കുപ്രസിദ്ധ മാഫിയ സംഘമായ കോസ നോസ്ട്രയിലെ കൊടുംകുറ്റവാളി ജിയോവന്നി ബ്രൂസ്‌ക(64)യെ ജയിലില്‍നിന്ന് മോചിപ്പിച്ചതിനെതിരേ ഇറ്റലിയില്‍ വ്യാപക പ്രതിഷേധം. നൂറിലേറെ പേരെ കൊലപ്പെടുത്തിയിട്ടുള്ള ബ്രൂസ്‌കയ്ക്ക് 25 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമാണ് നാലു വര്‍ഷത്തെ പരോള്‍ അനുവദിച്ചിരിക്കുന്നത്. പിടിയിലായതിന് ശേഷം മാഫിയ സംഘങ്ങളെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ കൈമാറിയതും പോലീസുമായി സഹകരിച്ചതുമാണ് ബ്രൂസ്‌കയ്ക്ക് ജയിലിന് പുറത്തേക്കുള്ള വഴി തുറക്കാന്‍ കാരണം. എന്നാല്‍ ഇതിനെതിരേ ഇറ്റലിയിലെ വിവിധ രാഷ്ട്രീയകക്ഷികളും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. ബ്രൂസ്‌കയുടെ ജയില്‍മോചനം ഒരിക്കലും നീതികരിക്കാനാകില്ലെന്നാണ് ഇവരുടെ അഭിപ്രായം.

ആരാണ് ജിയോവന്നി ബ്രൂസ്‌ക?

മനുഷ്യന്റെ രക്തത്തിന് വേണ്ടി ദാഹിക്കുന്ന ഒരു മൃഗമാണെന്നാണ് പലരും ബ്രൂസ്‌കയെ വിശേഷിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്കിടെ നൂറിലേറെപ്പേരെയാണ് ബ്രൂസ്‌ക അതിക്രൂരമായി കൊലപ്പെടുത്തിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുതല്‍ നിഷ്‌കളങ്കരായ കുട്ടികള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. മാഫിയ സംഘങ്ങള്‍ക്കെതിരേ അന്വേഷണം നടത്തിയ ജഡ്ജി ജിയോവന്നി ഫാല്‍ക്കോണിയെ ബോംബാക്രമണത്തില്‍ കൊലപ്പെടുത്തിയതോടെയാണ് ബ്രൂസ്‌കയുടെ കുപ്രസിദ്ധി വര്‍ധിച്ചത്. റോഡിനടിയില്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചായിരുന്നു ഫാല്‍ക്കോണിന് നേരേയുള്ള ബ്രൂസ്‌കയുടെ ആക്രമണം. സ്‌ഫോടനത്തില്‍ ഫാല്‍ക്കോണിയും ഭാര്യയും മൂന്ന് അംഗരക്ഷകരും കൊല്ലപ്പെട്ടു. ഇതോടൊപ്പം തന്റെ കൂട്ടാളിയുടെ മകനെ രണ്ടരവര്‍ഷത്തോളം തടവില്‍ പാര്‍പ്പിച്ച് കൊന്നതും മൃതദേഹം ആഡിഡ് ബാരലിലിട്ട് അലിയിപ്പിച്ച് കളഞ്ഞതും ബ്രൂസ്‌കയുടെ കൊടുംക്രൂരതയായിരുന്നു. 1996-ലാണ് ബ്രൂസ്‌കയെ അതിസാഹസികമായി പോലീസ് സംഘം പിടികൂടിയത്.

