ഇന്‍സ്റ്റഗ്രാമിലൂടെ ആരംഭിച്ച സൗഹൃദം ഭീഷണിക്ക് വഴിമാറിയപ്പോള്‍ മാനസ ഒഴിഞ്ഞുമാറിയതാണ്. എല്ലാകാര്യങ്ങളും വീട്ടില്‍ പറയുകയും പോലീസിന്റെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കുകയും ചെയ്തു. എന്നാല്‍ പോലീസിന് മുന്നില്‍ എല്ലാം തലയാട്ടി സമ്മതിച്ച രഖിലിന് മനസില്‍ പക വളരുകയായിരുന്നു. ആ പക കലാശിച്ചത് ദാരുണമായ കൊലപാതകത്തിലും ആത്മഹത്യയിലും. 

ഒന്ന് മുതല്‍ പ്ലസ്ടു വരെ കണ്ണൂര്‍ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു മാനസയുടെ പഠനം. അച്ഛന്‍ മാധവന്‍ വിരമിച്ച സൈനികനാണ്. നിലവില്‍ കണ്ണൂര്‍ ടൗണിലെ ഹോംഗാര്‍ഡായി ജോലിചെയ്യുകയാണ് അദ്ദേഹം. പുതിയതെരു രാമഗുരു യു.പി. സ്‌കൂളിലെ അധ്യാപിക സബീനയാണ് മാനസയുടെ അമ്മ. സഹോദരന്‍ അശ്വന്തും.

പ്ലസ്ടുവിന് ശേഷം മെഡിക്കല്‍ പ്രവേശന പരീക്ഷയെഴുതി സര്‍ക്കാര്‍ ക്വാട്ടയിലാണ് മാനസ കോതമംഗലം ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സില്‍ പ്രവേശനം നേടിയത്. ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കി ബി.ഡി.എസ്. ഡോക്ടറായി കോളേജില്‍നിന്ന് പുറത്തിറങ്ങാന്‍ ദിവസങ്ങള്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. അതിനിടെയാണ് രഖിലിന്റെ തോക്കിന്‍കുഴലിന് മുന്നില്‍ ആ പെണ്‍കുട്ടിയുടെ ജീവന്‍ പൊലിഞ്ഞത്. 

Manasa

എം.ബി.എ. പഠനം പൂര്‍ത്തിയാക്കി ഇന്റീരിയര്‍ ഡിസൈനിങ് ജോലി ചെയ്തുവരികയായിരുന്നു രഖില്‍. മേലൂര്‍ ചകിരികമ്പനിക്ക് സമീപം താമസിക്കുന്ന രഘുത്തമന്റെയും രജിതയുടെയും മകന്‍. ഏകസഹോദരന്‍ രാഹുല്‍ തലശ്ശേരിയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരന്‍. കണ്ണൂര്‍ സ്വദേശികളായ ഇവര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മേലൂരില്‍ വീട് വെച്ച് താമസം ആരംഭിച്ചത്. എന്നാല്‍ രഖിലിനെക്കുറിച്ച് നാട്ടുകാര്‍ക്ക് അധികമൊന്നും അറിയില്ല. 

ഇന്റീരിയര്‍ ഡിസൈന്‍ ജോലികള്‍ ചെയ്തിരുന്ന രഖിലിന് നാട്ടില്‍ അധികം സൗഹൃദങ്ങളില്ലെന്നാണ് പഞ്ചായത്തംഗമായ നാരായണന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചത്. കഴിഞ്ഞദിവസം സംഭവമറിഞ്ഞപ്പോള്‍ രഖില്‍ തന്നെയാണോയെന്ന് ഉറപ്പുവരുത്താനും നാട്ടുകാര്‍ക്ക് പെട്ടെന്ന് കഴിഞ്ഞതുമില്ല. ഇടയ്ക്കിടെ വാഹനത്തില്‍ ചീറിപ്പാഞ്ഞുപോകുന്ന രഖിലിനെ മാത്രമാണ് ഇവര്‍ക്കറിയുന്നത്. നാട്ടിലെ യുവാക്കളുമായോ മറ്റുള്ളവരുമായോ ഒരു ബന്ധവും ഇയാള്‍ക്കുണ്ടായിരുന്നില്ല. അതേസമയം, സഹോദരന്‍ രാഹുല്‍ നാട്ടുകാര്‍ക്കിടയില്‍ സുപരിചിതനായിരുന്നു. അമ്മ രജിത കുടുംബശ്രീ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും സജീവമാണ്. എന്നാല്‍ മാനസയുമായുള്ള അടുപ്പത്തെക്കുറിച്ചോ ഇതുസംബന്ധിച്ച് നേരത്തെയുണ്ടായോ പ്രശ്‌നങ്ങളെക്കുറിച്ചോ മറ്റുള്ളവരൊന്നും അറിഞ്ഞിരുന്നില്ല. കഴിഞ്ഞദിവസം കോതമംഗലത്തുനിന്നുള്ള വാര്‍ത്ത പുറത്തുവന്നതോടെയാണ് ഇതെല്ലാം നാട്ടുകാര്‍ക്ക് വ്യക്തമാകുന്നത്. 

