ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ നിര്‍ഭയ സംഭവത്തിന് ശേഷം രാജ്യം ഇത്രത്തോളം തലകുനിച്ച, ഇത്രയും പ്രതിഷേധിച്ച നീതിപൂര്‍വ്വമായ വിധിയ്ക്ക് വേണ്ടി ഇത്രയും കാത്തിരുന്ന മറ്റൊരു സംഭവവും ഉണ്ടായിട്ടില്ല. 8 വയസുകാരിയെ തട്ടികൊണ്ടുപോയി ക്ഷേത്രത്തില്‍ ദിവസങ്ങളോളം പാര്‍പ്പിച്ച് മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിന് ഇരയാക്കുന്നു.പിന്നീട് കല്ലുപയോഗിച്ച് പെണ്‍കുട്ടിയെ തലയ്ക്കടിച്ച് കൊല്ലുന്നു. പ്രദേശത്തുനിന്ന് നാടോടികളായ ബഖര്‍വാള്‍ മുസ്ലിങ്ങളെ ഒഴിപ്പിക്കുകയായിരുന്നു ക്രൂരകൃത്യത്തിനു പിന്നിലെ ലക്ഷ്യമെന്ന പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
മുന്‍ റവന്യൂ ഉദ്യോഗസ്ഥന്‍ സഞ്ജി റാമാണ് മുഖ്യ ഗൂഢാലോചകന്‍. ഗ്രാമത്തിലെ പൗര മുഖ്യനായ ഇയാളുടെ അധീനതയിലുള്ള ക്ഷേത്രത്തിലാണ് ക്രൂരത അരങ്ങേറിയത്. സജ്ഞി റാമിന്റെ മകന്‍ വിശാല്‍, 15കാരനായ അനന്തരവന്‍, അയാളുടെ സുഹൃത്ത്, സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ ദീപക് കജൂരിയ എന്നിവര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ക്രൂരമായി കൊന്നത്. ഇവര്‍ക്ക് പുറമെ ആദ്യം അന്വേഷിച്ച എസ് ഐ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ സുരേന്ദര്‍ വര്‍മ എന്നിവര്‍ തെളിവ് നശിപ്പിക്കാന്‍ പ്രതികളെ സഹായിച്ചു.
കേസിന്റെ നാള്‍വഴിയിലേക്ക്
10.01.2018 - കാശ്മീരിലെ കഠുവയിലെ രസാന ഗ്രാമം. കുതിരയെ തീറ്റാനായി വീടിനു സമീപത്തെ വനത്തിലേക്ക് 8 വയസുകാരി പോകുന്നു. വൈകുന്നേരം കുതിര മാത്രം തിരികെയെത്തുന്നു.
12.1.2018 - മകളെ തിരഞ്ഞ് കാണാതായതോടെ കുടുംബം പോലീസില്‍ പരാതിപ്പെടുന്നു.മകളെ തട്ടികൊണ്ടുപോയതായി സംശയിക്കുന്നതായി പിതാവ് നല്‍കിയ പരാതിയില്‍ സൂചന.
17.01.2018 - പെണ്‍കുട്ടിയുടെ മൃതശരീരം വനത്തിനുള്ളില്‍ കണ്ടെത്തുന്നു.
18.1.2018 - സംഭവം ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്നു.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ബാലത്സംഗം ചെയ്യപ്പെട്ടുവെന്ന് കണ്ടെത്തി. കുട്ടിയുടെ തല കരങ്കല്ല് ഉപയോഗിച്ച് തകര്‍ത്തിരുന്നു.
19.1.2019 - കേസില്‍ ആദ്യത്തെ അറസ്റ്റ്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജൂവനൈല്‍ ജയിലിലേക്ക് മാറ്റുന്നു.
22.01.2018 - കേസ് ക്രൈംബ്രാഞ്ചിന് മാറുന്നു.
23.01.2018 - ക്രൈംബ്രാഞ്ച് എ.എസ്.പി നാവീത് പീര്‍സാദയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുന്നു.
16.2.2018 - കേസിലെ പ്രധാന പ്രതിയ്ക്ക് വേണ്ടി ഹിന്ദു സംഘടനകള്‍ ജമ്മുവില്‍ പ്രതിഷേധിക്കുന്നു.
1.3.2018 - അന്വേഷണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മന്ത്രി ചൗധരി ലാല്‍ സിങ്ങ്,ചന്ദ്ര പ്രകാശ് ഗംഗ എന്നിവരുടെ നേതൃത്വത്തില്‍ ഹിന്ദു എക്താ മാര്‍ച്ച്.
20.03.2018 - കേസിലെ പ്രധാന പ്രതി സഞ്ചി റാം കീഴടങ്ങുന്നു.
21.3.2018 - കേസില്‍ 8 പേര്‍ അറസ്റ്റ് ചെയ്യപ്പെടുന്നു.
4.4.2018 - തട്ടിയെടുത്തുകൊണ്ടുപോയി അമ്പലത്തില്‍ പാര്‍പ്പിച്ച പെണ്‍കുട്ടിയെ മയക്കുമരുന്നു നല്‍കി കൂട്ടബലാത്സംഗം ചെയ്ത ശേഷം കല്ലുപയോഗിച്ച് തലയ്ക്കടിച്ചു കൊന്നതായി അന്വേഷണത്തില്‍ കണ്ടത്തുന്നു.
10.4.2019 - കേസിന്റെ ചാര്‍ജ് ഷീറ്റ് കോടതിയില്‍ സമര്‍പ്പിക്കാനെത്തിയ അന്വേഷണ സംഘത്തെ കഠുവ കോടതിയില്‍ വെച്ച് ഒരു സംഘം അഭിഭാഷകര്‍ തടയുന്നു.
11.4.2018 - രാജ്യമെങ്ങും പ്രതിഷേധം. കേസ് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകുന്നു.
13.4.2018 - പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി വിഷയത്തില്‍ പ്രതികരിക്കുന്നു. സംഭവത്തെ അപലപിക്കുന്നു. പ്രതികളെ അനുകൂലിച്ച് റാലിയില്‍ പങ്കെടുത്ത ബിജെപി മന്ത്രിമാര്‍ രാജിവയ്ക്കുന്നു.
14.4.2018 - യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് സംഭവത്തെ അപലപിക്കുന്നു.
16.4.2018 - കഠുവ കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിക്കുന്നു.
18.4.2019 - പെണ്‍കുട്ടിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിന് 10 ലക്ഷം രൂപ പിഴയടക്കാന്‍ കോടതി വിവിധ മാധ്യമ സ്ഥാപനങ്ങളോട് ആവശ്യപ്പെടുന്നു
7.5.2018 - കേസിന്റെ വിചാരണ കാശ്മീരിന് പുറത്തേക്ക് മാറ്റുന്നു. പഞ്ചാപിലെ പത്താന്‍കോട്ടുള്ള അതിവേഗ കോടതിയിലേക്ക് കേസ് മാറ്റുന്നു.
3.6.2019 -114 സാക്ഷികളെ വിസ്തരിച്ച കേസ് വിധിപറയാനായി ജൂണ്‍ 10 ലേക്ക് മാറ്റുന്നു
Content Highlight: kathua gang rape case timeline