പാലക്കാട്: നെന്മാറ അയിലൂരിൽ യുവാവ് കാമുകിയെ 10 വർഷം സ്വന്തം വീട്ടിൽ ഒളിപ്പിച്ച സംഭവത്തിൽ മറ്റ് ദുരൂഹതകളൊന്നുമില്ലെന്ന് പോലീസ്. ഇരുവരും പറഞ്ഞ കാര്യങ്ങളെല്ലാം പോലീസ് സംഘം നേരിട്ട് പരിശോധിച്ച് ഉറപ്പു വരുത്തിയെന്നും ഇവർ പറഞ്ഞതെല്ലാം വിശ്വസിക്കാനാവുന്ന കാര്യങ്ങളാണെന്നും നെന്മാറ എസ്.എച്ച്.ഒ. ദീപുകുമാർ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ഇരുവർക്കും കൗൺസിലിങ് നൽകാനുള്ള സംവിധാനം പോലീസ് ഒരുക്കുമെന്നും മറ്റു സഹായങ്ങൾ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അയിലൂരിലെ റഹ്‌മാനാണ് കാമുകിയായ സജിതയെ സ്വന്തം വീട്ടിൽ പത്ത് വർഷം ആരുമറിയാതെ ഒളിപ്പിച്ചത്. മൂന്നു മാസം മുമ്പ്‌ വീട് വിട്ടിറങ്ങിയ റഹ്‌മാനെ കഴിഞ്ഞ ദിവസം സഹോദരൻ യാദൃശ്ചികമായി കണ്ടെത്തിയതാണ് സംഭവത്തിൽ നിർണായകമായത്. തുടർന്ന് റഹ്‌മാൻ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയ പോലീസ് സംഘം കണ്ടത് പത്ത് വർഷം മുമ്പ് കാണാതായ സജിത എന്ന യുവതിയെയായിരുന്നു. തങ്ങൾ പ്രണയത്തിലാണെന്നും പത്ത് വർഷം യുവതിയെ സ്വന്തം വീട്ടിൽ ആരുമറിയാതെ താമസിപ്പിച്ചെന്നും റഹ്‌മാൻ വെളിപ്പെടുത്തിയപ്പോൾ പോലീസിന് പോലും ആദ്യം വിശ്വസിക്കാനായില്ല. എന്നാൽ ഇവരുടെ മൊഴികളനുസരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ പറഞ്ഞതൊന്നും അവിശ്വസിക്കേണ്ട കാര്യമില്ലെന്നും ഇതെല്ലാം നടക്കാവുന്ന കാര്യങ്ങളാണെന്നുമാണ് നെന്മാറ എസ്.എച്ച്.ഒ. പറഞ്ഞത്.

''യുവതി വളരെ ബോൾഡായാണ് സംസാരിച്ചത്. 18 വയസ്സുള്ളപ്പോഴാണ് അവർ റഹ്‌മാനൊപ്പം ജീവിതം ആരംഭിച്ചത്. ഇരുവരും പ്രണയത്തിലാണെന്ന കാര്യം ആർക്കും അറിയുമായിരുന്നില്ല. അതിനാൽതന്നെ യുവതിയെ കാണാതായ സംഭവത്തിൽ റഹ്‌മാനെ ആരും സംശയിച്ചതുമില്ല. നാലു ജോഡി വസ്ത്രങ്ങളുമായാണ് അന്ന് യുവതി വീടു വിട്ടിറങ്ങിയത്. ആരുടെയെങ്കിലും കൂടെ ഒളിച്ചോടി പോയതാണെന്ന് അന്നേ വീട്ടുകാർ സംശയിച്ചിരുന്നു. മൊബൈൽ ഫോണൊന്നും ഉപയോഗിക്കാതിരുന്നതും അന്നത്തെ അന്വേഷണത്തില്‍  വെല്ലുവിളിയായി.

