ഹൈദരാബാദ്: ഹൈദരാബാദിൽ പിടിയിലായ സീരിയൽ കില്ലർ മൈന രാമുലു 24 വർഷത്തിനിടെ കൊലപ്പെടുത്തിയത് 18 സ്ത്രീകളെ. വിവാഹം കഴിഞ്ഞയുടൻ ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടിയതോടെയാണ് മൈന രാമുലുവിന് സ്ത്രീകളോട് പക ആരംഭിച്ചത്. ഇതോടെ സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച് അവരെ കൊലപ്പെടുത്തുന്നത് പതിവായി.

കള്ളുഷാപ്പിന് സമീപത്തുനിന്ന് പരിചയപ്പെടുന്ന സ്ത്രീകളെ വശീകരിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് കൊലപ്പെടുത്തുന്നതാണ് ഇയാളുടെ രീതി. ലൈംഗികബന്ധത്തിലേർപ്പെടാൻ താത്‌പര്യമുണ്ടെന്നും അതിന് പണം തരാമെന്നും പറഞ്ഞാണ് സ്ത്രീകളുമായി പരിചയം സ്ഥാപിക്കുന്നത്. പിന്നാലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇവരെ കൂട്ടിക്കൊണ്ടുപോകും. ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം ഇവരെ കൊലപ്പെടുത്തും. ശേഷം ഇവരുടെ ആഭരണങ്ങളും കവർന്നാണ് പ്രതി രക്ഷപ്പെട്ടിരുന്നത്.

2020 ഡിസംബറിൽ രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയ കേസിലാണ് മൈന രാമുലു ഇപ്പോൾ പോലീസിന്റെ പിടിയിലായത്. ഡിസംബർ പത്തിന് സൈബരാബാദ് പോലീസ് സ്റ്റേഷൻ പരിധിയിലെ 35-കാരിയെയും ഡിസംബർ 30-ന് ജൂബിലി ഹിൽസ് പോലീസ് സ്റ്റേഷൻ പരിധിയിലെ കാവല വെങ്കിട്ടമ്മ എന്ന സ്ത്രീയെയുമാണ് ഇയാൾ കൊലപ്പെടുത്തിയത്.

വെങ്കിട്ടമ്മയെ കാണാനില്ലെന്ന് ജനുവരി ഒന്നിനാണ് ഭർത്താവ് പോലീസിൽ പരാതി നൽകിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ജനുവരി നാലിന് റെയിൽവേ ട്രാക്കിൽനിന്ന് ഇവരുടെ മൃതദേഹം കണ്ടെത്തി. സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ പ്രതിയെ കണ്ടെത്താൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ഇതിൽനിന്നാണ് യൂസുഫ്ഗുഡയിലെ കള്ളുഷാപ്പിൽനിന്ന് മൈന രാമുലുവും വെങ്കിട്ടമ്മയും ഓട്ടോയിൽ കയറിപോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചത്.

കള്ളുഷാപ്പിൽനിന്ന് വിജനമായ പ്രദേശത്തേക്കാണ് ഇയാൾ സ്ത്രീയെ കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് ഇരുവരും മദ്യപിച്ചു. പിന്നാലെ വലിയ പാറക്കല്ല് കൊണ്ട് വെങ്കിട്ടമ്മയെ തലയ്ക്കടിച്ചു കൊന്നു. മരണം ഉറപ്പാക്കിയ ശേഷം വെങ്കിട്ടമ്മ ധരിച്ചിരുന്ന വസ്ത്രങ്ങൾ ഉപയോഗിച്ച് മുഖത്ത് തീയിട്ടു. പിന്നാലെ ആഭരണങ്ങൾ കവർന്ന ശേഷം മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

2009-ൽ മറ്റൊരു കൊലക്കേസിൽ ഇയാൾ പോലീസിന്റെ പിടിയിലായിയിരുന്നു. എന്നാൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മൈന രാമുലു, 2011 ഡിസംബർ 12-ന് രക്ഷപ്പെട്ടു. ഇറഗാഡ്ഡ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അഞ്ച് തടവുകാർക്കൊപ്പം ഇയാളും രക്ഷപ്പെട്ടത്. 2013-ൽ വീണ്ടും പിടിയിലായെങ്കിലും അഞ്ച് വർഷം മാത്രമാണ് പിന്നീട് ജയിലിൽകിടന്നത്. 2018-ൽ ഹൈക്കോടതിയിൽനിന്ന് ജാമ്യം ലഭിച്ച മൈന രാമുലു പിന്നീട് പോലീസിന് പിടികൊടുത്തില്ല.

2003-നും 2019-നും ഇടയിൽ 16 സ്ത്രീകളെ മൈന രാമുലു കൊലപ്പെടുത്തിയതായാണ് പോലീസ് നൽകുന്നവിവരം.. ഇതിൽ 2009-ലെ കൊലക്കേസിൽ മാത്രമാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്. പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷം രണ്ട് സ്ത്രീകൾ കൂടി രാമുലുവിന്റെ ക്രൂരതയ്ക്കിരയായി.

സംഗറെഡ്ഡി സ്വദേശിയായ മൈന രാമുലു 21-ാം വയസിൽ വിവാഹിതനായിരുന്നു. എന്നാൽ അധികംവൈകാതെ ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടി. ഇതോടെയാണ് സ്ത്രീകളോട് പക തോന്നിയതെന്നും അവരെ കൊലപ്പെടുത്താൻ ആരംഭിച്ചതെന്നും പോലീസ് പറയുന്നു. രാച്ചക്കോണ്ട, ഹൈദരാബാദ് പോലീസിന്റെ സംയുക്ത അന്വേഷണത്തിലാണ് മൈന രാമുലുവിനെ പിടികൂടിയത്.

Content Highlights:maina ramulu serial killer arrested in hyderabad