മലപ്പുറം: പെരിന്തല്‍മണ്ണ ഏലംകുളത്ത് പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ ദാരുണകൊല. ഏലംകുളം സ്വദേശി സി.കെ. ബാലചന്ദ്രന്റെ മകള്‍ ദൃശ്യ(21)യെയാണ് വിനീഷ് വിനോദ്(21) എന്നയാള്‍ വീട്ടില്‍ കയറി കുത്തിക്കൊന്നത്. ദൃശ്യയുടെ സഹോദരി ദേവശ്രീ(13)യെയും പ്രതി കുത്തിപരിക്കേല്‍പ്പിച്ചു. കുട്ടി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 

വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് അതിക്രൂരമായ കൊലപാതകം നടന്നത്. യുവതി വീട്ടില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത കേട്ടതോടെ നാട്ടുകാരും നടുങ്ങി. കഴിഞ്ഞദിവസം ബാലചന്ദ്രന്റെ ഉടമസ്ഥതയിലുള്ള സി.കെ. ടോയ്‌സ് എന്ന സ്ഥാപനത്തില്‍ തീപ്പിടിത്തമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹത്തിന്റെ മകള്‍ ദൃശ്യ വീട്ടില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തയും നാട്ടുകാരറിഞ്ഞത്. കൊലപാതകത്തിന് പുറമേ സി.കെ. ടോയ്‌സിന് തീയിട്ട സംഭവത്തിന് പിന്നിലും വിനീഷ് വിനോദാണെന്നാണ് സൂചന. 

പെരിന്തല്‍മണ്ണ മുട്ടുങ്ങലിലാണ് വിനീഷ് വിനോദിന്റെ വീട്. കൊല്ലപ്പെട്ട ദൃശ്യയും പ്രതിയും സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചിരുന്നതായാണ് വിവരം. ഇയാള്‍ ദൃശ്യയോട് പലതവണ പ്രണയാഭ്യര്‍ഥന നടത്തിയിരുന്നെങ്കിലും യുവതി ഇത് നിരസിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. യുവാവിന്റെ ശല്യംചെയ്യല്‍ തുടര്‍ന്നപ്പോള്‍ ദൃശ്യയുടെ വീട്ടുകാര്‍ ഇയാള്‍ക്കെതിരേ പരാതിയും നല്‍കിയിരുന്നത്രേ. ഇതെല്ലാമാണ് സ്ഥാപനം തീവെച്ച് നശിപ്പിക്കുന്നതിലേക്കും ദാരുണമായ കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് സൂചന. 

കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെയാണ് ബാലചന്ദ്രന്റെ പെരിന്തല്‍മണ്ണ ഊട്ടി റോഡിലുള്ള സി.കെ. ടോയ്‌സില്‍ തീപ്പിടിത്തമുണ്ടായത്. മൂന്നുനില കെട്ടിടത്തിന്റെ ഒന്നാംനിലയിലെ ഗോഡൗണ്‍ ഉള്‍പ്പെടെ പത്ത് കടമുറികളിലെ സാധനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. ഇവിടെ സൂക്ഷിച്ചിരുന്ന ബാഗുകള്‍, ലെതര്‍ ഉത്പന്നങ്ങള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയാണ് കത്തിനശിച്ചത്. പെരിന്തല്‍മണ്ണ, മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളില്‍നിന്നെത്തിയ അഗ്നിരക്ഷാസേന യൂണിറ്റുകള്‍ ഏറെ പണിപ്പെട്ടാണ് ഒരുമണിക്കൂറിന് ശേഷം തീ നിയന്ത്രണവിധേയമാക്കിയത്. 

fire
ദൃശ്യയുടെ പിതാവ് ബാലചന്ദ്രന്റെ സി.കെ. ടോയ്‌സ് എന്ന സ്ഥാപനം കഴിഞ്ഞദിവസം രാത്രി അഗ്നിക്കിരയായപ്പോള്‍ | ഫോട്ടോ: മാതൃഭൂമി

രാത്രി പത്തരയോടെ തീയണച്ചെങ്കിലും തീപ്പിടിക്കാൻ കാരണമെന്തായിരുന്നു എന്ന് വ്യക്തമായിരുന്നില്ല. ഇതേക്കുറിച്ച് അന്വേഷണം ആരംഭിക്കാനിരിക്കെയാണ് വ്യാഴാഴ്ച രാവിലെ ദൃശ്യ കൊല്ലപ്പെട്ടത്.

വീട്ടിലെ കിടപ്പുമുറിയില്‍ അതിക്രമിച്ചുകയറിയാണ് വിനീഷ് വിനോദ് ഉറങ്ങുകയായിരുന്ന ദൃശ്യയെ കുത്തിക്കൊന്നത്. ഈ സമയം യുവതിയുടെ അമ്മയും സഹോദരിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ദൃശ്യയുടെ നിലവിളി കേട്ട് മുകളിലെ നിലയില്‍നിന്നോടി വന്ന സഹോദരി ദേവശ്രീ ആക്രമണം ചെറുക്കാന്‍ ശ്രമിച്ചു. ഇതോടെ ദേവശ്രീയെയും കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം പ്രതി രക്ഷപ്പെട്ടെങ്കിലും ഉടന്‍തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. ദൃശ്യയെ കൊലപ്പെടുത്തുന്നതിനിടെ ബാലചന്ദ്രന്റെ സ്ഥാപനത്തിന് തീയിട്ടത് താനാണെന്ന് പ്രതി വിളിച്ചുപറഞ്ഞതായും വിവരമുണ്ട്. 

രാത്രി സ്ഥാപനത്തിന് തീയിട്ട ശേഷം ഇയാള്‍ ദൃശ്യയുടെ വീടിന് സമീപം ഒളിച്ചിരുന്നതായാണ് കരുതുന്നത്. രാത്രിമുഴുവന്‍ ഇവിടെ പതിയിരുന്ന ശേഷം രാവിലെ എട്ടുമണിയോടെ വീട്ടില്‍ അതിക്രമിച്ചുകയറി ദൃശ്യയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും കരുതുന്നു. 

ഇയാളെ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്. ഇയാള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. 

Content Highlights:malappuram perinthalmanna drishya murder case accused vineesh vinod in custody