കാസർകോട്: വെള്ളരിക്കുണ്ട് ബളാൽ അരീങ്കലിൽ 16-കാരിയെ ഐസ്ക്രീമിൽ വിഷം കലർത്തി കൊലപ്പെടുത്തിയ സഹോദരൻ നേരത്തെയും കൊലപാതകശ്രമം നടത്തിയതായി പോലീസ്. ജോലിക്ക് പോകാത്തതിനും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിലും മാതാപിതാക്കൾ വഴക്ക് പറഞ്ഞതാണ് 22-കാരനായ ആൽബിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. മാതാപിതാക്കളെയും സഹോദരിയെയും വിഷം നൽകി കൊല്ലാനായിരുന്നു പദ്ധതി. വീട്ടിൽ ഇടയ്ക്കിടെ വഴക്ക് പതിവായതിനാൽ കുടുംബപ്രശ്നങ്ങൾ കാരണമുള്ള ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ കഴിയുമെന്നും പ്രതി വിശ്വസിച്ചു.

ഐ.ടി.ഐ. പഠനം കഴിഞ്ഞ് കമ്പത്ത് ഒരു കമ്പനിയിൽ ട്രെയിനിയായി ജോലിചെയ്യുകയായിരുന്നു ആൽബിൻ. പിന്നീട് ആ ജോലി മതിയാക്കി കോട്ടയത്തെ ഒരു ഹോട്ടലിൽ ജോലിക്ക് ചേർന്നു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ നാട്ടിൽ തിരിച്ചെത്തി. നാട്ടിൽ തന്റെ കൂടെ ജോലിക്ക് വരാൻ പിതാവ് ബെന്നി ആൽബിനോട് ആവശ്യപ്പെട്ടു. മിക്കദിവസവും ജോലിക്ക് വരാൻ ആവശ്യപ്പെട്ടെങ്കിലും ആൽബിൻ കൂട്ടാക്കിയില്ല. സദാസമയവും മൊബൈലിൽ മുഴുകി വെറുതെയിരിക്കാനായിരുന്നു താൽപര്യം.

അമിതമായി മൊബൈൽ ഫോണ്‍ ഉപയോഗിക്കുന്നതിലും മാതാപിതാക്കൾ ആൽബിനെ വഴക്ക് പറഞ്ഞിരുന്നു. വഴക്കും ജോലിക്ക് പോകാൻ നിർബന്ധിക്കലും പതിവായതോടെ കുടുംബാംഗങ്ങളെയെല്ലാം കൊലപ്പെടുത്താമെന്ന് തീരുമാനിച്ചു. എല്ലാവരും മരിച്ചാൽ കുടുംബസ്വത്ത് കൈക്കലാക്കി തനിക്ക് സുഖമായി ജീവിക്കാമെന്നായിരുന്നു കണക്കുക്കൂട്ടൽ.

ഐസ്ക്രീം ഉണ്ടാക്കിയതിന്റെ രണ്ട് ദിവസം മുമ്പ് വീട്ടിലുണ്ടാക്കിയ ചിക്കൻ കറിയിലായിരുന്നു ആദ്യം വിഷംകലർത്തിയത്. പിറ്റേദിവസം കഴിക്കാനായി ഫ്രിഡ്ജിൽവെച്ച കറിയിൽ വീട്ടിലുണ്ടായിരുന്ന എലിവിഷം കലർത്തി. രാവിലെ വീട്ടിലെ എല്ലാവരും ചിക്കൻ കറി കൂട്ടി ഭക്ഷണം കഴിച്ചു. സുഖമില്ലെന്ന് പറഞ്ഞ് ആൽബിൻ മാത്രം ഒഴിഞ്ഞുമാറി. വിഷം കലർന്ന ചിക്കൻ കറി കഴിച്ചെങ്കിലും മാതാപിതാക്കൾക്കും സഹോദരിയ്ക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടായില്ല. ചെറിയ വയറുവേദന മാത്രമായി അത് കടന്നുപോയി.

ആദ്യശ്രമം പരാജയപ്പെട്ടതോടെ എന്താണ് അത്യാഹിതം സംഭവിക്കാതിരിക്കാൻ കാരണമെന്ന് ഇന്റർനെറ്റിൽ തിരഞ്ഞു. ആദ്യം ഉപയോഗിച്ച വിഷം പഴകിയതാണെന്നും അളവ് കുറഞ്ഞതാണെന്നും കണ്ടെത്തി. എങ്ങനെയാണ് എലിവിഷം ശരീരത്തിൽ പ്രവർത്തിക്കുകയെന്നും അത്യാഹിതം സംഭവിക്കുകയെന്നും മനസിലാക്കി. തുടർന്ന് ജൂലായ് 29-ാം തീയതി വെള്ളരിക്കുണ്ട് ടൗണിൽ പോയി പുതിയ പാക്കറ്റ് എലിവിഷം വാങ്ങി. മറ്റൊരു അവസരത്തിനായി കാത്തിരുന്നു.

