ഉദുമ: മാര്‍ച്ച് ഒന്നിനുകാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിനു സമീപം കണ്ടെത്തിയിട്ടുണ്ടെന്ന വാര്‍ത്ത കേട്ടാണ് കളനാട്ടുകാര്‍ തിങ്കളാഴ്ച ഉണര്‍ന്നത്. രാത്രി ഒരുമണിയോടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ബേക്കല്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ കാവല്‍നിന്നു. രാവിലെ വാര്‍ത്ത പരന്നതോടെ നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കുട്ടികളടക്കമുള്ളവര്‍ റെയില്‍വേ ട്രാക്കിനുസമീപത്ത് തടിച്ചുകൂടി. മൃതദേഹം കാണാനെത്തിയവര്‍ ഇരു പാളങ്ങളിലുമായി നിലയുറപ്പിച്ചതുകാരണം അപകടമൊഴിവാക്കാന്‍ പോലീസ് പലപ്പോഴും പാടുപെട്ടു.

മാര്‍ച്ച് ഒന്നിന് തങ്ങള്‍ ജാസിമിനൊപ്പം റെയില്‍വേ ട്രാക്കിന് സമീപം പോയതായും അവിടെനിന്ന് കാണാതായി എന്നുമാണ് സുഹൃത്തുക്കള്‍ നല്‍കിയ മൊഴി. സംഭവം പുറത്തറിഞ്ഞ് കേസാവുന്നത് ഭയന്നാണ് അന്നു പറയാതിരുന്നതെന്നും കസ്റ്റഡിയിലുള്ളവര്‍ പറഞ്ഞു. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടെന്നും മൃതദേഹപരിശോധന, സാഹചര്യത്തെളിവുകള്‍, കസ്റ്റഡിയിലുള്ളവരുടെ മൊഴി എന്നിവ വിശദമായി പരിശോധിച്ചശേഷം സംഭവത്തില്‍ കേസിന്റ ഭാവി തീരുമാനിക്കുമെന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. കെ.ദാമോദരന്‍ പറഞ്ഞു.

മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഗുഢാലോചന നടന്നതായി സംശയമുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുമെന്നും അവര്‍ വെളിപ്പെടുത്തി. മൃതദേഹം കണ്ടെത്തിയ ഓവുചാലില്‍ ഫൊറന്‍സിക് വിദഗ്ധര്‍, ഫിംഗര്‍ പ്രിന്റ്, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധിച്ചു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. കെ.ദാമോദരന്‍, ബേക്കല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.കെ.വിശ്വംഭരന്‍, എസ്.ഐ. യു.പി.വിപിന്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വഷണംനടത്തി മൃതദേഹപരിശോധനയ്ക്കായി പരിയാരം മെഡിക്കല്‍ കോളേജിലേക്കുമാറ്റി.

അന്വേഷണം എത്തിയത് കണ്ണൂര്‍ വരെ...

ജാസിമിനെ കാണാതായതിനെത്തുടര്‍ന്ന് കണ്ണൂര്‍വരെ വീട്ടുകാരുടെ അന്വേഷണം എത്തി. പരീക്ഷാഭയം കാരണം ഓടിപ്പോയതാവും എന്നായിരുന്നു തുടക്കത്തിലെ സംശയം. നാട്ടുകാരും ബന്ധുക്കളും ജാസിറിനെ അന്വേഷിക്കുമ്പോള്‍ ഇപ്പോള്‍ കസ്റ്റഡിയിലുള്ള ബന്ധുകൂടിയായ കൂട്ടുകാരനും പങ്കുചേര്‍ന്നിരുന്നു.

