ചെന്നൈ: കോടനാട് എസ്റ്റേറ്റിലെ കൊലപാതക-കവര്‍ച്ചാ കേസുകളുമായി ബന്ധപ്പെട്ട അന്വേഷണം വീണ്ടും ഊര്‍ജിതപ്പെടുത്തി പോലീസ്. ഇക്കഴിഞ്ഞദിവസം മദ്രാസ് ഹൈക്കോടതി അന്വേഷണത്തിന് അനുമതി നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി. അഞ്ചു പ്രത്യേക പോലീസ് സംഘമാണ് വ്യത്യസ്തകോണുകളില്‍ അന്വേഷണം നടത്തുന്നത്. 2017 ഏപ്രില്‍ 24-നാണ് കോടനാട് എസ്റ്റേറ്റിലെ കാവല്‍ക്കാരനെ കൊന്ന് കവര്‍ച്ച നടത്തിയത്.

ആ സമയം അവിടെ പെട്ടെന്ന് വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് നേരത്തെ വിശദമായി അന്വേഷിച്ചിരുന്നില്ല. ഇപ്പോള്‍ ആദ്യഘട്ടത്തില്‍ത്തന്നെ ഇക്കാര്യം വിശദമായി അന്വേഷിക്കാനാണ് പോലീസിന്റെ തീരുമാനം. കോടനാട് സംഭവത്തില്‍ ഇനിയും പല ദുരൂഹതകളുമുണ്ടെന്നും ഇവയൊക്കെ പുറത്തുകൊണ്ടുവരാനാകുമെന്നുമാണ് പോലീസിന്റെ പ്രതീക്ഷ.

കോടനാട് സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. എസ്റ്റേറ്റിലെ കാവല്‍ക്കാരന്‍ കൊല്ലപ്പെട്ട സമയം കോടനാട് മേഖലയില്‍ പൊടുന്നനെ വൈദ്യുതി മുടങ്ങിയതിനുപിന്നില്‍ രാഷ്ട്രീയ ഇടപെടലുകളുണ്ടെന്ന് സംശയിക്കപ്പെടുന്നുണ്ട്. വൈദ്യുതി എളുപ്പത്തില്‍ വിച്ഛേദിക്കപ്പെടാവുന്ന മേഖലയല്ല കോടനാട്. അതിസുരക്ഷാ മേഖലകൂടിയാണിത്. മാത്രമല്ല മുന്‍മുഖ്യമന്ത്രി ജയലളിത അവധിക്കാലം ചെലവഴിക്കാറുള്ള കെട്ടിടമായതിനാല്‍ സെക്രട്ടേറിയറ്റിനു സമാനമായരീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം കൂടിയാണ്.

സബ്സ്റ്റേഷനില്‍നിന്ന് ബംഗ്ലാവിലേക്ക് നേരിട്ട് വൈദ്യുതി കണക്ഷന്‍ എടുത്തതസ്ഥിതിക്ക് ഇവിടെ വൈദ്യുതി തടസ്സപ്പെടാന്‍ യാതൊരു കാരണവും ഉണ്ടാകില്ലെന്നാണ് പോലീസ് കരുതുന്നത്. വൈദ്യുതിബോര്‍ഡിലെ ഉദ്യോഗസ്ഥരുടെയോ ജീവനക്കാരുടെയോ സഹായമുണ്ടായിരുന്നോ എന്നും അന്വേഷിക്കും. വൈദ്യുതി വിച്ഛേദിക്കാന്‍ ഉന്നതതലങ്ങളില്‍നിന്ന് ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്നും സംശയിക്കുന്നുണ്ട്.

