ണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന് വര്‍ഷങ്ങളായി നിലനിന്നു പോരുന്ന കീഴ്വഴക്കങ്ങളുണ്ട്. കൊലക്കും വെട്ടിനും അക്രമത്തിനും പാര്‍ട്ടി കൃത്യമായി കൂലി നല്‍കും. 3000 മുതല്‍ 4000 വരെയാണ് പ്രതികള്‍ക്ക് സി.പി.എം നല്‍കുന്ന ശമ്പളം. ആശ്രിതരുടെ എണ്ണത്തിനനുസരിച്ച് ശമ്പളം കൂടും. കേസില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് ആര്‍.എസ്.എസ് നല്‍കുന്ന ശമ്പളം 10,000 മുതല്‍ 12,000 വരെയാണ്. സി.പി.എം ആശ്രിതര്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ ജോലി. ആര്‍.എസ്.എസ് സ്‌കൂളുകള്‍ മുതല്‍ വിവിധ കമ്പനികളില്‍ വരെ ജോലി കൊടുക്കും. ഓര്‍ക്കണം, ജീവന്‍ നഷ്ടപ്പെടുന്നത് മിക്കവാറും സാധാരണക്കാരനാവും. മതിയാക്കാറായില്ലേ ഈ ക്രിമിനല്‍ രാഷ്ട്രീയം

വാടിക്കല്‍ രാമകൃഷ്ണന്‍ മുതല്‍ ഷുഹൈബ് വരെ നിരവധിപേരുടെ ജീവന്‍ കുരുതികൊടുത്താണ് കണ്ണൂര്‍ കൊലപാതക രാഷ്ട്രീയത്തിന്റെ തലസ്ഥാനമായത്. സി.പി.എമ്മും ആര്‍.എസ്.എസ്സും കോണ്‍ഗ്രസും എസ്.ഡി.പി.ഐ.യുമെല്ലാം അതിന് അവരുടേതായ പങ്കുവഹിച്ചിട്ടുണ്ട്.

1991-ന് ശേഷം 110 കൊലപാതകങ്ങള്‍. കൊല്ലപ്പെട്ടവരുടെ കണക്കില്‍ ആര്‍ക്കും തര്‍ക്കമില്ല. കൊല്ലിച്ചവരുടെ കണക്കും പങ്കാളിത്തവുമാണ് തര്‍ക്കം. പ്രതിരോധമെന്നത് രാഷ്ട്രീയപദപ്രയോഗമാണ്. ഒരുകാലം വരെ അതിന് സാധുതയുമുണ്ടെന്ന് പറയാം. പക്ഷേ, ഇന്നതല്ല സ്ഥിതി. പണവും അധികാരവും തണലാകുന്ന ക്വട്ടേഷനാണ് നടക്കുന്നത്. ഇരയാക്കപ്പെടുന്നതിലേറെയും നിരപരാധികള്‍.

കൊല്ലപ്പെട്ടത് എതിരാളികള്‍ക്കുപോലും കുറ്റം പറയാനില്ലാത്ത സി.പി.എം. പ്രവര്‍ത്തകന്‍. ഒരുകൂട്ടം യുവാക്കള്‍ക്ക് തോന്നി നടപ്പാക്കിയ ശിക്ഷയായിരുന്നു ഇതുരണ്ടും. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍വന്നതിന് ശേഷം മാത്രം പത്തുപേര്‍ കണ്ണൂരില്‍ കൊല്ലപ്പെട്ടു. കള്ളുഷാപ്പില്‍ ജോലിചെയ്ത്  കുടുംബം പോറ്റാന്‍ പെടാപ്പാടുമായി ഓടിയ പടുവിലായിലെ മോഹനന്‍, ഓട്ടോറിക്ഷ ഓടിച്ച് ജീവിതത്തിനുള്ള അത്താണി കണ്ടെത്തിയ പയ്യന്നൂരിലെ രാമചന്ദ്രന്‍, അന്നന്നത്തെ അന്നത്തിന് കൂലിപ്പണിക്കിറങ്ങിയ അണ്ടല്ലൂരിലെ സന്തോഷ് അങ്ങനെ മറ്റൊരാളെ നുള്ളിനോവിച്ചതിനുപോലും ഒരു കേസില്ലാത്തവരുണ്ട് ഇക്കൂട്ടത്തില്‍. വെട്ടേറ്റ് കാലും കൈയും തളര്‍ന്നവരിലേറെയും പാല്‍ വില്പനക്കാരാണ്. എത്രയോ പേര്‍ പേടിച്ചുമാത്രം ഈ പണി ഒഴിവാക്കി. 

