കോതമംഗലം: അരുംകൊലയുടെയും ആത്മഹത്യയുടെയും ഞെട്ടലിലാണ് ഊന്നുകല്ല് ഗ്രാമം. മണിക്കൂറുകള്‍ക്കിടെ രണ്ടുമരണം. നമ്പൂരിക്കാപ്പ് കാപ്പിച്ചാല്‍ ഭാഗത്ത് ആമക്കാട്ട് സജി ആന്റണി(42) ഭാര്യ പ്രിയ(38)യെ വെട്ടിക്കൊലപ്പെടുത്തിയെന്ന വാര്‍ത്തയാണ് ആദ്യംപുറത്തുവന്നത്. മണിക്കൂറുകള്‍ക്കകം സജിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്ന വിവരവും നാട്ടുകാരെ ഞെട്ടിച്ചു.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെ രണ്ട് മക്കളുടെ മുന്നില്‍വച്ചായിരുന്നു സജി പ്രിയയെ കൊലപ്പെടുത്തിയത്. വാക്കത്തി ഉപയോഗിച്ച് പ്രിയയെ വെട്ടിനുറുക്കിയപ്പോള്‍ രണ്ടുകുട്ടികള്‍ വാവിട്ടുകരഞ്ഞെങ്കിലും സജി പിന്മാറിയില്ല. അമ്മയെ രക്ഷിക്കാനായി പത്തുവയസുകാരനായ ഗോഡ്‌വിനും പന്ത്രണ്ടുകാരന്‍ എബിനും ഉറക്കെനിലവിളിച്ചു. അച്ഛനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, സ്വന്തം മക്കളുടെ അപേക്ഷയൊന്നും സജിയെ കുലുക്കിയില്ല. പ്രിയയുടെ നെഞ്ചിലും തലയിലും വാക്കത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചു. കഴുത്തിന് പിന്നിലും ആഴത്തില്‍ മുറിവേറ്റു. ഇതിനിടെ പരിഭ്രാന്തരായ മക്കള്‍ അയല്‍വീട്ടില്‍ പോയി വിവരമറിയിച്ചു. അമ്മയെ അപ്പന്‍ വാക്കത്തിക്ക് വെട്ടുന്നു രക്ഷിക്കണേ എന്നുപറഞ്ഞ് അലമുറയിട്ടുകരഞ്ഞു. എന്നാല്‍ വിവരമറിഞ്ഞ് അയല്‍വാസികള്‍ എത്തിയപ്പോഴേക്കും പ്രിയയുടെ ചലനമറ്റിരുന്നു. ശരീരമാസകലം മാരകമായി മുറിവേറ്റ പ്രിയ രക്തംവാര്‍ന്നാണ് മരണപ്പെട്ടത്.
ഭാര്യയെ വെട്ടിക്കൊന്നതിന് പിന്നാലെ സജി ഓടിരക്ഷപ്പെട്ടു. പ്രതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും ചൊവ്വാഴ്ച രാത്രി വൈകുംവരെ തുമ്പൊന്നും ലഭിച്ചില്ല. പിന്നീട് ബുധനാഴ്ച രാവിലെ 9.30-ഓടെയാണ് സജിയെ സമീപപ്രദേശത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രിയയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുന്നതിനിടെ വിവരമറിഞ്ഞ പോലീസ് സംഘം അങ്ങോട്ടുതിരിച്ചു. ഇരുവരുടെയും മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
സജിയുടെ സംശയരോഗവും ഇതിനെതുടര്‍ന്നുണ്ടായ കുടുംബവഴക്കുമാണ് ദാരുണമായ രണ്ട് മരണത്തിലേക്ക് നയിച്ചത്. തയ്യല്‍ജോലി ചെയ്യുന്ന പ്രിയയും സജിയും തമ്മില്‍ ഇടയ്ക്കിടെ വഴക്കിടുന്നത് പതിവായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ പ്രിയ വീട്ടിലെത്തിയപ്പോഴും ദമ്പതികള്‍ തമ്മില്‍ കലഹമുണ്ടായി. തുടര്‍ന്ന് പ്രിയ സ്വന്തം വീട്ടിലേക്ക് പോകാനൊരുങ്ങുമ്പോള്‍ സജി ഭാര്യയെ വെട്ടിക്കൊല്ലുകയായിരുന്നു. പ്രിയയുടെ തലയിലും നെഞ്ചിലും ആഴത്തില്‍ മുറിവേറ്റതാണ് മരണത്തിലേക്ക് നയിച്ചത്.
അതിനിടെ, ഒരുദിവസം കൊണ്ട് അച്ഛനും അമ്മയും നഷ്ടപ്പെട്ടതിന്റെ ദു:ഖവും ഞെട്ടലും മാറാതെ ബന്ധുവീട്ടില്‍ കഴിയുകയാണ് പത്തുവയസുകാരനായ ഗോഡ്‌വിനും പന്ത്രണ്ടുകാരനായ എബിനും. കണ്‍മുന്നിലിട്ട് അച്ഛന്‍ അമ്മയെ വെട്ടിനുറുക്കിയപ്പോള്‍ ഉറക്കെനിലവിളിക്കാന്‍ മാത്രമേ ഇവര്‍ക്ക് കഴിഞ്ഞുള്ളു. മണിക്കൂറുകള്‍ക്കകം അച്ഛന്‍ മരിച്ചെന്ന വിവരവും ഇവരറിഞ്ഞു. സംസ്‌കാര ചടങ്ങിനെത്തിയവര്‍ കുട്ടികളെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ വിങ്ങിപ്പൊട്ടുന്നതിനും നാട് സാക്ഷിയായി.