Kalanad
ജാസിം

പോലീസ് പറയുന്നതിങ്ങനെ: സംഭവ ദിവസമായ ഈ മാസം ഒന്നിന് വൈകീട്ട് ജാസിം കൂട്ടുകാരായ രണ്ടുപേര്‍ക്കൊപ്പം കളനാട് റെയില്‍പ്പാളത്തിനടുത്തെത്തി. അവിടെ വിനീഷും സമീറും കാത്തിരിക്കുന്നുണ്ടായിരുന്നു. ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നവനാണ് സമീര്‍. 250 രൂപ കൊടുത്ത് കഞ്ചാവ് വാങ്ങി മൂന്നുപേരും സ്ഥിരമായി ഇരിക്കുന്നിടത്തേക്ക് പോയി. കഞ്ചാവ് ചുരുട്ടാനുള്ള പ്രത്യേക തരം കടലാസ് മറ്റൊരിടത്താണ് സൂക്ഷിച്ചിരുന്നത്. ജാസിമും കൂട്ടുകാരിലൊരാളും 200 മീറ്ററോളം അകലേക്ക് നടന്നുചെന്ന് കടലാസ് സൂക്ഷിച്ച ഇടത്തെത്തി. എന്നാല്‍ അവിടെ കടലാസുണ്ടായിരുന്നില്ല. തിരികെ റെയില്‍പ്പാളത്തിലൂടെ നടന്നു. ജാസിം നടന്നത് ഇരുട്രാക്കുകളുടെയും നടുവിലൂടെയും കൂട്ടുകാരന്‍ ട്രാക്കിന്റെ ഓരം ചേര്‍ന്നുമാണ്. മൊബൈല്‍ നോക്കിക്കൊണ്ടാണ് ജാസിം നടന്നത്. സമയം രാത്രി 7.45 ആയി. അപ്പോഴെത്തിയ മംഗളൂരു ഭാഗത്തുനിന്നുള്ള മലബാര്‍ എക്സ്പ്രസ് ജാസിമിനെ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ജാസിം തെറിച്ചുവീണു. സംഭവം കണ്ട കൂട്ടുകാരന്‍ സമീറിന്റെയും വിനീഷിന്റെയുമടുത്തെത്തി കാര്യം പറഞ്ഞു. മൂവരും ചേര്‍ന്ന് തീവണ്ടിയിടിച്ച ഭാഗത്തെല്ലാം തിരഞ്ഞു.

അതിനിടെ സമീറിനോട് സ്ഥിരമായി കഞ്ചാവ് വാങ്ങുന്ന രണ്ടുപേരെത്തി. അവരോടും കാര്യം പറഞ്ഞു. ഏറെസമയം തിരഞ്ഞെങ്കിലും ജാസിമിനെ കണ്ടെത്താനായില്ല. എല്ലാവരും വീട്ടിലേക്കു പോയി. തിങ്കളാഴ്ച പുലര്‍ച്ചെ നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയെന്നറിഞ്ഞപ്പോള്‍, അന്നു സമീറിനോട് കഞ്ചാവു വാങ്ങാനെത്തിയ രണ്ടുപേരാണ് ഇക്കാര്യമെല്ലാം നാട്ടുകാരോടു പറഞ്ഞത്. ഈ വിവരം കിട്ടിയതോടെയാണ് മൂന്നുപേരെയും കസ്റ്റഡിയിലെടുക്കുന്നത്.

ജാസിമിനൊപ്പമുണ്ടായിരുന്ന മൂന്നാമത്തെ കൂട്ടുകാരന്‍ കഞ്ചാവുപയോഗിക്കില്ലെന്ന് വ്യക്തമായെന്നും അതുകൊണ്ടാണ് അറസ്റ്റുചെയ്യാതിരുന്നതെന്നും പോലീസ് പറഞ്ഞു. അറസ്റ്റിലായ 16വയസ്സുകാരനെ കാസര്‍കോട് ജുവനൈല്‍ കോടതിയിലും മറ്റു രണ്ടുപേരെ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (രണ്ട്) കോടതിയിലും ചൊവ്വാഴ്ച ഹാജരാക്കും. കഞ്ചാവ് കൈവശംവെച്ചതിനും ഉപയോഗിക്കുന്നതിനുമാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. ഏഴുവര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന ജാമ്യംകിട്ടാത്ത വകുപ്പാണ് ചേര്‍ത്തിരിക്കുന്നത്.

എത്രമാത്രം ദുര്‍ബലരാണ് കുഞ്ഞുങ്ങള്‍

കുട്ടികള്‍ക്ക് സാന്ത്വനം പകരേണ്ട കൗണ്‍സലര്‍മാര്‍ ആകെ 46 പേര്‍ മാത്രം. അവരുടെ സേവനമാകട്ടെ ഹൈസ്‌കൂള്‍തലത്തില്‍ ഒതുങ്ങുന്നു. ജാസിം എന്ന സ്‌കൂള്‍ വിദ്യാര്‍ഥിയുടെ മരണം വിരല്‍ചൂണ്ടുന്നത് ഈ സത്യങ്ങളിലേക്കു കൂടിയാണ്. 

