കുറവിലങ്ങാട്(കോട്ടയം): കുത്തേറ്റ് രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ അലറിക്കരഞ്ഞത് 'എനിക്കൊരു കുഞ്ഞുണ്ടെ'ന്ന്. അമേരിക്കയിലെ സൗത്ത് ഫ്ലോറിഡയിൽ ഭർത്താവിന്റെ കുത്തേറ്റുമരിച്ച മലയാളി നഴ്സ് മോനിപ്പള്ളി മരങ്ങാട്ടിൽ ജോയിയുടെ മകൾ മെറിൻ ജോയിയുടെ നിലവിളി കേട്ട് ഓടിച്ചെന്ന ആശുപത്രിയിലെ സഹപ്രവർത്തകരിലൊരാൾ പറഞ്ഞതാണിതെന്ന് ബന്ധുക്കൾ.

എന്നാൽ, വാവയെ കാണാൻ ഇനി അമ്മ വരില്ലെന്നോ അമ്മയെ കൊന്നകുറ്റത്തിന് അച്ഛനെ പോലീസ് അറസ്റ്റു ചെയ്തെന്നോ അറിയാൻ പ്രായമാകാത്ത കുഞ്ഞുനോറയുടെ മോനിപ്പള്ളിയിലെ വീട്ടിൽ കളിചിരിയും കൊഞ്ചലും തുടരുന്നു. ഇതുകണ്ട് ഇവിടെയെത്തുന്നവർ വിതുമ്പുന്നു.

അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും പരിചരണത്തിലുള്ള നോറയെ എന്നും ഓൺലൈനിൽ വിളിച്ച് മെറിൻ കൊഞ്ചിച്ചിരുന്നു. ദുരന്തത്തിന് മണിക്കൂറുകൾക്കുമുമ്പുമാത്രം ഡ്യൂട്ടിക്കിടയിലും മെറിൻ വിളിച്ചിരുന്നു. നല്ല ഉറക്കക്ഷീണമുണ്ടെന്നും വീട്ടിലെത്തി ഉറങ്ങണമെന്നും ഇനി വിളിക്കില്ലെന്നും പറഞ്ഞാണ് അവസാനിപ്പിച്ചത്. അത് അവസാനത്തെ വിളിയാകുമെന്നും ഇനി ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്കുള്ള യാത്രാമൊഴിയാണെന്നും, മണിക്കൂറുകൾക്കുശേഷം ദുരന്തവാർത്തയറിഞ്ഞപ്പോഴാണ് വേദനയോടെ പ്രിയപപ്പയും അമ്മയും പൊന്നുവും അറിയുന്നത്. ഏകസഹോദരി മീരയെ 'പൊന്നു' എന്നാണ് മെറിൻ വിളിച്ചിരുന്നത്.

അമേരിക്കയിലും കേരളത്തിലും പോലീസ് ഇടപെട്ടിരുന്നു

കുടുംബകലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് മാതാപിതാക്കൾ പറയുന്നത്. 2019 ഡിസംബർ 19-നാണ് കുഞ്ഞുമായി ഇവർ നാട്ടിലെത്തിയത്. ചങ്ങനാശ്ശേരിയിൽ ഫിലിപ്പിന്റെ വീട്ടിൽ മെറിനെ ഫിലിപ്പ് ആക്രമിച്ചതായി ജോയി പറഞ്ഞു. മെറിൻ വിളിച്ചിട്ട് ജോയിയും ബന്ധുക്കളും മെറിനെ കൂട്ടാനായി ചങ്ങനാശ്ശേരിയിലെത്തി. ഈസമയം ഫിലിപ്പ് കുട്ടിയുമായി മുറിയിൽ കതകടച്ചിരുന്നു. ഏറെനേരത്തെ തർക്കത്തിനുശേഷമാണ് കുട്ടിയുമായി പുറത്തുവന്നത്. അന്ന് കുട്ടിയുമായി മെറിൻ മോനിപ്പള്ളിക്ക് പോന്നു. തുടർന്ന് ഇവർ ചങ്ങനാശ്ശേരി പോലീസിൽ പരാതി നൽകി. വൈകാതെ ഫിലിപ്പ്, അച്ഛനും സുഹൃത്തുക്കൾക്കുമൊപ്പം കുട്ടിയെ ആവശ്യപ്പെട്ട് മോനിപ്പള്ളിയിലെത്തി. അന്നും തർക്കമുണ്ടായി. ഇതും പരാതിക്കിടയാക്കി. തുടർന്ന് ബന്ധം വേർപിരിയുന്നതിന് മെറിൻ കോടതിയെ സമീപിച്ചു. 2020 ജനുവരി 12-ന് ഒന്നിച്ച് അമേരിക്കയിലേക്ക് മടങ്ങാനായിരുന്നു ടിക്കറ്റ്. കോടതിയെ സമീപിച്ചതറിഞ്ഞ ഫിലിപ്പ് ജനുവരി ഒന്നിനുതന്നെ മടങ്ങി. മകൾ നോറയെ മോനിപ്പള്ളിയിലെ വീട്ടിലാക്കി മെറിൻ ജനുവരി 29-നും മടങ്ങി.