kodanad estate
കോടനാട് എസ്‌റ്റേറ്റിലേക്കുള്ള ഗേറ്റ് / ഫയല്‍ചിത്രം: മാതൃഭൂമി

സംഭവം നടന്നസമയത്ത് വൈദ്യുതിവകുപ്പ് ഓഫീസില്‍ ഉണ്ടായിരുന്നവരെ ചോദ്യംചെയ്യാനും നീക്കം നടത്തുന്നതായി പോലീസ് രഹസ്യവൃത്തങ്ങള്‍ വ്യക്തമാക്കി. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായ വി.കെ. ശശികലയെയും മുന്‍മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെയും ഇതുവരെ ചോദ്യം ചെയ്തിരുന്നില്ല. ഇനിയിപ്പോള്‍ ഇവരെയും വൈകാതെ ചോദ്യംചെയ്യുമെന്നാണ് വിവരം.

എസ്റ്റേറ്റ് തൊഴിലാളികളെ ചോദ്യംചെയ്തു...

നീലഗിരി ജില്ലയിലെ കോടനാട് കേസുമായി ബന്ധപ്പെട്ട് എസ്റ്റേറ്റ് തൊഴിലാളികളെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. ശനിയാഴ്ച കോടനാട് ബംഗ്ലാവില്‍ എത്തിയ അന്വേഷണസംഘത്തിലെ മൂന്ന് ഉദ്യോഗസ്ഥരാണ് ശനിയാഴ്ച വൈകീട്ട് ചോദ്യംചെയ്യല്‍ തുടരുന്നത്.

ഇതിനിടെ കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിനുവേണ്ടി ക്യാമ്പ് ഓഫീസ് തുറന്നു. ഊട്ടിയില്‍ ജില്ലാ പോലീസ് മേധാവിയുടെ പഴയ ഓഫീസാണ് ഇതിനായി തുറന്നിരിക്കുന്നത്. കോയമ്പത്തൂരില്‍ പ്രത്യേക അന്വേഷണസംഘത്തിലെ ഒരുവിഭാഗം രണ്ടുപേരെ ചോദ്യം ചെയ്യുന്നതായി വിവരം ലഭിച്ചു. എസ്റ്റേറ്റിലെ ജീവനക്കാരനെയും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയും ആണ് റേസ് കോഴ്‌സിലെ പ്രത്യേക സ്ഥലത്തുവെച്ച് ഇന്‍സ്‌പെക്ടര്‍ വേല്‍മുരുകന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തത്.

kodanad estate

കോടനാട് എസ്‌റ്റേറ്റില്‍നിന്നുള്ള ദൃശ്യം / ഫയല്‍ചിത്രം: മാതൃഭൂമി

ഇതിനടുത്തുള്ള ഡി.ഐ.ജി. ഓഫീസില്‍വെച്ച് കേസിലെ ഒന്നാം പ്രതി, വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കനകരാജിന്റെ ഭാര്യ അടക്കമുള്ള ബന്ധുക്കളെ ചോദ്യം ചെയ്യുന്നുവെന്ന് രാവിലെ മുതല്‍ അഭ്യൂഹം പരന്നു. എങ്കിലും വൈകീട്ട് ഐ.ജി.തന്നെ ഇക്കാര്യം നിഷേധിച്ചു. വെള്ളിയാഴ്ച എസ്റ്റേറ്റ് മാനേജരെ ചോദ്യംചെയ്തതിന് തൊട്ടുപിന്നാലെയാണ് എസ്റ്റേറ്റുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെയും ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. അഞ്ച് പ്രത്യേക അന്വേഷണസംഘങ്ങളാണ് ഒരേസമയം കേസുമായി നീങ്ങുന്നത്.

എന്തുകൊണ്ട് പരാതിപ്പെട്ടില്ല, എസ്റ്റേറ്റ് മാനേജര്‍ നടരാജനെയും ചോദ്യംചെയ്തു...

