20 വര്‍ഷങ്ങളായി കേരളത്തിലെ വിവിധ സ്‌കൂളുകളില്‍ കൗണ്‍സലിങ്ങ് സൈക്കോളജിസ്റ്റായി ജോലി ചെയ്യുന്ന കല ഷിബു പങ്കുവെക്കുന്ന അനുഭവങ്ങളാണ് ഇത്.

ര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊല്ലത്തെ ഒരു സ്‌കൂളില്‍ ജോലി നോക്കുന്ന സമയം. സ്റ്റാഫ് റൂമില്‍ സംസാരിച്ചിരിക്കുന്ന സമയത്ത് അതിലെ കടന്നു പോയ നാലാം ക്ലാസ്സുകാരന്റെ മുഖം  എന്റെ മനസ്സില്‍ കൊളുത്തി. കൂടുതല്‍ നിരീക്ഷിച്ചപ്പോള്‍ അവന്റെയും കൂട്ടുകാരുടെയും മുഖത്ത് ഒരേ പോലെ പാടുകള്‍.ചുണ്ടിന്റെ സൈഡിലും അറ്റത്തുമായി. അനിത ടീച്ചറോട് ഞാന്‍ എന്റെ സംശയം പറഞ്ഞു. ചില 'കറുത്ത' സംശയങ്ങള്‍ മനസ്സില്‍ വെയ്ക്കാന്‍ പോലും പേടിയാണ്. അതാണ് ലോകം.

kala shibu
കല ഷിബു

വിശ്വസിക്കാവുന്ന ഒരുപാട് അധ്യാപകര്‍ സഹപ്രവര്‍ത്തകരായി ഉണ്ടായിരുന്നെവെന്നതാണ് അന്നത്തെ എന്റെ ബലം. അനിത ടീച്ചറും ഞാനും കൂടി നാലാം ക്ലാസ്സുകാരനെ മുറിയില്‍ വിളിച്ചു കാര്യമായി ചോദ്യം ചെയ്തു. പ്രകൃതിവിരുദ്ധ രതി വൈകൃതങ്ങള്‍ക്ക് വേണ്ടി കുട്ടികളെ ഉപയോഗിക്കുന്ന ഒരു റാക്കറ്റില്‍ അകപ്പെട്ടിരിക്കുവാണ് അവന്‍. അവന്റെ കൈയില്‍ നിന്നും മുഴുവന്‍ കുട്ടികളുടെയും വിവരങ്ങള്‍ ശേഖരിച്ചു. അവരോടും സംസാരിച്ചു. ഇതിനൊക്കെ കിട്ടുന്ന പ്രതിഫലം കാരണമാണ് കുട്ടികള്‍ ആകൃഷ്ടരാകുന്നത്.കുട്ടികള്‍ അതിലോട്ട് എത്തിപ്പെടുന്നതാണ്. 
 
കേസിന്റെ വഴികളിലൂടെ മുന്നോട്ട് സഞ്ചരിച്ചപ്പോള്‍ എത്തിയത് ആ പ്രദേശത്തെ ഒരു മുന്തിയ ഹോട്ടല്‍ മാനേജരില്‍! അയാളും കൂട്ടുകാരും ചേര്‍ന്ന് ചെറിയ ആണ്‍കുട്ടികളെ ഉപയോഗിക്കുകയായിരുന്നു. അന്ന് അവിടെ ഡി.വൈ.എസ്.പി ആയിരുന്ന ബി.കൃഷ്ണ കുമാറിനോട് ഞാന്‍ വിവരം പറഞ്ഞു. ഇന്നത്തെപ്പോലെ കൃത്യമായി കണ്ടെത്താനും സഹായിക്കാനും ആരെ സമീപിക്കണമെന്നൊന്നും അറിയില്ലായിരുന്നു. കുട്ടികളുടെ എന്നല്ല ,ഒരു  നിയമത്തെക്കുറിച്ചും കാര്യമായി അറിയില്ല. അതൊരു വിധത്തില്‍ അനുഗ്രഹമായിരുന്നുവെന്ന് തോന്നാറുണ്ട്. കുട്ടികള്‍ പറഞ്ഞത് മുഴുവന്‍ റെക്കോര്‍ഡ് ചെയ്ത് മാതാപിതാക്കളെ വിളിച്ചു കേള്‍പ്പിച്ചു. പോലീസ് ആ ഹോട്ടല്‍ മാനേജരെ അറസ്‌റ് ചെയ്തു. പി.ടി.എയുടെയും അധ്യാപകരുടെയും പിന്തുണ കാരണമാണ് മുഴുവന്‍ കുട്ടികളുടെയും ഭാവി രക്ഷപ്പെട്ടത്.