ഒന്നും പഠിക്കാത്തവര്‍

കൊല്ലാനെത്തിയവരുടെ പട്ടിക കൂടി നോക്കണം. മിക്കവരും 30 വയസ്സിന് താഴെയുള്ളവര്‍. മെച്ചപ്പെട്ട വിദ്യാഭ്യാസമോ രാഷ്ട്രീയബോധമോ ഇല്ലാത്തവര്‍. എന്നാല്‍, എല്ലാ പാതകവും ചെയ്തത് വ്യക്തിപരമായ ദേഷ്യത്തിലല്ല, രാഷ്ട്രീയവൈരാഗ്യത്താല്‍. അതിന് ചെല്ലുംചെലവും നല്‍കാന്‍ പ്രാദേശിക നേതാക്കളെങ്കിലും ഉണ്ടായിട്ടുണ്ട്. ബോംബ് നിര്‍മാണത്തിനിടെ അത് പൊട്ടി മരിച്ചവര്‍പോലും രക്തസാക്ഷികളായി. ഇവര്‍ക്കായി സ്മാരകങ്ങളും പണപ്പിരിവുകളുമുണ്ട്. 

49 വര്‍ഷത്തെ കൊലപാതക രാഷ്ട്രീയത്തിന്റെ ചരിത്രം പരിശോധിച്ചാല്‍, പ്രതിരോധത്തില്‍ നിന്ന് ക്വട്ടേഷനിലേക്ക് വളര്‍ന്നതിന്റെ ചരിത്രം കൂടി പഠിക്കാനാകും. കൊന്നുതള്ളാന്‍ ആഡംബര വാഹനത്തിലെത്തിയവരിലേറെയും രാഷ്ട്രീയ പ്രവര്‍ത്തകരായിരുന്നില്ല. ഒന്നുകില്‍ പണത്തിനായി ആര്‍ക്കുവേണ്ടിയും ക്വട്ടേഷന്‍ ഏറ്റെടുക്കുന്നവര്‍.

അല്ലെങ്കില്‍, രാഷ്ട്രീയത്തിന്റെ തണലില്‍ ക്വട്ടേഷന്‍ ശീലിച്ചവര്‍. ഇവര്‍ക്ക് മാസശമ്പളവും അലവന്‍സും നല്‍കി വളര്‍ത്തുന്നതും ക്രിമിനല്‍ പ്രവര്‍ത്തനം തന്നെയാണ്. അത് ഏത് കൊടിയുടെ തണലിലായാലും രാഷ്ട്രീയപ്രവര്‍ത്തനമല്ല. മാഹിയിലെ ബാര്‍ മുതലാളിമാരുടെ ക്വട്ടേഷന്‍ സംഘങ്ങള്‍ എങ്ങനെയാണ് മയ്യഴിപ്പുഴയ്ക്കപ്പുറം കണ്ണൂരുകാരുടെ രാഷ്ട്രീയപ്രവര്‍ത്തകരാകുന്നതെന്ന് രാഷ്ട്രീയബോധമുള്ള പൊതുജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്.
  
കൊല്ലപ്പെട്ടവരുടെ പട്ടിക നിരത്തി പ്രതിരോധം തീര്‍ക്കാനെത്തുന്നവര്‍ സ്വന്തക്കാര്‍ നഷ്ടമാകുന്നതിന്റെ വേദനയിലാണ് പ്രതികരിക്കുന്നതെന്ന് വാദിക്കാം. പക്ഷേ, മറ്റുകുറച്ചുപേരെക്കൂടി ഇതേരീതിയില്‍ വകവരുത്തിയാല്‍ തീരുന്നതാണോ ആ സങ്കടം. യുവാക്കളെ പി.എസ്.സി. പരിശീലനത്തിനുമുതല്‍ സാന്ത്വനപരിപാലനത്തിനുവരെ കൂടെനിര്‍ത്തുന്ന രാഷ്ട്രീയബോധം വളര്‍ത്താനാണ് സി.പി.എം. ആഹ്വാനം ചെയ്യുന്നത്.

 മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികളുടെയും പ്രഖ്യാപിത ലക്ഷ്യം നല്ലസമൂഹത്തെ സൃഷ്ടിക്കുകയാണ്. അത് ഏറ്റെടുത്ത് ചെയ്യുന്ന ഏറെ പ്രവര്‍ത്തകരുമുണ്ട്. അതിലപ്പുറം ക്വട്ടേഷന്‍ കൊലപാതകത്തിന് വെള്ളവും വളവും നല്‍കുന്ന കുറച്ചുപേരെങ്കിലുമുണ്ടെങ്കില്‍ അവരെ പൊതുജനങ്ങള്‍ പൊതുപ്രവര്‍ത്തകരെന്ന പരിഗണനയില്‍നിന്നുപോലും പിഴുതുമാറ്റേണ്ടതുണ്ട്. 

