കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട ഓരോ വിവരങ്ങളും ഓരോ നിമിഷങ്ങളിലായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കൃത്യമായ ആസൂത്രണത്തിലൂടെ ജോളിയെന്ന സ്ത്രീ ഉറ്റവരായ ആറുപേരെയാണ് കൊന്നൊടുക്കിയത്. രാജ്യത്തിനകത്തും പുറത്തും കൂടത്തായി കൊലപാതക പരമ്പര വാര്‍ത്താപ്രാധാന്യം നേടിയപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജ്യത്തെ നടുക്കിയ മറ്റു ചില സീരിയല്‍ കില്ലര്‍മാരുമുണ്ട്. 

സയനൈഡ് മോഹനനും സയനൈഡ് മല്ലികയും ജയങ്കറും ഉള്‍പ്പെടെ രാജ്യത്തെ ഞെട്ടിച്ച സീരിയല്‍ കില്ലര്‍മാര്‍. 


സ്ത്രീകളുമായി ലൈംഗികവേഴ്ച,ശേഷം ജീവനെടുക്കും 

ഇരുപതോളം യുവതികളെ കൊലപ്പെടുത്തിയ സയനൈഡ് മോഹനന്‍ എന്ന മോഹന്‍കുമാറിന്റെ ക്രൂരത നടുക്കത്തോടെയാണ് രാജ്യം കേട്ടത്. സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ട ശേഷം അവരെ സയനൈഡ് നല്‍കി കൊലപ്പെടുത്തുന്നതായിരുന്നു അധ്യാപകനായിരുന്ന മോഹന്‍കുമാറിന്റെ രീതി. ഇരുപതോളം യുവതികളെ ഇങ്ങനെ കൊലപ്പെടുത്തിയ സയനൈഡ് മോഹനന്‍ പിന്നീട് പോലീസിന്റെ പിടിയിലാവുകയും 2013-ല്‍ ഇയാള്‍ക്ക് കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. 


ടാക്‌സി ഡ്രൈവര്‍മാരെ കൊന്നൊടുക്കിയ ഡോക്ടര്‍...

ആയുര്‍വേദ ഡോക്ടറായിരുന്ന ദേവേന്ദ്ര ശര്‍മ്മ കൂടുതല്‍ പണത്തിനുവേണ്ടിയായിരുന്നു ക്രൂരതയ്ക്കിറങ്ങിയത്. ഉത്തര്‍പ്രദേശ്,ഗുഡ്ഗാവ്,രാജസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നായി ടാക്‌സി ഡ്രൈവര്‍മാരെ കൊലപ്പെടുത്തിയശേഷം കാറുകള്‍ തട്ടിയെടുക്കുന്നതായിരുന്നു ഇയാളുടെ രീതി. 2002 മുതല്‍ 2004 വരെ മുപ്പതോളം പേരെ ഇത്തരത്തില്‍ കൊലപ്പെടുത്തിയെന്നായിരുന്നു ദേവേന്ദ്ര ശര്‍മ്മയുടെ കുറ്റസമ്മതം. 2008-ല്‍ ദേവേന്ദ്ര ശര്‍മ്മയെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. 

രാജ്യം നടുങ്ങിയ നിതാരി കൂട്ടക്കൊല 

നിതാരിയില്‍നിന്ന് കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കൂട്ടത്തോടെ കണ്ടെടുത്തതിന് പിന്നാലെയാണ് രാജ്യത്തെ നടുക്കിയ നിതാരി കൂട്ടക്കൊലയുടെ ചുരുളഴിയുന്നത്. മൊഹീന്ദര്‍സിങ് പാന്തര്‍, ഇയാളുടെ വീട്ടുജോലിക്കാരനായ സുരീന്ദര്‍ കോലി എന്നിവര്‍ ചേര്‍ന്ന് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. വിവിധ കേസുകളിലായി ഇരുവര്‍ക്കും കോടതി വധശിക്ഷ വിധിച്ചിരുന്നു. 


