ഒരുമാസത്തിനിടെ മലപ്പുറം ജില്ലയില്‍ കൊല്ലപ്പെട്ടത് ഒറ്റയ്ക്ക് താമസിച്ചിരുന്ന മൂന്ന് വയോധികമാര്‍. രണ്ട് കൊലപാതകങ്ങള്‍ കുറ്റിപ്പുറത്തും ഒന്ന് മങ്കടയിലും. പ്രതികളെ കണ്ടെത്താന്‍ പോലീസ് നന്നേ പാടുപ്പെട്ടു. ജൂണ്‍ 18-ന് നടന്ന കുറ്റിപ്പുറത്തെ ആദ്യ കൊലപാതകത്തില്‍ ദിവസങ്ങള്‍ക്ക് ശേഷം പോലീസിന് പ്രതിയെ പിടികൂടാനായി. എന്നാല്‍ ഈ ആശ്വാസം അധികദിവസം നീണ്ടുനിന്നില്ല.

ജൂലായ് 16-ന് മങ്കട രാമപുരത്തും സമാനരീതിയില്‍ മറ്റൊരു കൊലപാതകം നടന്നു. ഒറ്റയ്ക്ക് താമസിച്ചിരുന്ന മങ്കട രാമപുരം ബ്ലോക്ക് പടിയില്‍ മുട്ടത്തില്‍ ആയിഷ(72)യെയാണ് വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഇവരുടെ ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. 

Read Also: ആദ്യം കുറ്റിപ്പുറത്ത്, ഇപ്പോള്‍ മങ്കടയിലും; ഒരുമാസത്തിനിടെ മലപ്പുറത്ത് കൊല്ലപ്പെട്ടത് ഒറ്റയ്ക്ക് താമസിച്ചിരുന്ന മൂന്ന് വയോധികര്‍....

ജൂണ്‍ 20-ന് കുറ്റിപ്പുറത്തിന് സമീപം തവനൂരില്‍ നടന്ന രണ്ടാമത്തെ കൊലപാതകത്തിലും മങ്കടയിലെ കൊലപാതകത്തിലും ഊര്‍ജിതമായാണ് പോലീസ് അന്വേഷണം നടത്തിയത്. രണ്ട് മാസം തികയും മുമ്പേ മങ്കടയിലെ കൊലക്കേസില്‍ പോലീസിന് പ്രതിയെ പിടികൂടാനായെങ്കിലും തവനൂരിലെ കൊലക്കേസില്‍ കാര്യമായ തുമ്പൊന്നും കിട്ടിയിട്ടില്ല. ഇതിനിടെ, രാമപുരത്തെ ആയിഷയെ കൊലപ്പെടുത്തിയത് ഉറ്റബന്ധുവാണെന്ന വിവരം നാട്ടുകാരിലും ഞെട്ടലുണ്ടാക്കി. ആയിഷയുടെ പേരക്കുട്ടിയുടെ ഭര്‍ത്താവ് നിഷാദ് അലി(34)യാണ് കേസില്‍ അറസ്റ്റിലായത്. കവര്‍ച്ച ലക്ഷ്യമിട്ടായിരുന്നു ആയിഷയെ കൊലപ്പെടുത്തിയതെന്നും പ്രതി പോലീസിനോട് സമ്മതിച്ചു. 

ആ ദിവസം, ജൂലായ് 16...

