കൊച്ചി: കടവന്ത്രയ്ക്കു സമീപം നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിനു സമീപം വെടിവെപ്പുണ്ടായിട്ട് ശനിയാഴ്ച ഒരാഴ്ച തികയുന്നു. അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.

നടിയെ വിളിച്ചത് അധോലോക നായകന്‍ രവി പൂജാരി തന്നെയാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ലീനയ്‌ക്കെതിരേ മുമ്പ് കേസുണ്ടായിരുന്നത് മുംബൈ, ചെന്നൈ എന്നിവിടങ്ങളിലാണ്. അവിടെ വിശദമായ അന്വേഷണം നടത്തിയാലെ ഇവരുടെ ശത്രുക്കളെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കൂ. 

മുംബൈ അധോലോക നായകനായ രവി പൂജാരി ഇപ്പോള്‍ ഓസ്ട്രേലിയയില്‍ ആണെന്നാണ് പറയുന്നത്. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കലും എളുപ്പമല്ല. മുംബൈ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. രവി പൂജാരിയെന്ന് കരുതുന്നയാളെ സഹായിക്കുന്ന ആരോ കൊച്ചിയിലുണ്ടെന്ന് വ്യക്തമായതിനാല്‍ അതിലേക്ക് എത്താനാണ് പോലീസ് ഇപ്പോള്‍ ശ്രമിക്കുന്നത്. 

അക്രമികളെ കണ്ടെത്താനായാല്‍ അക്രമത്തിന്റെ യഥാര്‍ഥ ഉദ്ദേശ്യം മനസ്സിലാകും. 25 കോടി ആവശ്യപ്പെട്ടാണ് ലീനയ്ക്ക് ഫോണ്‍വിളികള്‍ വന്നിട്ടുള്ളത്. മൊഴികളില്‍ വ്യക്തത വരുത്താനും മുന്‍കാല കേസുകളെക്കുറിച്ച് കൂടുതല്‍ അറിയാനും ഇവരെ വീണ്ടും വിളിച്ചുവരുത്തും. ഇതുകൂടി കഴിഞ്ഞാലെ കേസിനെക്കുറിച്ച് വ്യക്തത വരൂ എന്ന് പോലീസ് വ്യക്തമാക്കുന്നു. കടുത്ത ശ്വാസംമുട്ടലിന് അജ്ഞാത കേന്ദ്രത്തില്‍ ചികിത്സയിലാണ് നടി.

Content Highlights: kochi beauty parlor firing; police cant find more details, actress leena mariya paul,leena mariya paul actress, leena mariya paul, malayalam actress