ജെറുസലേം: ഇസ്രയേലിലെ ഗില്‍ബവേ ജയിലില്‍നിന്ന് രക്ഷപ്പെട്ട രണ്ടുപേരെ കൂടി ഇസ്രയേല്‍ സൈന്യം പിടികൂടി. ഇഹാം കമാംജി, മുനദ്ദില്‍ നഫായത്ത് എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാവിലെയാണ് ഇവരെ പിടികൂടിയതെന്നും ഇതോടെ ജയില്‍ചാടിയ ആറുപേരും പിടിയിലായെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു. 

ജെനിനില്‍ സൈന്യം നടത്തിയ തിരച്ചിലിലാണ് രണ്ടുപേരും പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, രക്ഷപ്പെട്ട തടവുകാരെ പിടികൂടാനുള്ള ശ്രമത്തിനിടെ പ്രദേശത്ത് സംഘര്‍ഷമുണ്ടായതായി പലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൈന്യം നഗരത്തിലേക്ക് പ്രവേശിച്ചതിന് പിന്നാലെയാണ് സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍ രണ്ടുപേരെയും ഒരു വീട്ടില്‍നിന്നാണ് പിടികൂടിയതെന്നും ഇവര്‍ ചെറുത്തുനില്‍പ്പിന് ശ്രമിച്ചില്ലെന്നും ഇസ്രയേല്‍ പോലീസ് വക്താവ് പ്രതികരിച്ചു. 

ഇഹാം കമാംജിയുടെ വീട് സൈന്യം വളഞ്ഞതോടെ ഇയാള്‍ കീഴടങ്ങാന്‍ തീരുമാനിച്ചെന്ന് അസോസിയേറ്റഡ് പ്രസ്സും റിപ്പോര്‍ട്ട് ചെയ്തു. വീട്ടുകാര്‍ക്ക് അപകടമുണ്ടാവാതിരിക്കാന്‍ താന്‍ കീഴടങ്ങുകയാണെന്ന് ഇഹാം പിതാവിനോട് പറയുകയായിരുന്നു. 

സെപ്റ്റംബര്‍ ആറിന് നടന്ന ജയില്‍ചാട്ടത്തില്‍ ആറ് തടവുകാരാണ് രക്ഷപ്പെട്ടത്. ജയിലില്‍നിന്ന് തുരങ്കം നിര്‍മിച്ച് ഇവര്‍ രക്ഷപ്പെട്ടത് ഇസ്രയേല്‍ പോലീസിനും അധികൃതര്‍ക്കും വലിയ നാണക്കേട് സൃഷ്ടിച്ചിരുന്നു. ജയില്‍ചാട്ടത്തില്‍ അധികൃതര്‍ക്കെതിരേ രൂക്ഷവിമര്‍ശനവും ഉയര്‍ന്നു. 

മുഖ്യസൂത്രധാരന്റെ മൊഴി

ഇസ്രയേലിന് നാണക്കേടുണ്ടാക്കിയ ജയില്‍ചാട്ടത്തില്‍ മുഖ്യസൂത്രധാരന്റെ മൊഴി പുറത്ത്. ജയില്‍ചാടി വീണ്ടും പിടിയിലായ മഹ്മൂദ് അല്‍-അരീദ അഭിഭാഷകനോട് വെളിപ്പെടുത്തിയ വിവരങ്ങളാണ് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏറെ വിവാദമായ ജയില്‍ചാട്ടത്തിന്റെ മുഖ്യസൂത്രധാരനാണ് അല്‍-അരീദ.

താനടക്കം ജയിലില്‍നിന്ന് രക്ഷപ്പെട്ട ആറുപേരും ഒമ്പത് മാസം മുമ്പ് ജയില്‍ചാട്ടത്തിനുള്ള 'ഓപ്പറേഷന്‍' ആരംഭിച്ചിരുന്നതായാണ് അരീദയുടെ വെളിപ്പെടുത്തല്‍. ഇതിന് ജയിലില്‍നിന്ന് മറ്റുള്ളവരുടെ സഹായം ലഭിച്ചിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു.

ISRAEL JAIL BREAK

കഴിഞ്ഞദിവസം പിടിയിലായവരെ വീഡിയോ കോണ്‍ഫറന്‍സിങ് വഴി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ | Photo: AFP

