മറയൂര്‍: കേരളത്തിലെ ഒരേയൊരു സ്വാഭാവിക ചന്ദനവനം. മറയൂര്‍ ചന്ദനക്കാടുകള്‍ അഭിമാനമാണ്. എന്നാല്‍, ഈ കാടുകളില്‍ ചോരയൊഴുകാന്‍ തുടങ്ങിയിട്ട് കാലമേറെയായി. 2002 മുതല്‍ ചന്ദനം കടത്തുന്നതുമായി ബന്ധപ്പെട്ട് 10 പേരാണ് മരിച്ചത്. ഏഴും കൊലപാതകം. ബാക്കി മൂന്നുപേര്‍ ദുര്‍ഘടമായ പാറക്കെട്ടില്‍നിന്ന് വീണ് മരിച്ചവരാണ്. കഴിഞ്ഞ ദിവസം ചന്ദ്രമണ്ഡലത്തില്‍ രണ്ടുപേര്‍ വീണ് മരിച്ചതാണ് അവസാന സംഭവം.

ചോരയുടെ വില

ചന്ദനം കാട്ടിലൂടെ കടത്താനെത്തുന്നവര്‍ മിക്കവരും തമിഴ്നാട്ടുകാരാണ്. ഒരുരാത്രിക്ക് പരമാവധി 2000 രൂപ ലഭിക്കും. ഈ തുകയ്ക്കുവേണ്ടിയാണ് ഇവര്‍ ജീവന്‍ പണയംവെയ്ക്കുന്നത്.25 മുതല്‍ 40 കിലോവരെ ചന്ദനത്തടികളാണ് ഒരാള്‍ തലച്ചുമടായി കൊണ്ടുപോകുന്നത്.

AlsoRead: ചന്ദ്രമണ്ഡലത്തില്‍നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു; അപകടം ചന്ദനക്കടത്തിനിടെയെന്ന് സംശയം.....

പഴനി റേഞ്ചില്‍പ്പെട്ട കുതിരയാറിലോ, അമരാവതിക്കടുത്ത് കല്ലാപുരത്തോയെത്തിച്ച് വാഹനത്തില്‍ കയറ്റും. കേരളത്തില്‍ ജാമ്യമില്ലാത്ത കേസാണെങ്കില്‍ തമിഴ്നാട്ടില്‍ പിടിച്ചാല്‍ കോമ്പൗണ്ടുചെയ്ത് പിഴയടയ്ക്കാവുന്ന കുറ്റകൃത്യമാണിത്.

marayoor
ചന്ദനക്കടത്തിനിടെ പരിക്കേറ്റയാളെ കൊണ്ടുപോകുന്നു(ഫയല്‍ചിത്രം) | ഫോട്ടോ: മാതൃഭൂമി

അതുകൊണ്ട് കൂടുതലായി ചന്ദനം കടത്തുന്നതിന് വനമേഖല ഉപയോഗിച്ചുവരുന്നു. ചന്ദനം വനത്തിലൂടെ കൊണ്ടുപോകുന്നതിന്റെ ചിത്രങ്ങളും അതേസ്ഥലത്ത് കടുവയുടെ ചിത്രങ്ങളും തമിഴ്നാട് വനംവകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സുരക്ഷ കൂടുതല്‍ കര്‍ശനമാക്കി ചന്ദനമോഷണവും അപകടങ്ങളും ഒഴിവാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

കടുവകളിറങ്ങുന്ന താഴ്‌വാരം, കുത്തനെയുള്ള മലയോരം...