കോടനാട് കേസുമായി ബന്ധപ്പെട്ട് എസ്റ്റേറ്റ് മാനേജര്‍ നടരാജനെ കഴിഞ്ഞദിവസം അന്വേഷണസംഘം ചോദ്യംചെയ്തിരുന്നു. കോയമ്പത്തൂര്‍ മേഖലാ ഐ.ജി. സുധാകര്‍, നീലഗിരി എസ്.പി. ആശിഷ് റാവത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള ചോദ്യംചെയ്യല്‍ ഒരുമണിക്കൂറോളം നീണ്ടു.

kodanad estate
കോടനാട് എസ്‌റ്റേറ്റിലെ ബംഗ്ലാവ് / ഫയല്‍ചിത്രം: മാതൃഭൂമി 

കൊലയാളികള്‍ കൊള്ളയടിച്ച സാധനങ്ങളുടെ പട്ടിക, കവര്‍ച്ച നടന്നതിനെക്കുറിച്ച് പരാതിപ്പെടാത്തത് എന്തുകൊണ്ട് തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായി ചോദിച്ചത്.

കോടനാട് എസ്‌റ്റേറ്റിലെ കൊലപാതകവും കവര്‍ച്ചയും...

അഞ്ചു കൊലപാതകവും കവര്‍ച്ചയും ഉള്‍പ്പെടെ ഞെട്ടിക്കുന്ന സംഭവങ്ങളുടെ ഉറവിടമാണ് ജയലളിതയുടെ ഉടമസ്ഥതയിലുള്ള ഊട്ടിയിലെ കോടനാട് എസ്റ്റേറ്റ്. 1000 ഹെക്ടര്‍ തോട്ടവും 5000 ചതുരശ്ര അടിയില്‍ ബ്രിട്ടിഷ് മാതൃകയിലുള്ള ബംഗ്ലാവും ഉള്‍പ്പെടുന്ന ഇവിടെ ജയലളിതയുടെ മരണ ശേഷം കാവല്‍ക്കാരന്‍ റാം ബഹദൂര്‍ കൊല്ലപ്പെടുന്നതോടെയാണ് ദുരൂഹതകളുടെ പരമ്പര ആരംഭിക്കുന്നത്. 

ജയലളിതയുടെ മരണശേഷം, 2017 ഏപ്രില്‍ 24-ന് രാത്രിയാണ് ബംഗ്ലാവിലെ കാവല്‍ക്കാരന്‍ റാംബഹദൂര്‍ കൊല്ലപ്പെടുന്നത്‌. പിന്നീട് കേസിലെ ഒന്നാംപ്രതി കനഗരാജും രണ്ടാംപ്രതി കെ.വി. സയന്റെ ഭാര്യയും മകളും വാഹനാപകടത്തില്‍ ദുരൂഹമായി മരിക്കുന്നു. തൊട്ടുപിറകെ സി.സി.ടി.വി. ഓപ്പറേറ്ററായ ദിനേശ് കുമാറിനെ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തുന്നു. എസ്റ്റേറ്റില്‍ നിന്നും വിലപ്പെട്ട രേഖകള്‍ കാണാനില്ലെന്നാണ് പറയുന്നത്. ജയയുടെ സ്വത്തുക്കളുടെ ഉടമസ്ഥാവകാശം സംബന്ധിച്ചവയാണ് ഇതെന്ന് കരുതപ്പെടുന്നു. ജയലളിത മരിക്കുകയും ശശികല ജയിലിലാകുകയും ചെയ്തതോടെയാണ് എസ്റ്റേറ്റ് ഭീതിയിലേക്കു നീങ്ങുന്നത്.