രാമപുരം ബ്ലോക്ക്പടിയിലെ വീട്ടില്‍ ആയിഷ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. പകല്‍ സ്വന്തം വീട്ടില്‍ കഴിഞ്ഞിരുന്ന ഇവര്‍ രാത്രി മകന്റെ വീട്ടില്‍ പോവുകയായിരുന്നു പതിവ്. ജൂലായ് 16 വെള്ളിയാഴ്ച രാത്രിയും പതിവുപോലെ പേരക്കുട്ടികള്‍ ആയിഷയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനെത്തി. സമയം ഏകദേശം ഒമ്പത് മണിയായിരുന്നു. എന്നാല്‍ ഏറെനേരം വിളിച്ചിട്ടും വീട്ടില്‍നിന്ന് ആയിഷയുടെ പ്രതികരണമൊന്നും ഉണ്ടായില്ല. ഇതോടെ പേരക്കുട്ടികള്‍ വീടിനകത്ത് കയറി പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടത്. രക്തംവാര്‍ന്ന് നിലത്ത് കിടക്കുകയായിരുന്നു ആയിഷ. പരിഭ്രാന്തരായ പേരക്കുട്ടികള്‍ ഉടന്‍ ബന്ധുക്കളെ വിവരമറിയിച്ചു. അയല്‍ക്കാരുടെ സഹായത്തോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ആയിഷ നേരത്തെ മരിച്ചിരുന്നു. 

അന്വേഷണം, കുഴക്കിയത് ചില മൊഴികള്‍...

ആയിഷ ധരിച്ചിരുന്ന എട്ടരപവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതിനാല്‍ കവര്‍ച്ചയ്ക്ക് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് തുടക്കത്തിലേ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ആര്, എപ്പോള്‍, എങ്ങനെ തുടങ്ങിയ ചോദ്യങ്ങള്‍ ബാക്കിയായി. ആദ്യഘട്ടത്തില്‍ പ്രദേശത്തുള്ളവരില്‍നിന്നും ബന്ധുക്കളില്‍നിന്നും വിശദമായ മൊഴികളെടുത്തു. ആയിഷയെ വെള്ളിയാഴ്ച വൈകിട്ട് വീടിന് മുന്നില്‍ കണ്ടതായി ചിലര്‍ പോലീസിനോട് പറഞ്ഞു. ഇതോടെ വൈകുന്നേരത്തിന് ശേഷമുള്ള സമയത്ത് എന്ത് സംഭവിച്ചുവെന്നതാണ് പോലീസ് അന്വേഷിച്ചത്. പ്രദേശത്തെ സിസിടിവി ക്യാമറകളില്‍നിന്നുള്ള ദൃശ്യങ്ങള്‍ ശേഖരിച്ചു. പക്ഷേ, കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. 

ഇതിനിടെയാണ് ആയിഷയെ വൈകിട്ട് വീടിന് മുന്നില്‍ കണ്ടെന്ന മൊഴി തെറ്റാണെന്ന് പോലീസിന് ബോധ്യമായത്. മൊഴി നല്‍കിയത് പ്രായമുള്ളവരായായിരുന്നു. ഇവര്‍ക്ക് സമയം ഓര്‍ത്തെടുക്കാന്‍ കൃത്യമായി കഴിഞ്ഞിരുന്നില്ല. രാവിലെ വീടിന് മുന്നില്‍ ആയിഷയെ കണ്ട ഇവരുടെ ഓര്‍മയില്‍ അത് വൈകീട്ടാണെന്നായിരുന്നു. ഇക്കാര്യത്തിലുണ്ടായിരുന്ന സംശയങ്ങള്‍ പോലീസ് ദുരീകരിച്ചതോടെ പിന്നീട് ചടുലവേഗത്തിലായിരുന്നു അന്വേഷണം. 

അറിയുന്ന ആരോ വീട്ടില്‍വന്നു, ചായയും ഓംലറ്റും....

കൊലപാതകം നടന്ന വീട്ടില്‍നിന്ന് ലഭിച്ച ചില സൂചനകളാണ് അന്വേഷണത്തിന്റെ ഗതി നിര്‍ണയിച്ചത്. ചായ കുടിക്കാത്ത ആയിഷ അന്നേദിവസം ചായയുണ്ടാക്കിയതും ഓംലറ്റുണ്ടാക്കിയതും സംശയത്തിനിടയാക്കി. വീട്ടില്‍ ആരോ വന്നിട്ടുണ്ടെന്നും ഇവരെ സത്കരിച്ചതാണിതെന്നും പോലീസ് ഉറപ്പിച്ചു. വാതിലിലോ മറ്റോ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളില്ലാത്തതിനാല്‍ പരിചയമുള്ളയാളാണ് വീട്ടില്‍ വന്നതെന്നും മനസിലായി. ഇതോടെ ആയിഷയുടെ ബന്ധുക്കളെയും മറ്റും കേന്ദ്രീകരിച്ചായി അന്വേഷണം. 

