ല്ലാം സംസാരിച്ച് തീർക്കണം, ഇനി ഒരുമിച്ച് ജീവിക്കണം- മെറിനെ കാണാൻ പോകുന്നതിന് മുമ്പ് ഭർത്താവ് നിവിൻ എന്ന ഫിലിപ്പ് മാത്യു സുഹൃത്തുക്കളെ വിളിച്ച് പറഞ്ഞതിങ്ങനെയാണ്. പക്ഷേ, പിറ്റേദിവസം ശുഭകരമായൊരു ഫോൺ വിളി പ്രതീക്ഷിച്ച സുഹൃത്തുക്കൾ കേട്ടതാകട്ടെ ഫിലിപ്പ് മെറിനെ കൊലപ്പെടുത്തിയെന്ന വാർത്തയും. ഫിലിപ്പിനെ പെട്ടെന്ന് പ്രകോപിതനാക്കാനും കൊലപാതകത്തിലേക്ക് നയിക്കാനും എന്താണ് കാരണമെന്ന് അവർക്കുമറിയില്ല.

'2016 ജൂലായ് 30-നാണ് ഫിലിപ്പും മെറിനും വിവാഹിതരാകുന്നത്. പ്ലസ്ടു പഠനം നാട്ടിൽ പൂർത്തിയാക്കിയതിന് പിന്നാലെയാണ് ഫിലിപ്പ് അമേരിക്കയിലെ മാതാപിതാക്കളുടെ അടുത്തേക്ക് പോയത്. പിന്നീട് അവിടെ പഠനവും ജോലിയും തുടർന്നു. വൈവാഹിക വെബ്സൈറ്റിലൂടെയാണ് നഴ്സായ മെറിന്റെ വിവാഹാലോചന വരുന്നത്. വീട്ടുകാരെല്ലാം ചേർന്ന് നടത്തിയ വിവാഹം. പിന്നാലെ മെറിനുമായി അമേരിക്കയിലേക്ക് പോയി.

ദമ്പതിമാർക്കിടയിലുണ്ടാകുന്ന സാധാരണ പ്രശ്നങ്ങളായിരുന്നു ഇരുവർക്കുമിടയിൽ ഉണ്ടായിരുന്നതെന്നാണ് ഫിലിപ്പിന്റെ സുഹൃത്ത് പറഞ്ഞത്. മെറിൻ അല്പം വാശിക്കാരിയും ഫിലിപ്പ് ദേഷ്യക്കാരനുമായിരുന്നു. ഇത് ചെറിയ പ്രശ്നങ്ങൾ പോലും വലുതാകാൻ കാരണമായി. അടുത്തിടെ നാട്ടിലെത്തിയപ്പോൾ വിമാനത്താവളത്തിൽവെച്ച് ഇരുവരും വഴക്കിട്ടിരുന്നു. ഫിലിപ്പ് ഏർപ്പാടാക്കിയ ടാക്സി വരാൻ താമസിച്ചതിന്റെ പേരിലായിരുന്നു ആ വഴക്ക്. അവസാനം നാട്ടിൽ വന്ന സമയത്താണ് മെറിനും കുടുംബവും ഫിലിപ്പിനെതിരേ ചങ്ങനാശ്ശേരി പോലീസിൽ പരാതി നൽകിയത്. എന്നാൽ തന്നോട് മെറിൻ വെറുതെ വഴക്കിടുകയാണെന്നും മനഃപൂർവ്വം കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നുമാണ് ഫിലിപ്പ് ഇതേക്കുറിച്ച് പറഞ്ഞത്. മെറിന്റെ ഒരു ബന്ധും ഫിലിപ്പിനെ വിളിച്ച് ഇക്കാര്യം സൂചിപ്പിച്ചതായും അന്ന് പറഞ്ഞിരുന്നു.

