പൊക്കിള്‍കൊടി പോലും മുറിച്ചുമാറ്റാത്ത നിലയില്‍ നവജാതശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി, 2021 ജനുവരി അഞ്ചിന് കല്ലുവാതുക്കലില്‍നിന്നു പുറത്തുവന്ന വാര്‍ത്തയാണിത്.  പക്ഷേ, അധിക മണിക്കൂറുകള്‍ ആ കുഞ്ഞിന് ആയുസ്സുണ്ടായില്ല. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കുഞ്ഞ് മരിച്ചു. പിന്നീടങ്ങോട്ട് ഈ കേസില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പുറത്തുവന്നത് ആരെയും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. 

മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് കുഞ്ഞ് ആരുടേതാണെന്ന് കണ്ടെത്താനായത്. ആദ്യഘട്ടത്തില്‍ പല രീതിയില്‍ പല വഴികളില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. ഒടുവില്‍ ഡി.എന്‍.എ. പരിശോധനയിലേക്ക് കടന്നതോടെ കേസില്‍ ചുരുളഴിയുകയായിരുന്നു.   

കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ പാരിപ്പള്ളി പോലീസിന്റെ നേതൃത്വത്തിലാണ് ആദ്യം അന്വേഷണം നടത്തിയത്. സമീപത്തെ നിരവധി പേരെ ചോദ്യം ചെയ്‌തെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. മൊബൈല്‍ ഫോണ്‍ ടവറിന് കീഴിലെ വിവരങ്ങള്‍ ശേഖരിച്ചും അന്വേഷണം നടത്തി. രാത്രിയില്‍ ഫോണില്‍ സംസാരിച്ച പലരെയും പോലീസ് ചോദ്യംചെയ്തു. പ്രദേശത്തെ മൂന്ന് കിലോ മീറ്റര്‍ ചുറ്റളവിലുള്ള സകല സിസിടിവി ക്യാമറകളും പരിശോധിച്ചു. ആശുപത്രികള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. പക്ഷേ, കുഞ്ഞ് ആരുടേതാണെന്നോ ആരാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നോ കണ്ടെത്താനായില്ല.

ആദ്യഘട്ട അന്വേഷണത്തില്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കാതായതോടെയാണ് പോലീസ് സംഘം ഡി.എന്‍.എ. പരിശോധനയിലേക്ക് കടന്നത്. സംശയമുള്ളവരുടെ ഡി.എന്‍.എ. പരിശോധന നടത്തി കുഞ്ഞ് ആരുടേതാണെന്ന് കണ്ടെത്താനായിരുന്നു ശ്രമം.

ഡി.എന്‍.എ. പരിശോധന, രേഷ്മ അറസ്റ്റില്‍

കേസില്‍ സംശയത്തിന്റെ നിഴലിലായിരുന്നവരുടെ ഡി.എന്‍.എ. പരിശോധനയാണ് പോലീസ് നടത്തിയത്. അറസ്റ്റിലായ രേഷ്മയും ഇതിലുള്‍പ്പെട്ടിരുന്നു. എന്നാല്‍, അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും രേഷ്മയാണ് പ്രതിയെന്ന സൂചന പോലും പോലീസിന് ലഭിച്ചിരുന്നില്ല. ഡി.എന്‍.എ. പരിശോധനയ്ക്ക് രേഷ്മ ഉത്സാഹത്തോടെയാണ് സഹകരിച്ചത്. ഇവരുടെ പെരുമാറ്റവും കാര്യമായ സംശയത്തിന് ഇട നല്‍കിയതുമില്ല.

കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം മുതല്‍ത്തന്നെ പ്രതി രേഷ്മ പോലീസിനെ വലയ്ക്കുകയായിരുന്നു. ഇവിടെനിന്നു കണ്ടെടുത്ത സോപ്പു കവറിലെ രക്തക്കറ തന്റെ ആര്‍ത്തവരക്തമാണെന്ന് പോലീസിനോടു പറഞ്ഞതോടെ പ്രസവസംബന്ധമായ പരിശോധനയില്‍നിന്ന് തന്നെ ഒഴിവാക്കുമെന്നും രേഷ്മ വിശ്വസിച്ചു. അത് ആദ്യഘട്ടത്തില്‍ ഏറെക്കുറെ വിജയിക്കുകയും ചെയ്തു.

പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരടക്കം സംഭവസ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍, കുഞ്ഞിനെ കാണപ്പെട്ട പുരയിടത്തോടു ചേര്‍ന്ന കുടുംബത്തിലെ സ്ത്രീകളെന്ന നിലയില്‍ രേഷ്മയെ അടക്കം ആദ്യദിവസങ്ങളില്‍ത്തന്നെ വൈദ്യപരിശോധന നടത്താതിരുന്നത് പ്രതികളെ കണ്ടെത്തുന്നതില്‍ കാലതാമസം വരുത്തി. കുഞ്ഞിനെ കാണപ്പെട്ടയിടത്ത് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെയടക്കം എത്തിച്ച് പരിശോധന നടത്തിയിട്ടും ഇത്തരമൊരു പരിശോധനയുടെ സാധ്യത പോലീസ് ആരാഞ്ഞില്ല. രേഷ്മയെയും രേഷ്മയുടെ അമ്മയെയും ആദ്യംമുതല്‍ത്തന്നെ പോലീസിനു സംശയമുണ്ടിയിരുന്നതായാണ് പറയുന്നത്. എന്നാല്‍, രണ്ടാഴ്ചയ്ക്കു ശേഷമാണ് ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയത്. ഇത് തെളിവുകള്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെടാന്‍ കാരണമായി.

കോടതിയുടെ അനുമതിയോടെ എട്ടു പേരുടെ ഡി.എന്‍.എ. എടുത്ത് നവജാതശിശുവിന്റെ സാമ്പിളുമായി പരിശോധിച്ചാണ് രേഷ്മയുടെയും ഭര്‍ത്താവ് വിഷ്ണുവിന്റെയും കുട്ടിയുടേതും ഒന്നാണെന്നു കണ്ടെത്തിയത്. 

ഡി.എന്‍.എ. പരിശോധനഫലം ലഭിച്ചതോടെ അതുവരെ രേഷ്മ കെട്ടിപ്പടുത്ത നുണകളെല്ലാം പൊളിയുകയായിരുന്നു. മരിച്ച കുഞ്ഞ് രേഷ്മ- വിഷ്ണു ദമ്പതിമാരുടേതാണെന്ന് ഡി.എന്‍.എ. പരിശോധനയില്‍ തെളിഞ്ഞു. രേഷ്മയെ കസ്റ്റഡിയിലെടുത്തതോടെ ഇവര്‍ എല്ലാം പോലീസിന് മുന്നില്‍ സമ്മതിച്ചു. തന്റെ കുഞ്ഞാണെന്നും ആരുമറിയാതെ പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചത് താന്‍ തന്നെയാണെന്നും രേഷ്മ ഏറ്റുപറഞ്ഞു. ഫെയ്‌സ്ബുക്ക് കാമുകനൊപ്പം ജീവിക്കാനായിരുന്നു ഈ കടുംകൈ എന്നും യുവതി വെളിപ്പെടുത്തി.

ജനുവരി അഞ്ചിന് കുഞ്ഞിനെ കണ്ടെത്തിയ ദിവസം എല്ലാവരോടും കാര്യങ്ങള്‍ വിശദീകരിക്കാനും വിവരങ്ങള്‍ അറിയിക്കാനും മുന്നില്‍ നിന്നത് രേഷ്മയായിരുന്നു. പ്രസവിച്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും യാതൊരു ആരോഗ്യപ്രശ്‌നങ്ങളും പുറത്തു കാണിക്കാതെയായിരുന്നു രേഷ്മയുടെ പെരുമാറ്റം. കുഞ്ഞിനെ കണ്ടെത്തിയ കഥ ഇവര്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വിവരിക്കുകയും ചെയ്തു. കണ്ടെത്തിയത് തന്റെ കുഞ്ഞാണെന്ന വിവരം അറിയാതെ ഭര്‍ത്താവ് വിഷ്ണുവും ഈ സമയത്ത് യുവതിയോടൊപ്പമുണ്ടായിരുന്നു.