' ജയിലില്‍ തുരങ്കമുണ്ടാക്കിയതിനും രക്ഷപ്പെടുന്നതിനുമുള്ള പദ്ധതികളുടെയെല്ലാം ഉത്തരവാദിത്വം എനിക്കാണ്. ജയിലിനകത്തുനിന്നോ പുറത്തുനിന്നോ ഇതിന് യാതൊരു സഹായവും ലഭിച്ചിട്ടില്ല'- അരീദ വിശദീകരിച്ചു. അതേസമയം, വിവാദമായ ജയില്‍ചാട്ടത്തിന് പിന്നില്‍ 11 തടവുപുള്ളികള്‍ക്ക് പങ്കുണ്ടെന്നാണ് ചില മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 2020 നവംബര്‍ മുതല്‍ ഇവര്‍ തുരങ്കമുണ്ടാക്കുന്ന പ്രവൃത്തികള്‍ ആരംഭിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സെപ്റ്റംബര്‍ ആറിനാണ് ഇസ്രയേലിലെ ഗില്‍ബവേ ജയിലില്‍നിന്ന് പലസ്തീനുകാരായ ആറ് തടവുകാര്‍ രക്ഷപ്പെട്ടത്. സെല്ലില്‍നിന്ന് ജയിലിന് പുറത്തേക്ക് തുരങ്കം നിര്‍മിച്ചായിരുന്നു ഇവരുടെ സിനിമാസ്‌റ്റൈല്‍ ജയില്‍ചാട്ടം. പുലര്‍ച്ചെ ഒന്നരയോടെ തടവുപുള്ളികള്‍ തുരങ്കത്തില്‍നിന്ന് കടക്കുന്നത് സിസിടിവി ദൃശ്യങ്ങളിലും കണ്ടെത്തിയിരുന്നു. എന്നാല്‍ നാലുമണിയോടെ മാത്രമാണ് ജയിലിലെ അലാറം സംവിധാനം പ്രവര്‍ത്തിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്.

ഇസ്രയേല്‍ സൈനികരെ കൊലപ്പെടുത്തിയതും തീവ്രവാദ കുറ്റവും ഉള്‍പ്പെടെ ചുമത്തി വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട ആറ് പേരാണ് അതിവിദഗ്ധമായി ജയില്‍ചാടിയത്. ഇതില്‍ അഞ്ച് പേരും ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നവരായിരുന്നു. എന്നാല്‍ അതിസുരക്ഷാ സംവിധാനമുള്ള ജയിലില്‍നിന്ന് ഇവര്‍ രക്ഷപ്പെട്ടത് ഇസ്രയേലിന് വലിയ നാണക്കേടുണ്ടാക്കി. 

ആറ് പലസ്തീന്‍ തടവുകാര്‍ രക്ഷപ്പെട്ട വിവരം പുറത്തറിഞ്ഞതോടെ ഇസ്രയേല്‍ അന്വേഷണ ഏജന്‍സികള്‍ വ്യാപകമായ തിരച്ചിലാണ് നടത്തിയത്. ഡ്രോണുകളും മറ്റും അന്വേഷണത്തിന് ഉപയോഗിച്ചു. ഇതിനിടെ, തടവുകാര്‍ നിര്‍മിച്ച തുരങ്കത്തിന്റെ ചിത്രങ്ങളും പുറത്തുവന്നു. ഇത് പലസ്തീനുകാര്‍ വ്യാപകമായി പ്രചരിപ്പിക്കുകയും അതിര്‍ത്തിമേഖലകളില്‍ ജയില്‍ചാട്ടത്തിന്റെ പേരില്‍ മധുരവിതരണം ഉള്‍പ്പെടെ നടക്കുകയുമുണ്ടായി.

വാര്‍ത്തകള്‍ ശ്രദ്ധിച്ചത് ജയിലില്‍നിന്ന്  കൈക്കലാക്കിയ റേഡിയോയിലൂടെ, ആദ്യം നൗറയിലേക്ക് 

ജയില്‍ ചാടിയതിന് ശേഷം ഏഴ് കിലോമീറ്ററോളം കാല്‍നടയായി സഞ്ചരിച്ചെന്നാണ് മഹ്മൂദ് അല്‍-അരീദയുടെ വെളിപ്പെടുത്തല്‍. സമീപത്തെ നഗരമായ നൗറയിലേക്കാണ് നടന്നുപോയത്. ഇതിനിടെ, വസ്ത്രങ്ങളും മാറി. ജയിലില്‍നിന്ന് രക്ഷപ്പെടുമ്പോള്‍ കൈക്കലാക്കിയ ചെറിയ റേഡിയോയായിരുന്നു വിവരങ്ങളറിയാനുള്ള ഏകമാര്‍ഗം. ജയില്‍ചാട്ടത്തെ സംബന്ധിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും റേഡിയോയിലൂടെയാണ് ശ്രവിച്ചത്. എന്നാല്‍ ജയിലില്‍നിന്ന് രക്ഷപ്പെട്ടെങ്കിലും പിന്നീടങ്ങോട്ടുള്ള യാത്ര ഏറെ ദുസ്സഹമായിരുന്നുവെന്നും പ്രതികളുടെ മൊഴിയിലുണ്ട്. ഇസ്രയേല്‍ സുരക്ഷാ ഏജന്‍സിയായ ഷിന്‍ബാത്തിന് തടവുകാര്‍ നല്‍കിയ മൊഴികള്‍ ഉദ്ധരിച്ചാണ് ടൈംസ് ഓഫ് ഇസ്രയേല്‍ ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിതിരിക്കുന്നത്.