manasa murder case

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ബി.ഡി.എസ്. വിദ്യാര്‍ഥിനിയായ മാനസയും രഖിലും സൗഹൃദം ആരംഭിക്കുന്നത്. എം.ബി.എ. കഴിഞ്ഞയാളാണെന്നും ബെംഗളൂരുവിലും കൊച്ചിയിലുമായാണ് ജോലിചെയ്യുന്നതെന്നും ഇയാള്‍ മാനസയോട് പറഞ്ഞിരുന്നു. മാസങ്ങള്‍ പിന്നിട്ടതോടെ ഇവരുടെ സൗഹൃദത്തില്‍ വിള്ളല്‍വീണു. രഖിലുമായുള്ള ബന്ധത്തില്‍നിന്ന് മാനസ പിന്‍വാങ്ങുകയും ചെയ്തു. 

ബന്ധത്തില്‍നിന്ന് പിന്മാറിയിട്ടും രഖില്‍ പെണ്‍കുട്ടിയെ പിന്തുടരുന്നതും ഫോണില്‍വിളിച്ച് ശല്യംചെയ്യുന്നതും തുടരുകയായിരുന്നു. ഒരിക്കല്‍ മാനസയെ പിന്തുടര്‍ന്ന് കോതമംഗലത്തെ കോളേജിലുമെത്തി. ഇതോടെയാണ് പെണ്‍കുട്ടി പ്രശ്‌നം വീട്ടില്‍ അവതരിപ്പിച്ചത്. ഹോംഗാര്‍ഡായ മാനസയുടെ അച്ഛന്‍ ഇത് പോലീസിലും അറിയിച്ചു. 

ഒന്നും മിണ്ടാതെ രഖില്‍...

രഖില്‍ കോതമംഗലത്ത് എത്തി മാനസയെ കാണാന്‍ ശ്രമിച്ചെന്ന പരാതിയാണ് നേരത്തെ ലഭിച്ചതെന്ന് കണ്ണൂര്‍ ഡിവൈ.എസ്.പി. പി.പി.സദാനന്ദന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ''പെണ്‍കുട്ടിയുടെ അച്ഛന്‍ ഇവിടെ ഹോംഗാര്‍ഡാണ്. അദ്ദേഹത്തെ എനിക്ക് വ്യക്തിപരമായി അറിയാവുന്നതാണ്. അതുകൊണ്ടാണ് സംഭവത്തില്‍ ഞാന്‍ തന്നെ ഇടപെട്ടത്. കര്‍ശനമായ താക്കീത് നല്‍കണമെന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അതനുസരിച്ച് ജൂലായ് അഞ്ചാം തീയതി എല്ലാം നല്ലരീതിയില്‍ തീരുമാനമാക്കി പോയതാണ്. പിന്നീട് കഴിഞ്ഞദിവസം ഈ കൊലപാതകവാര്‍ത്തയാണ് കേട്ടത്''- ഡിവൈ.എസ്.പി. പറഞ്ഞു. 

മാനസ സൗഹൃദത്തില്‍നിന്ന് പിന്മാറിയിട്ടും രഖില്‍ മാനസയെ പിന്തുടര്‍ന്നതാണ് മൂന്നാഴ്ച മുമ്പത്തെ പരാതിക്ക് കാരണമായത്. കോതമംഗലത്തെ കോളേജിലെത്തി ഇയാള്‍ മാനസയെ കാണാന്‍ശ്രമിച്ചിരുന്നു. ഫോണ്‍വിളിക്കാനും ശ്രമിച്ചു. ഇതോടെ പെണ്‍കുട്ടി അച്ഛനെ അറിയിക്കുകയും ഹോംഗാര്‍ഡായ മാധവന്‍ പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. യുവാവിനെ വിളിച്ച് താക്കീത് നല്‍കണമെന്നായിരുന്നു ആവശ്യം. നിയമനടപടികളൊന്നും വേണ്ടെന്നും പറഞ്ഞിരുന്നു. കേസെടുക്കാനായി അന്ന് ക്രിമിനല്‍ കുറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പോലീസും പറയുന്നത്. 

ആദ്യദിവസം പരാതി നല്‍കാന്‍ മാനസയും എത്തിയിരുന്നു. രഖിലിന്റെ ഫോണില്‍ തന്റെ ഫോട്ടോകളുണ്ടെന്നും അത് ഒഴിവാക്കണമെന്നും പെണ്‍കുട്ടി പറഞ്ഞു. ഇതനുസരിച്ചാണ് ജൂലായ് അഞ്ചിന് രഖിലിനെയും മാതാപിതാക്കളെയും സുഹൃത്തുക്കളെയും ഡിവൈ.എസ്.പി. ഓഫീസിലേക്ക് വിളിപ്പിച്ചത്. 

