കോട്ടയം: വിദ്യാര്‍ഥിനിയെ മീനച്ചിലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് ആരോപിച്ച് കോളേജ് അധികൃതര്‍ വിദ്യാര്‍ഥിനിയെ മാനസികമായി പീഡിപ്പിച്ചെന്ന ആരോപണം ഉയര്‍ന്നതോടെയാണ് വനിത കമ്മിഷന്റെ ഇടപെടല്‍. സംഭവത്തില്‍ എം.ജി. സര്‍വകലാശാല ബിഎംവി ഹോളിക്രോസ് കോളേജില്‍നിന്ന് വിശദീകരണവും തേടി. 

വിദ്യാര്‍ഥിനിയുടെ മരണത്തില്‍ വിവിധ രാഷ്ട്രീകക്ഷികളും പ്രതിഷേധവുമായി രംഗത്തെത്തി. മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ ബിവിഎം കോളേജിലേക്ക് മാര്‍ച്ച് നടത്തി. 

kottayam pala college student death
വിദ്യാര്‍ഥിനിയുടെ മരണത്തില്‍ നടപടി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ ബിവിഎം ഹോളിക്രോസ് കോളേജിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച്.

അതിനിടെ, ഹാള്‍ടിക്കറ്റില്‍ കോപ്പി എഴുതിക്കൊണ്ടുവന്നതായാണ് പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകര്‍ ആരോപിച്ചതെന്ന് ഒപ്പം പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. നല്ലരീതിയില്‍ പഠിക്കുന്ന കുട്ടിയായതിനാല്‍ തങ്ങള്‍ക്ക് അത് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. പ്രിന്‍സിപ്പാളും അധ്യാപകരും ഹാളിലെത്തി വിദ്യാര്‍ഥിനിയോട് അരമണിക്കൂറോളം ദേഷ്യപ്പെട്ടു. ഉത്തരമെഴുതുന്ന ബുക്ക്‌ലെറ്റുകളും മറ്റും വാങ്ങിവെച്ചു. തുടര്‍ന്ന് അല്പസമയം ഹാളിനകത്ത് പരീക്ഷ എഴുതാതെ ഇരുന്നതിന് ശേഷമാണ് വിദ്യാര്‍ഥിനി ഇറങ്ങിപ്പോയതെന്നും ഒപ്പം പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ പറഞ്ഞു. 

കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പാരലല്‍ കോളേജിലെ ബി.കോം വിദ്യാര്‍ഥിയായിരുന്ന അഞ്ജു പി. ഷാജിയെയാണ് തിങ്കളാഴ്ച മീനച്ചിലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അഞ്ജുവിന്  ചേര്‍പ്പുങ്കലിലെ ബിവിഎം ഹോളിക്രോസ് കോളേജിലാണ് സര്‍വകലാശാല പരീക്ഷാകേന്ദ്രം അനുവദിച്ചിരുന്നത്. ശനിയാഴ്ച നടന്ന സെമസ്റ്ററിലെ അവസാന പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് പറഞ്ഞ് കോളേജ് അധികൃതര്‍ അഞ്ജുവിനെ ശാസിക്കുകയും ഇറക്കിവിടുകയും ചെയ്‌തെന്നാണ് ആരോപണം. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥിനിയെ കാണാതായത്. അഞ്ജുവിന്റെ ബാഗും കുടയും ചേര്‍പ്പുങ്കല്‍ പാലത്തില്‍ കണ്ടതിനെത്തുടര്‍ന്നാണ് അഗ്‌നിരക്ഷാ സേനയും മുങ്ങല്‍ വിദഗ്ധരും കഴിഞ്ഞദിവസം മുതല്‍ മീനച്ചിലാറ്റില്‍ തിരച്ചില്‍ നടത്തിയത്. തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് ബിവിഎം ഹോളിക്രോസ് കോളേജിന് മൂന്ന് കിലോമീറ്റര്‍ അകലെ മീനച്ചിലാറ്റില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്. 

Content Highlights: kottayam pala college student death; women's commission booked case, mg university seeks explanation