നിഷാദ് അലി, സ്‌കൂളിലെ ഐ.ടി. അധ്യാപകന്‍...

ആയിഷയുടെ ബന്ധുക്കളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പേരക്കുട്ടിയുടെ ഭര്‍ത്താവും മമ്പാട് സ്‌കൂളിലെ ഐ.ടി. ഗസ്റ്റ് അധ്യാപകനുമായ നിഷാദ് അലിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. വന്‍ സാമ്പത്തിക ബാധ്യതയുള്ള ഇയാള്‍ക്കെതിരേ നിലമ്പൂര്‍ സ്റ്റേഷനിലുള്ള വഞ്ചനാക്കേസുകളും സംശയം വര്‍ധിപ്പിച്ചു. മാത്രമല്ല, സ്‌കൂളിലെ ചില പെണ്‍കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങി പണയംവെച്ചെന്ന വിവരവും പോലീസിന് ലഭിച്ചിരുന്നു.

mankada murder
നിഷാദ് അലി, കൊല്ലപ്പെട്ട ആയിഷ | ഫയല്‍ചിത്രം | മാതൃഭൂമി

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംഭവദിവസം മമ്പാട് നിന്ന് നിഷാദ് അലി രാമപുരത്ത് എത്തിയതായി കണ്ടെത്തി. ഇതോടെ നിഷാദ് അലിയെ കണ്ടെത്താനായിരുന്നു പോലീസിന്റെ ശ്രമം. നിഷാദ് അലി തങ്ങളുടെ അന്വേഷണപരിധിയിലുണ്ടെന്ന സൂചന ആര്‍ക്കും നല്‍കിയിരുന്നില്ല. 

നാട്ടില്‍ ഇല്ല, മുങ്ങി; പൊക്കിയത് കോഴിക്കോട്ടുനിന്ന്...

മമ്പാട് കുടുംബത്തോടൊപ്പം താമസിക്കുന്ന നിഷാദ് അലി ഏതാനും ദിവസങ്ങളിലായി നാട്ടില്‍ ഇല്ലെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഇയാള്‍ നാട്ടില്‍നിന്ന് മാറിനില്‍ക്കുകയാണെന്നാണ് ബന്ധുക്കളും നാട്ടുകാരും കരുതിയത്. പക്ഷേ, പോലീസിന് ഏറെക്കുറേ കാര്യങ്ങള്‍ ഉറപ്പായിരുന്നു. ഇതോടെ നിഷാദ് അലിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചായി അന്വേഷണം. പ്രതി കോഴിക്കോട് ഉണ്ടെന്ന് വിവരം ലഭിച്ചതോടെ അന്വേഷണസംഘം അവിടേക്ക് കുതിച്ചു. നഗരത്തിലെ ലോഡ്ജില്‍ ഒളിവില്‍കഴിഞ്ഞിരുന്ന നിഷാദ് അലിയെ കൈയോടെ പിടികൂടി.

കുറ്റം സമ്മതിച്ച് പ്രതി, തകര്‍ന്നത് മോറിസ് കോയിനില്‍...

പോലീസ് പിടിയിലായതോടെ ഭാര്യയുടെ മുത്തശ്ശിയെ കൊലപ്പെടുത്തിയത് താനാണെന്ന് നിഷാദ് അലി സമ്മതിച്ചു. ഏകദേശം 50 ലക്ഷത്തോളം രൂപയുടെ സാമ്പത്തിക ബാധ്യതയാണ് കൊലപാതകം നടത്തി കവര്‍ച്ച നടത്താന്‍ പ്രേരിപ്പിച്ചതെന്നും പ്രതി മൊഴി നല്‍കി. 

