കൊച്ചി : പ്രണയവും സൗഹൃദവും ജീവനെടുക്കുന്ന വില്ലന്‍മാരാകുന്നതിന്റെ ഒടുവിലത്തെ കഥയാണു മാനസയുടേത്. പ്രണയാഭ്യര്‍ഥന നിരസിക്കുമ്പോഴും പ്രണയം തകരുമ്പോഴും ഒരാള്‍ മറ്റൊരാളുടെ ജീവിതം തകര്‍ത്തുകളയുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നത് ആദ്യമല്ല. കൊല്ലപ്പെടുന്നതെപ്പോഴും സ്ത്രീകളാണ്.

ആലപ്പുഴയിലെ പോലീസുകാരിയായ സൗമ്യ, തൃശ്ശൂരില്‍ അച്ഛനും അമ്മയും ഇല്ലാതെ മുത്തശ്ശിക്കൊപ്പം കഴിഞ്ഞിരുന്ന എന്‍ജിനീയറിങ് വിദ്യാര്‍ഥിനി നീതു, മലക്കപ്പാറയില്‍ കാറിനുള്ളില്‍ കൊല്ലപ്പെട്ട എറണാകുളത്തെ പതിനേഴുകാരി, പെരിന്തല്‍മണ്ണ ഏളാട് കുത്തേറ്റു മരിച്ച ദൃശ്യ, ഒന്നരക്കൊല്ലം മുമ്പ് കാക്കനാട് അത്താണിയില്‍ അച്ഛനമ്മമാരുടെ മുന്നില്‍ വെച്ച് തീയിട്ടു കൊന്ന ദേവിക.... അങ്ങനെ നീളുന്നു ഈ പട്ടിക.

പ്രണയ നൈരാശ്യത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷമാദ്യം കൊച്ചി വാഴക്കാല സ്വദേശിയായ അമല്‍ കാക്കനാട് കുസുമഗിരി ആശുപത്രിക്കു സമീപത്തുവെച്ചു പതിനേഴുകാരിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഇരുവരും തമ്മില്‍ ആദ്യം അടുപ്പത്തിലായിരുന്നു.

അകന്നപ്പോഴാണു പ്രശ്‌നങ്ങള്‍ തുടങ്ങിയത്. അന്ന് അമല്‍ ആ പെണ്‍കുട്ടിയോടു പറഞ്ഞതിങ്ങനെയായിരുന്നു, 'ആലപ്പുഴയിലെ പോലീസുകാരിയെ പോലെ നിന്നെയും കൊല്ലും'.

ആലപ്പുഴ വള്ളിക്കുന്നത്ത് 2019 ജൂണിലായിരുന്നു ആ സംഭവം. വള്ളിക്കുന്നം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യ പുഷ്പാകരനെയാണ് ആലുവ ട്രാഫിക് സ്റ്റേഷനില്‍ സിവില്‍ പോലീസ് ഓഫീസറായിരുന്ന അജാസ് വഴിയിലിട്ടു കൊലപ്പെടുത്തിയത്. സ്‌കൂട്ടറില്‍ പോവുകയായിരുന്ന സൗമ്യയെ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇതിനുശേഷം പെട്രോളൊഴിച്ചു തീകൊളുത്തി കൊന്നു. തൃശ്ശൂര്‍ പോലീസ് ട്രെയിനിങ് കോളേജില്‍ വെച്ചായിരുന്നു ഇരുവരും പരിചയപ്പെട്ടത്.

പ്രണയബന്ധത്തില്‍നിന്നു പിന്‍മാറിയ പ്ലസ്ടു വിദ്യാര്‍ഥിനിയെ തൃശ്ശൂരിലെ അതിര്‍ത്തി ഗ്രാമമായ മലക്കപ്പാറയില്‍ കാറില്‍ എത്തിച്ച് കുത്തിക്കൊലപ്പെടുത്തിയതും മറക്കാറായിട്ടില്ല. കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം.

കൊച്ചിയിലെ കാര്‍ സര്‍വീസ് കമ്പനി ജീവനക്കാരനായിരുന്ന സഫര്‍ ഷായാണു സര്‍വീസിനെത്തിച്ച കാറുമായി അതിരപ്പിള്ളി വഴി പെണ്‍കുട്ടിയുമായി മലക്കപ്പാറയ്ക്കു പോയത്. സ്‌കൂള്‍ യൂണിഫോമിലായിരുന്നു പെണ്‍കുട്ടി. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നു തൃശ്ശൂര്‍ ചീയാരത്തെ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയായിരുന്ന നീതുവിനെ എറണാകുളത്തെ ഐ.ടി. കമ്പനി ജീവനക്കാരനായിരുന്ന നിധീഷ് വീട്ടിലെത്തി കുത്തിയും തീ കൊളുത്തിയും കൊലപ്പെടുത്തിയത് 2019 ഏപ്രിലിലായിരുന്നു. രണ്ടാം വയസ്സില്‍ അച്ഛനെയും അമ്മയെയും നഷ്ടമായ നീതു മുത്തശ്ശിക്കൊപ്പമായിരുന്നു താമസം.

രാവിലെ ആറരയ്ക്ക് വീടിന്റെ മതില്‍ ചാടിയെത്തിയ നിധീഷ് നീതുവുമായി തര്‍ക്കിച്ചതിനു പിന്നാലെ കത്തിയെടുത്ത് കഴുത്തില്‍ കുത്തി. നിലവിളിച്ചോടി കുളിമുറിയില്‍ കയറിയ നീതുവിനെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു.

കാസര്‍കോട് സുള്യയിലെ അക്ഷത, പുന്നപ്രയിലെ അനിത, ആറ്റിങ്ങലിലെ സൂര്യ എസ്. നായര്‍, കടമ്മനിട്ടയിലെ സരിക.... പട്ടിക ഇങ്ങനെ നീണ്ടുപോകുന്നു.