കാസര്‍കോട്: മഞ്ചേശ്വരം മിയാപദവ് വിദ്യാവര്‍ധക സ്‌കൂള്‍ അധ്യാപിക ബി.കെ. രൂപശ്രീയെ കൊന്ന് കടലില്‍ താഴ്ത്തിയ സംഭവത്തില്‍ സഹാധ്യാപകനെയും സഹായിയെയും പ്രതി ചേര്‍ത്ത് ജില്ലാ ക്രൈംബ്രാഞ്ച് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

സ്‌കൂളിലെ ചിത്രകലാധ്യാപകന്‍ ആസാദ് റോഡില്‍ കെ.വെങ്കിട്ട രമണ(41), തൊട്ടടുത്ത് താമസിക്കുന്ന സഹായി നിരഞ്ജന്‍കുമാര്‍ എന്ന അണ്ണ(22) എന്നിവരുടെ പേരിലാണ് കുറ്റപത്രം. ജനുവരി 16-നായിരുന്നു കൊലപാതകം. 81-ാം ദിവസം കുറ്റപത്രം നല്‍കിയതിനാല്‍ വിചാരണ കഴിയാതെ പ്രതികള്‍ക്ക് ജാമ്യം കിട്ടാനിടയില്ല.

ഡിവൈ.എസ്.പി. സതീഷ് ആലക്കാലിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ ബാബു, പ്രസന്നകുമാര്‍ എന്നിവരുള്‍പ്പെട്ട സംഘം ബുധനാഴ്ച ഉച്ചയോടെ കുറ്റപത്രം കോടതിയിയില്‍ എത്തിക്കുകയായിരുന്നു. ലോക്ക്ഡൗണ്‍ കാരണം കോടതി പ്രവര്‍ത്തിക്കാത്തതിനാല്‍ മജിസ്ട്രേറ്റിന്റെ പ്രത്യേകാനുമതിയോടെയാണ് എത്തിച്ചത്.

1700 പേജുള്ള കുറ്റപത്രത്തില്‍ 140 പേരെ സാക്ഷികളാക്കിയിട്ടുണ്ട്. മൃതദേഹം കടലില്‍ താഴ്ത്താന്‍ കൊണ്ടുപോയ കാര്‍, രൂപശ്രീയുടെ ബാഗ്, അതിലെ ഇരുപതിലേറെ ഇനങ്ങള്‍, ഇവര്‍ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക്, കൊലപ്പെടുത്താനുപയോഗിച്ച വീപ്പ തുടങ്ങിയവ തൊണ്ടിമുതലുകളാണ്.

ജനുവരി 16-ന് കാണാതായ രൂപശ്രീയുടെ മൃതദേഹം 18-ന് പുലര്‍ച്ചെയാണ് കോയിപ്പാടി കടപ്പുറത്ത് കണ്ടത്. കൊലപാതകമാണെന്ന നിലപാടില്‍ നാട്ടുകാരും സ്‌കൂള്‍ വിദ്യാര്‍ഥികളും പ്രക്ഷോഭത്തിനിറങ്ങിയതോടെ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. രണ്ടുദിവസത്തിനകം ഇവര്‍ പ്രതികളെ പിടികൂടി. നേരത്തേ വെങ്കിട്ട രമണയുമായി അടുപ്പത്തിലായിരുന്നു രൂപശ്രീ അകലാന്‍ തുടങ്ങിയതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു.

കൊലപ്പെടുത്തിയശേഷം മൃതദേഹം വലിച്ചിഴച്ച് കാറിന്റെ ഡിക്കിയിലിട്ടു. മംഗളൂരുവില്‍ വിവാഹത്തിന് പോയി മടങ്ങുകയായിരുന്ന ഭാര്യയെ വെങ്കിട്ട രമണ ഇതേകാറില്‍ ഹൊസങ്കടിയില്‍നിന്ന് കൂട്ടി വീട്ടിലാക്കിയശേഷം പലേടത്തും ചുറ്റിക്കറങ്ങി രാത്രി 10-ഓടെ കണ്വതീര്‍ഥ കടപ്പുറത്തെത്തി മൃതദേഹം കടലില്‍ തള്ളുകയായിരുന്നുവെന്നാണ് കേസ്.

ഫൊറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ കാറിന്റെ ഡിക്കിയില്‍നിന്ന് രൂപശ്രീയുടെ മുടിയിഴകളും മറ്റും കണ്ടെടുത്തിരുന്നു. ഇത് നിര്‍ണായക തെളിവായി.

Content Highlights: kasargod teacher rupasree murder case; police submitted charge sheet