ആയുസ്സ് നിര്‍ണയിക്കുന്ന അധികാരം 

കണ്ണൂരിലെ കൊലപാതകത്തിന് പ്രധാന കാരണം പണവും അധികാരവുമാണ്. ഇതു രണ്ടുമില്ലാത്ത രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇരകളുടെയും പ്രതികളുടെയും പട്ടികയില്‍ പിന്നിലാണ്. 

അടിയന്തരാവസ്ഥക്കാലത്തെ അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും കണക്കില്‍ കോണ്‍ഗ്രസായിരുന്നു മുമ്പില്‍. അന്നവര്‍ക്ക് അധികാരമുണ്ടായിരുന്നു. കേസുകള്‍ തേയ്ച്ചുമായ്ച്ചുകളയാനുള്ള ശേഷിയുണ്ടായിരുന്നു. അത് 'പ്രതിരോധത്തിന്' ഉപയോഗിക്കാന്‍ നിയോഗിക്കപ്പെട്ടവരുണ്ടായിരുന്നു.

കേന്ദ്രീകൃത ഫണ്ടും പിരിച്ചെടുത്ത് സൂക്ഷിക്കുന്ന പണവും ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസ് കൊലപാതക രാഷ്ട്രീയത്തില്‍നിന്ന് പിന്നാക്കം പോയി. എന്നാല്‍, ചില നേതാക്കള്‍ സ്വന്തംനിലയില്‍ പിന്നെയും ഇതേറ്റെടുത്തു. അതിലെ ചാവേറുകള്‍ക്ക് പണവും ജോലിയും നല്‍കിയിട്ടുണ്ട്. ചിലര്‍ക്ക് ജീവന്‍ നഷ്ടമായി. ഇപ്പോള്‍ ആ ഗ്രൂപ്പും ഇല്ലാതായി. 

കെ.ടി. ജയകൃഷ്ണനെ സ്‌കൂള്‍കുട്ടികളുടെ മുമ്പിലിട്ട് വെട്ടിക്കൊന്നപ്പോള്‍ ആര്‍.എസ്.എസ്സിന് നഷ്ടമായത് എന്തിനും പോന്ന നേതാവിനെയായിരുന്നു. പക്ഷേ, അതിനുശേഷം ആര്‍.എസ്.എസ്സിന്റെ തിരിച്ചടിശേഷി കുറഞ്ഞു. കേന്ദ്രത്തിലോ സംസ്ഥാനത്തിലോ അധികാരമില്ലാത്ത പാര്‍ട്ടിയായ ബി.ജെ.പി. മാറിയതാണ് ഇതിന് ഒരു പ്രധാനകാരണം. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ലഭിച്ച പണത്തിനും കുറവുണ്ടായി. കേസുകളില്‍ പെട്ടുഴുലുന്ന പ്രവര്‍ത്തകര്‍ക്ക് കാര്യമായ സഹായം പോലും ഉറപ്പുവരുത്താനായില്ല. 

ഇപ്പോള്‍ കേന്ദ്രഅധികാരമാണ് ആര്‍.എസ്.എസ്സിന്റെ തണല്‍. രാജ്യത്താകെ രാഷ്ട്രീയമുന്നേറ്റമുണ്ടാക്കാനായതിന്റെ ഊര്‍ജം. സാമ്പത്തിക സഹായവും രാഷ്ട്രീയ-അധികാരസഹായവും കൂടി. കണ്ണൂരില്‍ വീണ്ടും ആര്‍.എസ്.എസ്. അടിക്കടി രാഷ്ട്രീയം തുടങ്ങി. ഇടതുസര്‍ക്കാര്‍വന്നതിനുശേഷം ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ പ്രതികളായത് മൂന്ന് കൊലപാതകങ്ങളിലാണ്. കൊല്ലപ്പെട്ടത് സി.പി.എം. പ്രവര്‍ത്തകരും.  