മമ്പാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഐ.ടി. ഗസ്റ്റ് അധ്യാപകനായ നിഷാദ് മോറിസ് കോയിന്‍ ക്രിപ്‌റ്റോകറന്‍സി ഇടപാടില്‍ സജീവമായതാണ് സാമ്പത്തിക ബാധ്യതയ്ക്ക് കാരണമായതെന്നാണ് പോലീസ് പറയുന്നത്. അധ്യാപക ജോലിക്കൊപ്പം മലപ്പുറം കേന്ദ്രീകരിച്ച് നടന്ന മോറിസ് കോയിന്‍ ഇടപാടുകളിലും ഇയാള്‍ പണം നിക്ഷേപിച്ചിരുന്നു. പിന്നീട് നാട്ടുകാരില്‍നിന്ന് പണം സമാഹരിച്ചും നിക്ഷേപം നടത്തി. ബന്ധുവിന്റെ സിമന്റ് വ്യാപാരത്തില്‍ നിക്ഷേപിക്കാനെന്ന് പറഞ്ഞാണ് ചിലരില്‍നിന്നെല്ലാം പണം വാങ്ങിയത്. പക്ഷേ, എല്ലാതുകയും മോറിസ് കോയിന്‍ ക്രിപ്‌റ്റോകറന്‍സിക്കായി നിക്ഷേപിക്കുകയായിരുന്നു. 

മോറിസ് കോയിന്‍ തട്ടിപ്പാണെന്ന് പുറത്തറിഞ്ഞതോടെയാണ് നിഷാദ് അലിയുടെയും സാമ്പത്തിക തകര്‍ച്ച ആരംഭിക്കുന്നത്. മോറിസ് കോയിനില്‍ പണം നിക്ഷേപിച്ച് തിരികെ ലഭിക്കാതായതോടെ പണം നല്‍കിയവരെല്ലാം നിഷാദ് അലിക്കെതിരേ തിരിഞ്ഞു. മോറിസ് കോയിന്‍ തട്ടിപ്പില്‍ കുടുങ്ങിയതോടെ ഏകദേശം 50 ലക്ഷത്തോളം രൂപയുടെ ബാധ്യതയാണ് ഇയാള്‍ക്കുണ്ടായിരുന്നത്. പണം തിരികെ ലഭിക്കാതിരുന്ന ചിലര്‍ ഇയാള്‍ക്കെതിരേ പോലീസിലും പരാതി നല്‍കി. 

ഇതിനിടെ, സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ നിഷാദ് പല അടവുകളും പയറ്റി. സ്‌കൂളിലെ വിദ്യാര്‍ഥിനികളുമായി സൗഹൃദം സ്ഥാപിച്ച് ഇവരുടെ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി പണയംവെച്ചു. ഇക്കാര്യം രക്ഷിതാക്കള്‍ അറിഞ്ഞതോടെ ഇവരും പരാതിയുമായെത്തി. ഇതിനിടെ സ്‌കൂളില്‍നിന്ന് 80,000 രൂപയും ഒരുലക്ഷത്തിന്റെ ക്യാമറയും മോഷ്ടിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ സിസിടിവിക്യാമറകളുടെ ദൃശ്യങ്ങള്‍ ശേഖരിക്കുന്ന ഡി.വി.ആറും മോഷ്ടിച്ചു. പക്ഷേ, ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ ഇതൊന്നും മതിയായില്ല. 

ആഭരണങ്ങള്‍ ധരിച്ചെത്തിയ ആയിഷയെ കണ്ടിരുന്നു, പണം ചോദിച്ചെങ്കിലും നല്‍കിയില്ല...

സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ ഭാര്യയുടെ മുത്തശ്ശിയായ ആയിഷയോട് നിഷാദ് അലി നേരത്തെ പണം ചോദിച്ചിരുന്നു. എന്നാല്‍ ഇവര്‍ നല്‍കിയില്ല. ഇതിനിടെ, ഒരു വിവാഹചടങ്ങില്‍വെച്ച് ആയിഷ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ പ്രതി ശ്രദ്ധിച്ചു. ഇതോടെയാണ് ആയിഷയെ കൊലപ്പെടുത്തി കവര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. 

