ബെയ്റുത്ത്: ഒരു ഭൂകമ്പം പോലെയായിരുന്നു അത്. കെട്ടിടങ്ങൾ കുലുങ്ങി, ജനൽചില്ലുകൾ തകർന്നുവീണു. അല്പസമയത്തേക്ക് എന്റെ കേൾവിശക്തി പോലും നഷ്ടമായി- ബെയ്റുത്തിലെ ഉഗ്രസ്ഫോടനത്തിന് കിലോമീറ്ററുകൾക്കകലെ നിന്ന് സാക്ഷിയായ ആളുടെ വാക്കുകളാണിത്. 2750 ടൺ അമോണിയം നൈട്രേറ്റാണ് ബെയ്റുത്തിലെ തുറമുഖത്തിന് സമീപം പൊട്ടിത്തെറിച്ചതെന്നാണ് ലെബനീസ് പ്രധാനമന്ത്രി ഹസൽ ദിയാബ് പറഞ്ഞത്. എന്നാൽ ഇത്രയും വലിയ സ്ഫോടക വസ്തുശേഖരം പൊട്ടിത്തെറിക്കാനിടയായ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല.

തുറമുഖത്തിന് സമീപത്തുള്ള വെയർഹൗസിൽ കഴിഞ്ഞ ആറ് വർഷമായി വലിയ അളവിൽ അമോണിയം നൈട്രേറ്റ് സൂക്ഷിച്ചുവച്ചിരുന്നതായാണ് റിപ്പോർട്ട്. എങ്ങനെയാണ് ഇത് പൊട്ടിത്തെറിച്ചതെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഉദ്യോഗസ്ഥർ. വെയർഹൗസ് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പ്രധാനമന്ത്രിയും വ്യക്തമാക്കിയിരുന്നു. സംഭവത്തിന് തീവ്രവാദ ബന്ധങ്ങളില്ലെന്നാണ് ഇതുവരെയുള്ള കണ്ടെത്തലെന്ന് ലെബനൻ ജനറൽ സെക്യൂരിറ്റി സർവീസ് മേധാവി മേജർ ജനറൽ അബ്ബാസ് ഇബ്രാഹിമും പ്രതികരിച്ചു. സത്യാവസ്ഥ അറിയുന്നതിന് മുമ്പ് സംഭവത്തിന് തീവ്രവാദബന്ധമുണ്ടെന്ന ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അഞ്ച് ബില്യൺ ഡോളറിന്റെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് ഇതുവരെയുള്ള വിലയിരുത്തൽ. മൂന്ന് ലക്ഷത്തോളം പേർക്ക് കിടപ്പാടം നഷ്ടമായെന്നും അവർക്ക് വേണ്ട അടിയന്തര സൗകര്യങ്ങൾ ഒരുക്കാനുള്ള കഠിനശ്രമത്തിലാണെന്നും ബെയ്റുത്ത് സിറ്റി ഗവർണർ മർവാൻ അബൗദും പറഞ്ഞു.

അമോണിയം നൈട്രേറ്റ് എന്ന സ്ഫോടകവസ്തു ഇതിന് മുമ്പും വൻ സ്ഫോടനങ്ങൾക്ക് കാരണമായിട്ടുണ്ട്. 1947-ൽ ടെക്സാസിൽ അമോണിയം നൈട്രേറ്റുമായി വന്ന കപ്പലിന് തീപിടിച്ച് സ്ഫോടനമുണ്ടായി. 581 പേരാണ് അന്ന് കൊല്ലപ്പെട്ടത്. 1921-ൽ ജർമനിയിലെ ഒപ്പാവിലെ ഒരു ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 4500 ടൺ അമോണിയം നൈട്രേറ്റാണ് പൊട്ടിത്തെറിച്ചത്. 500-ലേറെ പേർ കൊല്ലപ്പെട്ടു. 2015-ൽ ചൈനയിലെ ടിയാജിനിലുണ്ടായ സ്ഫോടനത്തിൽ 173 പേർക്കാണ് ജീവൻ നഷ്ടമായത്.

ചൊവ്വാഴ്ച വൈകിട്ട് പ്രാദേശിക സമയം ആറ് മണിയോടെയാണ് ബെയ്റുത്തിനെ നടുക്കിയ സ്ഫോടനങ്ങളുണ്ടായത്. ആദ്യം ചെറിയ പൊട്ടിത്തെറിയാണുണ്ടായത്. ഇതിനെത്തുടർന്ന് അന്തരീക്ഷത്തിലാകെ പുകനിറഞ്ഞു. പിന്നാലെ ഉഗ്രശബ്ദത്തോടെ അതിഭീകരമായ സ്ഫോടനമുണ്ടായി. 240 കിലോമീറ്റർ അകലെയുള്ള സൈപ്രസിൽ വരെ സ്ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.

ഇതുവരെ നൂറിലധികം പേർ സ്ഫോടനങ്ങളെത്തുടർന്ന് കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. നാലായിരത്തിലേറെ പേർക്ക് പരിക്കേറ്റു. സ്ഫോടനം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും നഗരത്തിന്റെ പലയിടത്തും രക്ഷാപ്രവർത്തനം തുടരുകയാണ്.

ആശുപത്രികളടക്കം തകർന്നതിനാൽ വിവിധയിടങ്ങളിൽ തുറസായ സ്ഥലത്താണ് രോഗികളെ ചികിത്സിക്കുന്നതെന്നാണ് റിപ്പോർട്ട്. ലെബനിനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് റെഡ്ക്രോസ് അടക്കമുള്ള സംഘടനകൾ എല്ലാവിധ സഹായവും ഉറപ്പുനൽകിയിട്ടുണ്ട്.

കോവിഡും സാമ്പത്തിക പ്രതിസന്ധിയും കാരണം വലയുന്ന ലെബനീസ് ജനതയെ ബെയ്റുത്തിലെ സ്ഫോടനങ്ങൾ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ വിലയിരുത്തൽ. ആശുപത്രികൾ കോവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നതിനാൽ സ്ഫോടനത്തിൽ പരിക്കേറ്റവർക്ക് ചികിത്സപോലും ഉറപ്പാക്കാനാവില്ല. മാത്രമല്ല, തുറമുഖം വഴിയാണ് ബെയ്റുത്തിലേക്കും സമീപപ്രദേശങ്ങളിലേക്കും ഭക്ഷ്യധാന്യങ്ങളടക്കം എത്തിക്കുന്നത്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ തുറമുഖം വഴിയുള്ള ചരക്ക് നീക്കം മുടങ്ങിയാൽ അത് രൂക്ഷമായ ഭക്ഷ്യക്ഷാമത്തിലേക്കും വഴിയൊരുക്കും.

Content Highlights:lebanon investigation to find the reason behind beirut explosion