ഭരണത്തിലിരിക്കുമ്പോഴും പ്രതിപക്ഷത്താകുമ്പോഴും കണ്ണൂരില്‍ സി.പി.എം. ശക്തമാണ്. നല്ല സാമ്പത്തിക അടിത്തറയും പ്രവര്‍ത്തകരുമുണ്ട്. സഹകരണസ്ഥാപനങ്ങളും ഭരണവും ഏറെയുണ്ട്. കേസ് നടത്താന്‍ പോലും ലക്ഷങ്ങള്‍ ശേഖരിക്കാനുള്ള ശേഷി ആ പാര്‍ട്ടിക്കുണ്ട്. പ്രതികള്‍ക്കുപോലും ജോലി നല്‍കാനുള്ള കെല്‍പ്പ് എപ്പോഴും സി.പി.എമ്മിനുണ്ട്.  അതിനാല്‍, വെട്ടാനും കൊല്ലാനും വിളിപ്പുറത്ത് സംഘമുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടി എന്താണെന്ന് പോലും തിരിച്ചറിയാത്ത ക്വട്ടേഷന്‍ 'സഖാക്കള്‍'. 

 പാര്‍ട്ടി കൊലയ്ക്ക് പാര്‍ട്ടി ശമ്പളം

കൊലപാതകം വെറുമൊരു പ്രതിരോധമല്ല. രാഷ്ട്രീയ പ്രതിരോധത്തിനിടെ മരണം സംഭവിക്കുന്ന കാലത്തുനിന്ന് കൃത്യമായ ശമ്പളം കിട്ടുന്ന തൊഴിലായി ഇതിനെ മാറ്റിയെടുക്കാന്‍ രാഷ്ട്രീയനേതൃത്വം അവസരമുണ്ടാക്കിയെന്നതാണ് ഇപ്പോഴത്തെ മാറ്റം. പാര്‍ട്ടിയുടെ പേരില്‍ നടത്തുന്ന കൊലയ്ക്കും വെട്ടിനും അക്രമത്തിനും കൃത്യമായ കൂലിയുണ്ട്.

3000-4000 രൂപവരെയാണ് ജയിലില്‍ കഴിയുന്ന പ്രതിക്ക് സി.പി.എം. നല്‍കുന്ന ശമ്പളം. പ്രതിയുടെ വീട്ടിലുള്ള ആശ്രിതരുടെ എണ്ണത്തിനനുസരിച്ച് തുകയില്‍ മാറ്റംവരും. അമ്മ, അച്ഛന്‍, ഭാര്യ, മക്കള്‍ എന്നിവരുടെ ചികിത്സച്ചെലവും പാര്‍ട്ടി വഹിക്കും. സ്‌കൂള്‍ തുറയ്ക്കുന്ന മാസമാണെങ്കില്‍ സ്‌പെഷ്യല്‍ അലവന്‍സ് നല്‍കും. 

ശമ്പളം എത്തിച്ചുനല്‍കാന്‍ കൃത്യമായ ചുമതലപ്പെട്ടവരുണ്ട്. ജില്ലാകമ്മിറ്റിയുടെ ഉത്തരവാദിത്വമാണ് സ്വന്തം പ്രതികള്‍ക്ക് ശമ്പളവും അലവന്‍സും നല്‍കുകയെന്നത്. അതുമുടക്കാറുമില്ല. പാര്‍ട്ടി തള്ളിപ്പറഞ്ഞ കൊലപാതകത്തിലെ പ്രതികള്‍ക്കുപോലും കൃത്യമായി ശമ്പളം കിട്ടുന്നുണ്ട്; ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലടക്കം. സി.പി.എം. കണ്ണൂര്‍ ജില്ലാസമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് 'കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരേ 1686 കേസുകള്‍ ചുമത്തിയിട്ടുണ്ട്.

5786 പ്രവര്‍ത്തകര്‍ ജയിലിലടയ്ക്കപ്പെട്ടു' എന്നാണ്. ഇവരുടെ കേസുനടത്താനുള്ള ചെലവുമാത്രമല്ല, അലവന്‍സും ശമ്പളവും കൂടിയാവുമ്പോഴുള്ള ബാധ്യത എത്രയാവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. പാവങ്ങളുടെ പാര്‍ട്ടിക്ക് പണത്തിനുവേണ്ടി പെടാപ്പാടുപെടേണ്ടിവരുന്നത് സ്വാഭാവികം. 

റിമാന്‍ഡ് തടവുകാരായാല്‍ പ്രാദേശികഘടകങ്ങള്‍ സഹായിക്കും. സ്‌കൂള്‍ തുറക്കുന്ന സമയത്ത് പ്രത്യേകസഹായവും നല്‍കാറുണ്ട്.  കേസ് നടത്താന്‍ പ്രത്യേക പാനലാണ്.