ഗര്‍ഭം ധരിച്ച് ഒമ്പതാം മാസമാണ് കുഞ്ഞിനെ പ്രസവിച്ചതെന്നാണ് രേഷ്മ പോലീസിന് നല്‍കിയ മൊഴി. ഇത്രയും കാലം വീട്ടുകാര്‍ അറിയാതെ ഗര്‍ഭം മറച്ചുവെച്ചതും ഏവരെയും അമ്പരപ്പിച്ചു. ഗര്‍ഭിണിയാണെന്ന് അറിയാതിരിക്കാന്‍ ശരീരത്തില്‍ ബെല്‍റ്റ് ധരിച്ച് വയര്‍ ഒതുക്കിവെച്ചെന്നാണ് യുവതി പറഞ്ഞിട്ടുള്ളത്. സംഭവദിവസം വീടിന് പുറത്തെ ശൗചാലയത്തില്‍വെച്ചാണ് കുഞ്ഞിനെ പ്രസവിച്ചതെന്നും പറഞ്ഞു. കുഞ്ഞ് നിലത്തുവീഴുമ്പോള്‍ മരിക്കുമെന്ന് കരുതി എഴുന്നേറ്റു നിന്നാണ് പ്രസവിച്ചത്. പിന്നീട് കുഞ്ഞിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇതിനുശേഷം വേദനസംഹാരി മരുന്നുകള്‍ കഴിച്ച് ഉറങ്ങിയെന്നും പ്രതി പറഞ്ഞിരുന്നു.

ഫെയ്‌സ്ബുക്ക് കാമുകനിലേക്ക്

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് തന്റെ രണ്ടാമത്തെ കുഞ്ഞിനെ ആരുമറിയാതെ പ്രസവിച്ചശേഷം ഉപേക്ഷിച്ചതെന്നാണ് രേഷ്മയുടെ മൊഴി. എന്നാല്‍, ഇന്നേവരെ നേരിട്ടു കാണാത്ത ഈ കാമുകനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും യുവതിക്കറിയില്ലായിരുന്നു. ഇരുവരും ഫെയ്‌സ്ബുക്ക് മെസഞ്ചറിലൂടെയും വാട്‌സാപ്പിലൂടെയും നിരവധി തവണ ചാറ്റ് ചെയ്തിട്ടുണ്ടെന്ന് മാത്രമാണ് രേഷ്മ പറഞ്ഞിരുന്നത്.

ഏറേനേരം മൊബൈല്‍ ഫോണിലും സാമൂഹികമാധ്യമങ്ങളിലും സമയം ചെലവഴിക്കുന്നതില്‍ രേഷ്മയെ ഭര്‍ത്താവ് വിഷ്ണു നേരത്തെ വഴക്കു പറഞ്ഞിരുന്നു. ഒരിക്കല്‍ രേഷ്മയുടെ ഫോണ്‍ പിടിച്ചുവാങ്ങി തല്ലിപ്പൊട്ടിക്കുകയും ചെയ്തു. ഇതിനുശേഷം ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യയായ ആര്യയുടെ പേരിലുള്ള സിം കാര്‍ഡാണ് രേഷ്മ രഹസ്യമായി ഉപയോഗിച്ചിരുന്നത്. ഇതേ സിം കാര്‍ഡ് ഉപയോഗിച്ച് ഫെയ്‌സ്ബുക്ക് അക്കൗണ്ടും തുടങ്ങിയിരുന്നു.

നേരിട്ടു കണ്ടിട്ടില്ലാത്ത കാമുകന്റെ ക്ഷണപ്രകാരം രേഷ്മ വര്‍ക്കല ബീച്ചിലും പരവൂരിലും പോയിട്ടുണ്ട്. എന്നാല്‍, ഇവിടെ ഏറെനേരം കാത്തുനിന്ന ശേഷം കാമുകനെ കാണാനാകാതെ മടങ്ങിപ്പോവുകയായിരുന്നു. ഈ സംഭവങ്ങളെല്ലാം ഫെയ്‌സ്ബുക്ക് കാമുകന്‍ വ്യാജനാണോ എന്ന സംശയത്തിലേക്ക് വിരല്‍ചൂണ്ടി. ഒന്നുകില്‍ ഇത് രേഷ്മയുടെ കള്ളക്കഥയാണ്, അല്ലെങ്കില്‍ രേഷ്മയെ അടുത്തറിയുന്ന ആരോ വ്യാജ ഫെയ്‌സ്ബുക്ക് ഐ.ഡിയില്‍നിന്ന് യുവതിയെ കബളിപ്പിച്ചതാണെന്നും പോലീസ് ഉറപ്പിച്ചു. 

