പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനിയായ ജിഷ അതിക്രൂരമായി കൊല ചെയ്യപ്പെട്ട കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഏക പ്രതി അമീറുൽ
ഇസ്ലാമിന് വധശിക്ഷ വിധിച്ചിരിക്കുന്നു.കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28 ന് നടന്ന കൊലപാതകത്തില്‍ 19 മാസങ്ങള്‍ക്ക് ശേഷമാണ് നിര്‍ണായകമായ വിധിപ്രഖ്യാപനം നടന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. 

അന്വേഷണോദ്യോഗസ്ഥന്‍മാരുടെ ഭാഗത്തുനിന്നുണ്ടായ അലംഭാവവും പോസ്റ്റ്‌മോര്‍ട്ടം നടപടിയിലുണ്ടായ ക്രമക്കേടുകളുമാണ്  ഈ കേസ് ഇത്രയേറെ സങ്കീര്‍ണമാക്കിയത്.അസ്വാഭാവിക മരണത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കേണ്ട റവന്യു അധികൃതരും പോലീസിനൊപ്പമുണ്ടായില്ല. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയുടെ വീഡിയോ പോലും എടുത്തിരുന്നില്ല. ഒടുവില്‍ വിധി പ്രഖ്യാപിക്കുമ്പോള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് അന്യ സംസ്ഥാന തൊഴിലാളിയായ അമീര്‍ ഉള്‍ ഇസ്‌ളാമിന് തൂക്കുകയര്‍ നല്‍കിയിരിക്കുകയാണ്. 

അന്വേഷണത്തിലെ നാള്‍വഴികള്‍ 

2016 ഏപ്രില്‍ 28 : പുറമ്പോക്ക് ഭൂമിയിലെ ഒറ്റമുറി വീട്ടില്‍ ജിഷയെ മരിച്ച നിലയില്‍ കണ്ടെത്തുന്നു
2016 ഏപ്രില്‍ 29 : കൊലചെയ്യപ്പെട്ട ജിഷയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി
2016 ഏപ്രില്‍ 30 : കേസന്വേഷണത്തിന് പെരുമ്പാവൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നു.
2016 മെയ് 4- അന്വേഷണം അന്യസംസ്ഥാന തൊഴിലാളിയിലേക്ക്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു.
2016 മെയ് 4- അന്വേഷണ സംഘത്തില്‍ നിന്ന് പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി അനില്‍ കുമാറിനെ ഒഴിവാക്കുന്നു. 
2016 മെയ് 4- ജിഷയുടെ കുടുംബത്തിന്  10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നു
2016 മെയ് 9 - കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സിബിഐ അന്വേഷണം വേണമെന്ന് ശുപാര്‍ശ ചെയ്തു.
2016 മെയ് 10 - അന്വേഷണം സഹോദരിയുടെ സുഹൃത്തിലേക്ക്
2016 മെയ് 14 : നിര്‍ണായക വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് കൊലയാളിയുടെ ഡി.എന്‍.എ വിവരങ്ങള്‍ പോലീസിന് ലഭിച്ചു
2016 മെയ് 16: ഘാതകരെത്തേടി പോലീസ് ബംഗാളിലെ മൂര്‍ഷിദാബാദിലേക്ക്
2016 മെയ് 19 : 10 പേര്‍ പോലീസ് കസ്റ്റഡിയില്‍ 
2016 മെയ് 26 : അന്വേഷണച്ചുമതല എ.ഡി.ജി.പി ബി.സന്ധ്യയ്ക്ക് കൈമാറുന്നു
2016 ജൂണ്‍ 2:  പ്രതിയെന്ന് സംശയിക്കുന്നയാളുടെ പുതിയ രേഖാചിത്രം പുറത്തുവിട്ടു
2016 ജൂണ്‍ 10 : പ്രതി എന്ന് കരുതുന്നയാളിന്റെ വീഡിയോ ദൃശ്യം പോലീസിന് 
2016 ജൂണ്‍ 16- കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തുന്നു
2016 ജൂണ്‍ 17- അസം സ്വദേശി അമീറുള്‍ ഇസ്‌ളാമിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നു
2016 സെപ്റ്റംബര്‍ 17 : എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു
2017 ഏപ്രില്‍ 3- കേസില്‍ വിചാരണ തുടങ്ങി 
2017 നവംബര്‍ 9- ജിഷയുടെ പിതാവ് വഴിയില്‍ കുഴഞ്ഞുവീണ് മരിക്കുന്നു
2017 ഡിസംബര്‍ 12: അമീറുള്‍ ഇസ്ളാം കുറ്റക്കാരനെന്ന് എറണാകുളം സെഷന്‍സ് കോടതി 

അഞ്ച് പ്രതിഭാഗം സാക്ഷികള്‍, 19 രേഖകള്‍ 

ജിഷയുടെ പോസ്റ്റ്മോര്‍ട്ടം നടപടികളില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണമുയര്‍ന്നിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഫോറന്‍സിക് വിഭാഗത്തിനുണ്ടായ വീഴ്ച കണ്ടെത്തിയത്. കോളിളക്കം സൃഷ്ടിച്ച കൊലപാതകക്കേസിലെ പോസ്റ്റ്മോര്‍ട്ടം മതിയായ ഗൗരവത്തോടെയല്ല നടത്തിയതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ് സെക്രട്ടറി ഉത്തരവിടുകയും ചെയ്തിരുന്നു. കേസില്‍ തുടരന്വേഷണംആവശ്യപ്പെട്ട് ജിഷയുടെ അച്ഛന്‍ പാപ്പു നല്‍കിയ ഹര്‍ജി എറണാകുളം സെഷന്‍സ് കോടതി തള്ളുകയും ചെയ്തു. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്നുമായിരുന്നു അച്ഛന്റെ ആവശ്യം. 2017 നവംബര്‍ 9 ന് ജിഷയുടെ പിതാവ് കുഴഞ്ഞു വീണ് മരിക്കുകയും ചെയ്തു. 

ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ 74 ദിവസമായി 100 സാക്ഷികളെയാണ് വിസ്തരിച്ചത്. 291 രേഖകളും 36 തൊണ്ടിമുതലും വിചാരണയ്ക്കിടെ ഹാജരാക്കിയിരുന്നു. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയമായ തെളിവുകളെ ആശ്രയിച്ചാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ കേസ് വാദിച്ചത്. അമീര്‍ അല്ല, മറ്റു രണ്ടുപേരാണ് യഥാര്‍ഥ പ്രതികള്‍ എന്നുള്ള വാദം തെളിയിക്കാന്‍ പ്രതിഭാഗത്തിനായില്ല. ഇതെല്ലാം പരിഗണിച്ചാണ് അമീര്‍ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് കോടതി കണ്ടെത്തിയത് .