"പത്ത് വർഷം വീട്ടിലെ ചെറിയ മുറിയിലാണ് യുവാവ് യുവതിയെ ഒളിപ്പിച്ച് താമസിപ്പിച്ചത്. വീട്ടുകാരെ ആരെയും മുറിയിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. ഭക്ഷണമെല്ലാം മുറിയിൽ കൊണ്ടുപോയാണ് കഴിച്ചത്. മകന് മാനസികപ്രശ്നമുണ്ടെന്ന് മാതാപിതാക്കൾക്ക് തോന്നിയത് യുവാവിന് സഹായകമായി. ഇത് മറയാക്കിയായിരുന്നു പിന്നീടുള്ള പെരുമാറ്റം. മാനസികപ്രശ്നമുള്ളയാളല്ലേ, അവൻ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ ശല്യം ചെയ്യേണ്ട എന്നുകരുതി വീട്ടുകാരും റഹ്‌മാന്റെ കാര്യങ്ങളിൽ ഇടപെട്ടില്ല.

"യുവാവിനെ കൂടാതെ മാതാപിതാക്കളും സഹോദരിയും അവരുടെ കുട്ടിയുമാണ് വീട്ടിലുണ്ടായിരുന്നത്. ആ കുട്ടി ഒരിക്കൽപോലും യുവാവിന്റെ മുറി കണ്ടിട്ടില്ല. മുറിയിൽനിന്ന് രഹസ്യമായി പുറത്തു പോകാൻ ജനൽ പോലെ ഒരു വിടവ് ഉണ്ടാക്കിയിരുന്നു. അടിയന്തരഘട്ടങ്ങളിൽ യുവതിയ്ക്ക് കയറിയിരിക്കാൻ പാകത്തിൽ ഒരു പ്രത്യേക പെട്ടിയും ഉണ്ടായിരുന്നു. വീടുപണി നടക്കുന്ന സമയത്തെല്ലാം ഈ പെട്ടിയിലാണ് യുവതി കഴിഞ്ഞിരുന്നത്.

"പുറത്തുനിന്ന് വാതിൽ തുറക്കാൻ ശ്രമിച്ചാൽ ഉള്ളിലെ ലോക്ക് താനെ അടയുന്ന സാങ്കേതികവിദ്യയും യുവാവ് ഒരുക്കിയിരുന്നു. ടി.വി. ഉച്ചത്തിൽവെച്ചാണ് ഇരുവരും പരസ്പരം സംസാരിച്ചിരുന്നത്. വലിയ അസുഖങ്ങളൊന്നും ഇക്കാലയളവിൽ വന്നില്ലെന്നാണ് പറഞ്ഞത്. ചെറിയ ചില മരുന്നുകളെല്ലാം വാങ്ങി സൂക്ഷിക്കുകയും ചെയ്തിരുന്നു''- എസ്.എച്ച്.ഒ. വിശദീകരിച്ചു.

മൂന്ന് മാസം മുമ്പ് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് നട്ടുച്ചയ്ക്കാണ് യുവതി വീട്ടിൽനിന്ന് പുറത്തിറങ്ങിയത്. അന്ന് മാസ്ക് വെച്ച് സമീപത്തെ ബസ് സ്റ്റോപ്പിൽനിന്ന് ബസിൽ കയറി പോവുകയായിരുന്നു. ബസിലുണ്ടായിരുന്നവർക്കോ നാട്ടുകാർക്കോ അവരെ തിരിച്ചറിയാനായില്ല. 10 വർഷം മുമ്പുള്ള യുവതിയുടെ ഫോട്ടോയിൽനിന്ന് ഇപ്പോൾ അവർക്ക് ഏറെ വ്യത്യാസം വന്നിട്ടുണ്ട്.

നാട്ടുകാരുടെ മനസിൽനിന്ന് യുവതിയുടെ മുഖംതന്നെ മാഞ്ഞു പോയിരുന്നു. ഇതും ഇവർക്ക് സഹായകരമായെന്നും എസ്.എച്ച്.ഒ. പറഞ്ഞു. ഇരുവരുടെയും കഥകൾ കേട്ട് പോലീസിന് ആദ്യം വിശ്വസിക്കാനായിരുന്നില്ല. എന്നാൽ ആ വീട്ടിൽ ആരൊക്കെ വന്നു, എന്തൊക്കെ സംസാരിച്ചു എന്നെല്ലാം യുവതി കൃത്യമായി പറഞ്ഞു. അന്വേഷിച്ചതിൽ ഇതിൽ മറ്റ് ദുരൂഹതകള്‍ ഒന്നുമില്ലെന്നാണ് കണ്ടെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights:man hides his lover for ten years in home police says about sajitha rahman love story