Merin

ദമ്പതിമാർക്കിടയിലെ പ്രശ്നങ്ങളിൽ ഇരുവീട്ടുകാരും ചർച്ചയൊക്കെ നടത്തിയിരുന്നു. ഒന്നും പരിഹാരമായില്ല. ഇതിനിടെ കേസിൽ കുടുങ്ങുമെന്ന് ഭയന്നാണ് ഫിലിപ്പ് നേരത്തെ തന്നെ അമേരിക്കയിലേക്ക് മടങ്ങിപ്പോയത്. ജനുവരിയിൽ മെറിനും അമേരിക്കയിൽ തിരിച്ചെത്തി. ഇതിനുശേഷം മെറിനും ഫിലിപ്പും പലപ്പോഴും ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ ഫോണിൽ സംസാരിക്കുന്ന കാര്യം വീട്ടുകാരോ മറ്റോ അറിയരുതെന്ന് മെറിൻ ഫിലിപ്പിനോട് പറഞ്ഞിരുന്നു. പ്രശ്നം വഷളാക്കുന്നത് മെറിന്റെ വീട്ടുകാരാണെന്നായിരുന്നു ഫിലിപ്പിന്റെ ആരോപണം. മെറിന്റെ വീട്ടുകാരോടും ഫിലിപ്പ് ദേഷ്യപ്പെട്ടാണ് സംസാരിച്ചിരുന്നത്. മെറിനെ അവരുടെ വീട്ടുകാരുമായി ഫോണിൽ സംസാരിക്കാൻ പോലും അനുവദിച്ചിരുന്നില്ല.

കൊലപാതകം നടന്നതിന്റെ തലേദിവസമാണ് ഫിലിപ്പ് അവസാനമായി വിളിച്ചത്. മെറിനെ കാണാനാണ് കോറൽസ്പ്രിങ്സിൽ പോയത്. എന്നാൽ രാത്രി ഷിഫ്റ്റ് ആയതിനാൽ കാണാൻ പറ്റിയില്ല. തുടർന്ന് അവിടെ ഒരു മുറിയെടുത്ത് താമസിച്ചു.
ഹോട്ടലിൽനിന്ന് വീഡിയോ കോൾ ചെയ്തിരുന്നു. പിറ്റേദിവസം മെറിനോട് സംസാരിച്ച് എല്ലാം തീർപ്പാക്കണമെന്നാണ് വീഡിയോ കോളിൽ പറഞ്ഞത്. കുഞ്ഞിനെ കാണാതിരുന്നിട്ട് ഒരുപാട് വിഷമമുണ്ടെന്നും പറഞ്ഞു. പക്ഷേ, പിറ്റേദിവസം എന്താണ് സംഭവിച്ചതെന്ന് കൃത്യമായി ഞങ്ങൾക്കറിയില്ല. മെറിൻ വഞ്ചിച്ചെന്നാണ് ഫിലിപ്പ് പോലീസിന് നൽകിയ മൊഴി. പക്ഷേ, അത് എന്താണെന്നോ ഏതാണെന്നോ ഞങ്ങൾക്കറിയില്ല'- പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സുഹൃത്ത് വിശദീകരിച്ചു.

മകളെ കാണാൻ പറ്റാത്തതിൽ ഫിലിപ്പ് മാനസികമായി ഏറെ തളർന്നിരുന്നതായും സുഹൃത്ത് പറഞ്ഞു. പലപ്പോഴും ഉറക്കം പോലും കിട്ടുന്നില്ലെന്ന് പറഞ്ഞ് വിളിച്ചിരുന്നു. കുഞ്ഞിനും മെറിനുമൊപ്പവും ജീവിക്കാൻ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും പറഞ്ഞു. മെറിനോടും വീട്ടുകാരോടും ചെയ്തതിനെല്ലാം മാപ്പ് ചോദിച്ചിരുന്നു. പക്ഷേ, എന്തുകൊണ്ടോ പ്രശ്നങ്ങൾക്ക് പരിഹാരമായില്ല.

ഫിലിപ്പ് ലഹരിക്ക് അടിമയാണെന്നും സ്ഥിരം മദ്യപാനിയാണെന്നുമുള്ള ആരോപണങ്ങൾ തീർത്തും തെറ്റാണെന്നും സുഹൃത്ത് വ്യക്തമാക്കി. ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്ത കൃത്യം തന്നെയാണ് അവൻ ചെയ്തത്. പക്ഷേ, അവൻ മാനസികരോഗിയാണെന്നും ലഹരിക്ക് അടിമയാണെന്നും വരുത്തിതീർക്കാൻ ശ്രമിക്കുന്നത് ദുഃഖകരമാണ്. കഴിഞ്ഞ 20 വർഷത്തിലേറായി അവനെ എനിക്കറിയാം. അവൻ വളരെ വിരളമായേ മദ്യപിക്കാറുള്ളുവെന്നും സുഹൃത്ത് പറഞ്ഞു.

