കോതമംഗലം : വെടിയൊച്ച കേട്ട് ഓടിക്കൂടിയ നാട്ടുകാർ അകത്തുനിന്നു പൂട്ടിയ വാതിൽ ചവിട്ടിപ്പൊളിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. വെടിയേറ്റ് കട്ടിലിൽ പിടയ്ക്കുന്ന മാനസയും കട്ടിലിലേക്ക് തല വെച്ചു കിടക്കുന്ന രാഖിലും. വെടിയൊച്ച കേട്ട സമീപവാസികൾ പലരും വിചാരിച്ചത് കുട്ടികൾ ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചതാണെന്നാണ്.

തളംകെട്ടി കിടക്കുന്ന രക്തത്തിലാണ് കൃത്യം നിർവഹിക്കാൻ ഉപയോഗിച്ച തോക്കും കിടന്നിരുന്നത്. മാനസയെയും രാഖിലിനെയും ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി പുറത്തേക്ക് കൊണ്ടുവന്നപ്പോൾ വീണ രക്തക്കറ ഗോവണിപ്പടിയിലും മുറ്റത്തും കിടന്നിരുന്നു. സംഭവ സ്ഥലത്തെത്തിയ പോലീസ്, തെളിവ് നശിപ്പിക്കാതിരിക്കാൻ ഗോവണിപ്പടി മുതലുള്ള ഭാഗം റിബൺ കെട്ടി തിരിച്ചു.

രണ്ട് നിലയുള്ള കെട്ടിടത്തിെന്റ മുകൾ നിലയിലായിരുന്നു മാനസയും സുഹൃത്തുക്കളും താമസിച്ചിരുന്നത്. ഗോവണിപ്പടി കയറി ചെല്ലുമ്പോഴുള്ള ആദ്യ മുറിയായിരുന്നു ഇവരുടേത്. ഉച്ചഭക്ഷണം കഴിച്ചു തുടങ്ങുമ്പോഴാണ് സംഭവം. വാരിയെടുത്ത ചോറിന്റെ ബാക്കി മാനസയുടെ െെകയിൽ പറ്റിപ്പിടിച്ച നിലയിലായിരുന്നു.

നൂറുകണക്കിന് നാട്ടുകാരാണ് കോവിഡ് മാനദണ്ഡം പോലും പാലിക്കാതെ തടിച്ചുകൂടിയത്‌. ഇതോടെ പോലീസിനും തലവേദനയായി. സ്ഥലത്ത് വൻ പോലീസ് സന്നാഹം എത്തിയതോടെയാണ് ആളുകളെ നിയന്ത്രിക്കാനായത്. സന്ധ്യയോടെ റൂറൽ എസ്.പി. കെ. കാർത്തിക്‌ ‌സ്ഥലത്തെത്തിയിരുന്നു. രാത്രി വൈകിയും ആളുകൾ സ്ഥലത്തുനിന്ന് പോയിട്ടില്ല.

Rakhil
രാഖില്‍

എല്ലാം ആസൂത്രിതം

ദിവസങ്ങളോളം ആസൂത്രണംചെയ്തു നടത്തിയ കൊലപാതകമാണ് മാനസയുടേതെന്നാണ് പോലീസിന്റെ നിഗമനം. യുവതി പേയിങ് ഗസ്റ്റായി താമസിക്കുന്ന വീടിന് അമ്പതുമീറ്റര്‍ മാറിയുള്ള വാടകമുറി രാഖില്‍ കണ്ടെത്തി. ഇവിടന്ന് മാനസ താമസിച്ചിരുന്ന കെട്ടിടം വീക്ഷിക്കാനുള്ള സൗകര്യമുണ്ടായിരുന്നു.

ജൂലായ് നാലിനാണ് പ്ലൈവുഡ് ബിസിനസാണെന്നു പറഞ്ഞ് രാഖില്‍ നെല്ലിക്കുഴിയിലെത്തിയതും വാടകമുറിയെടുത്ത് രണ്ടുദിവസം താമസിച്ചതും. കണ്ണൂരിലേക്ക് തിരിച്ചുപോയി തിങ്കളാഴ്ചയാണ് കോതമംഗലത്ത് വീണ്ടും എത്തുന്നത്. ഒരു ബാഗും കൊണ്ടുവന്നു. ഇതില്‍ ഒളിപ്പിച്ചാണ് തോക്കെത്തിച്ചതെന്നാണു നിഗമനം.

രാഖിലിനെ പകല്‍സമയത്തു മുറിയില്‍ കാണാറില്ലായിരുന്നെന്ന് വീട്ടുടമ ഇക്കരക്കുടി നൂറുദ്ദീന്‍ പറയുന്നു. ദിവസങ്ങളോളം കാണാത്തതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ കച്ചവട ആവശ്യത്തിനു പാലക്കാട് പോയിരിക്കുകയായിരുന്നെന്നാണു പറഞ്ഞത്. പ്രാദേശികമായി ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

വെടിവെപ്പ് അറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി പ്രാഥമിക വിവരശേഖരം നടത്തി. വിരലടയാള വിദഗ്ധരുമെത്തി. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ശനിയാഴ്ച ബാലിസ്റ്റിക് ഫൊറന്‍സിക് വിദഗ്ദ്ധസംഘമെത്തി തെളിവെടുപ്പു നടത്തും.

മാനസയുടെ അച്ഛന്‍ മാധവന്‍ നല്‍കിയ പരാതിയില്‍ ഡിവൈ.എസ്.പി. പി.പി. സദാനന്ദന്‍ ജൂലായ് അഞ്ചിന് രാഖിലിനെയും മാതാപിതാക്കളെയും സ്റ്റേഷനില്‍ വിളിച്ചിപ്പ് സംസാരിച്ചിരുന്നു. പ്രത്യക്ഷത്തില്‍ കേസെടുക്കാനുള്ള വിഷയമൊന്നും ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. താക്കീത് നല്‍കി വിട്ടയച്ചാല്‍ മതിയെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞതും.

