടിന്‍ മണിച്ചെയിനിലൂടെയും പലിശയ്ക്ക് പണം നല്‍കിയും ലക്ഷങ്ങള്‍ സമ്പാദിച്ചു. മാര്‍ട്ടിന്റെ ഇത്തരം സാമ്പത്തിക ഇടപാടുകള്‍ക്ക് പിന്നാലെയാണ് പോലീസ് ഇപ്പോള്‍

43,000 രൂപ വാടക നല്‍കി ആഡംബര ഫ്‌ളാറ്റ് 

യുവതിയെ ഫ്‌ളാറ്റില്‍ തടങ്കലില്‍ പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ സാമ്പത്തിക ഇടപാടുകള്‍ പോലീസ് അന്വേഷിക്കും. മറൈന്‍ഡ്രൈവിലെ ഒരു ആഡംബര ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്. മാസം 43,000 രൂപയാണ് വാടക. പരാതിക്കാരിയായ യുവതിയില്‍നിന്ന് ഓഹരിവിപണിയില്‍ നിക്ഷേപിക്കാനും ലാഭം വാഗ്ദാനംചെയ്തും അഞ്ചുലക്ഷം രൂപ വാങ്ങിയിരുന്നു. മാസം 40,000 രൂപ തിരികെ നല്‍കാമെന്നാണു പറഞ്ഞത്. മണിചെയിന്‍, ക്രിപ്റ്റോ കറന്‍സി എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകളിലൂടെ മാര്‍ട്ടിന്‍ പണം സമ്പാദിച്ചതായി പറയുന്നു. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കും.

കൂട്ടാളികളായ തൃശ്ശൂര്‍ പാവറട്ടി വെണ്‍മനാട് പറക്കാട്ട് ധനീഷ് (29), പുത്തൂര്‍ കൈപ്പറമ്പ് കണ്ടിരുത്തി ശ്രീരാഗ് (27), വേലൂര്‍ മുണ്ടൂര്‍ പരിയാടന്‍ ജോണ്‍ ജോയി (28) എന്നിവര്‍ക്കെതിരേ, മുഖ്യപ്രതിക്ക് സഹായംചെയ്ത കുറ്റം ചുമത്തിയതായി കമ്മിഷണര്‍ പറഞ്ഞു. ശ്രീരാഗ് നേരത്തേ കഞ്ചാവ് കേസില്‍ പ്രതിയായിട്ടുണ്ട്.

പ്രതിയുടെ ജാമ്യഹര്‍ജി തള്ളി

മാര്‍ട്ടിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി തള്ളി. ജാമ്യഹര്‍ജി പരിഗണനയിലിരിക്കെ അറസ്റ്റുചെയ്തതില്‍ തെറ്റില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ജസ്റ്റിസ് വി. ഷെര്‍സിയാണ് ഹര്‍ജി പരിഗണിച്ചത്.

കുറ്റം ചെയ്തിട്ടില്ലെന്ന് മാര്‍ട്ടിന്‍

മറൈന്‍ഡ്രൈവിലെ ഫ്‌ളാറ്റില്‍ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് മാധ്യമങ്ങള്‍ക്കുമുന്നില്‍ മാര്‍ട്ടിന്‍ പറഞ്ഞു. ഫ്‌ലാറ്റിലെ കെയര്‍ടേക്കറും സെക്യൂരിറ്റിയും മാര്‍ട്ടിനെ തിരിച്ചറിഞ്ഞു. വൈകീട്ടോടെ ഓണ്‍ലൈനായി കോടതിയില്‍ ഹാജരാക്കിയ മാര്‍ട്ടിനെ 23 വരെ റിമാന്‍ഡ് ചെയ്തു. അടുത്തദിവസം മാര്‍ട്ടിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും.

പലിശയിടപാട്, മണി ചെയിന്‍

മാര്‍ട്ടിന്‍ ആഡംബര ജീവിതം നയിച്ചിരുന്നതിന്റെ തുടക്കം അമിത പലിശ ഇടപാടില്‍. പിന്നീട് മണി ചെയിന്‍ തട്ടിപ്പുംനടത്തി. വിദേശത്തായിരുന്ന മാര്‍ട്ടിന്‍ തിരിച്ചെത്തിയ ശേഷമാണ് അമിത പലിശയ്ക്ക് പണമിടപാട് നടത്തിയതെന്ന് പോലീസ് പറയുന്നു. അതിനിടെ വീട്ടുകാരുമായി പിണങ്ങിയ മാര്‍ട്ടിന്‍ എറണാകുളത്തേക്കു താമസംമാറ്റി. മാര്‍ട്ടിന്റെ സുഹൃത്ത് തൃശ്ശൂരില്‍ തുടങ്ങിയ മണി ചെയിന്‍ കമ്പനിയിലും ഇയാള്‍ മുഖ്യ പങ്കാളിയായി. അതുവഴി വലിയ സാമ്പത്തിക ലാഭം ഉണ്ടാക്കിയെന്നാണ് പോലീസിനു ലഭിച്ച വിവരം. സുഹൃത്ത് ഇപ്പോള്‍ വിദേശത്താണ്.

വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിമാറ്റിയോഎന്ന സംശയത്തില്‍ പോലീസ്

മാര്‍ട്ടിന്‍ യുവതിയെ ഭീഷണിപ്പെടുത്താനുപയോഗിച്ചിരുന്ന വീഡിയോ ദൃശ്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇയാള്‍ രഹസ്യമായി ചിത്രീകരിച്ചവയാണ് വീഡിയോ ദൃശ്യങ്ങള്‍. അറസ്റ്റ് രണ്ട് മാസത്തോളം വൈകിയതിനാല്‍ തന്നെ വീഡിയോ മറ്റെവിടേക്കെല്ലാം കോപ്പി ചെയ്തിട്ടുണ്ട് എന്നും അറിയണം.

മാര്‍ട്ടിന്റെ മൊബൈല്‍ ഫോണും മറ്റ് ഉപകരണങ്ങളും കണ്ടെടുത്ത് ശാസ്ത്രീയ പരിശോധന നടത്താനൊരുങ്ങുകയാണ് പോലീസ്. പിടിയിലായ കൂട്ടാളികളുടെ ഫോണുകളും പരിശോധിക്കും.

മാര്‍ട്ടിനെതിരേ മറ്റൊരു യുവതി കൂടി പരാതി നല്‍കിയ സാഹചര്യത്തില്‍ കൂടുതല്‍ പേരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കേണ്ടതുണ്ട്.

മേയ് 31-ന് കാക്കനാട്ടുള്ള യുവതിയുടെ ഫ്‌ലാറ്റിലെത്തി ആക്രമണം നടത്തിയ ശേഷം, മാര്‍ട്ടിന്‍ ഇവിടെ തങ്ങുകയായിരുന്നു. ഇതിനാല്‍ത്തന്നെ യുവതിയെ എന്ത് കാര്യം പറഞ്ഞാണ് പ്രതി ഭീഷണിപ്പെടുത്തി നിര്‍ത്തിയിരുന്നത് എന്ന കാര്യവും അന്വേഷിക്കേണ്ടതുണ്ട്.

പോലീസിന് വനിതാ കമ്മിഷന്റെ അഭിനന്ദനം

ഫ്‌ലാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പിടികൂടിയ പോലീസിനെ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ അഭിനന്ദിച്ചു. സ്ത്രീകള്‍ക്കെതിരായ പരാതികള്‍ അന്വേഷിക്കുന്നതില്‍ പോലീസ് അലംഭാവം കാണിക്കുന്നു എന്ന തോന്നല്‍ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് അധ്യക്ഷ ഓര്‍മിപ്പിച്ചു.

ഗാര്‍ഹിക പീഡനം കണ്ടെത്താന്‍ പോലീസിന്റെ സ്പെഷ്യല്‍ ഡ്രൈവ്

എറണാകുളം മറൈന്‍ഡ്രൈവില്‍ യുവതിയെ ഫ്‌ലാറ്റില്‍ തടങ്കലില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ച കേസിന്റെ സാഹചര്യത്തില്‍ വീടുകളിലും ഫ്‌ലാറ്റുകളിലും നടക്കുന്ന ഗാര്‍ഹിക, ലൈംഗിക പീഡനങ്ങള്‍ കണ്ടെത്താന്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്താന്‍ കൊച്ചി സിറ്റി പോലീസ്.

പുറത്തറിയാതെ പോകുന്ന പീഡനങ്ങള്‍ കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിന് എസ്.എച്ച്.ഒ.മാരെ ചുമതലപ്പെടുത്തുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.

അതത് പോലീസ് സ്റ്റേഷന്‍ പരിധിയിലെ റെസിഡന്റ്സ് അസോസിയേഷനുകളുമായി സഹകരിച്ചാണ് എസ്.എച്ച്.ഒ.മാര്‍ വിവരങ്ങള്‍ ശേഖരിക്കേണ്ടത്. മാസം 10 കേസുകളെങ്കിലും ഗാര്‍ഹിക പീഡനം-ലൈംഗിക പീഡനം എന്നിവയുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റി പോലീസ് പരിധിയില്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്ന് കമ്മിഷണര്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ തടയാന്‍ സിറ്റി പോലീസ് പ്രത്യേക ശ്രദ്ധ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതോടൊപ്പം, കാലങ്ങളായി പ്രതിയെ അറസ്റ്റ് ചെയ്യാത്ത കേസുകളുടെ വിവരങ്ങള്‍ പ്രത്യേകം പരിശോധിക്കാന്‍ തീരുമാനിച്ചതായും കമ്മിഷണര്‍ അറിയിച്ചു.

എത്ര കേസുകള്‍ ഓരോ പോലീസ് സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്തു, എത്ര പേരെ അറസ്റ്റ് ചെയ്തു, അറസ്റ്റ് ചെയ്യാതിരിക്കാനുള്ള കാരണമെന്താണ് എന്നിവ വ്യക്തമാക്കേണ്ടി വരും.

Content Highlight: Martin's Lifestyle :Income from money chain and crypto