മറയൂര്‍ ചന്ദക്കാടുകളില്‍ വളര്‍ച്ചയെത്തിയ 62,000 ചന്ദനമരങ്ങളാണുള്ളത്. മറയൂര്‍ സാന്‍ഡല്‍ ഡിവിഷന് കീഴിലുള്ള നാല് ഫോറസ്റ്റ് സ്റ്റേഷനുകള്‍ക്കാണ് സംരക്ഷണച്ചുമതല. മുന്നൂറ് വാച്ചര്‍മാര്‍ ഊഴമിട്ട് 24 മണിക്കൂറും മരങ്ങള്‍ക്ക് കാവല്‍ നില്‍ക്കുകയാണ്. എങ്കിലും ഇവരുടെ കണ്ണുവെട്ടിച്ച് ചന്ദനക്കള്ളന്‍മാര്‍ പലപ്പോഴും കാടിനുള്ളില്‍ കടക്കും. മരങ്ങള്‍വെട്ടി കടത്തും.

രണ്ട് വഴികളാണ് ഇവര്‍ ചന്ദനംകടത്താന്‍ ഉപയോഗിക്കുന്നത്. ഒന്ന് പ്രധാന റോഡുകളാണ്. വാഹനമെത്തുന്ന സ്ഥലംവരെ തലച്ചുമടായി എത്തിക്കും. തുടര്‍ന്ന് വാഹനത്തിന്റെ രഹസ്യ അറകളില്‍ ഒളിപ്പിച്ച് കടത്തും. എന്നാല്‍, ഇത് പലപ്പോഴും പിടിക്കെപ്പെടാറുണ്ട്.

അതിനാലാണ് രണ്ടാമത്തെ വഴി അവര്‍ മിക്കപ്പോഴും തിരഞ്ഞെടുക്കുന്നത്. ചെത്തിയൊരുക്കിയ തടികള്‍ തലച്ചുമടായി മലകള്‍ക്ക് മുകളിലൂടെയുള്ള പാതവഴി തമിഴ്നാട്ടിലേക്ക് കടത്തും. ചിന്നാര്‍, അമരാവതി, ഷോളാ നാഷണല്‍ പാര്‍ക്ക്, ആനമല കടുവാ സങ്കേതം എന്നിവയുടെ പരിധിയില്‍വരുന്ന കാട്ടിലൂടെയാണ് യാത്ര. ഒറ്റ ദിവസംകൊണ്ട് അമരാവതിയിലെത്താം.

എന്നാല്‍, കുത്തനെയുള്ള പാറക്കെട്ടുകളും, കടുവയും പുലിയും ഉള്‍പ്പടെയുള്ള വന്യജീവികളും നിറഞ്ഞ ഈ പാതയിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതാണ്. പാറക്കെട്ടുകളില്‍നിന്ന് പലര്‍ക്കും വലിയ പരിക്കുപറ്റിയിട്ടുണ്ട്. ധാരാളംപേര്‍ മരിച്ചിട്ടുണ്ട്. ഇതൊന്നും പുറത്തറിയില്ല.

marayoor
കഴിഞ്ഞദിവസം ചന്ദ്രമണ്ഡലത്തില്‍നിന്ന് കണ്ടെടുത്ത മൃതദേഹം ചുമന്നുകൊണ്ടുവരുന്നു | ഫോട്ടോ: മാതൃഭൂമി

കടത്തിനിടയിലുണ്ടാകുന്ന തര്‍ക്കത്തില്‍ കൊല്ലപ്പെടുന്നവരുടെ വിവരങ്ങള്‍ മാത്രമാണ് ഏതാനുംവര്‍ഷങ്ങളായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ചന്ദ്രമണ്ഡലത്തില്‍ പാറക്കെട്ടില്‍നിന്നുവീണ തമിഴ്നാട് സ്വദേശികള്‍ 108-ലേക്ക് സഹായം അഭ്യര്‍ഥിച്ച് വിളിക്കുകയായിരുന്നു. കനത്ത മഴയില്‍ ദുര്‍ഘട പാത താണ്ടി പോലീസും വനംവകുപ്പും എത്തിയപ്പോഴേക്കും അവര്‍ മരിച്ചിരുന്നു. അവര്‍ വിളിച്ചില്ലായിരുന്നുവെങ്കില്‍ ഈ മരണങ്ങളും പുറംലോകം അറിയില്ലായിരുന്നു.

Content Highlights: Marayoor sandalwood smuggling