തിരുവനന്തപുരം: പൊല്ലാപ്പല്ല, 'POL APP', ഇതാണ് കേരള പോലീസിന്റെ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്റെ പേര്. പേര് നിര്‍ദേശിക്കാനുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയ 'പൊല്ലാപ്പ്' എന്ന പേരില്‍നിന്നാണ് പോലീസ് 'POL APP' എന്നത് തിരഞ്ഞെടുത്തത്. ആപ്പിന് പേരിടാന്‍ നിര്‍ദേശിച്ചിട്ടുള്ള പോസ്റ്റില്‍ തിരുവനന്തപുരം സ്വദേശി ശ്രീകാന്താണ് 'പൊല്ലാപ്പ്' എന്ന പേര് കമന്റ് ചെയ്തത്.
പോലീസിന്റെ പോലും ആപ്പിന്റെ ആപ്പും കൂട്ടിച്ചേര്‍ത്താണ് ശ്രീകാന്ത് പൊല്ലാപ്പ് എന്ന പേര് നിര്‍ദേശിച്ചത്. ഏറ്റവും കൂടുതല്‍ ലൈക്ക് ലഭിച്ചതും ഈ പേരിനായിരുന്നു. ഒടുവില്‍ ഇത് ഞങ്ങളിങ്ങെടുക്കുവാ എന്നറിയിച്ചാണ് കേരള പോലീസ് പേര് തിരഞ്ഞെടുത്ത വിവരം ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചത്. പേര് നിര്‍ദേശിച്ച ശ്രീകാന്തിന് സംസ്ഥാന പോലീസ് മേധാവി ഉപഹാരവും നല്‍കും.
ജൂണ്‍ പത്തിനാണ് കേരള പോലീസിന്റെ പുതിയ ആപ്പ് പുറത്തിറക്കുന്നത്. പൊതുജനസേവന വിവരങ്ങള്‍, സുരക്ഷാമാര്‍ഗ നിര്‍ദ്ദേശങ്ങള്‍, അറിയിപ്പുകള്‍, കുറ്റകൃത്യ റിപ്പോര്‍ട്ടിംഗ്, എഫ്ഐആര്‍ ഡോണ്‍ലോഡ്, പോലീസ് സ്റ്റേഷനിലേക്കുള്ള നാവിഗേഷന്‍, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാനിര്‍ദേശങ്ങള്‍, ജനമൈത്രി സേവനങ്ങള്‍, സൈബര്‍ ബോധവല്‍ക്കരണം ട്രാഫിക് നിയമങ്ങള്‍, ബോധവല്‍ക്കരണ ഗെയിമുകള്‍, പോലീസ് ഓഫീസുകളുടെയും ഉദ്യോഗസ്ഥരുടെയും ഫോണ്‍നമ്പറുകളും ഇ മെയില്‍ വിലാസങ്ങള്‍, ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍, വെബ്സൈറ്റ് ലിങ്കുകള്‍, സോഷ്യല്‍ മീഡിയ ഫീഡുകള്‍ തുടങ്ങി 27 സേവനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് സമഗ്രമായ മൊബൈല്‍ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.
Content Highlights: kerala police new mobile application pol app