മറുനാട്ടുകാരനായ പ്രതിക്കുപോലും കണ്ണൂരില്‍നിന്ന് ശമ്പളമുണ്ട്. തൃപ്രങ്ങോട്ടൂരില്‍നടന്ന ഒരു കൊലപാതകത്തില്‍ പ്രതികളായവരുടെ കൂട്ടത്തില്‍ കോഴിക്കോട് ജില്ലക്കാരനായ ഒരാളുണ്ട്.  ഇയാള്‍ ഇപ്പോഴും ജയിലിലാണ്. അതിനാല്‍, പാര്‍ട്ടിയുടെ ശമ്പളം കിട്ടാന്‍ അര്‍ഹതയുണ്ട്. കൊലപാതകം നടന്നത് കണ്ണൂര്‍ ജില്ലയുടെ പരിധിയിലായതിനാല്‍ ശമ്പളം നല്‍കേണ്ട ദൗത്യവും കണ്ണൂര്‍ ഏറ്റെടുത്തു. കൃത്യമായ ശമ്പളം ഓരോ മാസവും വീട്ടിലെത്തിച്ചു നല്‍കുന്നുണ്ട്. മകള്‍ക്ക് സഹകരണബാങ്കില്‍ ജോലിയും നല്‍കിയിട്ടുണ്ട്.   

സി.പി.എമ്മിനെക്കാളും സംഘടനാ ചട്ടക്കൂടുണ്ട് ആര്‍.എസ്.എസ്സിന്. പ്രതികളെ സഹായിക്കുന്നതിനുപോലുമുണ്ട് ഈ കണിശത. കേസില്‍ ശിക്ഷപ്പെടുന്നയാള്‍ക്ക് 10,000-12,000 രൂപയാണ് ആര്‍.എസ്.എസ്. നല്‍കുന്ന മാസശമ്പളം. എല്ലാമാസവും അഞ്ചാം തീയതിക്കകം ഇത് പ്രതികളുടെ വീട്ടിലെത്തും. പ്രതിയാക്കപ്പെട്ടതുകൊണ്ട് മാത്രം ആര്‍.എസ്.എസ്. ശമ്പളം നല്‍കില്ല. ശിക്ഷിക്കപ്പെടണം. റിമാന്‍ഡ് തടവുകാരായാല്‍ പ്രാദേശികഘടകങ്ങള്‍ സഹായിക്കും. സ്‌കൂള്‍ തുറക്കുന്ന സമയത്ത് പ്രത്യേകസഹായവും നല്‍കാറുണ്ട്.  കേസ് നടത്താന്‍ പ്രത്യേക പാനലാണ്.  അതിന് മുഴുവന്‍സമയം ചുമതലക്കാരുമുണ്ട്. സി.പി.എമ്മിന് സഹകരണ സ്ഥാപനങ്ങളെങ്കില്‍ ബി.ജെ.പി.ക്ക് സ്‌കൂളുകളാണ്. ഇപ്പോള്‍ കേന്ദ്രസഹായത്തോടെ പല കമ്പനികളിലും ജോലിയും തരപ്പെടുത്തുന്നുണ്ട്. 

പക്ഷേ, സമീപകാലത്ത് കണ്ണൂരില്‍നടന്ന രണ്ടുസംഭവങ്ങളില്‍ കേസ് നടത്തിപ്പ് ഏറ്റെടുക്കാന്‍പോലും ആര്‍.എസ്.എസ്. നേതൃത്വം മടിച്ചുവെന്നാണറിവ്. ഒന്ന് ഒരു കൊലപാതകമാണ്. മറ്റേത് ഒരാളെ വെട്ടിയതും. രണ്ടിലും ഇരകളായത് സി.പി.എം. പ്രവര്‍ത്തകരാണ്.

കൊല്ലപ്പെട്ടത് എതിരാളികള്‍ക്കുപോലും കുറ്റം പറയാനില്ലാത്ത സി.പി.എം. പ്രവര്‍ത്തകന്‍. ഒരുകൂട്ടം യുവാക്കള്‍ക്ക് തോന്നി നടപ്പാക്കിയ ശിക്ഷയായിരുന്നു ഇതുരണ്ടും. ചെയ്തത് മോശമായെന്ന് സംഘം നേതാക്കള്‍ പലരും അഭിപ്രായപ്പെട്ടു. അതിനാല്‍, കേസ് ഏറ്റെടുക്കാനും സംഘടന മടിച്ചു. ഒടുവില്‍ കൊലപാതകക്കേസ് നടത്തിപ്പ് ഏറ്റെടുത്തു. വെട്ടുകേസ് ഇപ്പോഴും ചെയ്തവരുടെ തലയില്‍ മാത്രമായി കിടക്കുകയാണ്.  