രാഖിലിന്റെ ഫോണില്‍ പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാമില്‍നിന്നോ എഫ്.ബി.യില്‍നിന്നോ ശേഖരിച്ച ഫോട്ടോകള്‍ ഉണ്ടായിരുന്നു. ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത് ഫോട്ടോകള്‍ ഒഴിവാക്കി. മകനില്‍നിന്നും ഇത്തരത്തിലുള്ള പെരുമാറ്റം ഇനി ഉണ്ടാവില്ലെന്നും രക്ഷിതാക്കള്‍ ഉറപ്പുകൊടുത്തിരുന്നു.

അന്വേഷണം തോക്കിലേക്ക്

രാഖിലിന് പിസ്റ്റള്‍ എവിടെ നിന്ന് ലഭിച്ചു....? പോലീസ് അന്വേഷണം നീളുന്നതു തോക്കിന്റെ പിന്നാലെയാണ്. കൊലപാതകത്തിലെ ദുരൂഹത മുഴുവന്‍ തോക്കിലാണ്. ലൈസന്‍സുള്ള പിസ്റ്റള്‍ ആണോ അതോ മറ്റേതെങ്കിലും വഴി കൈക്കലാക്കിയതാണോ എന്നാണ് അന്വേഷിക്കുന്നത്. ബാലിസ്റ്റിക് പരിശോധനയില്‍ തോക്ക് സംബന്ധിച്ച് വ്യക്തത വരും. കോതമംഗലത്തുനിന്നു ദിവസങ്ങളോളം മാനസയെ നിരീക്ഷിച്ച ശേഷം കണ്ണൂരില്‍ തിരിച്ചെത്തി തോക്ക് സംഘടിപ്പിച്ചാണു രാഖില്‍ എത്തിയെന്നാണു പോലീസിന്റെ നിഗമനം.

കണ്ണൂര്‍, കാസര്‍കോട് മേഖലയില്‍ മംഗലാപുരത്തു നിന്ന് തോക്ക് കൈമാറുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബിഹാറില്‍നിന്ന് മംഗലാപുരം വഴി തോക്ക് എത്തും. ഇറക്കുമതി ചെയ്ത പിസ്റ്റളുകളും കിട്ടും.

അധോലോക കുറ്റവാളി രവി പൂജാരിയുമായി ബന്ധമുള്ള സംഘമാണു തോക്ക് കൈമാറ്റത്തില്‍ പ്രധാനമായും ഇവിടെ പ്രവര്‍ത്തിക്കുന്നത്. വിശ്വാസമുള്ള ഗുണ്ടാ സംഘങ്ങള്‍ക്കു മാത്രമാണു കാസര്‍കോട് സംഘം പിസ്റ്റള്‍ വില്‍ക്കുന്നത്. പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഗുണ്ടാ സംഘത്തിന് ഇത്തരത്തില്‍ തോക്ക് വരുന്നുണ്ട് എന്ന് പോലീസ് കണ്ടെത്തിയിരുന്നു. രാഖിലിന് ഇത്തരത്തില്‍ ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന വിവരവും പോലീസ് അന്വേഷിക്കും

രാഖില്‍ കഴിഞ്ഞിരുന്ന മുറി
രാഖില്‍ കഴിഞ്ഞിരുന്ന മുറി

മുറിയെടുത്തത് പ്ലൈവുഡ് വ്യാപാരിയെന്നു പറഞ്ഞ്

മാനസ പഠിക്കുന്ന നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലേക്ക് തിരിയുന്ന വലതു വശത്തെ ഇരുനില കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് രാഖില്‍ താമസിച്ചിരുന്നത്. പ്ലൈവുഡ് വ്യാപാരിയെന്നു പറഞ്ഞാണ് ഇവിടെ മുറിയെടുത്തത്. ആധാര്‍ രേഖകളും നല്‍കിയിരുന്നു.

ബാഗും വസ്ത്രങ്ങളും അത്യാവശ്യ സാധനങ്ങളും മാത്രമാണ് മുറിയില്‍ ഉണ്ടായിരുന്നത്. ഇടയ്ക്ക് വന്നുപോകുന്നതല്ലാതെ ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരമൊന്നും ആര്‍ക്കും അറിയില്ല.

മാനസയെ നിരീക്ഷിക്കുന്നതിനാകണം ദന്തല്‍ കോളേജിനും താമസ സ്ഥലത്തിനും മധ്യേയുള്ള സ്ഥലം ഇയാള്‍ തിരഞ്ഞെടുത്തതെന്ന് പോലീസ് കരുതുന്നു. കൃത്യം നടത്താനായി വ്യക്തമായ ആസൂത്രണം ചെയ്താണ് രാഖില്‍ ഇത്തവണ എത്തിയതെന്നാണ് നിഗമനം.

പകല്‍ പലപ്പോഴും ഇയാളെ മുറിയില്‍ കാണാറില്ലെന്ന് കെട്ടിട ഉടമ ഇക്കരകുടി നൂറുദീന്‍ പറഞ്ഞു. മുറിയെടുത്ത ശേഷം രണ്ട് ദിവസം കഴിഞ്ഞ് മുറിയടച്ച് പോയി. നാലു ദിവസം മുമ്പാണ് തിരിച്ചുവന്നത്. പെരുമാറ്റത്തില്‍ യാതൊരു അസ്വാഭാവികതയും തോന്നിയില്ലെന്നും ഉടമ പറഞ്ഞു.

Content Highlights: Manasa Murder Case