മാഫിയ ലോകത്തുനിന്ന് 

1957 ഫെബ്രുവരി 20-ന് ഇറ്റലിയിലെ സിച്ചിലിയയിലാണ് ബ്രൂസ്‌കയുടെ ജനനം. പിതാവും മുത്തച്ഛനും എല്ലാം മാഫിയസംഘത്തിന്റെ ഭാഗമായ കുടുംബം. നാട്ടിലെ മാഫിയ സംഘത്തിന്റെ ബോസായിരുന്നു ബ്രൂസ്‌കയുടെ പിതാവ്. അതിനാല്‍ തന്നെ ചെറുപ്പകാലത്ത് തന്നെ മാഫിയസംഘങ്ങളുടെ പ്രവര്‍ത്തനവും കൊള്ളയുമെല്ലാം ബ്രൂസ്‌കയും മനസിലാക്കി. ഒളിവില്‍ കഴിയുന്ന കുറ്റവാളികള്‍ക്ക് സഹായങ്ങള്‍ നല്‍കിയും പിതാവ് ജയിലില്‍ കഴിയുമ്പോള്‍ അദ്ദേഹത്തിന്റെ ആയുധങ്ങള്‍ വൃത്തിയാക്കി സൂക്ഷിച്ചും അവ ഒളിപ്പിച്ചുവെച്ചും കുട്ടി ബ്രൂസ്‌കയും മാഫിയ സംഘത്തിനൊപ്പം ചേര്‍ന്നു. തന്റെ 18-ാം വയസിലാണ് ബ്രൂസ്‌ക ആദ്യമായി ഒരാളെ കൊല്ലുന്നത്. തൊട്ടടുത്ത വര്‍ഷം രണ്ടാമത്തെ കൊലപാതകവും നടത്തി. തിരക്കേറിയ സിനിമാഹാളിന് പുറത്ത് ഡബിള്‍ ബാരല്‍ തോക്ക് കൊണ്ട് ഇരയെ വെടിവെച്ച് വീഴ്ത്തിയായിരുന്നു ആ കൊലപാതകം. 

രണ്ട് കൊലപാതകങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ബ്രൂസ്‌കയെ മാഫിയ തലവന്മാരുടെ തലവന്‍ എന്നറിയപ്പെടുന്ന സാല്‍വത്തോര്‍ റിന്ന മാഫിയ സംഘത്തില്‍ ഔദ്യോഗികമായി പങ്കാളിയാക്കി. ഔദ്യോഗികമായി മാഫിയ സംഘത്തില്‍ ചേര്‍ന്നതോടെ മറ്റൊരു മാഫിയ തലവനായ ബെര്‍ണാഡോ പ്രോവെന്‍സാനോയുടെ ഡ്രൈവറായും ബ്രൂസ്‌ക പ്രവര്‍ത്തിച്ചു. പക്ഷേ, ആളുകളെ കൊല്ലുന്നതില്‍ എന്നും മുന്നില്‍ നിന്നിരുന്ന ബ്രൂസ്‌ക അധികകാലം ഡ്രൈവര്‍ ജോലി ചെയ്തില്ല. വീണ്ടും ചോരക്കൊതിയുമായി കളത്തിലിറങ്ങി. 

ഇരകളെ അതിക്രൂരമായി ഉപദ്രവിച്ച ശേഷം കൊലപ്പെടുത്തുന്നതായിരുന്നു ബ്രൂസ്‌കയുടെ രീതി. തലവന്മാര്‍ ഏല്‍പ്പിക്കുന്ന ദൗത്യം ബ്രൂസ്‌ക കൃത്യതയോടെ നിറവേറ്റി. ഇരകളുമായി സംസാരിച്ച് ആദ്യം വിവരങ്ങള്‍ നേടാന്‍ ശ്രമിക്കുന്ന ബ്രൂസ്‌ക, പിന്നീട് അവരെ അതിമാരകമായി ഉപദ്രവിക്കും. അതിനു ശേഷമായിരുന്നു കൊലപാതകം. 

ചുറ്റിക കൊണ്ട് കാലുകള്‍ തകര്‍ത്തും തൂണുകളില്‍ ചെവിയില്‍ തൂക്കി നിര്‍ത്തിയുമാകും ആദ്യഘട്ടത്തിലെ ഉപദ്രവം. ഇരയോട് ഒരു ദയയും കാണിക്കാത്ത ഈ ക്രൂരതയ്ക്ക് പിന്നാലെ കഴുത്ത് ഞെരിച്ച് കൊലപാതകവും. വെറും പത്ത് മിനിറ്റ് കൊണ്ടാണ് ബ്രൂസ്‌കയും കൂട്ടാളികളും ഒരാളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയിരുന്നത്. 