ജൂലായ് 16-നാണ് കൃത്യം നടത്തിയതെങ്കിലും അതിന് മുമ്പുള്ള ദിവസങ്ങളിലും പ്രതി രാമപുരത്ത് എത്തിയിരുന്നതായാണ് പോലീസ് പറയുന്നത്. കൊലപാതകം നടത്തി സ്വര്‍ണം മോഷ്ടിക്കാന്‍ തീരുമാനിച്ചതോടെ ഇതിനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. വിരലടയാളം പതിയാതിരിക്കാന്‍ ഗ്ലൗസുകള്‍ ഉള്‍പ്പെടെ നേരത്തെ സംഘടിപ്പിച്ചു. തുടര്‍ന്ന് ഒരുദിവസം രാമപുരത്ത് വന്നെങ്കിലും ആയിഷയുടെ വീടിന് സമീപമെല്ലാം ആളുകളുണ്ടായിരുന്നതിനാല്‍ മടങ്ങിപ്പോയി. പിന്നീട് മറ്റൊരുദിവസവും ഇവിടേക്കെത്തി. പക്ഷേ, വീടിന് സമീപത്ത് ആള്‍ത്തിരക്കുള്ള കവലയുള്ളതും സമീപവാസികള്‍ പുറത്തുള്ളതും പ്രതിയെ പിന്തിരിപ്പിച്ചു. തുടര്‍ന്നാണ് രാവിലെ എത്തിയാല്‍ കവലയിലും സമീപത്തും ആളുകള്‍ കുറവായിരിക്കുമെന്ന് പ്രതി മനസിലാക്കിയത്. ഇതനുസരിച്ച് ജൂലായ് 16-ന് രാവിലെ രാമപുരത്തേക്ക് വരികയായിരുന്നു. 

ബൈക്ക് മാറ്റി, രാവിലെ എത്തി...

മമ്പാട്ടെ സ്വന്തംവീട്ടില്‍ നിന്ന് ബൈക്കിലാണ് നിഷാദ് അലി രാമപുരത്തേക്ക് യാത്രതിരിച്ചത്. ഇതിനിടെ ബൈക്ക് കേടായി അല്പസമയം വൈകി. തുടര്‍ന്ന് മറ്റൊരു ബൈക്ക് സംഘടിപ്പിച്ച് യാത്ര തുടര്‍ന്നു. രാവിലെ എട്ടുമണിയോടെ ആയിഷയുടെ വീട്ടിലെത്തി. 

പേരക്കുട്ടിയുടെ ഭര്‍ത്താവിനെ കണ്ട് ആയിഷ സ്വീകരിച്ചു. അതിഥിക്ക് ചായയും നല്‍കി. ചായ കുടിച്ചശേഷം നിഷാദ് അലി ശൗചാലയത്തില്‍ പോകണമെന്ന് പറഞ്ഞു. തുടര്‍ന്ന് ശൗചാലയത്തില്‍ കയറി നേരത്തെ കരുതിയിരുന്ന ഗ്ലൗസ് കൈയില്‍ ധരിച്ചു. പുറത്തിറങ്ങിയപ്പോള്‍ ആയിഷ വീട്ടിനുള്ളിലെ പൊടി തട്ടുകയായിരുന്നു. പിന്നിലൂടെ എത്തിയ പ്രതി ആയിഷയുടെ വായും മൂക്കും പൊത്തി ശ്വാസംമുട്ടിച്ചു. പിടിവലിക്കിടെ ആയിഷ തലയിടിച്ച് നിലത്തുവീണു. തലപൊട്ടി രക്തംവാര്‍ന്നു. തുടര്‍ന്ന് വീണുകിടന്ന ആയിഷയെ വീണ്ടും ശ്വാസംമുട്ടിച്ച് മരണം ഉറപ്പാക്കി. ഇവരുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഊരിയെടുത്തു. വീട്ടിലെ പണവും മറ്റും കവര്‍ച്ച ചെയ്യാന്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും ആ സമയത്ത് പരിഭ്രാന്തനായതിനാല്‍ പ്രതി അതിനൊന്നും മുതിര്‍ന്നില്ല. കൈയില്‍ കിട്ടിയ സ്വര്‍ണാഭരണവുമായി ബൈക്കില്‍ കടന്നുകളഞ്ഞു. 

