ഹരിപ്പാട്: കരുവാറ്റ സഹകരണബാങ്കിൽനിന്ന് 4.87 കിലോ സ്വർണവും 4.43 ലക്ഷം രൂപയും കവർന്ന കേസിലെ മുഖ്യ ആസൂത്രകൻ തിരുവനന്തപുരം കാട്ടാക്കട കട്ടക്കാട് പാറക്കാണി മേക്കുംകര ആൽബിൻരാജി(ഷൈജു-39)ൽനിന്ന് രണ്ടുകിലോ സ്വർണം വീണ്ടെടുത്തു. കോയമ്പത്തൂർ കോവിപുദൂർ രംഗസ്വാമിനഗർ പന്ത്രണ്ടാംനമ്പർ വീട്ടിൽ രണ്ടാംഭാര്യ ശോബിക്കൊപ്പം വാടകയ്ക്കു താമസിച്ചിരുന്ന ഇയാളെ ഹരിപ്പാട് ഇൻസ്പെക്ടർ ആർ. ഫയസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വ്യാഴാഴ്ച രാത്രിയിലാണ് പിടികൂടിയത്.

കാട്ടാക്കടയിലെ ഇയാളുടെ വീടിനടുത്തുനിന്നും കോയമ്പത്തൂരിൽ പ്രതി വാങ്ങിയ ഫ്ലാറ്റിന്റെ പോർച്ചിൽ കാറിനടിയിലായി കുഴിച്ചിട്ട നിലയിലുമാണ് തൊണ്ടിമുതൽ കണ്ടെടുത്തത്. പ്രതിയുടെ അറസ്റ്റ് വെള്ളിയാഴ്ച രാത്രി രേഖപ്പെടുത്തിയതായി എറണാകുളം റേഞ്ച് ഡി.ഐ.ജി. കാളിരാജ് മഹേഷ്കുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. ആദ്യം അറസ്റ്റിലായ രണ്ടാംപ്രതി ഹരിപ്പാട് സ്വദേശി ഷൈബു തിരുവനന്തപുരത്ത് വിറ്റ ഒന്നരക്കിലോ സ്വർണാഭരണങ്ങൾ നേരത്തേ കണ്ടെടുത്തിരുന്നു. അതോടെ ആകെ മൂന്നരക്കിലോ സ്വർണം വീണ്ടെടുക്കാൻ കഴിഞ്ഞു.

പിടികൂടിയത് സിനിമാസ്റ്റൈൽ പോരാട്ടത്തിലൂടെ

പ്രതിയുടെ കോയമ്പത്തൂരിലെ താമസസ്ഥലം പോലീസ് സംഘം നേരത്തേ കണ്ടെത്തിയിരുന്നു. ഇയാളുടെ ഭാര്യയും അവരുടെ ആദ്യവിവാഹത്തിലെ രണ്ടുമക്കളും ഈ വീട്ടിലുണ്ടായിരുന്നു. മോഷണമുതൽ ഒളിപ്പിച്ചതിന് ഇവരെ അറസ്റ്റുചെയ്യാനായി ഹരിപ്പാട് സ്റ്റേഷനിലെ പോലീസുകാരി രഞ്ജു ഉൾപ്പെടുന്ന പ്രത്യേക സംഘം വ്യാഴാഴ്ച പുലർച്ചെയാണ് കോയമ്പത്തൂരിലേക്കു തിരിച്ചത്.

വൈകീട്ട് അവിടെയെത്തിയ സംഘം സന്ധ്യയോടെ ആൽബിന്റെ താമസസ്ഥലത്തെത്തി. കോളിങ് ബെല്ലടിച്ചപ്പോൾ ഭാര്യ മട്ടുപ്പാവിലെ വാതിൽതുറന്ന് താഴേക്കുനോക്കി. ആ സമയം രണ്ടുനില വീടിന്റെ മുകളിൽനിന്ന് തൊട്ടടുത്ത വീടിന്റെ മുകളിലേക്കുചാടി ആൽബിൻരാജ് രക്ഷപ്പെട്ടു. മൂന്നു വീടുകൾ ചാടിക്കടന്നു രക്ഷപ്പെട്ട പ്രതിയെ ഇൻസ്പെക്ടർ ആർ. ഫയസും സിവിൽ പോലീസ് ഓഫീസർ എ. നിഷാദും മതിലുകൾ ചാടിക്കടന്ന് ഒരു കിലോമീറ്ററോളം ഓടി മൽപ്പിടിത്തത്തിലൂടെ കീഴ്പ്പെടുത്തി.

