തൊട്ടില്‍പ്പാലം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കുണ്ടുതോട് ബെല്‍മൗണ്ടിലെ എടച്ചേരിക്കണ്ടി അന്‍സാറി(28)ന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത ദമ്പതിമാരെ കോടതി റിമാന്‍ഡ് ചെയ്തു.

ബെല്‍മൗണ്ടിലെ കുറ്റിക്കാട്ടില്‍ അമ്മത്ഹാജി (60), ഭാര്യ ഇല്ലത്ത് ജമീല(46)എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. മരിച്ച അന്‍സാറിന്റെ അയല്‍വാസികളാണിവര്‍. അന്‍സാറിനെ കുത്താന്‍ ഉപയോഗിച്ച കത്തി സംഭവംനടന്ന ലീഗ് ഓഫീസിനടുത്തുള്ള പൂക്കാട്‌റോഡിലെ ഒരു സ്റ്റേഷനറിക്കടയുടെ അലമാരയ്ക്ക് പിറകില്‍നിന്ന് പോലീസ് കണ്ടെടുത്തു. അമ്മത്ഹാജിയുടെ ഭാര്യക്കെതിരെ നടന്ന അപവാദപ്രചാരണം സംബന്ധിച്ച് ലീഗ് ഓഫീസില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയ്ക്കുശേഷമാണ് ഓഫീസിനുള്ളില്‍ സംഘര്‍ഷവും തുടര്‍ന്ന് കത്തിക്കുത്തുമുണ്ടായത്. കുത്താന്‍ ഉപയോഗിച്ച കത്തി അമ്മത്ഹാജിക്ക് ഭാര്യ ജമീലയാണ് നല്‍കിയതെന്നാണ് ലീഗ് നേതാക്കളുടെ വിശദീകരണം. 

സംഭവത്തിനുശേഷം ഭര്‍ത്താവില്‍നിന്ന് തിരികെവാങ്ങിയ കത്തി വെപ്രാളത്തിനിടയില്‍ ജമീലതന്നെ കടയ്ക്കുള്ളിലേക്ക് വലിച്ചെറിഞ്ഞെന്നാണ് പറയുന്നത്. ജമീലയെ വിശദമായി ചോദ്യംചെയ്തശേഷമാണ് കട തിരിച്ചറിഞ്ഞശേഷം കത്തി പോലീസ് കണ്ടെടുത്തത്. തൊട്ടില്‍പ്പാലം സി.ഐ., ജേക്കബിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

ലീഗിന്റെ വാദം പൊളിയുന്നു

യൂത്ത്ലീഗ് പ്രവര്‍ത്തകന്‍ അന്‍സാറിനെ കുത്താന്‍ ഉപയോഗിച്ച കത്തി കൃത്യംനടത്തിയ പ്രതികള്‍ക്കൊപ്പം പോലീസിന് കൈമാറിയെന്ന ലീഗ് നേതൃത്വത്തിന്റെ അവകാശവാദം പൊളിയുന്നു. മധ്യസ്ഥചര്‍ച്ചയില്‍ പങ്കെടുത്ത അമ്മത്ഹാജിക്ക് അന്‍സാറിനെ കുത്താന്‍ കത്തിനല്‍കിയത് ഒന്നിച്ചുണ്ടായിരുന്ന ഭാര്യ ജമീലയാണെന്നും, കുത്തിയശേഷം തിരികെവാങ്ങിയ കത്തി ജമീല അവരുടെ സഞ്ചിയില്‍ സൂക്ഷിച്ചെന്നും, തുടര്‍ന്ന് ഇരുവരെയും ഓഫീസില്‍ തടഞ്ഞുവെച്ച് കുത്താന്‍ ഉപയോഗിച്ച കത്തിസഹിതം പോലീസിന് കൈമാറിയെന്നുമാണ് കഴിഞ്ഞ ദിവസം ലീഗ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്.

അമ്മത് ഹാജിയെ അറസ്റ്റുചെയ്ത പോലീസ് ജമീലയെ കത്തിസഹിതം വിട്ടയച്ചുവെന്നും ഇവര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ജമീലയെ അറസ്റ്റുചെയ്യുകയും, കത്തി മറ്റൊരിടത്തുനിന്ന് കണ്ടെടുക്കുകയും ചെയ്തതോടെ ചിത്രംമാറി.

Content Highlights: iuml worker murder in thottilppalam kozhikode, couple remanded