കണ്ണൂര്‍: രംഗം ഒന്ന്; കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍-  കിഷനെന്ന പതിനേഴുകാരന്‍ (പേര് സാങ്കല്പികം) ഇത്തിരിക്കുഞ്ഞന് ഒറ്റ ലക്ഷ്യമായിരുന്നു. യു.പി.യിലെ ഗ്രാമത്തിലുള്ള പെറ്റമ്മയെ വിളിക്കണം. അതിനു നമ്പര്‍ വേണം. പക്ഷേ, നമ്പറുള്ള തന്റെ ഫോണ്‍ കാസര്‍കോട്ടെ പോലീസ് സ്റ്റേഷനിലാണുള്ളത്. അതു കിട്ടാന്‍ ജയില്‍ ചാടണം; അവന്‍ മനസ്സില്‍ക്കുറിച്ചു. ജയിലിനകത്ത് ക്വാറന്റീനിലായിരുന്ന മുറിയുടെ വാതില്‍ തകര്‍ത്ത് പാറാവുകാരുടെ കണ്ണുവെട്ടിച്ചു കടന്നു. ജയിലിന്റെ കൂറ്റന്‍ മതിലില്‍ വലിഞ്ഞുകയറി താഴേക്ക് ചാടിയപ്പോള്‍ കാല് മുറിഞ്ഞു. പക്ഷേ, കാര്യമാക്കിയില്ല. അമ്മയുടെ നമ്പറുള്ള ഫോണെന്ന ലക്ഷ്യവുമായി ഒറ്റ കുതിപ്പ്.

child prisonerരംഗം രണ്ട്; കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയില്‍ 

: മാസം രണ്ടുകഴിഞ്ഞു. അമ്മയുടെ ശബ്ദംകേട്ട് സെല്ലില്‍ കിഷന്‍വിങ്ങിക്കരഞ്ഞു. ജയിലധികൃതര്‍ യു.പി. പോലീസിന്റെ സഹായത്തോടെ ഏര്‍പ്പാടാക്കിയ സംഭാഷണം. അതിലൂടെ അവന് നാട്ടിലേക്കുപോകാന്‍ പാതിവഴി തുറന്നു. പക്ഷേ, ജാമ്യംനില്‍ക്കാന്‍ ആളില്ലാത്തതിനാല്‍ 25,000 രൂപ കെട്ടിവെക്കണം. രണ്ടുദിവസമായി ആ പണം സ്വരൂപിക്കാന്‍ അവന്റെ ഗ്രാമത്തില്‍ മാതാപിതാക്കളും സഹോദരങ്ങളും ശ്രമിക്കുകയാണ്. ജാമ്യത്തുക കെട്ടിവെച്ചാല്‍ അടുത്ത കടമ്പ ജയില്‍ചാട്ടക്കേസാണ്. ആ കെട്ടും അഴിച്ച് ഏതാനും ദിവസത്തിനകം അവന് നാട്ടിലേക്കു തിരിച്ചുപോകാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബവും ജയിലിലെ ഉദ്യോഗസ്ഥരും.

രംഗം മൂന്ന്; ജയില്‍ചാട്ടം, അദ്ഭുതം (പോലീസ് പറയുന്നത്)

: ഏപ്രില്‍ രണ്ടിനായിരുന്നു ആ ജയില്‍ചാട്ടം. ജയില്‍ ചാടി റെയില്‍വേ ട്രാക്കിലൂടെ ഓടിയ കിഷനെ പിറ്റേന്ന് കണ്ണപുരം റെയില്‍വേസ്റ്റേഷനും പയ്യന്നൂരിനുമിടയില്‍ അവശനിലയില്‍ പോലീസ് കണ്ടെത്തി. മോഷണക്കേസിനുപുറമേ ജയില്‍ചാട്ട കേസ് കൂടിയായി. റിമാന്‍ഡ് ചെയ്ത് സ്പെഷ്യല്‍ സബ് ജയിലില്‍. കോവിഡ് കാലമായതിനാല്‍ പരമാവധി പേരെ ജാമ്യത്തില്‍ വിടാന്‍ അധികൃതര്‍തന്നെ ശ്രമിക്കുകയായിരുന്നു.

കിഷനെ ജാമ്യത്തില്‍ വിടുന്നതെങ്ങനെയെന്ന് ജയില്‍ സൂപ്രണ്ട് ആലോചിച്ചു. മോഷണക്കേസെടുത്ത കാസര്‍കോട് പോലീസുമായി ബന്ധപ്പെട്ടു. നാലുമാസം മുമ്പ് പണിക്ക് കാസര്‍കോട്ടെത്തിയതാണ് കിഷന്‍. ഒരു ഹോട്ടലില്‍ രണ്ടാഴ്ച പണിയെടുത്തിട്ടും കൂലി കിട്ടാഞ്ഞതിനാല്‍ രക്ഷപ്പെട്ട് നാലഞ്ചുദിവസം യാചകനായി.