ലഹരി-മയക്കുമരുന്നു മാഫിയ ജില്ലയില്‍ അതിശക്തമാണെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ പി.ബിജു ചൂണ്ടിക്കാട്ടുന്നു. പക്ഷേ, അതിനെ നേരിടുന്നത് ദുര്‍ബലമായ കണ്ണികളാണ്. എല്ലാ സ്‌കൂളുകളിലും പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കണ്‍വീനറും പ്രഥമാധ്യാപകന്‍ ചെയര്‍മാനുമായി സ്‌കൂള്‍സംരക്ഷണ ഗ്രൂപ്പ് വേണമെന്ന് വിദ്യാഭ്യാസ അവകാശനിയമം നിര്‍ദേശിക്കുന്നുണ്ട്. പക്ഷേ, ഒരു സ്‌കൂളിലും ഇത് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ല. സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റികളും അധ്യാപക രക്ഷാകര്‍തൃസമിതികളും സജീവമാണെങ്കിലും അവ സ്‌കൂളിന്റെ ഭൗതികപുരോഗതിയിലാണ് ഊന്നുന്നത്. കുട്ടികളുടെ മാനസികതലത്തിലേക്കോ അവരുടെ വീടുകളിലെ അന്തരീക്ഷത്തിലേക്കോ ശ്രദ്ധപോകുന്നില്ല. ചില അധ്യാപകര്‍ അതിനു തുനിയുന്നുണ്ട്. 'സ്വന്തം കാര്യം നോക്കിയാല്‍പ്പോരേ' എന്ന് അവരെ നിരുത്സാഹപ്പെടുത്തുന്നവര്‍ ധാരാളമാണ്. സ്‌കൂളിന്റെ 200 മീറ്റര്‍ പരിധിയില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകളുടെ ലൈസന്‍സ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് എളുപ്പം റദ്ദാക്കാവുന്നതേയുള്ളൂ. അതുപക്ഷേ, സംഭവിക്കുന്നില്ല. കുട്ടികള്‍ നിരന്തരം ബന്ധപ്പെടുന്ന കടകളിലും മറ്റ് സ്ഥാപനങ്ങളിലും ലഹരിമാഫിയയുടെ പ്രതിനിധികളുണ്ട്. പ്രത്യേക ശ്രദ്ധ വേണ്ട ഇടങ്ങളാണത് -ബിജു മുന്നറിയിപ്പുനല്‍കുന്നു.

പിന്നാക്കസാഹചര്യങ്ങളില്‍നിന്നുള്ള കുട്ടികള്‍ വഴിതെറ്റിപ്പോകുന്നതൊഴിവാക്കാന്‍ അവര്‍ക്ക് മാസം 2000 രൂപ വീതം നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയുണ്ട്. ജില്ലയില്‍ പരമാവധി 70 പേര്‍ക്കേ ആ സേവനം ലഭ്യമാകുന്നുള്ളൂവെന്ന് ഈരംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റൊരു ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടുന്നു. ഒരു സ്‌കൂളില്‍ ചുരുങ്ങിയത് രണ്ടുശതമാനം പേരെങ്കിലും അത്തരം സഹായമാവശ്യമുള്ളവരുണ്ടാകും. അതായത് ആയിരം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഇരുപതുപേര്‍ക്കെങ്കിലും അത് കിട്ടണം. ഇത്രയും സ്‌കൂളുകളുള്ള ജില്ലയില്‍ 70 പേരിലേക്ക് അതു ചുരുക്കുന്നത് എത്ര ദയനീയമാണ് -അദ്ദേഹം ചോദിക്കുന്നു. 

നിയമസഭയുടെ വനിതാ ശിശുക്ഷേമ സമിതി നിരന്തരം ആവശ്യപ്പെട്ടിട്ടാണ് 18 പഞ്ചായത്തുകളിലെങ്കിലും ശിശുസംരക്ഷണസമിതികള്‍ നിലവില്‍വന്നതെന്ന് ഒരു പ്രഥമാധ്യാപകന്‍ പറഞ്ഞു. ജില്ലാ-ബ്ലോക്ക്-പഞ്ചായത്ത് തലങ്ങളില്‍ അതത് തദ്ദേശസ്ഥാപന അധ്യക്ഷന്‍മാരുടെ നേതൃത്വത്തില്‍ രൂപംകൊള്ളേണ്ട സമിതികള്‍, മികച്ചരീതിയില്‍ പ്രവര്‍ത്തിക്കേണ്ട സംവിധാനമാണ്. കാരണം സുപ്രധാനവകുപ്പുകളുടെ പ്രതിനിധികളൊക്കെ ആ സമിതിയില്‍ വരും. പക്ഷേ, ഒരിക്കലെങ്കിലും യോഗം ചേര്‍ന്നിട്ടുവേണ്ട പ്രശ്നം ചര്‍ച്ചചെയ്യാന്‍ -അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 'പോലീസും എക്സൈസും സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാലേ ലഹരി-കഞ്ചാവ് മാഫിയയെ ചെറുക്കാനാവൂ. ഓരോ കുട്ടിയും സ്വന്തം കുട്ടിയാണെന്ന് എല്ലാവരും കരുതണം' -അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

Content highlights: Ganja, Arrest, Police, Jasim's body found on railway track in Kasaragod