കാഞ്ഞങ്ങാട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ടിട്ട് തിങ്കളാഴ്ചത്തേക്ക് ഒരുവര്‍ഷം പൂര്‍ത്തിയാകുന്നു. ഇരുവരുടെയും ജ്വലിക്കുന്ന ഓര്‍മകളിലാണ് കല്യോട്ട് ഗ്രാമം. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 17ന് രാത്രി ഏഴരയോടെയാണ് രണ്ടുപേരും കൊല്ലപ്പെട്ടത്.
കൊലനടന്ന സ്ഥലത്തുനിന്ന് അധികം അകലെയല്ലാതെയാണ് സ്മൃതികുടീരം നിര്‍മിച്ചിരിക്കുന്നത്. സ്മൃതികുടീരം നിര്‍മിക്കുന്നതിനുമുമ്പ് രണ്ടുപേരും അന്തിയുറങ്ങുന്ന ഇടത്തില്‍ മഴവെള്ളം വീഴാന്‍പോലും അനുവദിച്ചില്ല കൂട്ടുകാര്‍.
മഴപെയ്യുമ്പോള്‍ ടാര്‍പോളിനെടുത്ത് ഓടും. 'രണ്ടുപേരും ഞങ്ങള്‍ക്കൊപ്പം ജീവിക്കുന്നുണ്ട്' -സുഹൃത്തുക്കള്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയാണ് സ്മൃതികുടീരം ഉദ്ഘാടനംചെയ്തത്. കുടീരത്തിനുമുമ്പില്‍ രണ്ട് ചെണ്ടകള്‍ കോണ്‍ക്രീറ്റില്‍ തീര്‍ത്തിരിക്കുന്നു. ഇവിടത്തേക്ക് റോഡില്‍നിന്നു 20 മീറ്ററോളം പാത. അത്രയും സ്ഥലം ഇന്റര്‍ലോക്ക് ചെയ്തും കൈവരി കെട്ടിയും പൂന്തോട്ടമൊരുക്കിയും മനോഹരമാക്കിയിരിക്കുന്നു.

ഇരട്ടക്കൊലപാതകം രാജ്യത്തൊട്ടാകെ വാര്‍ത്തയായപ്പോള്‍ കല്യോട്ട് ഗ്രാമത്തിലേക്ക് ഒഴുകിയെത്തിയത് പതിനായിരക്കണക്കിന് ആളുകളാണ്. രാഹുല്‍ ഗാന്ധിയുള്‍പ്പെടെ ഇവിടെയെത്തി.
ഇക്കഴിഞ്ഞ ഡിസംബറില്‍ കല്യോട്ട് ഭഗവതിക്ഷേത്രത്തില്‍ പെരുങ്കളിയാട്ടം നടന്നപ്പോള്‍ ഏഴുലക്ഷം പേരെത്തിയെന്നാണ് കണക്ക്. ഇവരില്‍ പാതിയിലേറെപ്പേരും ഈ ചെറുപ്പക്കാരുടെ സ്മൃതികുടീരം കാണാന്‍ ക്യൂ നിന്നു. അന്ന് ശരത്‌ലാലിനേയുംകൊണ്ട് ആംബുലന്‍സില്‍ മംഗളൂരുവിലേക്ക് പോയതിനെക്കുറിച്ച് പറഞ്ഞ് മാതൃഭൂമി ഏജന്റുകൂടിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ബി.പി.പ്രദീപ്കുമാര്‍ വിതുമ്പി. പിന്നീടുണ്ടായത് സമാനതകളില്ലാത്ത സഹായപ്രവാഹം.
ഓലക്കുടിലില്‍നിന്ന് ഹൈബി ഇഡന്റെ സഹായത്തോടെ നിര്‍മിച്ച കോണ്‍ക്രീറ്റ് വീട്ടിലേക്ക് കൃപേഷിന്റെ കുടുംബം കാലെടുത്തുവെച്ച നിമിഷങ്ങള്‍. കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയയെ കെ.എസ്.യു. മുന്‍കൈയെടുത്ത് കോഴിക്കോട് ദേവഗിരി കോളേജില്‍ ബിരുദത്തിന് ചേര്‍ത്തു.
ശരത്‌ലാലിന്റെ സഹോദരി അമൃതയെ തിരുവനന്തപുരത്ത് സിവില്‍ സര്‍വീസ് കോച്ചിങ്ങിനും ചേര്‍ത്തു. കെ.പി.സി.സി.യുടേതുള്‍പ്പെടെ മുക്കാല്‍ക്കോടി രൂപവീതം ഇരുവരുടെയും കുടുംബത്തിന് സഹായധനമായി കിട്ടി.
Content Highlights: kripesh sarathlal double murder kalyod kasargod