ഒന്നുംകിട്ടാതെ രണ്ടുദിവസം പട്ടിണി. നഗരത്തിലെ കനറാ ബാങ്കിന്റെ രണ്ടാം നിലയില്‍ കയറി രാത്രി മേശവലിപ്പ് തുറന്ന് 700 രൂപ മോഷ്ടിച്ചു. വൈകാതെ പിടിയിലായി. വിശപ്പ് കാരണമാണ് കടുംകൈ ചെയ്തതെന്നും 600 രൂപയേ കിട്ടിയുള്ളൂവെന്നും അവന്‍ പറഞ്ഞു. അങ്ങനെ ജയിലിലെത്തി. എത്ര വയസ്സായെന്നറിയാത്തതിനാല്‍ 21 എന്ന് പോലീസ് ചേര്‍ത്തു. പക്ഷേ, പതിനേഴേ ആയിട്ടുള്ളൂവെന്ന് ബന്ധുക്കള്‍.

രംഗം നാല്; രക്ഷാപ്രവര്‍ത്തനം- 

പ്രതിയില്‍നിന്നുകിട്ടിയ ഫോണ്‍ ചതഞ്ഞുപോയിരുന്നു. പരിശോധിച്ചപ്പോള്‍ രണ്ടുമൂന്ന് ഫോണ്‍ നമ്പര്‍ കിട്ടി. നാടന്‍ ഹിന്ദി മാത്രം പറയുന്ന കിഷനില്‍നിന്ന് വിവരങ്ങള്‍ മനസ്സിലാക്കാന്‍ വിമുക്തഭടനായ അസി. ജയിലര്‍ സഹായിച്ചു. ലഭിച്ച ഫോണ്‍നമ്പറില്‍നിന്ന് യു.പി.യിലെ ഹാമിര്‍പുര്‍ ജില്ലക്കാരനാണെന്നു വ്യക്തമായി.

child prisoner

ജയില്‍ സൂപ്രണ്ട് ടി.കെ. ജനാര്‍ദനന്‍ ഹാമിര്‍പുര്‍ ജില്ലാ പോലീസ് മേധാവിയെ വിളിച്ചു. ബാക്കി കാര്യങ്ങള്‍ താന്‍ നോക്കാമെന്നായി അദ്ദേഹം. സിസോലാര്‍ പോലീസ്സ്റ്റേഷന്‍ പരിധിയിലെ ടൊളമാഷ് ഗ്രാമത്തിലെ ദമ്പതിമാരുടെ ഇളയമകനാണ് കിഷനെന്നു വ്യക്തമായി. എസ്.പി. നിയോഗിച്ച പോലീസുകാരന്‍ അവരുടെ കുടിലിലെത്തി സംസാരിച്ചു. വീട്ടുകാര്‍ പോലീസുകാരന്റെ ഫോണില്‍ കണ്ണൂര്‍ സ്പെഷ്യല്‍ ജയില്‍ സൂപ്രണ്ടുമായി സംസാരിച്ചു. പിന്നീട് മകനുമായും.

കിഷന് അഞ്ച് സഹോദരങ്ങളുണ്ട്. ജാമ്യത്തിലെടുക്കാന്‍ ആരെയെങ്കിലും ചുമതലപ്പെടുത്തണമെന്ന് ജയില്‍ സൂപ്രണ്ട് ആവശ്യപ്പെട്ടു. കേരളത്തില്‍ വ്യാപാരബന്ധമുള്ള ഒരാളെ കണ്ടെത്തി. അയാളുടെ ക്ലൈന്റായ കാസര്‍കോട്ടുകാരന്റെ നമ്പര്‍ ജയില്‍ സൂപ്രണ്ടിനെ ഹാമിര്‍പുര്‍ പോലീസ് അറിയിച്ചു.

കാസര്‍കോട്ടുകാരനായ വ്യാപാരിയോടു സംസാരിച്ച് ജാമ്യാപേക്ഷ നല്‍കിക്കാന്‍ ശ്രമിച്ചെങ്കിലും പല അഭിഭാഷകരും സന്നദ്ധരായില്ല. ജയില്‍ സൂപ്രണ്ട് കണ്ണൂര്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി.പി. ശശീന്ദ്രനോട് സഹായാഭ്യര്‍ഥന നടത്തി. കാസര്‍കോട്ടെ ലോയേഴ്സ് യൂണിയന്‍ നേതാവ് അഡ്വ. കുമാരന്‍ നായര്‍ കേസ് ഏറ്റെടുത്തു. കാസര്‍കോട് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കിഷന് ജാമ്യം അനുവദിച്ചു. എപ്പോള്‍ നാട്ടിലേക്കു മടങ്ങാനാവുമെന്ന കാത്തിരിപ്പിലാണ് കിഷനിപ്പോള്‍.

Content Highlights: kannur jail minor prisoner got bail but cant arrange bond amount