കുറ്റം: മോഷണം, തീയതി: 2018 സെപ്റ്റംബര്‍ 10, സ്ഥലം: കലൂര്‍
കലൂര്‍ ജഡ്ജസ് അവന്യുവിലെ ഫ്‌ലാറ്റിനകത്ത് മോഷണം നടന്നുവെന്ന വിവരം കിട്ടിയതിനെ തുടര്‍ന്നാണ് എറണാകുളം നോര്‍ത്ത് പോലീസ് സ്ഥലത്തെത്തിയത്. യുവതി ഒറ്റയ്ക്കു താമസിക്കുന്ന ഫ്‌ളാറ്റില്‍ രാത്രി രണ്ടു മണിക്കായിരുന്നു മോഷണം.
മുറിക്കകത്തു കടന്ന് പണം കവര്‍ന്ന മോഷ്ടാവ്, ഉറങ്ങിക്കിടന്ന യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു. ഇതിനിടെ യുവതി ഉണര്‍ന്നു. മല്‍പ്പിടിത്തമായി. കൂരിരുട്ടില്‍ മോഷ്ടാവിന്റെ ശരീരത്തിലെവിടെയോ ഇവര്‍ കടിച്ചു.
നിമിഷനേരം കൊണ്ട് മോഷ്ടാവ് ഓടിമറഞ്ഞു. യുവതി ഒച്ചവെച്ചു. അടുത്ത ഫ്‌ളാറ്റിലുള്ളവര്‍ എത്തിയപ്പോഴേക്കും മോഷ്ടാവ് കടന്നുകളഞ്ഞു.
രാവിലെ തന്നെ പോലീസ് സംഭവസ്ഥലത്തെത്തി, മോഷ്ടാവ് വീടിനകത്ത് എങ്ങനെ കയറി എന്നതായിരുന്നു പോലീസിനെ കുഴപ്പിച്ചത്. ഒന്നാം നിലയ്ക്കു മുകളില്‍ കടക്കാനുള്ള തെളിവുകളൊന്നും കണ്ടെത്താനായില്ല. ഏണി ഉപയോഗിച്ചു മാത്രമേ ഇവിടേക്ക് കടക്കാനാകൂ. എന്നാല്‍ ഏണിയൊന്നും കണ്ടില്ല.
പരിസരത്ത് തിരച്ചില്‍ നടത്തിയെങ്കിലും തെളിവുകളൊന്നും പോലീസിന് ലഭിച്ചില്ല. മോഷ്ടാവ് വന്നതിനും തെളിവില്ല. യുവതി മോഷ്ടാവിന്റെ മുഖവും കണ്ടിട്ടില്ല. പ്രതിയെ എങ്ങനെ കണ്ടെത്തും എന്നറിയാതെ പോലീസ് വലഞ്ഞു.
സംശയം പരാതിക്കാരിയിലേക്കും
മോഷണ ദിവസം ഫ്‌ലാറ്റിന്റെ സെക്യൂരിറ്റിക്കാരന്‍ അവധിയിലായിരുന്നു. മോഷണത്തിന് തെളിവുകളുമില്ല. പരാതിക്കാരി വെറുതെ പറഞ്ഞ കെട്ടുകഥയാണോ എന്നുപോലും പോലീസില്‍ ചിലര്‍ സംശയിച്ചു. പരാതിക്കാരിയില്‍നിന്ന് പരമാവധി മൊഴികള്‍ പോലീസെടുത്തു.
മൊഴിയിലെ തുമ്പ്
ഇതിനിടെയാണ് ഒരു നിര്‍ണായക മൊഴി പുറത്തുവന്നത്. മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടെ പ്രാണഭയത്താല്‍ മോഷ്ടാവിനെ താന്‍ കടിച്ച കാര്യം പരാതിക്കാരി പറഞ്ഞു. എവിടെയാണ് കടിച്ചതെന്നു മാത്രം ഓര്‍ക്കാന്‍ സാധിക്കുന്നില്ല. കൈകളില്‍ എവിടെയെങ്കിലുമാകും എന്ന് അവര്‍ അറിയിച്ചു. ആകെയുള്ള തെളിവ് ഇതുമാത്രം. ഇതുവെച്ചുതന്നെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ പോലീസ് തീരുമാനിച്ചു.