അങ്ങനെയിരിക്കെയാണ് ജൂലായ് 30-ന് ആൻമേരിയും ആൽബിനും ചേർന്ന് വീട്ടിൽ ഐസ്ക്രീമുണ്ടാക്കിയത്. രണ്ട് പാത്രങ്ങളിലായാണ് ഐസ്ക്രീം ഉണ്ടാക്കിയിരുന്നത്. ഇതിന്റെ ചിത്രങ്ങൾ ഇരുവരും സാമൂഹികമാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്തു. വലിയ പാത്രത്തിലെ ഐസ്ക്രീം ഫ്രീസറിൽവെച്ച് തണുപ്പിച്ച് എല്ലാവരും കഴിച്ചു.

31-ാം തീയതിയാണ് ആൽബിൻ ചെറിയ പാത്രത്തിലെ ഐസ്ക്രീമിൽ വിഷം കലർത്തിയത്. പാക്കറ്റിലെ പകുതിയിലേറെ വിഷവും ചെറിയ പാത്രത്തിൽ കലർത്തി. മാതാപിതാക്കളും സഹോദരിയും വീടിന് പുറത്തിരിക്കുമ്പോളായിരുന്നു ഇത്. തൊട്ടുപിന്നാലെ ആൻമേരി ചെറിയ പാത്രത്തിലെ ഐസ്ക്രീം ഫ്രീസറിലേക്ക് മാറ്റി. അന്നേദിവസം തന്നെ ആൻമേരിയും ബെന്നിയും ആ ഐസ്ക്രീം കഴിച്ചു. അമ്മ ജെസി വളരെക്കുറച്ച് മാത്രമാണ് കഴിച്ചത്. ഈ സമയം ആൽബിൻ തന്ത്രപൂർവം ഐസ്ക്രീം വേണ്ടെന്ന് പറഞ്ഞ് മാറിന്നു. എന്നാൽ തന്റെ കൺമുന്നിൽ സഹോദരിയും പിതാവും വിഷം കലർന്ന ഐസ്ക്രീം കഴിക്കുന്നത് ആൽബിൻ നോക്കിനിൽക്കുകയായിരുന്നു.

ഒന്നാം തീയതി രാവിലെയാണ് ആൻമേരിയുടെ ആരോഗ്യനില മോശമായത്. ഛർദിയും വയറിളക്കവും ശക്തമായതോടെ ആശുപത്രിയിൽ ചികിത്സ തേടി. പിറ്റേദിവസം പിതാവ് ബെന്നിയ്ക്കും ഛർദിയും വയറിളക്കവും അനുഭവപ്പെട്ടു. ഇരുവരും വീണ്ടും ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് ചെറുപുഴയിലെ ബന്ധുവിന്റെ വീട്ടിലേക്ക് പോയി അവിടുത്തെ ആശുപത്രിയിൽ പ്രവേശിച്ചു. ഇവിടെവെച്ചാണ് ഓഗസ്റ്റ് അഞ്ചാം തീയതി ആൻമേരി മരിച്ചത്.

ഇതിനിടെ മാതാവ് ജെസിയും ചികിത്സ തേടി. കുടുംബത്തിലെ എല്ലാവരും ചികിത്സയിലായതോടെ ഭക്ഷ്യവിഷബാധയാകുമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ആൻമേരിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ വിഷം ഉള്ളിൽച്ചെന്നാണ് മരണമെന്ന് തെളിഞ്ഞു. അവശനിലയിലായ ബെന്നി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ആൻമേരി മരിച്ചതോടെ തനിക്കും വയറുവേദനയുണ്ടെന്ന് പറഞ്ഞ് ആൽബിനും ആശുപത്രിയിൽ സ്വമേധയാ ചികിത്സ തേടിയിരുന്നു.

ആദ്യം ചെറുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസ് ദിവസങ്ങൾക്ക് മുമ്പാണ് വെള്ളരിക്കുണ്ട് പോലീസിന് കൈമാറിയത്. സംഭവത്തിൽ തുടക്കം മുതൽ ദുരൂഹത നിലനിന്നിരുന്നതിനാൽ വെള്ളരിക്കുണ്ട് പോലീസ് ആദ്യദിവസം തന്നെ ബെന്നിയുടെ വീട് സീൽചെയ്തു. ഇവിടെ വിശദമായ പരിശോധനയും നടത്തി. വെള്ളരിക്കുണ്ട് എസ്.എച്ച്.ഒ. കെ. പ്രേംസദന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

തുടർന്ന് സംശയം ആൽബിനിലേക്ക് നീണ്ടു. സൈബർ സെൽ സഹായത്തോടെ ആൽബിൻ ഇന്റർനെറ്റിൽ തിരഞ്ഞ കാര്യങ്ങൾ കണ്ടെത്തി. ഇതോടെയാണ് ആൽബിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.

വെള്ളരിക്കുണ്ട് എസ്.എച്ച്.ഒ. കെ.പ്രേംസദന് പുറമേ, എസ്.ഐ. ശ്രീദാസ്, എസ്.ഐ. ജയപ്രകാശ്. എ.എസ്.ഐ. വിനോദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുഗുണൻ, പ്രതീഷ് ഗോപാൽ, സൈബർ സെൽ ഉദ്യോഗസ്ഥൻ ധനേഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രതിയെ വ്യാഴാഴ്ച വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് എസ്.എച്ച്.ഒ. അറിയിച്ചു.

Content Highlights:kasargod girl ann mary murder brother albin inserted poison first in chicken curry later in ice cream