ആര്യയുടെയും ഗ്രീഷ്മയുടെയും ആത്മഹത്യ

ആര്യയുടെ പേരിലുള്ള സിം കാര്‍ഡാണ് രേഷ്മ ഏറെക്കാലമായി ഉപയോഗിച്ചിരുന്നത്. ഈ നമ്പര്‍ ഉപയോഗിച്ചും ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുടങ്ങിയിരുന്നു. ഇതാണ് പോലീസിന്റെ അന്വേഷണം ആര്യയിലേക്കെത്താന്‍ കാരണമായത്. ആര്യയില്‍നിന്ന് പരമാവധി വിവരങ്ങള്‍ ശേഖരിക്കുക എന്നതായിരുന്നു പോലീസിന്റെ ലക്ഷ്യം. ആര്യയെ പാരിപ്പള്ളി സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തു. പക്ഷേ, ഇതിനുപിന്നാലെയാണ് ഏവരെയും ഞെട്ടിച്ച് ആര്യയും രേഷ്മയുടെ മറ്റൊരു ബന്ധുവായ ഗ്രീഷ്മയും ആറ്റില്‍ചാടി ജീവനൊടുക്കിയത്. 

പോലീസ് വിളിപ്പിച്ചതിന് പിന്നാലെ ആര്യയും ഗ്രീഷ്മയും ജീവനൊടുക്കിയത് സംഭവത്തിലെ ദുരൂഹതകള്‍ വര്‍ധിപ്പിച്ചു. നവജാതശിശുവിന്റെ മരണത്തിന് പിന്നാലെ ഉറ്റവരായ രണ്ട് യുവതികള്‍ കൂടി മരിച്ചതോടെ വിഷ്ണുവിന്റെ കുടുംബത്തിനും വലിയ ആഘാതമായി. കേസില്‍ ഏറെ വിവരങ്ങള്‍ തരാന്‍ സാധ്യതയുണ്ടെന്ന് കരുതിയ ആര്യ ജീവനൊടുക്കിയത് അന്വേഷണത്തിലും വെല്ലുവിളിയായി. പക്ഷേ, ആ വെല്ലുവിളികള്‍ തരണം ചെയ്ത് പോലീസ് മുന്നോട്ടുപോകുന്നതാണ് പിന്നീടുള്ള ദിവസങ്ങളില്‍ കണ്ടത്. 

മൂവരും കൂട്ടുകാരികള്‍, സംശയം ബലപ്പെടുന്നു

അനന്ദു എന്ന ഫെയ്‌സ്ബുക്ക് ഐ.ഡിയില്‍നിന്നാണ് രേഷ്മയോട് കാമുകന്‍ ചാറ്റ് ചെയ്തിരുന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കാമുകനുമായി ചാറ്റ് ചെയ്യാന്‍ ഒട്ടേറെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളാണ് രേഷ്മ ഉപയോഗിച്ചിരുന്നത്. ഇതില്‍ പലതും പിന്നീട് ഡിലീറ്റ് ചെയ്തു. ഒരു ഭാഗത്ത് ഈ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി. മറുഭാഗത്ത് രേഷ്മയുടെ ഭര്‍ത്താവിനെയും ബന്ധുക്കളെയും പോലീസ് വിശദമായി ചോദ്യംചെയ്തു. 