വിരല്‍ മുറിഞ്ഞയാളെ തേടി പോലീസ്
പരാതിക്കാരി ഒച്ചവെക്കാതിരിക്കാന്‍ ഇവരുടെ വായ് പൊത്തിയിരിക്കാമെന്നും ഇതിനിടെ വിരലുകളില്‍ കടിയേറ്റിരിക്കാമെന്നും പോലീസ് ഉറപ്പിച്ചു. ഈ ദിവസങ്ങളില്‍ കൈവിരലുകളില്‍ മുറിവേറ്റ് ചികിത്സ തേടിയിരുന്നവരുടെ വിവരങ്ങള്‍ പോലീസ് തേടി.
കൊച്ചി സിറ്റി പരിധിയിലെ ആശുപത്രികളില്‍ എറണാകുളം നോര്‍ത്ത് പോലീസ് തിരഞ്ഞെങ്കിലും ആരും ചികിത്സ തേടിയിട്ടില്ലെന്നു കണ്ടെത്തി. പിന്നെയുള്ളത് മൂന്ന് സാധ്യതകളായിരുന്നു. മോഷ്ടാവ് നഗരത്തിനു പുറത്തുനിന്നാകാം. പുറത്തെവിടെയെങ്കിലും ആശുപത്രിയില്‍ ചികിത്സ തേടാം, ചികിത്സ തേടാതിരിക്കുകയും ചെയ്യാം.
അവസാന ശ്രമമെന്ന നിലയില്‍ പോലീസ് കൊച്ചി നഗരത്തിലെ ക്ലിനിക്കുകളിലും അന്വേഷണം നടത്തി. തൊട്ടടുത്ത ദിവസംതന്നെ കലൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ റോഡിലുള്ള തേജസ് ക്ലിനിക്കില്‍നിന്ന് വിവരം ലഭിച്ചു.
വലതുകൈയുടെ ചെറുവിരലിന് മുറിവേറ്റ വിഷ്ണു എന്ന 30-കാരന്‍ ചികിത്സ തേടിയെത്തി. ഭാര്യയുമായി വഴക്കിട്ടപ്പോള്‍ ഭാര്യ കടിച്ചതാണെന്നായിരുന്നു ഇയാള്‍ നല്‍കിയ വിവരം. വിലാസമായി നല്‍കിയത് ജഡ്ജസ് അവന്യുവിലെ മോഷണം നടന്ന ഫ്‌ളാറ്റിന് തൊട്ടടുത്തുള്ള ഒരു കെട്ടിടത്തിലെ വിലാസം. ഇതോടെ മോഷ്ടാവ് ഇയാള്‍തന്നെയെന്ന് പോലീസ് ഉറപ്പിച്ചു.
യുവാവിനെത്തേടി പോലീസെത്തിയതോടെ, ഇയാള്‍ ഓടി രക്ഷപ്പെട്ടു. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാളെ കലൂരില്‍നിന്ന് പിടികൂടി.
എല്ലാം പ്ലാനിങ് പ്രകാരം
നല്ല ആസൂത്രണമായിരുന്നു മോഷണത്തിനായി വിഷ്ണു തയ്യാറാക്കിയത്. ദിവസങ്ങളോളം ഫ്‌ളാറ്റിലെ സാഹചര്യം മനസ്സിലാക്കി. സെക്യൂരിറ്റിക്കാരന്‍ ജോലിക്കില്ലെന്ന് ഉറപ്പിച്ചു.
മോഷണം നടന്ന ഫ്‌ളാറ്റിന് തൊട്ടടുത്തു താമസിക്കുന്ന യുവാവ് ഏണിയുമായാണ് എത്തിയത്. ഏണി ഉപയോഗിച്ച് സണ്‍ഷെയ്ഡില്‍ കയറിപ്പറ്റി. ജനാല കുത്തിത്തുറന്നു. ഇതിലൂടെ കമ്പി ഉപയോഗിച്ച് വാതില്‍ തുറന്ന് അകത്തു കയറി.
അകത്തു മുഴുവന്‍ തിരച്ചില്‍ നടത്തി. കുറച്ചു പണം മാത്രം ലഭിച്ചു. ഇതോടെയാണ് യുവതിയുടെ മാലകൂടി കവരാന്‍ തീരുമാനിച്ചത്. മോഷണ ശേഷം ഓടി രക്ഷപ്പെടുന്നതിനിടെ ഏണിയും വാതില്‍ തുറക്കാനുപയോഗിച്ച കമ്പിയും കൃത്യമായി മാറ്റാനും ഇയാള്‍ മറന്നില്ല.
Content Highlights: kaloor theft case investigation details