മൂര്‍ച്ചകൂട്ടിയ പാത്രത്തിന്റെ കൈപ്പിടികളും സ്റ്റീല്‍ പ്ലേറ്റുകളും സ്പൂണുകളും ഉപയോഗിച്ചാണ് രക്ഷപ്പെടാനുള്ള തുരങ്കം നിര്‍മിച്ചതെന്നാണ് പിടിയിലായവര്‍ പറയുന്നത്. ഓടയിലെ ചെളിനീക്കിയാണ് തുരങ്കമുണ്ടാക്കിയത്. ജയില്‍ചാടിയ ശേഷം പലരോടും വെസ്റ്റ് ബാങ്കിലെ ജെനിനിലേക്ക് തങ്ങളെ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ വിസമ്മതിച്ചെന്നാണ് പിടിയിലായ സക്കറിയ സുബൈദി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. 'വെസ്റ്റ് ബാങ്ക് അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ശാന്തമാകുന്നത് വരെ വടക്കന്‍ ഇസ്രയേലില്‍ ഒളിവില്‍ താമസിക്കാനായിരുന്നു നീക്കം. ഇതിനായി മൂന്ന് സംഘങ്ങളായി തിരിയാന്‍ തീരുമാനിച്ചിരുന്നു. വെസ്റ്റ് ബാങ്കിലേക്ക് കടക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും വന്‍ സൈനികവിന്യാസം അവിടെയുണ്ടെന്ന് ബോധ്യമുണ്ടായിരുന്നു'- അല്‍- അരീദയും പറഞ്ഞു.  മാതാവിനെ കെട്ടിപ്പിടിക്കാനും സ്വാതന്ത്ര്യത്തിനുമായാണ് താന്‍ രക്ഷപ്പെട്ടതെന്നും ഇയാള്‍ വെളിപ്പെടുത്തി. 

ISRAEL JAIL BREAK
ജയിലില്‍നിന്ന് രക്ഷപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്പൂണ്‍ ഉയര്‍ത്തിപ്പിടിച്ച് പലസ്തീനികള്‍ നടത്തിയ പ്രകടനം | Photo: AFP

ജയില്‍നിന്ന് രക്ഷപ്പെട്ട മഹ്മൂദ് അല്‍-അരീദ ഉള്‍പ്പെടെ രണ്ടുപേരെ നസ്രത്തില്‍നിന്ന് വെള്ളിയാഴ്ച രാത്രിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ക്കകം സമീപത്തെ നഗരത്തില്‍നിന്ന് മറ്റുരണ്ടുപേരും പോലീസിന്റെ പിടിയിലായി. അതേസമയം, നസ്രത്തില്‍നിന്ന് ആരും തങ്ങളെക്കുറിച്ച് പോലീസിന് വിവരം കൈമാറിയിട്ടില്ലെന്നാണ് അല്‍-അരീദയുടെ അവകാശവാദം. പോലീസ് പട്രോളിങ്ങിനിടെ യാദൃശ്ചികമായാണ് അറസ്റ്റിലായതെന്നും അരീദ പറഞ്ഞു.

നാലുപേരെ ആദ്യം പിടികൂടാന്‍ കഴിഞ്ഞെങ്കിലും ഇഹാം കമാംജി, മുനദ്ദില്‍ നാഫിയത്ത് എന്നിവരെ കണ്ടെത്താന്‍ പോലീസും അന്വേഷണ ഏജന്‍സികളും വ്യാപകമായ തിരച്ചിലാണ് നടത്തിയത്. നാഫിയത്ത് ജെനിനിലേക്ക് കടന്നതായി ഇസ്രയേലി ദിനപ്പത്രമായ ഹാരെറ്റ്‌സ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിര്‍ത്തിയില്‍നിന്നുള്ള ചില ദൃശ്യങ്ങളില്‍നിന്ന് ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. 

ഇവര്‍ രണ്ടുപേരും ജെനിനിലെ അഭയാര്‍ഥി ക്യാമ്പില്‍ എത്തിപ്പെട്ടാല്‍ ഇവരെ പിടികൂടുകയെന്നത് അതിസങ്കീര്‍ണമാകുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ വിലയിരുത്തിയിരുന്നു. അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് പരിശോധന നടത്തിയാല്‍ അത് ഇരുവിഭാഗത്തിലും ആള്‍നാശത്തിന് കാരണമാകുമെന്നും മാത്രമല്ല, രക്ഷപ്പെട്ടവരെ ജീവനോടെ പിടികൂടാന്‍ കഴിഞ്ഞേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം മറികടന്നാണ് ജെനിനില്‍നിന്ന് രണ്ടുപേരെയും ഇസ്രയേല്‍ പിടികൂടിയത്. 

Content Highlights: israel jail break all accused arrested