ചാള്‍സ് ശോഭരാജ് 

തെക്കുകിഴക്കന്‍ ഏഷ്യയെയും യൂറോപ്പിനെയും വിറപ്പിച്ച സീരിയല്‍ കില്ലറാണ് ചാള്‍സ് ശോഭരാജ്. ഫ്രഞ്ച് പൗരനായിരുന്ന ചാള്‍സിന്റെ പിതാവ് ഇന്ത്യക്കാരനായിരുന്നു.  പന്ത്രണ്ടോളം പേരെയാണ് ശോഭരാജ് അതിക്രൂരമായി കൊന്നൊടുക്കിയത്. കൊലപാതകത്തിനുശേഷം ഇരകളുടെ പണം കൈക്കലാക്കുന്ന ഇയാള്‍ ആഡംബരജീവിതമായിരുന്നു നയിച്ചിരുന്നത്. ബിക്കിനി കില്ലറെന്നായിരുന്നു ചാള്‍സ് ശോഭരാജിന് നല്‍കിയിരുന്ന വിശേഷണം. കൊല്ലപ്പെടുത്തിയ രണ്ടുസ്ത്രീകളുടെ മൃതദേഹങ്ങള്‍ ബിക്കിനി മാത്രം ധരിച്ചനിലയില്‍ കണ്ടെത്തിയതായിരുന്നു ഈ പേരുവരാന്‍ കാരണം. പിന്നീട് ദി സെര്‍പ്പന്റിന്‍ അഥവാ സര്‍പ്പസ്വഭാവി എന്ന പേരും അയാള്‍ക്ക് ലോകം പേടിയോടെ ചാര്‍ത്തിനല്‍കി. ഇന്ത്യയില്‍വെച്ച് നേരത്തെ പിടിയിലായ ചാള്‍സ് ശോഭരാജ് 1976 മുതല്‍ 1997 വരെ ജയില്‍വാസം അനുഭവിച്ചു. പിന്നീട് 2004-ല്‍  നേപ്പാളില്‍വെച്ചും അറസ്റ്റിലായ ചാള്‍സ് ശോഭരാജ് അവിടെ തടവില്‍ തുടരുകയാണ്. 

സയനൈഡ് മല്ലിക

കെ.ഡി. കെംപമ്മ എന്ന സയനൈഡ് മല്ലിക വിവിധ കാലയളവിലായി ആറു സ്ത്രീകളെയാണ് കൊലപ്പെടുത്തിയത്. 1999 മുതല്‍ 2007 വരെയുള്ള കാലയളവിലായിരുന്നു ഈ കൊലപാതകങ്ങള്‍. സയനൈഡ് നല്‍കി കൊലപ്പെടുത്തിയശേഷം ആഭരണങ്ങള്‍ തട്ടിയെടുക്കുന്ന മല്ലിക 2007-ല്‍ പോലീസിന്റെ പിടിയിലായി. നിലവില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്നു. 

പിഞ്ചുകുഞ്ഞുങ്ങളെ കൊന്നൊടുക്കിയ സഹോദരിമാര്‍

കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സഹോദരിമാരാണ് രേണുക ഷിന്‍ഡെയും സീമാ ഗാവിദും. 13 തട്ടിക്കൊണ്ടുപോകല്‍ കേസുകളും ഒമ്പത് കൊലപാതകക്കേസുകളുമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്. ഒരിക്കലും ദയ അര്‍ഹിക്കാത്ത സംഭവങ്ങളില്‍ ഇരുവര്‍ക്കും വധശിക്ഷയാണ് ലഭിച്ചത്. 

ബലാത്സംഗം ചെയ്തത് 30 സ്ത്രീകളെ, കൊലപ്പെടുത്തിയത് 15 പേരെ

മുപ്പതു ബലാത്സംഗക്കേസുകള്‍,15 കൊലപാതകങ്ങള്‍,നിരവധി കവര്‍ച്ച കേസുകള്‍.. എം.ജയശങ്കര്‍ എന്ന കൊടുംക്രിമിനലിന്റെ പേരിലുള്ള കേസുകളുടെ എണ്ണം അനവധിയാണ്. തമിഴ്‌നാട്,ആന്ധ്രപ്രദേശ്,കര്‍ണാടക സംസ്ഥാനങ്ങളെ വിറപ്പിച്ച ജയശങ്കറിനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്‌തെങ്കിലും 2018-ല്‍ ഇയാള്‍ ജയിലില്‍വെച്ച് ജീവനൊടുക്കി.

Content Highlights: koodathai murder case jolly serial killer, and indian serial killers story