ഇതിനിടയിൽ പ്രതി കത്തിവീശി. കെട്ടിടത്തിൽനിന്നു ചാടുന്നതിനിടെ അയാളുടെ കാലിനു പരിക്കേറ്റിരുന്നു. സംഭവം എന്താണെന്നറിയാതെ നാട്ടുകാർ പോലീസുകാരെ കൈയേറ്റംചെയ്യുന്ന സ്ഥിതിവരെയുണ്ടായി.

തൊണ്ടിമുതലിനായി പോലീസിനെ വട്ടംകറക്കി

:പിടിയിലായപ്പോൾ തൊണ്ടിമുതൽ കാട്ടക്കടയിലാണെന്ന് ഇയാൾ മൊഴിനൽകി. രാത്രിതന്നെ അവിടേക്കു തിരിച്ച സംഘം പുലർച്ചെ കാട്ടക്കടയിലെത്തി 400 ഗ്രാം സ്വർണം വീണ്ടെടുത്തു. തുടർന്നു നടത്തിയ ചോദ്യംചെയ്യലിലാണ് കോയമ്പത്തൂരിൽ ഫ്ലാറ്റുണ്ടെന്നും അവിടെ സ്വർണം കുഴിച്ചിട്ടതായും മൊഴിനൽകിയത്. വീണ്ടും കോയമ്പത്തൂരിലേക്കു തിരിച്ച അന്വേഷണസംഘം രാത്രിയോടെ അവിടെ കാർപോർച്ചിൽനിന്ന് ബാക്കി സ്വർണം കണ്ടെടുത്തു.

അറസ്റ്റിലായ മൂന്നുപേർമാത്രമാണ് കേസിൽ പ്രതികളെന്നു പോലീസ് പറഞ്ഞു. തൊണ്ടിമുതലിൽ മുക്കാൽപ്പങ്കും വീണ്ടെടുത്തു. ബാങ്കിൽനിന്ന് 4.47 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടിരുന്നത്. ഇതിൽ 70,000 രൂപ രണ്ടും മൂന്നും പ്രതികൾക്കു ലഭിച്ചു. ബാക്കിപ്പണം ആൽബിൻരാജിന്റെ കൈയിലായിരുന്നു.

ആൽബിൻരാജ് റിമാൻഡിൽ; നാളെ കസ്റ്റഡി അപേക്ഷ നൽകും

ഹരിപ്പാട്: കരുവാറ്റ ബാങ്ക് കവർച്ചക്കേസിലെ ഒന്നാംപ്രതി ആൽബിൻരാജിനെ ഹരിപ്പാട് കോടതിയുടെ ചുമതലയുള്ള മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡുചെയ്തു. രേഖകൾപ്രകാരം വെള്ളിയാഴ്ച രാത്രി 12.30-നാണ് പ്രതിയെ അറസ്റ്റുചെയ്തത്. ഇതനുസരിച്ചാണ് ശനിയാഴ്ച വൈകുന്നേരത്തോടെ പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. കേസിലെ മൂന്നുപ്രതികളെയും പോലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടാൻ തിങ്കളാഴ്ച കോടതിയിൽ അപേക്ഷനൽകുമെന്ന് പോലീസ് പറഞ്ഞു. തുടർന്ന് മൂന്നുപേരെയും ഒന്നിച്ച് ചോദ്യംചെയ്യും. ഒപ്പം തെളിവെടുപ്പും നടത്തും.

Content Highlights:karuvatta bank robbery main accused albin raj arrested