ന്യൂഡൽഹി: സ്വതന്ത്ര മാധ്യമപ്രവർത്തകനായ രാജീവ് ശർമ ചൈനീസ് ഇന്റലിജൻസിന് കൈമാറിയത് തന്ത്രപ്രധാനമായ വിവരങ്ങളെന്ന് ഡൽഹി പോലീസ്. അതിർത്തിയിലെ ഇന്ത്യയുടെ സൈനിക തന്ത്രങ്ങളെക്കുറിച്ചും സേനാവിന്യാസത്തെക്കുറിച്ചുമുള്ള വിവരങ്ങളാണ് രാജീവ് ശർമ കൈമാറിയതെന്ന് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ ഡി.സി.പി. സഞ്ജീവ് കുമാർ യാദവ് പറഞ്ഞു.

പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട വാർത്തകളാണ് രാജീവ് ശർമ്മ കൈകാര്യം ചെയ്തിരുന്നത്. ഇന്ത്യയിലെ ചില മാധ്യമങ്ങൾക്ക് വേണ്ടിയും ചൈനയിലെ ഗ്ലോബൽ ടൈംസിന് വേണ്ടിയും പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട വാർത്തകൾ എഴുതിയിരുന്നു. 2016-ലാണ് ചൈനീസ് ഇന്റലിജൻസ് ഏജന്റുമാർ ശർമയെ ബന്ധപ്പെടുന്നത്.

ഒന്നരവർഷത്തിനിടെ 40 ലക്ഷം രൂപയാണ് വിവരങ്ങൾ കൈമാറിയതിന് ഇയാൾക്ക് പ്രതിഫലമായി ലഭിച്ചത്. ഓരോ വിവരങ്ങൾക്കും 1000 യു.എസ്. ഡോളർ വീതമായിരുന്നു പ്രതിഫലം. ചൈനീസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായും രാജീവ് ശർമ്മയ്ക്ക് അടുത്തബന്ധങ്ങളുണ്ടായിരുന്നു.

കേന്ദ്ര ഇന്റലിജൻസിൽനിന്ന് ലഭിച്ച വിവരങ്ങളെത്തുടർന്ന് സെപ്റ്റംബർ 14-ാം തീയതിയാണ് രാജീവ് ശർമയെ അറസ്റ്റ് ചെയ്തതെന്നും ഇയാളിൽനിന്ന് പ്രതിരോധ മേഖലുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തതായും ഡി.സി.പി. വ്യക്തമാക്കി.

വിവരങ്ങൾ കൈമാറിയതിന് ചൈനീസ് യുവതിയിലൂടെയാണ് രാജീവ് ശർമയ്ക്ക് പണം ലഭിച്ചിരുന്നത്. ഇവരെയും കൂട്ടാളിയായ നേപ്പാൾ പൗരനെയും ഡൽഹി പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ചില .ഷെൽ കമ്പനികളിലൂടെയാണ് വലിയതോതിൽ പണം കൈമാറിയിരുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Content Highlights:journalist rajeev sharma was passing information about border strategy to chinese intelligence