'വീരപട്ടം' കിട്ടുന്ന ക്രിമിനലുകള്‍

ആദ്യം ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിക്കുവേണ്ടി ആയുധമേന്തും. വെട്ടിയവനെന്നും കൊന്നവനെന്നും പേരെടുത്താല്‍ നാട്ടില്‍ വീരപരിവേഷമാണ്. പിന്നെ, പാര്‍ട്ടിക്കപ്പുറം ക്വട്ടേഷന്‍ ഏറ്റെടുക്കും. കണ്ണൂരിലെ രാഷ്ട്രീയ അക്രമകേസുകളില്‍ പ്രതികളായ കുറേപേര്‍ ഇപ്പോള്‍ ക്വട്ടേഷന്‍ സംഘമായി മാറിക്കഴിഞ്ഞു. േബ്ലഡിടപാടിലെ പണപ്പിരിവുകാര്‍, വന്‍കിട സാമ്പത്തിക ഇടപാടിലെ ഇടനിലക്കാരും മധ്യസ്ഥരും റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിലെ കൈക്രിയക്കാരന്‍ അങ്ങനെ പല റോളിലും ഇവരുണ്ട്. 

കുഴല്‍പ്പണക്കാരെ ആക്രമിച്ച് പണംതട്ടുന്ന സംഘമായി മാറിയ ഒരുസംഘം പാനൂര്‍മേഖലയിലുണ്ട്. ഇവരെയൊക്കെ ക്രിമിനല്‍ ലോകത്തേക്ക് എത്തിച്ചത് രാഷ്ട്രീയ നേതാക്കളാണ്. വന്‍കിട ബിസിനസുകാരുടെ 'ചങ്ങാത്ത'ക്കാരായി ഇപ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ ഏറെയുമുള്ളത് രാഷ്ട്രീയ കൊലപാതകക്കേസുകളില്‍ ഉള്‍പ്പെട്ട യുവാക്കളാണ്.

പണിയൊന്നുമില്ലാതെ ഇഷ്ടംപോലെ പണവുമായി നടക്കുന്നവര്‍. എപ്പോള്‍ വേണമെങ്കിലും ആഡംബര വാഹനം യാത്രയ്ക്ക് കിട്ടുന്നവര്‍. അങ്ങനെ പോകുന്ന ഇവരുടെ രീതി. രാഷ്ട്രീയ നേതാക്കളുമായുള്ള അടുത്തബന്ധം ഇവരുടെ 'സ്വന്തം ബിസിനസി'ന് സഹായമാണ്. അനധികൃതക്വാറികളുടെ നടത്തിപ്പ് ചുമതലവരെ ഇത്തരക്കാര്‍ക്കുണ്ട്. 

ജയിലുവിട്ട് നാട്ടിലിറങ്ങിയാല്‍ പിന്നെ, സംഘാംഗങ്ങളുമായി പുതിയ ക്വട്ടേഷന്‍ ഏറ്റെടുക്കലാണ് രീതി. ഇതിന് രാഷ്ട്രീയമില്ല. പാനൂര്‍ മേഖലയിലെ ഒരു സ്ഥിരം കുറ്റവാളിക്ക് പ്രത്യേകസംഘമുണ്ട്. ഇതിലെ കൂട്ടാളികള്‍തമ്മില്‍ തെറ്റിയപ്പോള്‍ പരസ്പരം മത്സരമായി. എല്ലാം ഓരേ പാര്‍ട്ടിക്കാര്‍.

സര്‍ക്കാര്‍ ഉദ്യോഗത്തിനുവേണ്ടി മത്സരിക്കുന്ന ഒരു കൂട്ടം യുവാക്കളുണ്ടിവിടെ. വായിച്ചുതീര്‍ക്കുന്ന പുസ്തകത്തിന്റെ കണക്കനുസരിച്ച് വീരപട്ടം നല്‍കുന്ന ഒരുകൂട്ടം മനുഷ്യരുണ്ടിവിടെ. ഏറെയും നല്ല കമ്യൂണിസ്റ്റുകാര്‍.