മരണവിവരമറിഞ്ഞ് രാമപുരത്തേക്ക് വീണ്ടും, ചടങ്ങുകളിലും പങ്കെടുത്തു...

കൊലപാതകം നടത്തി മടങ്ങിയ പ്രതി യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് ബന്ധുക്കളോട് പെരുമാറിയിരുന്നത്.  ആയിഷയുടെ മരണവിവരമറിഞ്ഞ് ഭാര്യയെയും കൂട്ടി ഇയാള്‍ രാമപുരത്ത് എത്തുകയും ചെയ്തു. പിറ്റേദിവസം മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞാണ് മടങ്ങിയത്. ഇതിനുശേഷവും ബന്ധുക്കള്‍ക്കോ മറ്റോ നിഷാദ് അലിയെക്കുറിച്ച് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. അന്വേഷണം നിഷാദ് അലിയിലേക്ക് കേന്ദ്രീകരിച്ചപ്പോള്‍ പോലീസും ഇതേക്കുറിച്ച് ബന്ധുക്കളോട് പറഞ്ഞിരുന്നില്ല. ഒടുവില്‍ നിഷാദ് അലിയാണ് കൊടുംക്രൂരത ചെയ്തതെന്ന വിവരമറിഞ്ഞപ്പോള്‍ ആയിഷയുടെ ബന്ധുക്കളും നാട്ടുകാരും ഒരുപോലെ ഞെട്ടി. 

പോലീസിന് അഭിമാനനേട്ടം....

നാളുകള്‍ നീണ്ട അന്വേഷണത്തിലും കാര്യമായ തുമ്പൊന്നും ലഭിക്കാതിരുന്നതോടെ ആയിഷ കൊലക്കേസില്‍ പോലീസിനെതിരേ പ്രതിഷേധമുയര്‍ന്നിരുന്നു. സംഭവം നടന്ന് രണ്ടുമാസം തികയാറായിട്ടും പ്രതിയെ പിടികൂടാത്തതില്‍ സമരസമിതി ഉള്‍പ്പെടെ രൂപവത്കരിക്കുന്നതിനും ആലോചനയുണ്ടായി. ഇതിനിടെയാണ് പോലീസ് സമര്‍ഥമായ അന്വേഷണത്തിനൊടുവില്‍ പ്രതിയെ പിടികൂടിയത്. 

പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ്‌കുമാര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. കെ.എം. ബിജു, മങ്കട പോലീസ് ഇന്‍സ്‌പെക്ടര്‍ ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തില്‍ സി.പി. മുരളീധരന്‍, സി.പി. സന്തോഷ്‌കുമാര്‍, ഷാഹുല്‍ ഹമീദ്, പി.എസ്. ഷിജു, പ്രശാന്ത് പയ്യനാട്, എം. മനോജ്കുമാര്‍, എന്‍.ടി. കൃഷ്ണകുമാര്‍, അഷ്‌റഫ് കൂട്ടില്‍, ദിനേശ് കിഴക്കേക്കര, പ്രഭുല്‍, ബിന്ദു, സൈബര്‍ സെല്ലിലെ ഷൈലേഷ് എന്നിവരാണുണ്ടായിരുന്നത്. കേസില്‍ നിഷാദ് അലിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷനല്‍കുമെന്നും കസ്റ്റഡിയില്‍ വാങ്ങിയ ശേഷം വിശദമായ ചോദ്യംചെയ്യലുണ്ടാകുമെന്നും മങ്കട പോലീസ് ഇന്‍സ്‌പെക്ടര്‍ ഷാജഹാന്‍ പറഞ്ഞു. 

 

Content Highlights: mankada ramapuram ayisha murder case accused has huge debt due to morris coin investment