കൊലപാതകത്തിന് ശേഷം മൃതദേഹം നശിപ്പിക്കാനും ബ്രൂസ്‌കയ്ക്ക് അയാളുടേതായ വഴികളുണ്ടായിരുന്നു. മൃതദേഹങ്ങള്‍ ആസിഡില്‍ അലിയിപ്പിക്കുകയും വലിയ അടുപ്പില്‍ ചുട്ടെടുക്കുകയും ചെയ്തിട്ടുണ്ടെന്നായിരുന്നു ബ്രൂസ്‌ക നടത്തിയ കുറ്റസമ്മതം. മൃതദേഹാവശിഷ്ടങ്ങള്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് കുഴിയെടുത്ത ശേഷം കുഴിച്ചിടുകയും ചെയ്യും. ഒരിക്കലും ഇക്കാര്യങ്ങളൊന്നും തന്നില്‍ പരിഭ്രമമുണ്ടാക്കിയിട്ടില്ലെന്നും ബ്രൂസ്‌ക പറഞ്ഞിരുന്നു. 

താന്‍ കൊലപ്പെടുത്തിയവരില്‍ ഭൂരിഭാഗം ആളുകളുടെയും പേരോ മറ്റുവിവരങ്ങളോ അയാള്‍ക്കറിയുമായിരുന്നില്ല എന്നതാണ് സത്യം. മാഫിയ തലവന്മാര്‍ ഏല്‍പ്പിക്കുന്ന ദൗത്യം, ആളുകളുടെ ജീവനെടുത്ത് അയാള്‍ നിറവേറ്റിപ്പോന്നു. 

കാര്‍ ബോബും സ്‌ഫോടനങ്ങളും

മാഫിയ സംഘങ്ങളെ ഒതുക്കാനായി എക്കാലത്തും ഇറ്റാലിയന്‍ സര്‍ക്കാര്‍ പലവിധ ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഇതിനെയെല്ലാം അതിജീവിക്കാനായിരുന്നു ബ്രൂസ്‌കയുടെ ശ്രമം. സാല്‍വത്തോര്‍ റീന്നയുടെ ചാവേര്‍ സംഘത്തിലെ പ്രധാനിയായ ബ്രൂസ്‌ക 1980 കാലഘട്ടത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരേ നിരവധി ആക്രമണങ്ങളാണ് നടത്തിയത്. എ.കെ. 47 തോക്കുകളുമായും കാര്‍ ബോംബുകളുമായും അയാള്‍ ഉദ്യോഗസ്ഥര്‍മാരെ നേരിട്ടു. 

1983 ജൂലായില്‍ പാലേര്‍മോ ചീഫ് പ്രോസിക്യൂട്ടറായിരുന്ന റോക്കോ ചിന്നിച്ചിയെ കാര്‍ ബോംബ് സ്‌ഫോടനത്തിലൂടെയാണ് ബ്രൂസ്‌കയും സംഘവും കൊന്നൊടുക്കിയത്. രണ്ട് അംഗരക്ഷകരും ആ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. മാഫിയകളെ നേരിടാനായി ആന്റി-മാഫിയ പൂള്‍ എന്ന പേരില്‍ ഉദ്യോഗസ്ഥസംഘത്തെ നിയോഗിച്ചതിനായിരുന്നു ചിന്നിച്ചിയുടെ ജീവനെടുത്ത് ബ്രൂസ്‌ക പകരംവീട്ടിയത്. 

