കൊല്ലം: ഉത്രയുടെ മരണം പാമ്പുകടിയേറ്റാണെന്ന് അഞ്ചലിലെ ആശുപത്രി അധികൃതര്‍ അറിയിച്ചതു മുതല്‍ സംശയമുന നീണ്ടത് സൂരജിനു നേരെ. സൂരജിനെ കുടുക്കിയ തെളിവുകള്‍ ഇവയാണ്

നിര്‍വികാരമായ പെരുമാറ്റം

പാമ്പ് വീട്ടിലുണ്ടാകുമെന്നു പറഞ്ഞ് സൂരജും ഉത്രയുടെ സഹോദരന്‍ വിഷുവും കിടപ്പുമുറിയിലെത്തുമ്പോഴും സൂരജ് നിര്‍വികാരതയോടെ പെരുമാറി.

വിഷു പാമ്പിനെ കട്ടിലിനടിയില്‍ തിരയുമ്പോള്‍ മുറിക്കുള്ളിലെ അലമാരയ്ക്കടിയില്‍ പാമ്പ് കിടപ്പുണ്ടെന്നു പറഞ്ഞ് സൂരജ് പുറത്തിറങ്ങിപ്പോയി. പാമ്പിനെ വിഷു ഒറ്റയ്ക്കാണ് കൊന്നത്. ഇതിനിടെ വിഷു ഉത്രയെ കൊല്ലാന്‍ ശ്രമിച്ചതായി സൂരജ് ആരോപിക്കുകയുംചെയ്തു.

സൂരജിനെ കൊത്താത്ത പാമ്പ് 

വീടിനടുത്ത് സര്‍പ്പക്കാവും ക്ഷേത്രവും വിജനമായ സ്ഥലങ്ങളും ഉണ്ടായിരുന്നതിനാല്‍ ഉത്രയുടെ ബന്ധുക്കളും സൂരജിനെ സംശയിച്ചില്ല. എന്നാല്‍ ജനലിനരികില്‍ക്കിടന്ന സൂരജിനെ തൊടാതെ പാമ്പ് ഉത്രയുടെ അരികിലേക്ക് എങ്ങനെയെത്തിയെന്നതും സംശയത്തിനിടയാക്കി. ഉത്രയുടെ അമ്മ ജനല്‍ അടച്ചിരുന്നെന്ന് പറഞ്ഞിട്ടും സൂരജ് അത് നിഷേധിച്ചു. ജനലിലൂടെയാണ് പാമ്പ് എത്തിയതെന്ന് സൂരജ് ആവര്‍ത്തിച്ചു.

സുഹൃത്തുക്കള്‍ക്ക് ഒപ്പമുള്ള പൊട്ടിച്ചിരി

മരണശേഷം ഉത്രയുടെ വീട്ടിലായിരുന്ന സൂരജിനെ കാണാന്‍ സുഹൃത്തുക്കള്‍ വൈകുന്നേരങ്ങളില്‍ എത്തിയിരുന്നു. റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഇവര്‍ മണിക്കൂറുകള്‍ ചെലവഴിക്കുകയും പൊട്ടിച്ചിരിക്കുകയുമെല്ലാം ചെയ്തതും ബന്ധുക്കള്‍ ശ്രദ്ധിച്ചിരുന്നു.

മകന്‍ ധ്രുവിനെയുംകൊണ്ട് അടൂരിലേക്ക് മടങ്ങാന്‍ സൂരജ് ശ്രമിച്ചത് വാക്തര്‍ക്കത്തിനിടയാക്കി. ലോക്കറില്‍നിന്ന് ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ സൂരജ് കൈക്കലാക്കിയതും ഉത്രയുടെ മാതാപിതാക്കള്‍ അറിഞ്ഞിരുന്നു. പോലീസ് ഇടപെട്ട് സൂരജിന്റെ വീട്ടില്‍നിന്ന് 12 പവനോളം സ്വര്‍ണം കണ്ടെടുത്തിരുന്നു. ഇതു കൈമാറാന്‍ സൂരജ് തയ്യാറായതുമില്ല.

ചികിത്സ വൈകിപ്പിച്ചു

സൂരജിന്റെ വീടിന്റെ രണ്ടാംനിലയിലേക്കുള്ള പടിയില്‍ മാര്‍ച്ച് ഒന്നിന് പാമ്പിനെക്കണ്ടിരുന്നു. മുകള്‍നിലയില്‍വെച്ച ഫോണ്‍ എടുക്കാനായി ഉത്രയെ സൂരജ് മുകള്‍നിലയിലേക്ക് അയച്ചു. പാമ്പ് കിടക്കുന്നതുകണ്ട് ഭയപ്പെട്ട് ഉത്ര താഴെവന്നു പറഞ്ഞപ്പോള്‍ പാമ്പിനെ സൂരജ് പിടികൂടി ചാക്കിലാക്കി. ഇക്കാര്യം ഉത്ര വീട്ടുകാരെ അറിയിച്ചിരുന്നു.

മാര്‍ച്ച് രണ്ടിന് ഉത്രയ്ക്ക് പാമ്പുകടിയേറ്റെന്നും ആശുപത്രിയിലാണെന്നും വീട്ടുകാരെ അറിയിക്കേണ്ടെന്നും സൂരജ് ഉത്രയുടെ വലിയച്ഛന്റെ മകനെ വിളിച്ചറിയിച്ചിരുന്നു. വളരെപ്പെട്ടെന്ന് എത്തിക്കാവുന്ന ആശുപത്രികളുണ്ടായിട്ടും ചികിത്സ വൈകിപ്പിക്കാന്‍ പരമാവധി ശ്രമിച്ചതും സംശയമുണര്‍ത്തി.

Content Highlights: kollam anchal uthra snake bite murder case; allegations against husband sooraj