jayalalitha
ജയലളിത / ഫയല്‍ചിത്രം: പി.ടി.ഐ

മുന്‍മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് ഇതില്‍ പങ്കുണ്ടെന്ന ആരോപണങ്ങള്‍ പുറത്തുവന്നു. വീണ്ടും പോലീസ് അന്വേഷണം നടത്താനുള്ള നീക്കത്തെ പളനിസ്വാമി എതിര്‍ത്തിരുന്നു. അന്വേഷണം തുടരുമ്പോള്‍ പ്രധാനമായും ചോദ്യം ചെയ്യുന്നവരില്‍ പളനിസ്വാമിയും ശശികലയും ഉള്‍പ്പെടും. കൊലപാതക-കവര്‍ച്ചാസംഭവത്തിന്റെ ഏക ദൃക്‌സാക്ഷിയായ കിഷന്‍ ബഹാദൂര്‍ എന്ന സുരക്ഷാജീവനക്കാരനെക്കുറിച്ചും വിവരവുമില്ല. ജയലളിതയുടെ വിയോഗത്തിന് ശേഷം എസ്റ്റേറ്റിന്റെ ഏക ഉടമ ശശികലയാണ്. മരിക്കുന്നതിനുമുമ്പ് ജയലളിത തയ്യാറാക്കിയതായിപ്പറയുന്ന വില്‍പ്പത്രം എവിടെയാണെന്നത് നിഗൂഢമാണ്. എ.ഐ.എ.ഡി.എം.കെ. നേതാക്കളോ ശശികലയോ ഇതേക്കുറിച്ച് ഒന്നും വെളിപ്പെടുത്തിയിട്ടില്ല.

സ്വത്തായിട്ടും പണമായിട്ടും, ആഭരണമായിട്ടും കോടികളുടെ ആസ്തി ജയലളിതയ്ക്കുണ്ട്. അവരുമായി അടുത്തവര്‍ക്ക് ഇതില്‍ കണ്ണുണ്ടായിരുന്നു. 2016 ആര്‍.കെ. നഗര്‍ തിരഞ്ഞെടുപ്പില്‍ ജയലളിത പത്രിക സമര്‍പ്പിച്ചപ്പോള്‍ കോടനാട് എസ്റ്റേറ്റിന്റെ വിവരം സത്യവാങ്മൂലത്തിലുണ്ടായിരുന്നില്ല. കോടനാട് എസ്റ്റേറ്റിലെ പണത്തെക്കുറിച്ചും രേഖകളെക്കുറിച്ചും വിശദമായി അറിയുക ബംഗ്ലാവുമായി അടുത്തബന്ധമുള്ളവര്‍ക്കാണ്. ആ നിലയ്ക്ക് ശശികലയെ ചോദ്യംചെയ്യേണ്ടതുമാണ്. പക്ഷെ എന്തുകൊണ്ട് അവരെ ഒഴിവാക്കിയെന്നത് നിഗൂഢമാണ്.

sasikala
ശശികല / ഫയല്‍ചിത്രം: പി.ടി.ഐ

നേരത്തെ ജയലളിതയുടെ ചെന്നൈയ്ക്കടുത്ത ശിരുതാവൂര്‍ ബംഗ്ലാവില്‍ തീപ്പിടിത്തമുണ്ടായിരുന്നു. രേഖകള്‍ കത്തിക്കാന്‍ തീവെച്ചതാണെന്നായിരുന്നു സംശയം. 2015 ജൂണിലെ ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചപ്പോള്‍ ജയലളിതയ്ക്ക് 117.13 കോടിയുടെ ആസ്തിയുണ്ടായിരുന്നു. 2016 ഡിസംബര്‍ അഞ്ചിനാണ് ജയലളിത അന്തരിച്ചത്. അനധികൃത സ്വത്തുകേസില്‍ 2017 ഏപ്രില്‍ 15-ന് ശശികല ബെംഗളൂരുവിലെ പരപ്പന അഗ്രഹാരജയിലിലായി.

അധികാരത്തിലെത്തിയാല്‍ കോടനാട് കേസില്‍ അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടുവരുമെന്ന് ഡി.എം.കെ. പ്രകടന പത്രികയിലെ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. രാഷ്ട്രീയ വൈരാഗ്യം അന്വേഷണത്തിനു പിന്നിലില്ലെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Content Highlights: kodanadu estate murder and robbery case new investigation