കൂടത്തായി(കോഴിക്കോട്): തുടര്‍ച്ചയായ മരണങ്ങളെക്കുറിച്ച് ജോളി നല്‍കിയ വിവരങ്ങളിലെ പൊരുത്തക്കേടുകളാണ് സംശയമുണര്‍ത്തിയതെന്നു ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ തുടക്കംമുതല്‍ റോജോയ്ക്കും റെഞ്ചിക്കുമൊപ്പംനിന്ന അയല്‍ക്കാരനും കുടുംബസുഹൃത്തുമായ എന്‍.പി. മുഹമ്മദ് ബാവ.

കൂടത്തായിയിലെ പൊന്നാമറ്റം വീടിനു മുന്നില്‍ത്തന്നെയാണ് ബാവയുടെ വീട്. ചെറുപ്പംമുതലേ അറിയാവുന്ന കുടുംബങ്ങള്‍. അമേരിക്കയിലുള്ള റോജോയ്ക്കും എറണാകുളത്തു താമസിക്കുന്ന റെഞ്ചിക്കും അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും പിന്തുണനല്‍കിയത് ഈ അയല്‍ക്കാരനാണ്.

ജോളിയുടെ ആദ്യ ഭര്‍ത്താവായ റോയി തോമസിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് സംശയം ശക്തമാക്കിയത്. ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയശേഷവും ഈ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമുള്ള വിശദീകരണമാണ് ജോളി നല്‍കിയത്.

ഭര്‍ത്താവിന് കടബാധ്യതയുണ്ടായിരുന്നുവെന്നും ആത്മഹത്യ ചെയ്തതാണെന്നുമാണു ജോളി പറഞ്ഞത്. പത്തുരൂപപോലും ചോദിച്ച് മരണം നടന്നശേഷം ഒരാള്‍പോലും തങ്ങളെ സമീപിക്കാത്തതെന്ത് എന്നായിരുന്നു റോജോയുടെയും റെഞ്ചിയുടെയും സംശയം. മരണദിവസം റോയി കഴിച്ച ഭക്ഷണത്തെക്കുറിച്ചുള്ള ജോളിയുടെ വിശദീകരണം ശരിയല്ലെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍നിന്നുതന്നെ വ്യക്തമായിരുന്നു. എന്‍.ഐ.ടി.യില്‍ ലക്ചററാണെന്നാണ് ജോളി പറഞ്ഞതെങ്കിലും ഭര്‍ത്താവ് മരിച്ചപ്പോള്‍പ്പോലും അവിടെനിന്ന് ആരും വീട്ടിലേക്കു വരാത്തതും സംശയത്തിനിടയാക്കി.

ഷാജുവിന്റെ ആദ്യഭാര്യ സിലി മരിച്ച് മൂന്നാംമാസംതന്നെ, ആണ്ടുകഴിയുമ്പോള്‍ താന്‍ ഷാജുവിനെ വിവാഹംചെയ്യുമെന്ന് ജോളി പറഞ്ഞിരുന്നു. റോയിയുടെ മരണശേഷം ഷാജു ജോളിയെ കാണാന്‍ വരാറുണ്ടായിരുന്നു. ഇല്ലെന്ന് ഷാജു പറയുന്നത് കള്ളമാണെന്ന് ബാവ വ്യക്തമാക്കി.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും അതേക്കുറിച്ചുള്ള ജോളിയുടെ വിശദീകരണത്തിലെ പൊരുത്തക്കേടുകളും റെഞ്ചിയില്‍ സംശയം വര്‍ധിക്കുന്നതിനിടെയാണ് തലശ്ശേരി പിണറായിയിലെ തുടര്‍കൊലപാതകങ്ങള്‍ വലിയ വാര്‍ത്തയായത്. അതില്‍ സൗമ്യ അറസ്റ്റിലായതോടെ റോജോയുടെയും സംശയം ബലപ്പെട്ടു. മാതാപിതാക്കളുടെ മരണം കൊലപാതകമാണെന്ന് അതുവരെ സംശയിക്കാതിരുന്ന ആ സഹോദരങ്ങള്‍ അതോടെ സത്യമറിയണമെന്നു തീരുമാനിച്ച് രംഗത്തിറങ്ങുകയായിരുന്നു.

അന്വേഷണത്തിന് കുടുംബത്തിലും നാട്ടിലും പലരും എതിരായിരുന്നുവെങ്കിലും തുടര്‍മരണങ്ങളില്‍ സംശയമുള്ളതിനാല്‍ ക്രൈംബ്രാഞ്ചുമായി തുടക്കംമുതല്‍ സഹകരിക്കുകയാണ് സഹോദരങ്ങളും മുഹമ്മദ് ബാവയും ചെയ്തത്. എല്ലാ കാര്യങ്ങളും അമേരിക്കയിലുള്ള റോജോയുമായി ദിവസവും പങ്കുവെക്കാറുണ്ടായിരുന്നുവെന്ന് ബാവ പറഞ്ഞു. കേസിന്റെ കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് ഉറങ്ങാന്‍ കഴിയാതെപോയ രാത്രികളുണ്ടെന്നും ബാവ പറഞ്ഞു.

ക്രൈംബ്രാഞ്ചിന്റെ അന്വേഷണം തുടങ്ങിയതോടെ അതിന്റെ ഗതിവിഗതികള്‍ ജോളി നിരീക്ഷിച്ചിരുന്നു. എന്നാല്‍, അവരുടെ നീക്കങ്ങള്‍ പിന്തുടരാനും വിവരങ്ങള്‍ നല്‍കാനും ക്രൈംബ്രാഞ്ച് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.

നാട്ടില്‍ കേസിനു സഹായം നല്‍കിക്കൊണ്ടിരിക്കുന്നയാളെന്ന നിലയില്‍ സൂക്ഷിക്കണമെന്ന് തന്നോട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും റോജോയും റെഞ്ചിയും എപ്പോഴും പറയാറുണ്ടായിരുന്നു. ജോളിയുള്ളപ്പോള്‍ വീട്ടില്‍നിന്ന് ഒന്നും കഴിക്കരുതെന്നുള്‍പ്പെടെയുള്ള മുന്നറിയിപ്പുകള്‍ അനുസരിച്ചുതന്നെയാണ് താന്‍ മുന്നോട്ടുപോയതെന്നും ബാവ പറഞ്ഞു.

കേസിന്റെ നാള്‍വഴികള്‍ വെളിപ്പെടുത്തി മുഹമ്മദ് ബാവ

Content Highlight: koodathai murder case Neighbors against jolly