Merin

ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 7.30 ഓടെയാണ് കോറൽസ്പ്രിങ്സ് ബ്രോവാർഡ് ആശുപത്രിയിലെ നഴ്സായ മെറിൻ ജോയ് കൊല്ലപ്പെട്ടത്. ആശുപത്രിയിൽനിന്ന് ഷിഫ്റ്റ് കഴിഞ്ഞ് പുറത്തിറങ്ങിയ മെറിനെ ഭർത്താവ് ഫിലിപ്പ് മാത്യൂ പാർക്കിങ് ഏരിയയിൽവെച്ച് കുത്തിവീഴ്ത്തുകയായിരുന്നു. 17 തവണയാണ് കത്തി കൊണ്ട് കുത്തിയത്. പിന്നാലെ നിലത്തുവീണ മെറിന്റെ ശരീരത്തിലൂടെ കാർ ഓടിച്ചുകയറ്റി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ മെറിനെ സമീപത്തെ മറ്റൊരു ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ഫിലിപ്പിന്റെ കാറിന്റെ നമ്പർ ആശുപത്രിയിലെ സുരക്ഷാജീവനക്കാരൻ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഫിലിപ്പ് പിടിയിലായത്. ഹോട്ടലിൽ മുറിയെടുത്ത് പെട്രോളൊഴിച്ചും കത്തി കൊണ്ട് മുറിവേൽപ്പിച്ചും ജീവനൊടുക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്. ഇയാൾക്കെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഫിലിപ്പ്-മെറിൻ ദമ്പതികളുടെ ഏകമകൾ നോറ നാട്ടിൽ മെറിന്റെ വീട്ടിലാണ്.

ഫിലിപ്പ് നിരന്തരമായി മെറിനെ ഉപദ്രവിച്ചിരുന്നതായാണ് മെറിന്റെ ബന്ധുക്കളുടെ ആരോപണം. മെറിൻ ജോലികഴിഞ്ഞ് വരുമ്പോൾ വീട് അടച്ചുപൂട്ടിയിരിക്കുന്നതും പതിവായിരുന്നു. അമേരിക്കയിലാവുമ്പോൾ ഒരിക്കൽ പോലീസിനെ വിളിച്ചാണ് മെറിൻ വീടിനകത്തേക്ക് പ്രവേശിച്ചത്. ഉറങ്ങിപ്പോയെന്നായിരുന്നു അന്ന് ഫിലിപ്പ് പോലീസിനോട് പറഞ്ഞത്. കഴിഞ്ഞ തവണ ഇരുവരും നാട്ടിലെത്തിയപ്പോളും പ്രശ്നങ്ങളുണ്ടായി. തുടർന്ന് മെറിൻ പോലീസിൽ പരാതി നൽകി. വിവാഹമോചനത്തിനുള്ള നീക്കങ്ങളും ആരംഭിച്ചു. ഫിലിപ്പിൽനിന്ന് രക്ഷപ്പെടാനായി കോറൽസ്പ്രിങ്സിൽനിന്ന് താംബയിലേക്ക് മാറാൻ മെറിൻ തീരുമാനിച്ചിരുന്നു. അതിനാൽ തിങ്കളാഴ്ച ആശുപത്രിയിലെ അവസാനദിവസമായിരുന്നു. പക്ഷേ, രാത്രി ഷിഫ്റ്റ് പൂർത്തിയാക്കി എല്ലാവരോടും യാത്ര പറഞ്ഞിറങ്ങിയ മെറിൻ ആശുപത്രിക്ക് പുറത്തിറങ്ങിയതിന് പിന്നാലെ ഭർത്താവിന്റെ കൊലക്കത്തിക്കിരയാവുകയായിരുന്നു.

Content Highlights:malayali nurse merin joy murder case usa accused nivin philip mathews friend says about their life