കൊല്ലം: ഇത്തിക്കരയാറിന്റെ കൈവഴിയായ പള്ളിമണ്‍ ആറ്റില്‍ മരിച്ചനിലയില്‍ കണ്ട ദേവനന്ദ ബുധനാഴ്ച അമ്മൂമ്മ രാധാമണിക്കൊപ്പം താത്കാലികപാലം കയറി അക്കരെയുള്ള കൊട്ടറ മിന്നൂര്‍കുളം മാടന്‍നട അമ്പലത്തില്‍പോയിരുന്നു. ഈ ഓര്‍മയില്‍ തനിയെ അതേവഴി കുഞ്ഞ് ഒരിക്കല്‍ക്കൂടി പോയിരിക്കുമെന്ന നിഗമനത്തിലാണു പോലീസ്. പാലത്തില്‍നിന്ന് വഴുതി ആറ്റില്‍ വീണതാകാമെന്നാണു കരുതുന്നത്.

വീട്ടില്‍നിന്ന് ഈ പാലംവരെ 200-250 മീറ്റര്‍ ദൂരമേയുള്ളൂ. വീടിനോടു ചേര്‍ന്നുള്ള മൂന്നുവീടുകള്‍ പിന്നിട്ടാല്‍ ഈ വഴി വിജനമാണ്. പുഴയ്ക്കക്കരെയും ഇക്കരെയും റബ്ബര്‍ത്തോട്ടങ്ങള്‍മാത്രം. പുഴ ഇവിടെ നാല് വലിയ വളവുകള്‍ തിരിഞ്ഞാണ് ഒഴുകുന്നത്. താത്കാലിക പാലത്തിനു കീഴിലൂടെ നല്ല ശക്തിയിലാണ് വെള്ളമൊഴുക്ക്.

മാടന്‍നട ക്ഷേത്രത്തില്‍ സപ്താഹം നടന്നുവരുകയാണ്. എല്ലാവര്‍ഷവും ക്ഷേത്രത്തില്‍ സപ്താഹംവരുമ്പോള്‍ പുഴയില്‍ താത്കാലിക പാലം നിര്‍മിക്കാറുണ്ട്. ഇളവൂര്‍ ഭാഗത്തുള്ളവര്‍ ഇതുവഴിയാണ് ക്ഷേത്രത്തിലെത്തുന്നത്. സപ്താഹം തീര്‍ന്നാലും പാലം പൊളിക്കില്ല. അടുത്ത മഴക്കാലത്ത് വെള്ളംപൊങ്ങി താനേ തകരുന്നതുവരെ ഈ പാലം അവിടെയുണ്ടാകും.

വീട്ടില്‍നിന്നു പുഴയിലേക്ക് 60 മീറ്റര്‍ മാത്രം 

ദേവനന്ദ താമസിച്ചിരുന്ന നെടുമ്പന ഇളവൂര്‍ കിഴക്കേക്കര ധനീഷ് ഭവനില്‍നിന്ന് 50-60 മീറ്റര്‍ ദൂരത്തിലാണ് ഇത്തിക്കരയാറിന്റെ കൈവഴിയായ പള്ളിമണ്‍ ആറ് ഒഴുകുന്നത്. മണല്‍വാരി പുഴയ്ക്ക് വലിയ ആഴമുണ്ടിവിടെ. നാലുവളവുകളുള്ളതിനാല്‍ ഒഴുക്കും കൂടുതലാണ്.

വ്യാഴാഴ്ച അപ്പൂപ്പന്‍ മോഹനന്‍ പിള്ള(പപ്പു)യും അമ്മൂമ്മ രാധാമണിയും പണിക്കുപോയ സമയത്ത് ധന്യയും ദേവനന്ദയും നാലുമാസംമാത്രം പ്രായമുള്ള ഇളയകുട്ടിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കുഞ്ഞിനെ ഉറക്കിക്കിടത്തിയശേഷം ധന്യ തുണിയലക്കുകയായിരുന്നു. ഈസമയത്ത് അവിടേക്കുചെന്ന ദേവനന്ദയെ കുഞ്ഞിന് കൂട്ടിരിക്കാന്‍ പറഞ്ഞയച്ചു. അല്പനേരം കഴിഞ്ഞ് അന്വേഷിച്ചപ്പോഴാണ് കുട്ടിയെ കാണാനില്ലെന്നറിഞ്ഞത്.

മുങ്ങിമരണമാണെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടി പുഴയില്‍ വീണതാകാമെന്നാണു പോലീസ് പറയുന്നത്.

സാധ്യത 1

ദേവനന്ദ താമസിച്ചിരുന്ന വീട്ടില്‍നിന്ന് 60 മീറ്റര്‍ നടന്നാല്‍ പള്ളിമണ്‍ ആറ്റിലേക്ക് പടവുകളുണ്ട്. പടവുകളിറങ്ങി താഴെയെത്തിയ കുട്ടി കാല്‍വഴുതി വെള്ളത്തിലേക്കുവീഴാം.

സാധ്യത 2

വീട്ടില്‍നിന്ന് താത്കാലിക പാലത്തിലേക്ക് നടന്നുപോകുന്നതിനിടെ ആറ്റിലേക്കുവീഴാന്‍ സാധ്യതയുണ്ട്. ഇവിടെ ആറ്റുതീരം ഇടിഞ്ഞതിനാല്‍ ചിലഭാഗത്ത് റോഡ് ഒറ്റയടിപ്പാത പോലെയാണ്. ആറ്റിലേക്ക് കുട്ടി ഊര്‍ന്നുവീഴാവുന്ന ഇടങ്ങളുമുണ്ട്. കുറ്റിച്ചെടികള്‍ നിറഞ്ഞ ഈഭാഗത്ത് പക്ഷേ, കുഞ്ഞ് നിരങ്ങിയിറങ്ങിയതിന്റെ ലക്ഷണങ്ങളൊന്നും കാണാനില്ല.

സാധ്യത-3

ഒറ്റയടിപ്പാത പിന്നിട്ട കുട്ടി അമ്പലത്തിലേക്കുപോകാനായി നിര്‍മിച്ച താത്കാലിക പാലത്തില്‍ കയറിയിട്ടുണ്ടാവും. ഇതുവഴി നടക്കുമ്പോഴോ കളിച്ചുകൊണ്ടിരിക്കുമ്പോഴോ കാല്‍വഴുതി വെള്ളത്തിലേക്കുപതിക്കാം. ഈ താത്കാലിക പാലത്തിനടുത്തുനിന്നാണ് കുട്ടിയുടെ ഷാള്‍ കിട്ടിയത്. അതുകൊണ്ടുതന്നെ ഇവിടെ വീണിരിക്കാന്‍ സാധ്യതയേറെയാണ്.

Content Highlights: kollam devananda death; assumptions by police