ആര്യ എന്തിനാണ് ഗ്രീഷ്മയെയും കൂട്ടി ആത്മഹത്യ ചെയ്തതെന്ന ചോദ്യം പോലീസിനെ ആദ്യം കുഴക്കിയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ബന്ധുക്കളായ രേഷ്മയും ആര്യയും ഗ്രീഷ്മയും ഉറ്റസുഹൃത്തുക്കളായിരുന്നുവെന്ന് കണ്ടെത്തി. ഏകദേശം സമപ്രായക്കാരായ മൂവരും പല സമയത്തും ഒരുമിച്ചായിരുന്നു. ഇതോടെ രേഷ്മയ കബളിപ്പിച്ചത് മരിച്ച രണ്ടു പേരുമാണോ എന്ന സംശയം ബലപ്പെട്ടു. രേഷ്മ അറസ്റ്റിലായതോടെ തങ്ങളും പിടിക്കപ്പെടുമോ എന്ന ഭയമാകും ആത്മഹത്യയിലേക്ക് നയിച്ചതെന്നും സംശയിച്ചു. 

നിര്‍ണായകമായി സുഹൃത്ത്, വെളിപ്പെടുത്തിയത് സുപ്രധാന വിവരം

അജ്ഞാത ഫെയ്‌സ്ബുക്ക് കാമുകനെക്കുറിച്ചുള്ള പല കഥകളും നിറഞ്ഞു നില്‍ക്കുന്നതിനിടെയാണ് ഗ്രീഷ്മയുടെ സുഹൃത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. കഴിഞ്ഞ ദിവസം ഇയാളെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ഇതോടെയാണ് ഫെയ്‌സ്ബുക്ക് കാമുകനെക്കുറിച്ചുള്ള ദുരൂഹതകള്‍ക്ക് വിരാമമായത്. 

രേഷ്മയോട് അനന്ദു എന്ന വ്യാജ ഐ.ഡിയില്‍നിന്ന് ചാറ്റ് ചെയ്തിരുന്നത് ഗ്രീഷ്മയും ആര്യയുമാണെന്ന് യുവാവ് വെളിപ്പെടുത്തി. ഇക്കാര്യം ഗ്രീഷ്മ തന്നോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു ഇയാളുടെ മൊഴി. ഇതോടെ ഇത്രയും ദിവസം സംശയം മാത്രമുണ്ടായിരുന്ന കാര്യത്തില്‍ സ്ഥിരീകരണവുമായി. 

'പ്രാങ്കി'ല്‍ പൊലിഞ്ഞത് മൂന്ന് ജീവന്‍

വെറും 'പ്രാങ്കി'ന് വേണ്ടിയാണ് ആര്യയും ഗ്രീഷ്മയും ചേര്‍ന്ന് രേഷ്മയെ കബളിപ്പിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. തമാശ കൈവിട്ടു പോയതോടെ ഇരുവരും ജീവനൊടുക്കുകയായിരുന്നുവെന്നും പോലീസ് കരുതുന്നു. രേഷ്മ ഗര്‍ഭിണിയാണെന്ന വിവരം ഇരുവരും അറിഞ്ഞിരുന്നില്ലെന്നാണ് അനുമാനം. കേസില്‍ രേഷ്മ അറസ്റ്റിലായതോടെയാണ് രേഷ്മയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന വിവരം പോലും ഇവര്‍ അറിഞ്ഞതെന്നും പോലീസ് കരുതുന്നു. 

അതേസമയം, സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം പോലീസ് കേസില്‍ അന്വേഷണം അവസാനിപ്പിച്ചിട്ടില്ല. ഫെയ്‌സ്ബുക്കില്‍നിന്നുള്ള വിവരങ്ങള്‍ കൂടി ലഭിച്ചശേഷം മാത്രമേ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കൂ എന്നാണ് സൂചന. ചാത്തന്നൂര്‍ എ.സി.പി. വൈ. നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസിലെ സുപ്രധാനഘട്ടങ്ങളിലെ അന്വേഷണം നടത്തിയത്. കഴിഞ്ഞദിവസം ഇദ്ദേഹത്തിനും അന്വേഷണസംഘത്തിലുള്ള പാരിപ്പള്ളി എസ്.എച്ച്.ഒയ്ക്കും സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിരുന്നു. അതിനാല്‍ പുതുതായി ചുമതലയേല്‍ക്കുന്നവരാകും ഇനി അന്വേഷണത്തിന് നേതൃത്വം നല്‍കുക. 

Content Highlights: kollam kalluvathukkal new born baby death and reshma case arya greeshma suicide