മാനസയുടെ അച്ഛനും സംഭവദിവസം ഓഫീസിലെത്തി. ഇവരുടെയെല്ലാം സാന്നിധ്യത്തില്‍ ഇനിയൊരു പ്രശ്‌നങ്ങളുമുണ്ടാകില്ലെന്ന് രഖിലും മാതാപിതാക്കളും പറഞ്ഞു. ഡിവൈ.എസ്.പി. ഓഫീസില്‍ ശാന്തനായിനിന്ന രഖില്‍ അധികം സംസാരിക്കുക പോലും ചെയ്തില്ല. രഖില്‍ ഫോണില്‍സൂക്ഷിച്ചിരുന്ന സാമൂഹികമാധ്യമങ്ങളില്‍നിന്ന് പകര്‍ത്തിയ മാനസയുടെ ഫോട്ടോകള്‍ പോലീസിന്റെ സാന്നിധ്യത്തില്‍ ഒഴിവാക്കി. ഫോണ്‍ ഫോര്‍മാറ്റുംചെയ്തു. അവസാനം ഒരുതരത്തിലുള്ള ബന്ധത്തിനും ഞാനില്ലെന്ന് പറഞ്ഞാണ് രഖില്‍ പോയത്. 

രഖിലിനെ അന്ന് കണ്ടപ്പോള്‍ പ്രശ്‌നക്കാരനായി തോന്നിയിട്ടില്ലെന്നാണ് ഡിവൈ.എസ്.പി.യും പറയുന്നത്. 'ശാന്തസ്വഭാവക്കാരനായാണ് യുവാവ് അന്ന് പെരുമാറിയത്. സംസാരിക്കുക പോലും ചെയ്തിട്ടില്ല. എല്ലാം കേട്ടുനില്‍ക്കുകയായിരുന്നു. ഇനിയൊരു ബന്ധത്തിനുമില്ലെന്ന ഒറ്റവാക്ക് മാത്രമാണ് അവന്‍ പറഞ്ഞത്'- ഡിവൈ.എസ്.പി പറഞ്ഞു. 

ഇനി അന്വേഷണം തോക്കിന്റെ ഉറവിടം കണ്ടെത്താന്‍...

മാനസയെ വെടിവെച്ച് കൊന്ന് രഖിലും ജീവനൊടുക്കിയതോടെ കേസില്‍ പ്രതികളൊന്നുമില്ല. അതേസമയം, രഖിലിന് എങ്ങനെയാണ് തോക്ക് ലഭിച്ചതെന്ന ചോദ്യത്തിനാണ് ഇനി പോലീസിന് ഉത്തരം കണ്ടെത്തേണ്ടത്. നാട്ടില്‍ അധികം സുഹൃത്തുക്കളൊന്നുമില്ലാത്ത രഖിലിന് തോക്ക് കിട്ടിയത് എങ്ങനെയെന്ന് കണ്ടെത്താന്‍ ഊര്‍ജിതമായ അന്വേഷണം തുടരുകയാണ്. ബാലിസ്റ്റിക് വിദഗ്ധരടക്കം തോക്ക് പരിശോധിക്കുകയും ചെയ്തു. 

manasa

രഖിലിന്റെ മൊബൈല്‍ഫോണില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് നിലവില്‍ പോലീസിന്റെ പ്രതീക്ഷ. ഇയാള്‍ ഇടയ്ക്കിടെ ബെംഗളൂരുവിലേക്ക് യാത്രചെയ്തിരുന്നതായും ബെംഗളൂരുവില്‍ ചില സുഹൃത്തുക്കളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ ബന്ധങ്ങള്‍ വഴിയാണോ തോക്ക് കൈക്കലാക്കിയതെന്നും പോലീസ് അന്വേഷിച്ചുവരികയാണ്. നാട്ടില്‍ സുഹൃത്തുക്കള്‍ കുറവായതിനാല്‍ സാമൂഹികമാധ്യമങ്ങള്‍ വഴിയും ഫോണ്‍വഴിയും സൗഹൃദമുള്ളവരുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. 

ഇതിനിടെ, ഒരു സുഹൃത്തിന്റെ സഹായത്തോടെയാണ് രഖില്‍ കോതമംഗലത്ത് വാടകമുറി തരപ്പെടുത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. മാനസയുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കണമെന്നും അതിനായി കോളേജിനടുത്ത് തന്നെ മുറി വേണമെന്നുമാണ് രഖില്‍ സുഹൃത്തിനോട് പറഞ്ഞിരുന്നത്.