എതിര്‍ഗ്രൂപ്പില്‍ ചേര്‍ന്ന ഒരാളോട് പ്രതികാരം ചെയ്തത് കേട്ടാല്‍ ഇതൊക്കെ കേരളത്തിലാണോയെന്ന് തോന്നിപ്പോകും. അയാളുടെ കല്യാണത്തിന്റെ തലേദിവസം വീട്ടില്‍ ബോംബും വടിവാളുമൊക്കെയായി വീട്ടില്‍ ഓടിക്കയറി. പണവും സ്വര്‍ണവും കൈക്കലാക്കി. ഇതിനൊന്നും ഒരു പരാതിയോ കേസോ ഉണ്ടായില്ല. കാരണം രാഷ്ട്രീയത്തണലില്‍ വളരുന്ന ഗുണ്ടകളാണ് എല്ലാവരും. 

പഴയകാലത്ത് പേരുകേട്ട പ്രതികള്‍ ഇപ്പോള്‍ സ്വന്തം 'ബിസിനസ്' ലോകത്താണ്. ആഡംബരവീടും വാഹനവും പരിവാരങ്ങളുമുണ്ട്. വന്‍കിട റിയല്‍ എസ്റ്റേറ്റ് ബിസിനസാണ്. എന്നാലും ഒറ്റയ്ക്കിറങ്ങി നടക്കാറില്ല. രാത്രിയാത്ര പരമാവധി ഒഴിവാക്കും. തനിക്ക് പിന്നില്‍ ഒരുവാള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് എപ്പോഴും ഭയന്ന്.   

കോടതി വെറുതേവിട്ടപ്പോള്‍ 'സങ്കടപ്പെട്ട' പ്രതി   

ജയകൃഷ്ണന്‍ വധക്കേസില്‍ പ്രതിയാക്കപ്പെട്ട ഒരാളെ കോടതി വെറുതേവിട്ടപ്പോള്‍ അദ്ദേഹത്തിന് സങ്കടമായിരുന്നു. സുഹൃത്തായ പാര്‍ട്ടി പ്രവര്‍ത്തകനോട് അദ്ദേഹം പറഞ്ഞു: ''വല്ലാത്ത പറ്റാണ് പറ്റിയത്.'' കേസില്‍നിന്ന് വിട്ടത് അബദ്ധമായെന്നാണ് ഇതിനര്‍ഥം. കാരണം സിമ്പിള്‍. കൊലപാതകമടക്കമുള്ള വലിയകേസുകളില്‍ ഉള്‍പ്പെട്ടാല്‍ ചില ആനുകൂല്യങ്ങള്‍ കിട്ടും.

കൊടുത്തുതീര്‍ക്കാനുള്ള കടബാധ്യത കൂടി പാര്‍ട്ടി ഏറ്റെടുക്കും. വായ്പതിരിച്ചടവ്, കുറി, മറ്റ് കടങ്ങള്‍ എല്ലാം. ഇതിന്റെയൊരു കണക്ക് പാര്‍ട്ടിക്ക് നല്‍കിയാല്‍ മതി. പക്ഷേ, ഇതൊക്കെ ജയിലില്‍ പോയാല്‍ കിട്ടുന്ന ആനുകൂല്യമാണ്. കടക്കണക്ക് ഏറെയുള്ളതുകൊണ്ടാണ് കോടതി വെറുതേവിട്ടപ്പോള്‍ 'പ്രതി'ക്ക് സങ്കടം അടക്കാന്‍ കഴിയാതെ പോയത്. 

മതിയാക്കണം ഈ ക്രിമിനല്‍ രാഷ്ട്രീയം

''എന്നില്‍നിന്ന് എന്തെങ്കിലും പുതുതലമുറ പഠിക്കേണ്ടതായിട്ടുണ്ടെങ്കില്‍ അത് അക്രമരാഷ്ട്രീയംകൊണ്ട് ഒന്നും നേടാനാവില്ലെന്നതാണ്. അക്രമംകൊണ്ട് ഒരാശയവും വളര്‍ത്താനാവില്ല. അത് ജനങ്ങളില്‍നിന്ന് അകറ്റാനേ ഉപകരിക്കൂ.'' -ഒരിക്കല്‍ എം.വി. രാഘവന്‍ പറഞ്ഞതാണിത്. കീഴടങ്ങുകയല്ല പൊരുതുകയാണ് വേണ്ടതെന്ന് പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ച് ഒരുകാലത്ത് കണ്ണൂരില്‍ സി.പി.എമ്മിനെ നയിച്ച നേതാവാണ് എം.വി. രാഘവന്‍.

