കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. നേതാവ് അഭിമന്യുവിന്റെ കൊലക്കേസില്‍ കുത്തിയ പ്രതി ഇപ്പോഴും ഒളിവില്‍ത്തന്നെ. അഭിമന്യുവിനെ കുത്തിയ നെട്ടൂര്‍ സ്വദേശി മേക്കാട്ട് സഹല്‍ ഹംസ (22) യെ സംഭവം നടന്ന് 20 മാസം പിന്നിടുമ്പോഴും പോലീസിന് പിടികൂടാനായിട്ടില്ല.
അഭിമന്യുവിന്റെ സുഹൃത്ത് അര്‍ജുനെ കുത്തിയ അരൂക്കുറ്റി സ്വദേശി മുഹമ്മദ് ഷഹിമിനെയും പോലീസിന് കണ്ടെത്താനായില്ലായിരുന്നു. ഒരു വര്‍ഷം കഴിഞ്ഞ് ഇയാള്‍ കീഴടങ്ങുകയായിരുന്നു. അഭിമന്യുവിനെ കുത്താന്‍ പിടിച്ചുനിര്‍ത്തിക്കൊടുത്ത പള്ളുരുത്തി കച്ചേരിപ്പടി വെളിപ്പറമ്പ് വി.എന്‍. ഷിഫാസ് (23) ഉള്‍പ്പെടെ പലരും പോലീസില്‍ കീഴടങ്ങുകയാണ് ചെയ്തത്.
2018 ജൂലായ് രണ്ടിന് പുലര്‍ച്ചെയാണ് എസ്.എഫ്.ഐ. നേതാവായിരുന്ന അഭിമന്യു കൊല്ലപ്പെട്ടത്. കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുമായി ചുവരെഴുത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
കേസ് ആദ്യം അന്വേഷിച്ചത് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ സി.ഐ.യാണ്. പിന്നീട് കേസ് എ.സി.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറുകയായിരുന്നു. പ്രാധാന്യമേറിയ കേസായിരുന്നിട്ടും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ അധികൃതര്‍ ശ്രമിച്ചില്ല.
അഭിമന്യുവിന്റെ കുടുംബത്തിന് വട്ടവടയില്‍ വീട് പണിതു നല്‍കി, സഹോദരിയുടെ വിവാഹം നടത്തി, സഹോദരന് ജോലി നല്‍കി, മാതാപിതാക്കളുടെ പേരില്‍ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചു, സ്മാരകം പണിയാനും തീരുമാനിച്ചു. എന്നാല്‍, കേസന്വേഷണത്തില്‍ ഈ ആവേശം കാണിച്ചില്ല.
പോലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടി അഭിമന്യുവിനെ ഏറെ സ്‌നേഹിച്ച സൈമണ്‍ ബ്രിട്ടോ രംഗത്തെത്തിയിരുന്നു. എന്നാല്‍, അദ്ദേഹം വിടപറഞ്ഞതോടെ മറ്റാരും പിന്നീട് ഈ വിഷയത്തില്‍ പ്രതികരിക്കാനില്ലാതെയായി.
സഹലിനെതിരേ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അതിനാല്‍ ഇയാള്‍ രാജ്യം വിടില്ലെന്ന ഉറപ്പിലാണ് പോലീസ്. ഇയാള്‍ കീഴടങ്ങുന്നതിനായി പലതരത്തിലുള്ള സമ്മര്‍ദം പോലീസ് ചെലുത്തുന്നുണ്ട്.
കേസില്‍ ശക്തമായ സൈബര്‍ തെളിവുകള്‍ അടക്കം ശേഖരിച്ച് കുറ്റംപത്രം നല്‍കിയിട്ടുണ്ട്, എപ്പോള്‍ വേണമെങ്കിലും വിചാരണ ആരംഭിക്കാന്‍ തയ്യാറാണെന്ന് കേസന്വേഷിക്കുന്ന എ.സി.പി എസ്.ടി. സുരേഷ് കുമാര്‍ പറഞ്ഞു. കേസില്‍ നേരിട്ട് പങ്കാളികളായ 16 പേരില്‍ 15 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
Content Highlights: maharajas college sfi leader abhimanyu murder case