നോറ 2018 ജൂണിലാണ് ജനിച്ചത്. ശുശ്രൂഷിക്കാനായി മെറിന്റെ അമ്മ മേഴ്സി അമേരിക്കയിൽ ഇവരുടെയടുത്ത് പോയിരുന്നു. അന്നും ഫിലിപ്പ് മെറിനെ ആക്രമിച്ച സംഭവമുണ്ട്. പോലീസ് ഫിലിപ്പിനെ അറസ്റ്റുചെയ്തിരുന്നെന്നും മേഴ്സി പറഞ്ഞു. മെറിൻ ജോലികഴിഞ്ഞെത്തുമ്പോൾ ഫിലിപ്പ് വീട് അടച്ചുപൂട്ടി ഇരിക്കും. ഒരിക്കൽ വീടിനുള്ളിൽ കടക്കാൻവയ്യാതെവന്നപ്പോൾ പോലീസിനെ അറിയിച്ചു. പോലീസെത്തിയപ്പോൾ ഫിലിപ്പ് ഉറക്കത്തിലായിരുന്നെന്നറിയിച്ച് കതക് തുറന്നു.നോറ ജനിച്ചശേഷം ഓൺലൈനിൽ കുട്ടിയെ കാണാൻപോലും മെറിന്റെ അച്ഛൻ ജോയിയെ ഫിലിപ്പ് അനുവദിച്ചില്ല. മെറിൻ മോനിപ്പള്ളിയിലേക്ക് വിളിക്കുന്നതും വിലക്കിയിരുന്നു.

അവസാനത്തെ ഷിഫ്റ്റ് പൂർത്തിയാക്കി മരണത്തിലേക്ക്

കോറൽ സ്പ്രിങ്സ് ആശുപത്രിയിലെ ജോലി രാജിവച്ച് ഓഗസ്റ്റ് 15-ന് താമ്പയിലേക്ക് താമസം മാറ്റാനുള്ള ഒരുക്കത്തിലായിരുന്നു മെറിനെന്ന്, അച്ഛൻ ജോയി പറഞ്ഞു. ആശുപത്രിയിലെ അവസാനത്തെ ഷിഫ്റ്റ് പൂർത്തിയാക്കി പുറത്തിറങ്ങുമ്പോഴായിരുന്നു ദുരന്തം. മെറിൻ മറ്റൊരു കുടുംബത്തോടൊപ്പമായിരുന്നു താമസം. അവർക്കൊപ്പം 30-ന് ജന്മദിനം ആഘോഷിക്കുന്നതിനുള്ള ഒരുക്കവും നടത്തിയിരുന്നു. ഭർത്താവ് ഫിലിപ്പുമായുള്ള ബന്ധത്തിൽനിന്ന് രക്ഷപ്പെടാൻവേണ്ടിയാണ് മെറിൻ താമ്പയിലേക്ക് മാറാൻ തീരുമാനിച്ചതെന്ന്, ഒപ്പം ജോലിചെയ്തിരുന്ന സുഹൃത്തിനോട് പറഞ്ഞിരുന്നു.

Content Highlights:malayali nurse merin joy murder case florida usa