ചിന്നിച്ചിയുടെ മരണശേഷമാണ് ജിയോവന്നി ഫാല്‍ക്കോണി ആന്റി മാഫിയ സംഘത്തിന്റെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്. 1986 മുതല്‍ 1992 ജനുവരി വരെ മാഫിയസംഘങ്ങള്‍ക്കെതിരേ ഫാല്‍ക്കോണി സന്ധിയില്ലാ പോരാട്ടം നടത്തി. മുന്നൂറിലേറെ മാഫിയ സംഘാംഗങ്ങളെ പിടികൂടി ശിക്ഷിച്ചു. മാഫിയ തലവനായ റീന്നയും ഇങ്ങനെ ശിക്ഷിക്കപ്പെട്ടവരില്‍ ഒരാളായിരുന്നു. എന്നാല്‍ ജയില്‍വാസത്തിനിടെ റിന്ന പിന്നീട് രക്ഷപ്പെട്ടു. 

മാഫിയസംഘങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ഫാല്‍ക്കോണി തുനിഞ്ഞിറങ്ങിയതോടെ അദ്ദേഹം തന്നെയായി കുറ്റവാളികളുടെ അടുത്തലക്ഷ്യം. 1992-ല്‍ ഫാല്‍ക്കോണിയെയും ഭാര്യയെയും അംഗരക്ഷകരെയും ബ്രൂസ്‌ക ബോംബ് സ്‌ഫോടനത്തിലൂടെ കൊലപ്പെടുത്തി. ഫാല്‍ക്കോണി കാറില്‍ വരുന്ന വഴിയില്‍ റോഡിനടിയില്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചായിരുന്നു ബ്രൂസ്‌ക പദ്ധതി ആസൂത്രണം ചെയ്തത്. ഫാല്‍ക്കോണിയുടെ കൊലപാതകത്തിലൂടെ മാഫിയസംഘം വീണ്ടും ശക്തിപ്രാപിക്കുകയും ചെയ്തു. 

സാല്‍വത്തോര്‍ റിന്ന തിരികെ എത്തിയതോടെ മാഫിയ സംഘം തിരിച്ചടികളുടെ എണ്ണം കൂട്ടി. ബ്രൂസ്‌കയായിരുന്നു ഈ ആക്രമണങ്ങളുടെ നേതൃത്വം വഹിച്ചിരുന്നത്. പോലീസിനെതിരേ ബ്രൂസ്‌കയും സംഘവും നിരന്തരം ബോംബാക്രമണങ്ങള്‍ നടത്തി. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ തകര്‍ത്തു. 

പക്ഷേ, ഓരോ തിരിച്ചടിയ്ക്കും ഇറ്റാലിയന്‍ അധികൃതര്‍ മറുപടി നല്‍കിയിരുന്നു. ഇതിനിടെയാണ് ബ്രൂസ്‌കയുടെ കൂട്ടാളിയും മാഫിയ സംഘാംഗവുമായ സാന്റിനോ ഡി മാറ്റിയോയെ പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായതോടെ ഡി മാറ്റിയോ സര്‍ക്കാരിന് നിര്‍ണായക വിവരങ്ങള്‍ കൈമാറി. താനടക്കം പങ്കാളിയായ കൊലപാതകങ്ങളെക്കുറിച്ചും ബ്രൂസ്‌കയെക്കുറിച്ചും എല്ലാ വിവരങ്ങളും ഡി മാറ്റിയോ അധികൃതരോട് പങ്കുവെച്ചു. ഡി മാറ്റിയോ നല്‍കിയ വിവരമനുസരിച്ച് നേരത്തെ രക്ഷപ്പെട്ട റിന്നയെ പോലീസ് സംഘം 1993 ജനുവരി 15-ന് വീണ്ടും അറസ്റ്റ് ചെയ്തു. അതേവര്‍ഷം ഒക്ടോബറില്‍ റിന്നയെ കോടതിയില്‍ വിചാരണ ചെയ്യുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. 

