കൊണ്ടോട്ടി: ആത്മീയതയുടെ മറവില്‍ വര്‍ഷങ്ങളായി തുടരുന്ന ചൂഷണവും കുറ്റകൃത്യങ്ങളുമാണ് പുളിയംപറമ്പ് പൂക്കുലക്കണ്ടി ബൈത്തുനൂറഹ്മത്ത് എം.കെ. അബ്ദുറഹ്മാന്‍ പിടിയിലായതോടെ വെളിച്ചത്താവുന്നത്. ആത്മീയതയുടെ മറവില്‍ രോഗശാന്തിയും പ്രാര്‍ത്ഥനാസംഗമവും നടത്തിയ പ്രതി സ്ത്രീകളെ ചൂഷണംചെയ്തിട്ടുള്ളതായി പോലീസ് സംശയിക്കുന്നു. നാല് വര്‍ഷംവരെ മേലങ്ങാടി മങ്ങാട്ടുപീടികയിലായിരുന്നു ഇയാള്‍ ആത്മീയചികിത്സ നടത്തിയിരുന്നത്.

ചികിത്സയ്ക്കും പ്രാര്‍ഥനയ്ക്കുമെത്താറുള്ള ഒരു യുവതിയുമായി മോശമായി ഇടപെടുന്നതറിഞ്ഞ് നാട്ടുകാര്‍ ഇയാളെ അവിടെ നിന്നോടിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ കരിപ്പൂര്‍ പുളിയംപറമ്പിലേക്ക് താമസംമാറ്റിയത്.

യുവതിയെയും മക്കളെയും കാണാതായി പരാതിലഭിച്ച ഉടനെ പോലീസ് ഇയാളെ വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. നാട്ടുകാര്‍ക്കും ഇയാളെ സംശയമുണ്ടായിരുന്നു. സംഭവത്തില്‍ പങ്കില്ലെന്ന് വളരെ വിദഗ്ദ്ധമായി പോലീസിനെ വിശ്വസിപ്പിക്കാന്‍ തുടക്കത്തില്‍ ഇയാള്‍ക്കായി.

യുവതിയും കുട്ടികളും തിരിച്ചെത്തിയതോടെയാണ് ഇയാളുടെ പങ്ക് വ്യക്തമായത്. 2016-ല്‍ വയറുവേദനയ്ക്ക് ചികിത്സതേടിയെത്തിയ സമയം പ്രതി പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങള്‍ മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്തതായി യുവതി പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.

ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഭാര്യയും അഞ്ച് മക്കളുമുള്ള അബ്ദുറഹ്മാന്‍ യുവതിയുടെ 17 കാരിയായ മകളെ വിവാഹംകഴിക്കാന്‍ കെണിയൊരുക്കുകയായിരുന്നു. അതീന്ദ്രീയജ്ഞാനമുണ്ടെന്നും വിവാഹത്തിന് വഴങ്ങിയില്ലെങ്കില്‍ കുടുംബാംഗങ്ങള്‍ക്ക് അടക്കം മാറാരോഗങ്ങള്‍ വരുമെന്നും തറവാട് ക്ഷയിച്ചുപോകുമെന്നുംമറ്റും പറഞ്ഞ് ഇയാള്‍ യുവതിയെ ഭയപ്പെടുത്തി.

ഭര്‍ത്തൃവീട്ടുകാരുംമറ്റും പരിഹസിക്കുകയും ശല്യപ്പെടുത്തുകയും ചെയ്തതിനാലാണ് വീട് വിട്ടിറങ്ങിയതെന്നായിരുന്നു യുവതി നേരത്തേ പറഞ്ഞിരുന്നത്. പിന്നീട് പോലീസ് തന്ത്രപരമായി കുട്ടികളെയടക്കം ചോദ്യംചെയ്തതോടെയാണ് സിദ്ധന്റെ പങ്ക് വെളിച്ചത്തായത്.

അബ്ദുറഹ്മാന് തിരുവനന്തപുരത്ത് എല്ലാ ഒത്താശയും ചെയ്തുകൊടുത്ത മലപ്പുറം സ്വദേശിയായ സോഫ്റ്റ്വെയര്‍ എന്‍ജീനീയറെ പോലീസ് തിരയുകയാണ്. യുവതിയും മക്കളും നാട്ടിലെത്തിയതിന് പിന്നാലെ ഇയാള്‍ ഒളിവില്‍പ്പോയിരിക്കുകയാണ്.