കാലം മാറിയതിനനുസരിച്ച് കാഴ്ചപ്പാടും മാറണമെന്നറിഞ്ഞ് അക്രമത്തെ തള്ളിപ്പറഞ്ഞതും ഇതേ എം.വി.ആറാണ്. ഇത് രാഷ്ട്രീയമല്ലെന്ന് കണ്ണൂരിലെ ജനങ്ങളും തിരിച്ചറിയുന്നുണ്ട്. കൊന്ന് തള്ളി തോല്‍പ്പിക്കാവുന്നതല്ല, ഒരു രാഷ്ട്രീയവും. നേതൃത്വം ഒന്നുമനസ്സുവെച്ചാല്‍ തീരാവുന്നതേയുള്ള ഈ രക്തക്കലി. 

ഒരുകൂട്ടം ക്രിമിനലുകളെയാണ് ഇപ്പോള്‍ ഓരോ രാഷ്ട്രീയക്കൊലപാതകത്തിലൂടെയും അക്രമത്തിലൂടെയും രാഷ്ട്രീയപ്പാര്‍ട്ടികള്‍ സമൂഹത്തിന് സംഭാവനചെയ്യുന്നത്.  രക്തസാക്ഷികളും ബലിദാനികളുമുണ്ടാകാം. പക്ഷേ, കണ്ണീരുണങ്ങാത്ത അവരുടെ വീടിന് നിങ്ങള്‍ നല്‍കുന്നതൊന്നും പകരമാവില്ല. രാഷ്ട്രീയം ഒരു വികാരമാണ് കണ്ണൂരില്‍. പക്ഷേ, ആ വികാരത്തിന്റെ മറവില്‍ ഒരുകൂട്ടം ക്രിമിനലുകള്‍ ജനിക്കുന്നുണ്ടെങ്കില്‍ അതിന് ചികിത്സ നല്‍കേണ്ടതും രാഷ്ട്രീയ നേതൃത്വമാണ്. 

ബ്ലേഡുപിരിവുകാരും കുഴല്‍പ്പണം തട്ടിപ്പുകാരുമായി ഒരുകൂട്ടം യുവാക്കളെ മാറ്റുന്ന രാഷ്ട്രീയം ജനങ്ങള്‍ തള്ളിക്കളയുന്ന കാലമടുത്തു. ഇവരെ അരാഷ്ട്രീയത്തിലേക്ക് തള്ളിവിട്ടാല്‍  അതുണ്ടാക്കുന്ന അപകടം ചെറുതാകില്ല. അതിന്റെ ലക്ഷണം കണ്ണൂരില്‍ കണ്ടുതുടങ്ങി. 

ചെങ്കൊടി ഉയര്‍ന്നുപാറുന്ന ഒരു സ്ഥലമുണ്ട് കണ്ണൂരില്‍. മയ്യില്‍. പാടിക്കുന്ന് രക്തസാക്ഷിത്വത്തിന്റെ പൈതൃകം സ്വന്തമായ മണ്ണ്. ഓരോ 700 പേര്‍ക്കും ഒരു വായനശാലയുള്ളയിടം. സര്‍ക്കാര്‍ ഉദ്യോഗത്തിനുവേണ്ടി മത്സരിക്കുന്ന ഒരു കൂട്ടം യുവാക്കളുണ്ടിവിടെ. വായിച്ചുതീര്‍ക്കുന്ന പുസ്തകത്തിന്റെ കണക്കനുസരിച്ച് വീരപട്ടം നല്‍കുന്ന ഒരുകൂട്ടം മനുഷ്യരുണ്ടിവിടെ. ഏറെയും നല്ല കമ്യൂണിസ്റ്റുകാര്‍.

അന്തിമയങ്ങിയാലും വായനശാലകളിലിരുന്ന് നല്ലതിനെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന യുവകൂട്ടായ്മകള്‍. ഇവിടെ ആരും വെട്ടേറ്റുവീഴുന്നില്ല. ഈ യുവാക്കളാരും ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുന്നില്ല. പകരം നൂറിലേറെപ്പേര്‍ സര്‍ക്കാര്‍ ജീവനക്കാരായി. അവര്‍ അത്രയും കുടുംബത്തിന്റെ തണലായി. ഇതുമൊരു രാഷ്ട്രീയമാണ്.  എതിരാളിയുടെ ജീവനെടുക്കാന്‍ ആയുധം സമ്മാനിക്കുന്ന നേതാക്കള്‍ ഈ നന്മയുടെ രാഷ്ട്രീയം കാണാന്‍ ശ്രമിക്കണം. എങ്കില്‍, ജനങ്ങളില്‍നിന്നകലാതിരുന്നാല്‍ ഏത് ആശയത്തെയും വളര്‍ത്താനാകും.

Content highlights: Jayakrishnan murder, Party murder in Kannur, Crime news