തലവനായി ബ്രൂസ്‌ക

റിന്ന ജയിലിലായതോടെ സ്വാഭാവികമായും ബ്രൂസ്‌ക മാഫിയസംഘത്തിന്റെ ടോപ് ബോസ്സായി മാറി. തങ്ങളെ ചതിച്ച ഡി മാറ്റിയോയ്ക്ക് എത്രയും പെട്ടെന്ന് ശിക്ഷ നല്‍കണമെന്നായിരുന്നു തലവനായി ചുമതലയേറ്റ ബ്രൂസ്‌കയുടെ ആദ്യ ഉത്തരവ്. 

ബ്രൂസ്‌കയുടെ ഉത്തരവിന് പിന്നാലെ അയാളുടെ കൂട്ടാളികള്‍ ഡി മാറ്റിയോയുടെ 11 വയസ്സുള്ള മകനെ തട്ടിക്കൊണ്ടുപോയി. 28-മാസം തടവില്‍ പാര്‍പ്പിച്ച കുട്ടിയെ ബ്രൂസ്‌കയും സംഘം ക്രൂരമായി പീഡിപ്പിച്ചു. ഒരു കൂട്ടില്‍ പൂട്ടിയിട്ടാണ് ഇവര്‍ കുട്ടിയെ മര്‍ദിച്ചിരുന്നത്. കുട്ടിയുടെ ചിത്രങ്ങള്‍ ഡി മാറ്റിയോയ്ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. 

രണ്ടര വര്‍ഷം നീണ്ട ക്രൂരപീഡനത്തിനൊടുവില്‍ 1996-ലാണ് കുട്ടിയെ ബ്രൂസ്‌ക കൊലപ്പെടുത്തിയത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആഡിഡ് ബാരലിലിട്ട് അലിയിപ്പിച്ച് കളഞ്ഞു. 

ബ്രൂസ്‌കയ്ക്കും പിടിവീഴുന്നു

മകനെ നഷ്ടമായെങ്കിലും ഡി മാറ്റിയോ പോലീസിന് നിര്‍ണായക വിവരങ്ങള്‍ നല്‍കി സഹായിച്ചിരുന്നു. ഡി മാറ്റിയോയുടെ മൊഴിയനുസരിച്ച് ഫാല്‍ക്കോണി കൊലക്കേസില്‍ ബ്രൂസ്‌കയെയും പ്രതി ചേര്‍ത്തു. ഇതിനിടെ, ബ്രൂസ്‌കയെ പിടികൂടാന്‍ പോലീസ് സംഘത്തിന്റെ ശ്രമങ്ങള്‍ തുടര്‍ന്നു കൊണ്ടിരുന്നു. ഒടുവില്‍ 1996 മെയ് 20-ന് അത് സംഭവിച്ചു. ബ്രൂസ്‌ക പോലീസിന്റെ പിടിയിലായി. 

ബ്രൂസ്‌കയുടെ ഫോണ്‍ ചോര്‍ത്തിയാണ് പോലീസ് സംഘം അയാളുടെ ഒളിസങ്കേതം കണ്ടെത്തിയത്. തുടര്‍ന്ന് 400-ഓളം പോലീസുകാര്‍ ബ്രൂസ്‌ക താമസിച്ചിരുന്ന വീട് വളഞ്ഞു. പോലീസ് വരുന്ന സമയത്ത് കാമുകിക്കും സഹോദരനുമൊപ്പം ടി.വി. കണ്ടുകൊണ്ടിരിക്കുകയായിരുന്നു അയാള്‍. പോലീസ് വീടിനകത്ത് കടന്നതോടെ ബ്രൂസ്‌കയും സഹോദരനും ഒരു ഏറ്റുമുട്ടലിന് പോലും മുതിരാതെ കീഴടങ്ങി. 