സമൂഹം പലപ്പോഴും കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഇതിനേക്കാള്‍ ക്രൂരമായ അനുഭവങ്ങളുള്ളവരുണ്ട്. റിസ്‌ക് എടുക്കുന്ന കൗണ്‍സിലര്‍മാര്‍ പലരും ഭയം കാരണം ഒന്നും പുറത്തുപറയാറില്ല. ഇത്തരം കേസുകളിലാണോ എത്തിക്‌സ് നോക്കേണ്ടത്. എന്നിരുന്നാലും ഇന്ന്, അത്തരം ഒരു കേസ് മുന്നില്‍ വന്നാല്‍ ഒരുപാട് ചിന്തിക്കും. കാരണം വാദി പ്രതിയാകാന്‍ നിമിഷം മതി. സ്വന്തം നിഴലും ചതിക്കുമെന്നു ഭയക്കും.

ഈ അടുത്ത കാലത്തായി ക്ലാസ് എടുക്കാന്‍ പോയ പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന പല സ്‌കൂളുകളില്‍ നിന്നും ഒരേ തരത്തിലുള്ള പരാതികള്‍ കിട്ടി. 'ആണ്‍കുട്ടികളേക്കാള്‍ കഷ്ടമാണ് ഇവരുടെ രീതി. എതിര്‍ത്താല്‍ ക്രൂരമായ പീഡനമാണ്. ചില പെണ്‍കുട്ടികള്‍ രഹസ്യമായി പെണ്‍ഗുണ്ടകളെ കാണിച്ചുതന്നു. അദ്ധ്യാപകരോട് പറഞ്ഞൂടെ..? ഇവിടെയുള്ള പുരുഷ അധ്യാപകരില്‍ ചിലര്‍ പെണ്‍കുട്ടികള്‍ കുരുത്തക്കേട് കാണിച്ചതിന് അവരെ വഴക്കു പറഞ്ഞു. ഉടന്‍ തന്നെ ആ പെണ്‍കുട്ടികള്‍ ചൈല്‍ഡ്‌ലൈനില്‍ വിളിച്ച് അധ്യാപകര്‍ പീഡിപ്പിക്കുന്നുവെന്ന് പരാതി പറഞ്ഞു. 

അദ്ധ്യാപകര്‍ക്ക് ജീവിതം ഇല്ലേ..? മാനം ഇല്ലേ..?

ഞങ്ങള്‍ ഇപ്പൊ ഒന്നും മൈന്‍ഡ് ചെയ്യുന്നില്ല. കുട്ടികള്‍ പോയി വീട്ടില്‍ പരാതി പറഞ്ഞാലുടനെ മാതാപിതാക്കള്‍ കൂടുതലൊന്നും അന്വേഷിക്കാന്‍ നില്‍ക്കാതെ സ്‌കൂളില്‍ പീഡനമാണെന്ന് പരാതി നല്‍കും. പത്രക്കാര്‍ ഉടനെ എത്തില്ലേ? ബോധവത്കരണ നിയമം വരുത്തുന്ന വിന...!

എല്ലാ സ്‌കൂളിലും ഉണ്ടാകും പരാതി പെട്ടി. സ്‌കൂളിലെ ഏറ്റവും നല്ല അദ്ധ്യാപകന്റെ അല്ലെങ്കില്‍ അദ്ധ്യാപികയുടെ പേര് മാത്രമാകും മിക്കവാറും അതില്‍ വീഴുക..അതിന്റെ കാരണം ആലോചിച്ചു നോക്കുക. സ്‌കൂളില്‍ നിന്നും കിട്ടിയ വിവരങ്ങള്‍ അവിടത്തെ ടീച്ചര്‍മാരോട് പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞതാണ് ഇതൊക്കെ. എല്ലാം കേട്ടിട്ട് സ്റ്റാഫ് മുറിയില്‍ നിന്നും ഞാന്‍ പുറത്തിറങ്ങി.

'ഗുണ്ടാ പെണ്‍കുട്ടികള്‍' അവിടെ ഒരു സൈഡില്‍ നില്‍ക്കുന്നുണ്ട്. എന്നോട് പരാതി പറഞ്ഞ കുട്ടികള്‍ ഭയന്ന് മാറിയും. അവരെ കടന്നു പോകുമ്പോ ഞാന്‍ കേട്ടു. 'നീയൊക്കെ ഇനിയും ഇവിടെ തന്നെ പഠിക്കണം കേട്ടോ..!ക്ലാസ് എടുക്കാന്‍ വരുന്നവരൊക്കെ അങ്ങ് പോകും'

റാഗിങ്ങ് നിരോധിച്ച കാലഘട്ടത്തില്‍ റാഗിങ്ങിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ കൂടി വരുന്നു. സ്‌കൂളില്‍ ഇതാണ് അവസ്ഥയെങ്കില്‍ ഇവരുടെ മുന്നോട്ടുള്ള ഭാവി എന്താകും?