കുറ്റ്യാടി: തൊട്ടില്‍പ്പാലത്തെ കാവിലുമ്പാറ പഞ്ചായത്ത് മുസ്ലിംലീഗ് ഓഫീസില്‍ കത്തിക്കുത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മരിച്ച സംഭവം ലീഗിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭാഗമാണെന്ന ചില കേന്ദ്രങ്ങളുടെ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മുസ്ലിംലീഗ് നേതാവ് സൂപ്പി നരിക്കാട്ടേരിയും കാവിലുമ്പാറ പഞ്ചായത്ത് ലീഗ് പ്രസിഡന്റ് മണക്കര സൂപ്പിയും പത്രസമ്മേളനത്തില്‍ പറഞ്ഞു.

പഞ്ചായത്തിലെ ബെല്‍മൗണ്ട് എന്ന പ്രദേശത്ത് അയല്‍ക്കാരായ രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്‌നത്തില്‍, പരാതിയുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി ഇടപെട്ടത്. ഇരുവിഭാഗങ്ങളെയും ഇരുത്തി നടന്ന മൂന്നാംവട്ട ചര്‍ച്ചയില്‍ പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെടുകയും ചെയ്തു.

എന്നാല്‍ ചര്‍ച്ച കഴിഞ്ഞ് പിരിയുംമുമ്പ് ചിലര്‍ തമ്മില്‍ നടന്ന വ്യക്തിപരമായ സംസാരമാണ് അക്രമത്തിലേക്ക് നീങ്ങിയത്. പരാതിക്കാരനായ കുറ്റിക്കാട്ടില്‍ അമ്മത് ഹാജി ഭാര്യയുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ സൂക്ഷിച്ച കത്തി വാങ്ങി അന്‍സാറിനെ കുത്തുകയായിരുന്നു. ഇയാളെ കീഴ്പ്പെടുത്തി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

അമ്മത് ഹാജിയെയും ഭാര്യയെയും കത്തിസഹിതം പോലീസിന് കൈമാറി. എന്നാല്‍ അമ്മത് ഹാജിയെ മാത്രം അറസ്റ്റ് ചെയ്ത പോലീസ്, ഭാര്യയെ വിട്ടയച്ചുവെന്ന് നേതാക്കള്‍ ആരോപിച്ചു. അന്വേഷണം കാര്യക്ഷമമാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

അമ്മത് ഹാജിയുടെ ഭാര്യയെപ്പറ്റി സാമൂഹികമാധ്യമങ്ങളില്‍ ചിലര്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടിരുന്നു. പ്രദേശത്ത് ഇത്തരം ചില പോസ്റ്ററുകളും പ്രത്യക്ഷപ്പെടുകയുണ്ടായി. മരിച്ച അന്‍സാറും സ്ഥലത്തെ ഒരു യൂത്ത്് ലീഗ് നേതാവുമാണ് ഇതിനു പിന്നിലെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കാനാണ് ലീഗ് ഓഫീസില്‍ ചര്‍ച്ച നടത്തിയത്. പ്രതി അമ്മത് ഹാജിക്ക് ലീഗുമായി യാതൊരു ബന്ധവുമില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. പത്രസമ്മേളനത്തില്‍ വി. സൂപ്പി, സി.എച്ച്. സെയ്തലവി, മുജീബ് റഹ്മാന്‍, കുനിയില്‍ കുഞ്ഞബ്ദുള്ള എന്നിവരും പങ്കെടുത്തു.

Content Highlights: kozhikode kuttiyadi iuml worker murder