കാഞ്ഞിരപ്പള്ളി: ബി.കോം വിദ്യാർഥിനിയായിരുന്ന പൊടിമറ്റം പൂവത്തോട്ട് അഞ്ജു പി.ഷാജി ആത്മഹത്യ ചെയ്തിട്ട് ഒരുമാസം പിന്നിട്ടു. പരീക്ഷയിൽ കോപ്പിയടിച്ചെന്ന് ആരോപണത്തെ തുടർന്നായിരുന്നു ആത്മഹത്യ. സംഭവത്തിൽ അന്വേഷണം ഇഴയുകയാണെന്നാണ് വീട്ടുകാരുടെ ആരോപണം.
കാരണം മാനസികപീഡനം
'' പോയിവരാം അമ്മേ.. നല്ലപോലെ പരീക്ഷയെഴുതാൻ പ്രാർഥിക്കണം' ബി.കോം വിദ്യാർഥിനിയായ അഞ്ജു പി.ഷാജി അമ്മയോട് പറഞ്ഞ അവസാനത്തെ വാക്കുകളാണിത്. പിന്നെ ആ മകൾ മടങ്ങി വന്നില്ല. മകൾ ആത്മഹത്യ ചെയ്യാൻ കാരണക്കാരായവരെ എത്രയുംവേഗം നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നാണ് ഇവരുടെ ആവശ്യം.
മകൾ ആത്മഹത്യ ചെയ്യാൻ മറ്റ് കാരണങ്ങളൊന്നുമില്ല. പരീക്ഷയെഴുതിയ കോളേജിലെ അധികൃതർ മാനസികമായി വിഷമിപ്പിച്ചിട്ടുണ്ടാകണം. അല്ലാതെ അവൾ ആത്മഹത്യ ചെയ്യില്ലെന്ന് അഞ്ജുവിന്റെ അമ്മ പറയുന്നു. വീട്ടിൽ പറയാത്ത ഒരു കാര്യവുമില്ല. സംഭവ ദിവസം മകൾക്ക് മാനസിക വിഷമം ഏൽക്കേണ്ടിവന്നതാണ് മരണത്തിന് പിന്നിലുള്ള കാരണം.
അവൾ കോപ്പിയടിക്കില്ലെന്നാണ് വിശ്വാസം. മകളുടെ മരണത്തിന് കാരണക്കാരായവർക്ക് ശിക്ഷ നൽകണമെന്നാണ് ആവശ്യമെന്ന് അഞ്ജുവിന്റെ അമ്മ സജിത ഷാജി പറഞ്ഞു. നിലവിലെ അന്വേഷണം ഇഴഞ്ഞാണ് നീങ്ങുന്നത്.
മകളുടെ കൈയക്ഷരം ഉൾപ്പെടെയുള്ളവ പരിശോധിക്കുമെന്ന് അറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ല. അന്വേഷണം വേഗത്തിലാക്കി കുടുംബത്തിന് നീതിവാങ്ങി നൽകണമെന്നാണ് ഇവരുടെ ആവശ്യം.
ഇതുവരെ
• ചേർപ്പുങ്കലിലെ ബി.വി.എം. കോളേജിൽ പരീക്ഷയെഴുതാൻപോയ കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പ്രൈവറ്റ് കോളേജിലെ വിദ്യാർഥിനിയായ അഞ്ജുവിനെ ജൂൺ ആറിനാണ് കാണാതാകുന്നത്.
• ഏഴിന് അഞ്ജുവിന്റ ബാഗ് മീനച്ചിലാറിന്റെ തീരത്തുനിന്ന് കണ്ടെത്തിയതോടെ തിരച്ചിൽ ആരംഭിച്ചു. മൃതദേഹം മീനച്ചിലാറ്റിൽനിന്ന് എട്ടിന് രാവിലെ 11.30-ന് കണ്ടെത്തി.
• പരീക്ഷയെഴുതുന്നതിനിടെ കോപ്പിയടിച്ചുവെന്ന് ആരോപിച്ച് കോളേജ് അധികൃതർ മാനസികമായി പീഡിപ്പിച്ചതാണ് അഞ്ജു അത്മഹത്യചെയ്യാൻ കാരണമെന്ന് വീട്ടുകാർ ആരോപിച്ചു.
• അഞ്ജുവിന്റെ ഹാൾടിക്കറ്റിൽ എഴുതിയതെന്നനിലയിൽ കോപ്പിയെന്ന് പറഞ്ഞ് ബി.വി.എം. കോളേജ് അധികൃതർ പുറത്തുവിട്ടു. കൈയക്ഷരത്തിൽ സംശയമെന്ന് വീട്ടുകാർ. അന്വേഷണം തുടങ്ങി.
• ഒൻപതിന് അഞ്ജുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ റോഡിൽ വാഹനം തടഞ്ഞ് പ്രതിഷേധിച്ചിരുന്നു.
• കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇതുവരെ 92 പേരുടെ മൊഴിയെടുത്തു. ബി.വി.എം. കോളേജിലെ പ്രിൻസിപ്പൽ, ഇൻവിജിലേറ്റർമാർ, അഞ്ജു പഠിച്ചിരുന്ന കോളേജിലെ അധ്യാപകർ, സഹപാഠികൾ, അടുത്തിരുന്ന് പരീക്ഷയെഴുതിയവർ, വീട്ടുകാർ, അയൽവാസികൾ തുടങ്ങിയവരുടെ മൊഴിയാണ് ശേഖരിച്ചത്.
• കൈയക്ഷര പരിശോധനയ്ക്കായി അഞ്ജുവിന്റെ നോട്ടുബുക്ക്, ഹാൾടിക്കറ്റ്, പരീക്ഷഹാളിലെ സി.സി.ടി.വിയുടെ ഡി.വി.ആർ, ഹാർഡ് ഡിസ്ക്, ബാഗ്, മൊബൈൽ ഫോൺ എന്നിവ ഫൊറൻസിക് പരിശോധനയ്ക്കായി കോട്ടയം ആർഡി.ഒ. കോടതിൽ ഹാജരാക്കിയിരുന്നു. എന്നാൽ ഇതുവരെ ഇവ പരിശോധനയ്ക്കയച്ചിട്ടില്ല.
• കോളേജിന്റെ നടപടികൾ തെറ്റെന്ന് വൈസ് ചാൻസലർ. കുട്ടിയുടെ ഹാൾടിക്കറ്റ് പരസ്യമാക്കിയതും ദൃശ്യങ്ങൾ പുറത്തുവിട്ടതും തെറ്റെന്ന് സർവകലാശാലാ സമിതി കണ്ടെത്തി. പരീക്ഷാച്ചുമതലയിൽനിന്ന് ആരോപിതനെ മാറ്റി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: kottayam anju p shaji death