ശിക്ഷയും സഹായവും

പിടിയിലായി ശിക്ഷിക്കപ്പെട്ടതോടെ ശിക്ഷാ കാലയളവ് കുറച്ചു കിട്ടാനായി ബ്രൂസ്‌ക സര്‍ക്കാരിനെ സഹായിച്ചു. 1980, 90 കാലഘട്ടങ്ങളില്‍ മാഫിയ സംഘം നടത്തിയ പല ആക്രമണങ്ങളെക്കുറിച്ചും നിര്‍ണായക വിവരങ്ങള്‍ കൈമാറി. കൊടുംകുറ്റവാളികളെ പിടികൂടാന്‍ പ്രോസിക്യൂട്ടര്‍മാരെ സഹായിച്ചു. അങ്ങനെ ബ്രൂസ്‌ക ഒരു വിവരദായകനായി മാറി. ഇത് കണക്കിലെടുത്താണ് 25 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ബ്രൂസ്‌കയ്ക്ക് നാലു വര്‍ഷത്തെ പരോള്‍ അനുവദിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് ബ്രൂസ്‌ക ജയില്‍മോചിതനായി. 

എന്നാല്‍, ബ്രൂസ്‌കയുടെ ജയില്‍മോചനം ഇറ്റലിയില്‍ വ്യാപക പ്രതിഷേധത്തിന് തിരി കൊളുത്തിയിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും രാഷ്ട്രീയ നേതാക്കളും നടുക്കം രേഖപ്പെടുത്തി. ''രാജ്യം ഞങ്ങള്‍ക്കെതിരാണ്. 29 വര്‍ഷം കഴിഞ്ഞിട്ടും അന്ന് നടന്ന കൂട്ടക്കൊലയെക്കുറിച്ചും ബ്രൂസ്‌കയെ കുറിച്ചുമുള്ള സത്യം ഞങ്ങള്‍ക്കറിയില്ല. എന്റെ കുടുംബത്തെ നശിപ്പിച്ച മനുഷ്യന്‍ ഇപ്പോള്‍ സ്വതന്ത്രനായിരിക്കുന്നു.'' 1992-ല്‍ കൊല്ലപ്പെട്ട അംഗരക്ഷകന്റെ ഭാര്യ ടിന മൗണ്ടിനാരോയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. 

ബ്രൂസ്‌കയെ വിട്ടയച്ച വാര്‍ത്ത കേട്ട് താന്‍ ഏറെ ദുഃഖിച്ചെന്നായിരുന്നു കൊല്ലപ്പെട്ട ഫാല്‍ക്കോണിയുടെ സഹോദരി മരിയ ഫാല്‍ക്കോണി പറഞ്ഞത്. എന്നാല്‍, നിയമമനുസരിച്ച് ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ ബ്രൂസ്‌കയ്ക്ക് അവകാശമുണ്ടെന്നും അവര്‍ പറഞ്ഞു. 

ഇത്തരത്തിലുള്ള നീതിയല്ല ഇറ്റാലിയന്‍ ജനത ആഗ്രഹിച്ചിരുന്നതെന്ന് രാഷ്ട്രീയ നേതാവായ മാറ്റിയോ സാല്‍വനി പ്രതികരിച്ചു. ഇത്തരം ക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത ഒരാളെ ഒരിക്കലും ജയിലില്‍നിന്ന് പുറത്തുവിടരുതെന്നാണ് തന്റെ അഭിപ്രായമെന്നും അവര്‍ പറഞ്ഞു. അതേസമയം, പ്രതിഷേധമുയര്‍ത്തുന്നവര്‍ക്ക് മറുപടിയുമായി ഇറ്റലിയിലെ ചീഫ് ആന്റി മാഫിയ പ്രോസിക്യൂട്ടര്‍ ഫെഡറികോ കഫിയേരോ രംഗത്തെത്തി. ഇറ്റലിയില്‍ നടന്ന വിവിധ ബോംബാക്രമണങ്ങളെക്കുറിച്ചും മറ്റും ബ്രൂസ്‌ക നല്‍കിയ വിവരങ്ങള്‍ നമ്മള്‍ മറക്കരുതെന്നും ഇത്രയും കാലം ജയിലില്‍ കിടന്നത് ബ്രൂസ്‌കയ്ക്ക് ലഭിച്ച ഉചിതമായ ശിക്ഷയാണെന്ന് ജഡ്ജിമാര്‍ വിശ്വസിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: italian mafia boss giovanni brusca